23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 9, 2024
September 24, 2024
September 24, 2024
September 15, 2024
September 15, 2024
September 14, 2024
September 14, 2024
September 14, 2024
September 13, 2024
September 12, 2024

പ്രകൃതിക്കൊപ്പം നിറച്ചാര്‍ത്തണിഞ്ഞ ആഘോഷം; ഓണം

ഷിബിൻരാജ് അറത്തിൽ
September 8, 2022 9:38 am

ഓണം കേരളത്തിന്റെ ഉത്സവമെന്നതില്‍ നിന്നും ലോകമെമ്പാടുമുള്ള മലയാളികളുടെ ആഘോഷത്തിലേക്ക് വ്യാപിച്ച കാലഘട്ടമാണിത്. കോവിഡും പ്രളയവുമെല്ലാം തീര്‍ത്ത പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് കേരളക്കര ഇത്തവണ ഓണമാഘോഷിക്കുന്നത്.

ഓര്‍ക്കുവാനെന്തെങ്കിലും വേണമെന്നുള്ള

വാക്കിന്റെ നിറവാണിതോണം…

ഓണക്കാലത്തെ കുറിച്ചുള്ള മുരുകന്‍ കാട്ടാക്കടയുടെ വരികളിലൂടെ പുതുതലമുറക്ക് നഷ്ടപ്പെട്ട ഓണത്തിന്റെ പഴമയും പെരുമയും ഇന്നേറെ തെളിഞ്ഞു നില്‍ക്കുന്നു. കുട്ടിക്കാലത്തെ ഓര്‍മ്മയിലെ ഓണവും ഫൈവ്ജിയിലേക്ക് ചുവടുവയ്ക്കുന്ന കാലത്തെ ഓണവും താരതമ്യം ചെയ്യാനാകാത്തത്ര മാറിമറിഞ്ഞെന്നുള്ള യാഥാര്‍ത്ഥ്യമാണ് 90കളിലെ തലമുറയുടെ പരാതി. കാണം വിറ്റും ഓണം ഉണ്ണണമെന്ന ചൊല്ലിനിടമില്ലാത്ത രീതിയിലേക്ക് കേരള ജനതയെ ഇടതു സര്‍ക്കാര്‍ കൈപിടിച്ചുയര്‍ത്തിയ കാലത്ത് കുടുംബ സംഗമങ്ങളിലെയും ജോലിസ്ഥലങ്ങളിലെയും വിദ്യാലയങ്ങളിലെയും ഓണാഘോഷങ്ങളിലേക്കും ഒതുങ്ങിയ ഓണത്തിന് മറ്റൊരു മുഖവുമുണ്ടായിരുന്നെന്ന് പുതുതലമുറയെ പരിചയപ്പെടുത്തേണ്ടതുണ്ട്.

പൂക്കളുടെയും പൂമ്പാറ്റകളുടെയും ഓണം

ഓണക്കാലമെത്തിയാല്‍ നാടായ നാടെല്ലാം തുമ്പയും മുക്കുറ്റിയുമടക്കമുള്ള പൂക്കളാല്‍ അലങ്കൃതമായൊരു കാലമുണ്ടായിരുന്നു. അന്ന് പൂക്കളുടെ ചുറ്റുമായ് നൃത്തം ചെയ്യുന്ന പൂമ്പാറ്റകളുടെയും തുമ്പികളുടേയും കണ്‍കുളിര്‍ക്കുന്ന കാഴ്ചകളാണ് ഓരോ മലയാളിക്കും ഓണം സമ്മാനിച്ചിരുന്നത്. നാട്ടിന്‍പുറങ്ങളില്‍ തിങ്ങിവളരുന്നചെടികള്‍ക്കിടെ പൂ പറിക്കാന്‍ പോകുന്ന കുട്ടിക്കൂട്ടങ്ങളും ഓണക്കളികളും എല്ലാം വികസനക്കുതിപ്പില്‍ മാഞ്ഞു പോയ നിറംപിടിപ്പിച്ചൊരോര്‍മ്മ മാത്രമായിന്ന് മാറി. ഓണമെന്നാല്‍ ഷോപ്പിങ്ങും മികച്ച ഹോട്ടലുകളിലെ അഞ്ചോ ആറോ പായസമടക്കമുള്ള സദ്യയും കടയില്‍ നിന്നു വാങ്ങിയ പൂക്കളാല്‍തീര്‍ത്ത കളങ്ങളും മാത്രമായ് മാറിയ കാലത്ത് കുട്ടികളും മുതിര്‍ന്നവരുമൊരുമിക്കുന്ന ഓണക്കളികള്‍ യാന്ത്രികമായി. ഓണപ്പൂക്കളമൊരുക്കാന്‍ പൂപറിക്കാനോടുന്നവരുടെ ചുണ്ടുകളില്‍ താളമിടുന്ന ഓണപാട്ടുകളും കേള്‍ക്കാനില്ല. മഴ വെള്ളത്തുള്ളി ചേമ്പിലകളില്‍ ഓടിച്ചുകളിക്കുന്ന കുരുന്നുകള്‍ക്കൊപ്പം വട്ടമര (പൊടുണ്ണി) ഇലകൊണ്ടുണ്ടാക്കിയ കുമ്പിളിലും കുട്ടയിലും പൂപറിക്കാനായ് പോകുന്ന കാലം, മണ്‍മുറ്റത്തൊരു തറ കെട്ടി അതില്‍ ചാണകം മെഴുകി ഉണക്കിയൊരുക്കുന്ന പൂത്തറ, മിക്കവാറും വീടുകളിലെ പൂക്കളങ്ങളിലെ പ്രധാനിയായ തൂവെള്ള തുമ്പപ്പൂ, നീല നിറത്താല്‍ ശോഭിക്കുന്ന കാക്കപ്പൂ, മഞ്ഞ കോളാമ്പി എന്നിങ്ങനെ നീളുന്നു ഓണക്കാലത്തെ പൂക്കള ഓര്‍മ്മകള്‍. കോളാമ്പി പൂക്കളും തെച്ചിയും മന്ദാരവും കൃഷ്ണകിരീടവുമെല്ലാമാണ് പൂക്കളം നിറയ്ക്കുന്നതിലെ പ്രധാനികളാകുന്നത്. കാലം മാറിയപ്പോള്‍ ചെണ്ടുമല്ലിയും റോസും മറ്റുമായിന്ന് കടകളിലെത്തുന്ന പൂക്കളുടെ ആധിക്യം പതിയെ നാടന്‍ പൂക്കളെ ഇല്ലാതാക്കി.

ഓണ സദ്യയും പ്രധാനം

ഓണത്തില്‍ തിരുവോണമാണ് പ്രധാനം. തിരുവോണ നാളിലെ ഓണ സദ്യ തൂശനിലയില്‍ വിളമ്പിക്കഴിക്കുമ്പോഴേ ഓണം പൂര്‍ണമാകുന്നുള്ളൂ. ഓണം നാക്കിലയിലുണ്ണണം, കടലാസ് പ്ലേറ്റുകളും കടലാസ് വാഴയിലയുമിന്ന് പകരക്കാരായെങ്കിലും ഓണത്തിനു മലയാളികളിന്നും വാഴയിലയന്വേഷിക്കും. ഓണ സദ്യയെന്നാല്‍ 26 ലധികം വിഭവങ്ങളും പായസവുമടക്കം രുചിക്കൂട്ടുകളുടെയൊരു കലവറയാണ്. മധുരവും, എരിവും, പുളിയും, കയ്പും, ചവര്‍പ്പും ഉപ്പുമായി രുചിയും മണവും ഒരുപോലെ സ്വാധീനിക്കുന്ന ഒരായൂര്‍വേദകൂട്ട് തന്നെയാണ് ഓണ സദ്യ. ഇലയില്‍ വിളമ്പുന്നതിനുമുണ്ട് അതിന്റെ പ്രത്യേകതകള്‍-തൊട്ടുകൂട്ടാനും, ചാറ് കറിയും കൂട്ടുകറിയുമായെത്തുന്ന സദ്യ തുമ്പ് മുറിക്കാത്ത വാഴയിലയില്‍ ഊഴമനുസരിച്ച് വിളമ്പുന്നു. കഴിക്കാനിരിക്കുന്ന ആളുടെ ഇടത് വശത്ത് വാഴയിലയുടെ തുമ്പ് വരുന്ന തരത്തിലാണ് ഇല വയ്‌ക്കേണ്ടത്. വലതു കൈയെത്തുന്നയിടം കൂടുതല്‍ വലിയഭാഗമാക്കുന്നതിനാകണം ഈ രീതി. വിളമ്പുന്നതിലാദ്യമെത്തുക ഉപ്പേരിയാണ്. ഇലക്കിടത്തേ അറ്റത്തായി മുകളില്‍ ഉപ്പേരി വിളമ്പും. ശര്‍ക്കര ഉപ്പേരി, കായ വറുത്തത്, ചേമ്പ് വറുത്തതെന്നിവ ഉപ്പേരിയുടെ സ്ഥാനം പിടിക്കുമ്പോള്‍ അതിനോടനുബന്ധിച്ച് ചെറുപഴവും ചെറുതും വലുതുമായ രണ്ടു പപ്പടവും. ഉപ്പേരിക്കടുത്ത് ഉപ്പ് വേണ്ടവര്‍ക്കായതും സ്ഥാനം പിടിക്കും. പിന്നീട് ഇഞ്ചിക്കറി, നാരങ്ങ കറി, മാങ്ങ കറി എന്നിവയെത്തും. ഇലക്ക് വലത്തെ അറ്റത്തായി അവിയല്‍ അതിനടുത്തായി തോരനും കിച്ചടിയും പച്ചടിയുംവിളമ്പും. തുടര്‍ന്ന് കൂട്ടുകറിയും, കാളനും, ഓലനും, അവിയല്‍, തോരന്‍, എരിശ്ശേരി, മെഴുക്കുപുരട്ടി എന്നിങ്ങനെയെത്തും. പിന്നീടാണ് ചോറു വിളമ്പുന്നത്. അതിനൊപ്പം പരിപ്പും നെയ്യും ഒഴിച്ച് പപ്പടം പൊട്ടിച്ച് ഊണ് കഴിച്ചു തുടങ്ങാം. പിന്നീട് സാമ്പാറെത്തും, ശേഷം പുളിശേരിയോ കാളനോ വിളമ്പുന്നവരുമുണ്ട്. പായസങ്ങളില്‍ ആദ്യമെത്തുന്നത് അടപ്രഥമനാണ്. പഴപ്രഥമന്‍, കടലപ്രഥമന്‍, ഗോതമ്പ് പായസം എന്നിവയും വിളമ്പാറുണ്ട്. അവസാനമെത്തുന്നത് പാല്‍ പായസവും. ചിലയിടങ്ങളില്‍ പായസത്തിനൊപ്പം ബോളിയെന്ന പലഹാരവുമെത്തും. പായസത്തിനു ശേഷം രസവും മോരും. മോര് കൈയില്‍ വാങ്ങിക്കുടിക്കുന്നതോടെ ഓണസദ്യ പൂര്‍ത്തിയാകുന്നു. വിഭവങ്ങളും വിളമ്പലും പ്രാദേശികാടിസ്ഥാനത്തില്‍ ചെറിയമാറ്റങ്ങളോടെയാണെത്തുന്നതെങ്കിലും സദ്യയുടെ മലയാളിത്തനിമയൊന്നു തന്നെ.

ഓണക്കളികളില്ലാതെ ഓണമില്ല

ഓണക്കളികളും പ്രാദേശികമായി വലിയ പ്രചാരം ലഭിച്ചവയാണ്. ഊഞ്ഞാലാട്ടം, തുമ്പിതുള്ളല്‍, പുലികളി, കൈകൊട്ടിക്കളി, കസേരകളി, തലപ്പന്തുകളി, ആട്ടക്കളം കുത്തല്‍, കുമ്മാട്ടിക്കളി, കിളിത്തട്ടുകളി, മാണിക്യച്ചെമ്പഴുക്ക കളി, ഉറിയടി, ഓണത്തല്ല്, കമ്പിത്തായം കളി, നായയും പുലിയും വെയ്ക്കല്‍, സുന്ദരിക്ക് പൊട്ടുകുത്തല്‍, കുട്ടിയും കോലും, വടം വലി എന്നിങ്ങനെ നീളുന്നു ഓണക്കളികള്‍. ഓണമെത്തുമ്പോള്‍ തൊടികളിലും മുറ്റത്തുമായി കെട്ടുന്ന ഊഞ്ഞാലില്ലാതെ ഓണാഘോഷമില്ല.

ഊഞ്ഞാലാട്ടം

വീടിന്റെ മുറ്റത്തെ മാവിന്‍കൊമ്പിലും തൊടിയിലെ മരത്തണലിലുമാണ് ഊഞ്ഞാലുകള്‍ കെട്ടുന്നത്. നല്ല ബലമുള്ള മരക്കൊമ്പില്‍ കയര്‍ കെട്ടി ഇരിക്കാനുള്ള ഭാഗത്ത് തെങ്ങിന്‍ മടലോ പലകയോ വച്ച് മുന്‍പോട്ടും പിറകോട്ടും സ്വയം ഊന്നി ആടുകയോ കൂട്ടുകാര്‍ ആട്ടുകയോ ചെയ്യുന്നു.

തുമ്പി തുള്ളല്‍

പെണ്‍കുട്ടികളാണ് തുമ്പി തുളളുക. തുമ്പച്ചെടിയുടെ കുടമോ മരത്തൂപ്പോ നടുക്കിരിക്കുന്ന പെണ്‍കുട്ടിയുടെ കയ്യില്‍ ഉണ്ടാകും. ചുറ്റും നില്‍ക്കുന്നവര്‍ പാട്ടു പാടുകയും ആര്‍പ്പും കുരവയുമായി പെണ്‍കുട്ടിയെ തുമ്പി തുള്ളിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് കളിയുടെ രീതി. പാട്ടുകളുടെ താളത്തിനനുസൃതമായി പെണ്‍കുട്ടിയെ മൃദുവായി അടിച്ചു നീങ്ങും.ഗാനത്തിന്റെ വേഗത കൂടുന്നതിനനുസരിച്ച് പെണ്‍കുട്ടി തുമ്പിയെ പോലെ തുള്ളാന്‍ തുടങ്ങുന്നു. ‘പൂവു പോരാഞ്ഞോ, പൂക്കില പോരാഞ്ഞോ എന്തേ തുമ്പീ തുള്ളാത്തൂ’, ‘ഒന്നാം തുമ്പിയും അവര്‍ പെറ്റ മക്കളും പോയി നടപ്പറ തുമ്പി തുള്ളാന്‍’ തുടങ്ങിയ പാട്ടുകളാണിവിടെ ഉപയോഗിക്കുന്നത്. പാട്ട് അതിവേഗത്തിലാകുന്നതോടെ പെണ്‍കുട്ടിയുടെ കയ്യിലിരിക്കുന്ന പൂക്കുലയും വിറച്ചു തുടങ്ങും. പിന്നെ പതിയെ ശരീരവും വിറയ്ക്കുന്നു, തുടര്‍ന്ന് ശബ്ദമുഖരിതമായ അന്തരീക്ഷത്തിനവസാനം തുമ്പിയായ പെണ്‍കുട്ടി മോഹാലസ്യപ്പെട്ട് നിലത്ത് വീഴും.

പുലികളി

തനത് കലാരൂപങ്ങളില്‍ ഏറ്റവും ജനപ്രിയമാണ് പുലികളി. ചിലയിടങ്ങളില്‍ ഇത് കടുവകളി എന്നും അറിയപ്പെടും. പുലിയുടെയോ കടുവയുടേയോ വേഷം കെട്ടിയ കലാകാരന്‍മാര്‍ ആണ് പ്രത്യേക താളത്തോടെ പുലികളി കളിക്കുക. തൃശൂരിന്റെ പുലികളി പ്രശസ്തവും പഴക്കവും ശാസ്ത്രീയവുമായതെന്നാണ് വിലയിരുത്തുന്നത്. കൊല്ലത്തും തിരുവനന്തപുരത്തുമൊക്കെ ഗ്രാമപ്രദേശങ്ങളിലും പുലി, കടുവ കളികള്‍ അരങ്ങേറാറുണ്ട്. ശരീരത്തിലെ രോമങ്ങളാകെ വടിച്ച് ചായം പൂശുന്നു, പുലിയുടെ മുഖത്തിനായി കടലാസില്‍ പശ പുരട്ടി മുഖരൂപമുണ്ടാക്കിയ ശേഷം അതിന്‍മേല്‍ ചൂരല്‍ കഷണങ്ങള്‍ കൊണ്ട് പല്ലുകള്‍ നിര്‍മ്മിക്കും. സൈക്കിള്‍ ട്യൂബ് മുറിച്ച് നാക്ക് ഉണ്ടാക്കും. രോമങ്ങള്‍ ഉപയോഗിച്ച് താടിയും മുഖവും. തുടര്‍ന്ന് ചായമുപയോഗിച്ച് മുഖം മൂടി തയാറാക്കുന്നതാണ് പഴയ രീതി.

കൈകൊട്ടിക്കളി

വനിതകള്‍ മാത്രം പങ്കെടുക്കുന്ന നാടന്‍ സംഘനൃത്തമാണ് കൈകൊട്ടിക്കളി. വനിതകള്‍ സംഘം ചേര്‍ന്ന് നിലവിളക്കിനു ചുറ്റും ലാസ്യരീതിയില്‍ ചുവടുവച്ചു കൈകൊട്ടി വട്ടത്തില്‍ ചുറ്റി പുരാണകഥാഗാനം ആലപിച്ചു നൃത്തം വയ്ക്കുന്നു. ദീപത്തിനടുത്ത് നിറപറയും അഷ്ടമംഗല്യവും ഉണ്ടാവും. രണ്ടുപേര്‍ പാടിക്കളിക്കും. മറ്റുള്ളവര്‍ ഏറ്റുപാടും. ചിലയിടങ്ങളില്‍ ഇതിനായി കുഴിത്താളം ഉപയോഗിക്കുന്നു. മുണ്ടും നേര്യതുമാണ് വേഷം. ഗുരുവിനെയും സദസിനെയും വന്ദിച്ചതിനുശേഷം ഗണപതിസ്തുതിയോടെയാണ് കളി ആരംഭിക്കുക. കൈകൊട്ടി പാടിക്കളിക്കുന്നതു കൊണ്ടാണ് കൈകൊട്ടിക്കളിയെന്ന പേരു വന്നത്.

കസേര കളി

കസേര കളിയില്‍ വൃത്താകൃതിയില്‍ നിരത്തിയ കസേരക്കു ചുറ്റും മത്സരിക്കുന്നവര്‍ ഓടുന്നു. ഓടുന്നവരേക്കാള്‍ എണ്ണത്തില്‍ കുറവായിരിക്കും നിരത്തിയ കസേരകള്‍. തുടര്‍ന്ന് വിസില്‍ വിളിക്കുമ്പോള്‍ കസേരയിലിരിക്കാനാകാത്തവര്‍ പുറത്താകുന്നതാണ് കളിയുടെ രീതി. ഇത്തരത്തില്‍ അവസാനം വരെ കസേരയുടെ എണ്ണം കുറച്ച് ഒരു കസേരയാകുമ്പോള്‍ അതില്‍ ഇരിക്കാനാകുന്നയാളാണ് വിജയി.

തലപ്പന്തുകളി

നാടന്‍ കായിക വിനോദങ്ങളിലൊന്നാണ് തലപ്പന്തുകളി. തലമപ്പന്തെന്നും ഓണപ്പന്തെന്നും അറിയപ്പെടുന്ന ഈ കളി ഓണക്കാലത്ത് കുട്ടികളും മുതിര്‍ന്നവരുമൊക്കെ വീട്ടു മുറ്റങ്ങളിലും മൈതാനങ്ങളിലുമായി കളിക്കാറുണ്ട്. തലയ്ക്ക് മീതെ കൂടി പന്തടിച്ച് കളിക്കുന്ന കളിയായതിനാലാകും ഇതിന് തലപ്പന്തുകളിയെന്ന പേര് ലഭിച്ചതെന്നാണ് അനുമാനം. കളിക്കാര്‍ രണ്ട് സംഘങ്ങളായി പിരിഞ്ഞ്, ഒരു കൂട്ടര്‍ കളിക്കുകയും മറ്റേ കൂട്ടര്‍ കാക്കുകയും ചെയ്യുന്നതാണ് തലപ്പന്തുകളിയുടെ രീതി. 150 സെന്റീ മീറ്റര്‍ നീളമുള്ള ഒരു കമ്പ് നാട്ടി അതില്‍ നിന്നും കുറച്ചകലത്തില്‍ നിന്നു കൊണ്ട് ഓല കൊണ്ടുണ്ടാക്കിയ പന്ത് ഒരു കൈകൊണ്ട് മുകളിലേക്കെറിഞ്ഞ് മറ്റേ കൈ കൊണ്ട് പന്ത് തലയ്ക്ക് മുകളിലൂടെ പുറകോട്ട് തട്ടി തെറിപ്പിക്കുന്നതോടെയാണ് കളി ആരംഭിക്കുന്നത്. ടീമില്‍ 7 പേര്‍ എന്നതാണ് കണക്ക്. പൊങ്ങി വരുന്ന പന്ത് നിലം തൊടുന്നതിന് മുമ്പായി പിടിക്കണം. പന്ത് കൈപ്പിടിയില്‍ ഒതുക്കിയാലും, പന്ത് വീണിടത്ത് നിന്നെറിഞ്ഞ് നാട്ടിയിരിക്കുന്ന കമ്പ് തെറിപ്പിക്കാന്‍ സാധിച്ചാലും ആദ്യം പന്ത് തട്ടിയയാള്‍ പുറത്താകും.

ആട്ടക്കളം കുത്തല്‍

ഗ്രാമ പ്രദേശങ്ങളില്‍ ഏറെ ആഘോഷമായി നടത്തിയിരുന്നൊരു കളിയാണ് ആട്ടക്കളം കുത്തല്‍. മുറ്റത്ത് കോലുകൊണ്ട് അഞ്ചെട്ടടി വ്യാസത്തില്‍ ഒരു വൃത്തം വരയ്ക്കുന്നു. കുട്ടികളെല്ലാം അതിനുള്ളില്‍ നില്‍ക്കും. വൃത്തത്തിനു പുറത്തും ഒന്നോ രണ്ടോ ആളുകളും മധ്യസ്ഥനായി ഒരു നേതാവും ഉണ്ടാവും. പുറത്തു നില്‍ക്കുന്നവര്‍ അകത്ത് നില്‍ക്കുന്നവരെ പിടിച്ച് വലിച്ച് പുറത്ത് കൊണ്ടുവരികയാണ് കളി. എന്നാല്‍ വൃത്തത്തിന്റെ വരയില്‍ തൊടുകയോ ആളെ തൊടുകയോ ചെയ്താല്‍ അകത്ത് നിന്നയാള്‍ക്ക് പുറത്തു നിന്നയാളെ അടിക്കാം. അങ്ങോട്ട് തല്ലാന്‍ പാടില്ലതാനും. ഒരാളെ പുറത്ത് കടത്തിയാല്‍ പിന്നെ അയാളും മറ്റുള്ളവരെ പുറത്ത് കടത്താന്‍ കൂടണം. ഇങ്ങനെ എല്ലാവരും പുറത്താകുന്നത് വരെ കളി തുടരും.

കുമ്മാട്ടിക്കളി

വിനോദ കലയെന്ന രൂപത്തിലാണ് നാടന്‍ കലാചരിത്രത്തില്‍ കുമ്മാട്ടിക്കളിയുടെ സ്ഥാനം. മകരം — കുംഭം മാസങ്ങളില്‍ വിളവെടുപ്പ് ആഘോഷത്തിന്റെ ഭാഗമാണ് കുമ്മാട്ടി. ഓണക്കാലത്ത് ഓണത്തപ്പനെ വരവേല്ക്കുന്ന തൃശൂരിലെ കുമ്മാട്ടിക്കളിക്ക് ശിവനും അര്‍ജുനനുമായുള്ള ഐതിഹ്യ കഥയുണ്ട്. ദേവ, മനുഷ്യ കഥാപാത്രങ്ങളും മൃഗ കഥാപാത്രങ്ങളും കുമ്മാട്ടിക്കളിയിലുണ്ട്. ശിവന്‍, ബ്രഹ്‌മാവ്, ശ്രീരാമന്‍, കൃഷ്ണന്‍, ഗണപതി, കിരാതമൂര്‍ത്തി, ദാരികന്‍, കാളി, കാട്ടാളന്‍, ഗരുഡന്‍, സുഗ്രീവന്‍, ബാലി, അപ്പൂപ്പന്‍, സന്യാസി തുടങ്ങിയ പൊയ്മുഖങ്ങള്‍ക്കൊപ്പം പുലിമുഖവും തെയ്യമുഖവും കാളമുഖവും ചില കുമ്മാട്ടികള്‍ അണിയാറുണ്ട്. കയ്യില്‍ വടിയുമായെത്തുന്ന തള്ള മുഖം കുമ്മാട്ടിയാണ് വേഷങ്ങളെ നിയന്ത്രിക്കുക. ഇപ്പോള്‍ നാടന്‍ കലാരൂപങ്ങളും ഫാന്‍സി വേഷങ്ങളും കൂടി ജനത്തെ രസിപ്പിക്കാന്‍ വേണ്ടി ഒരുക്കാറുണ്ട്.

കിളിത്തട്ടുകളി

അന്യം നിന്നു പോകുന്ന നാടന്‍ കളികളിലൊന്നാണ് കിളിത്തട്ടുകളി. തട്ടുകളിയെന്നും പേരുണ്ട്. മണ്ണില്‍ ദീര്‍ഘ ചതുരാകൃതിയിലാണ് കിളിത്തട്ട് വരയ്ക്കുന്നത്. തട്ടിനെ നീളത്തില്‍ രണ്ട് തുല്യ ഭാഗങ്ങളാക്കും. എന്നിട്ട് കുറുകെ 5 തട്ടുകളായി വിഭജിക്കുന്നു. രണ്ട് ടീമായി ആണ് കളിക്കുക. 5 പേര്‍ അടങ്ങുന്നതാണ് ഒരു ടീം. കളിക്കാരില്‍ ഒരാള്‍ കിളി എന്ന് പറയുന്ന ആളാകും. റഫറിയാണ് കിളി. ബാക്കിയുള്ളവര്‍ ഓരോ തട്ടിലേയും കളങ്ങളുടെ വരകളില്‍ നില്ക്കണം. കിളി കൈകള്‍ കൊട്ടി ക്കഴിഞ്ഞാല്‍ കളി തുടങ്ങി. എതിര്‍ ടീമിലുള്ളവര്‍ ഓരോ കളത്തിലും കയറണം. എന്നാല്‍ കിളിയുടേയോ വരയില്‍ നില്ക്കുന്നവരുടേയോ അടി കിട്ടാതെ വേണം ഒരു കളത്തില്‍ നിന്ന് മുന്നോട്ടുള്ള കളത്തിലേക്ക് ചാടാന്‍. അടി കിട്ടിയാല്‍, കിട്ടിയ ആള്‍ കളിയില്‍ നിന്ന് പുറത്താകും. അടി കിട്ടാതെ ഓരോ കളവും ചാടി പുറത്ത് ഇറങ്ങുന്നവര്‍ അതുപോലെ തിരിച്ചും കയറണം. കിളിക്ക് കളത്തിന്റെ ഏത് വരയില്‍ കൂടി നീങ്ങി വേണമെങ്കിലും എതിരാളിയെ അടിച്ചു പുറത്താക്കാം. ആരുടെയും അടി കിട്ടാതെ തട്ടുകള്‍ കടന്ന് പുറത്ത് വരുന്നവര്‍ അവസാന ആളും കടന്ന് കഴിഞ്ഞ് ‘ഉപ്പ്’ വയ്ക്കണം. അകത്തെ കളങ്ങളില്‍ നില്‍ക്കുന്നവര്‍ ‘പച്ച’ ആണ്. ഉപ്പും പച്ചയും ഒരു കളത്തില്‍ വന്നാല്‍ അത് ഫൗള്‍ ആയി പ്രഖ്യാപിക്കും.

വടംവലി

ഓണാഘോഷങ്ങളിലെ പ്രധാന മത്സര ഇനമാണ് വടംവലി. രണ്ട് സംഘങ്ങളുടെ ബലപരീക്ഷണം. കട്ടി കൂടിയ ഒരു കയറിനിരുവശവും നിരക്കുന്ന ടീമുകളുടെ ശക്തിക്കൊപ്പം സംഘ ബലത്തിന്റെ പരീക്ഷണം കൂടിയാണിത്. വടം വലിക്കും അതിന്റേതായ നിയമങ്ങളുണ്ട്. എട്ട് അംഗങ്ങള്‍ ഉള്ള രണ്ട് ടീമുകളാണ് സാധാരണയായി വടംവലിയില്‍ പങ്കെടുക്കുക. പ്രൊഫഷണല്‍ വടംവലിയില്‍ പങ്കെടുക്കുന്ന ടീമുകളുടെ ആകെ ഭാരം നിജപ്പെടുത്തിയ ഭാരത്തേക്കാള്‍ കൂടാന്‍ പാടില്ല. ഇരു ടീമുകളും രേഖപ്പെടുത്തിയ വടത്തിനു ഇരുവശത്തുമായി അണി നിരക്കും. വടത്തിന് സാധാരണമായി പത്ത് സെന്റീമീറ്റര്‍ വ്യാസമുണ്ടാകും. വടത്തിന്റെ നടുവില്‍ ഒരു അടയാളം രേഖപ്പെടുത്തിയിരിക്കും. മിക്കപ്പോഴും ഇത് തിരിച്ചറിയാന്‍ അടയാളത്തിന് മുകളില്‍ നിറമുള്ള തൂവാലയും കെട്ടാറുണ്ട്. ഈ അടയാളത്തില്‍ നിന്നും മീറ്റര്‍ അകലത്തില്‍ ഇരുവശത്തേക്കും ഓരോ അടയാളങ്ങളും ഉണ്ടാകും. ഏത് ടീമാണോ എതിര്‍ ടീമിനെ ആദ്യം തങ്ങളുടെ വശത്തേയ്ക്ക് വലിച്ച് വശങ്ങളിലെ അടയാളങ്ങളെ നടുവിലത്തെ വരയില്‍ നിന്ന് ക്രോസ് ചെയ്യിപ്പിക്കുന്നത്, അവരാണ് വിജയികള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.