26 June 2024, Wednesday
KSFE Galaxy Chits

‘വർഷങ്ങൾക്ക് ശേഷം’ ഒരു സഹഹൃയാത്ര

കെ കെ ജയേഷ്
April 21, 2024 7:30 am

രു കാലത്ത് സിനിമാക്കാരുടെ സ്വപ്നഭൂമിയായിരുന്നു കോടമ്പാക്കം. സിനിമാ മോഹവുമായി ആയിരങ്ങൾ ട്രെയിൻ കയറി എത്തിയയിടം. ചിലർ വിജയിച്ച് താരപദവിയിലേക്ക് ഉയർന്നപ്പോൾ അറിയപ്പെടാത്ത പലരും ആ ബർമുഡ ട്രയാങ്കിളിൽ കുടുങ്ങി ജീവിതം ഹോമിച്ചു. കോടമ്പാക്കത്തിന് പേരിൽ മാത്രമെ ഇന്ന് പഴയ പ്രതാപമുള്ളു. സിനിമകൾ മറ്റ് പലയിടങ്ങളിലേക്കുമായി പറിച്ച് നടപ്പെട്ടപ്പോൾ ഗതകാല പ്രൗഡിയോടെ തലയുയർത്തി നിന്ന ഫിലിം സ്റ്റുഡിയോകൾ ഭൂരിഭാഗവും ഓർമയായി. എംജിആറും ശിവാജിയും പ്രേംനസീറുമെല്ലാം നിറഞ്ഞാടിയ സ്റ്റുഡിയോകൾ ഷോപ്പിംഗ് കോംപ്ലക്സുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളുമായി. മദ്രാസ് പിന്നീടെപ്പോഴോ ചെന്നൈയുമായി. എന്നാൽ കോടമ്പാക്കത്തെ തിരക്ക് നിറഞ്ഞ തെരുവുകളിൽ ഇപ്പോഴും സിനിമയുടെ ഗന്ധമുണ്ട്.
ശ്വാസത്തിൽ പോലും സിനിമ നിറഞ്ഞ ഒരു കാലത്താണ് ഈ തെരുവിലേക്ക് സിനിമാ സ്വപ്നവുമായി വേണുവും (ധ്യാൻ ശ്രീനിവാസൻ), മുരളി (പ്രണവ് മോഹൻലാൽ)യുമെത്തുന്നത്. വർഷങ്ങൾക്ക് മുമ്പ് കണ്ണൂരിലെ ഒരു ഗ്രാമത്തിൽ നിന്ന് കോടമ്പാക്കത്തെത്തി, മഴ പെയ്ത് ചോരുന്ന സ്വാമീസ് ലോഡ്ജിൽ താമസിച്ച് സിനിമയിൽ കാലുറപ്പിക്കാൻ ശ്രമിക്കുന്ന വേണുവിന്റെയും മുരളിയുടെയും ജീവിതവും സൗഹൃദവും അതിജീവന ശ്രമങ്ങളും തിരിച്ചടികളും പറഞ്ഞുകൊണ്ടാണ് വിനീത് ശ്രീനിവാസൻ ഒരുക്കിയ വർഷങ്ങൾക്ക് ശേഷം യാത്രയാരംഭിക്കുന്നത്. 

സിനിമയും രാഷ്ട്രീയവും ഇഴചേർന്ന തമിഴ് സെൽവന്റെയും ആനന്ദന്റെയും സൗഹൃദം വരച്ചിട്ട മണിരത്നത്തിന്റെ ഇരുവർ എന്ന ക്ലാസിക് പോലെ ഗൗരവകരമായി കഥ പറയുന്ന ചിത്രമല്ല വർഷങ്ങൾക്ക് ശേഷം. കെ ജി ജോർജിന്റെ ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് പോലെ സിനിമയ്ക്കുള്ളിലെ നിറംമങ്ങിയ ജീവിതാവസ്ഥകളിലേക്കും അധികമായി സിനിമ കടന്നു ചെല്ലുന്നില്ല. സിനിമയുടെ പശ്ചാത്തലത്തിൽ രണ്ടു സുഹൃത്തുക്കളുടെ ബന്ധവും ബന്ധത്തിലുണ്ടാവുന്ന വിള്ളലുകളും മാറിയ കാലത്ത് ജീവിതവും സിനിമയും തിരിച്ചുപിടിക്കാനുള്ള അവരുടെ പരിശ്രമങ്ങളുമെല്ലാമാണ് ലളിത സുന്ദരമായി വിനീത് ശ്രീനിവാസൻ ആവിഷ്ക്കരിക്കുന്നത്. പല കാലഘട്ടങ്ങളിൽ അനുഭവിക്കുന്ന വേദനകളും തിരിച്ചടികളും നിറഞ്ഞ അവരുടെ ജീവിതം സംഗീത സാന്ദ്രമായി നേർത്ത നർമ്മത്തിന്റെ അകമ്പടിയിൽ സുന്ദരമായൊരു കാഴ്ചാനുഭവമാക്കാനാണ് ശ്രമം. കണ്ടിറങ്ങുമ്പോൾ നേർത്തൊരു പുഞ്ചിരി പ്രേക്ഷകരിൽ അവശേഷിപ്പിക്കാൻ സംവിധായകന് സാധിക്കുന്നുമുണ്ട്. 

പൈങ്കിളി, വലിച്ചു നീട്ടൽ തുടങ്ങി വിനീത് ശ്രീനിവാസന്റെ ചിത്രങ്ങൾ പലപ്പോഴും വലിയ തോതിൽ ആക്ഷേപങ്ങൾ കേൾക്കാറുണ്ട്. ഈ ചിത്രത്തിലും അതെല്ലാം വലിയ തോതിൽ തന്നെ നിറഞ്ഞു നിൽപ്പുണ്ട്. എന്നാൽ പോരായ്മകൾ എല്ലാമുള്ളപ്പോഴും ഭൂരിഭാഗം പ്രേക്ഷകരെയും പ്രണയവും സൗഹൃദവും ചേർത്തൊരുക്കിയ കാഴ്ചകളിലേക്ക് വളരെയെളുപ്പം കൂട്ടിക്കൊണ്ടുപോകാനുള്ള രസച്ചേരുവകൾ അദ്ദേഹത്തിൽ ഭദ്രമാണ്. വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലും എവിടെ പ്രേക്ഷകൻ കയ്യടിക്കും എന്ന് കൃത്യമായ ബോധ്യമുള്ള ഒരു സംവിധായകന്റെ സാന്നിധ്യം തിരിച്ചറിയാം. പഴയൊരു കാലഘട്ടത്തിലൂടെ വളരെ സാവധാനം പ്രേക്ഷകരെ കൈപിടിച്ചുകൂട്ടുന്ന സിനിമ രണ്ടാം പകുതിയിൽ പുതിയ കാലത്തിന്റെ കാഴ്ചകളിലൂടെ അവരെ മറ്റൊരു ആസ്വാദന തലത്തിലേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്. പഴയ കോടമ്പാക്കം സ്മൃതിയിൽ നിന്ന് പുതിയ കാലത്തിലേക്ക് കയറുന്ന ചിത്രം നിറഞ്ഞ നർമ്മമൊരുക്കിയാണ് കയ്യടി നേടുന്നത്. സ്റ്റീരിയോ ടൈപ്പ് കോമഡി കഥാപാത്രങ്ങളിൽ തളച്ചിടപ്പെട്ട ധ്യാൻ തന്നിലെ നടനെ സ്വയം പുതുക്കിയെടുക്കുന്ന വിസ്മയകാഴ്ചയാണ് സിനിമ പകരുന്നത്. ഇതുവരെ കണ്ടതിൽ നിന്ന് മാറി പല കാലങ്ങളിലുള്ള വേണുവിന്റെ ജീവിതാവസ്ഥകളെല്ലാം അതീവ മികവാർന്ന രീതിയിൽ ധ്യാൻ ശ്രീനിവാസൻ അവതരിപ്പിക്കുന്നു. ചെറുപ്പകാലത്തെ മുരളിയെ മനോഹരമായി അവതരിപ്പിക്കുന്ന പ്രണവിന് പക്ഷെ പിൽക്കാല ജീവിതം അത്ര മികവോടെ അവതരിപ്പിക്കാൻ സാധിക്കുന്നില്ല. രണ്ടാം പകുതിയിൽ നിധിൻ മോളിയെന്ന കഥാപാത്രമായെത്തുന്ന നിവിൻ പോളി ചിത്രത്തിന്റെ മൂഡ് തന്നെ മാറ്റി മറിക്കുന്നുണ്ട്. സംവിധായകൻ അഴച്ചുവിട്ട കഥാപാത്രം സ്ക്രീനിലെത്തി നിറഞ്ഞാടുമ്പോൾ പ്രേക്ഷകർക്കത് ആഘോഷമായി മാറുന്നുണ്ട്. അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, ഷാൻ റഹ്‌മാൻ, വൈ ജി മഹേന്ദ്ര എന്നിവരും കയ്യടി നേടുന്നുണ്ട്. കല്യാണി പ്രിയദർശനും നീത പിള്ളയുമാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യപകുതിയിൽ വളരെ സാവധാനം സഞ്ചരിക്കുന്ന ചിത്രത്തെ പിടിച്ചുയർത്തുന്നതിൽ അമൃത് രാംനാഥിന്റെ സംഗീതവും വിശ്വജിത്തിന്റെ ഛായാഗ്രഹണവും രഞ്ജൻ എബ്രഹാമിന്റെ എഡിറ്റിങ്ങും വലിയ പങ്കുവഹിക്കുന്നു. ഓർമ്മകളിലൂടെ സിനിമയ്ക്കൊപ്പമുള്ള സഞ്ചാരമാണ് സിനിമ. ‘ഞ്യാപകം…’ എന്ന പാട്ടിനൊപ്പം സിനിമയ്ക്കൊപ്പമുള്ള സൗഹൃദയാത്രയിലേക്ക് ചിത്രം പ്രേക്ഷകനെ കൈപിടിച്ചുകൂട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.