22 November 2024, Friday
KSFE Galaxy Chits Banner 2

പൊലീസിലെ ക്രിമിനലുകൾക്കെതിരെ സമഗ്രാന്വേഷണം പ്രഖ്യാപിക്കണം: എഐവൈഎഫ്

Janayugom Webdesk
തിരുവനന്തപുരം
September 3, 2024 7:12 pm

പി വി അൻവർ എംഎൽഎ കേരള പൊലീസിലെ ചില ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസിലെ ക്രിമിനലുകളെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് എഐവൈഎഫ്. ക്രിമിനലുകളും കൊലപാതകികളുമടക്കമുള്ള ചിലർ പൊലീസ് തലപ്പത്ത് സ്വൈര്യ വിഹാരം നടത്തുകയാണെന്നും ക്രമസമാധാന പാലനത്തിന് ഉപയോഗിക്കേണ്ട രഹസ്യ വിവര ശേഖരണ സംവിധാനത്തെ പോലും ദുരുപയോഗം ചെയ്യുന്നുവെന്നുമുള്ള ആരോപണങ്ങൾ അതീവ ഗൗരവത്തോടെ തന്നെ സർക്കാർ കാണേണ്ടതുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപി, മന്ത്രിമാരുടേതടക്കം ഫോൺ കോളുകൾ ചോർത്തുന്നുവെന്നും എസ് പി സുജിത്ത്ദാസ് കസ്റ്റംസിലുള്ള ബന്ധം ഉപയോഗിച്ച് വിമാനത്താവളത്തിൽ സ്വർണം കടത്തുന്നുവെന്നുമുള്ള അൻവറിന്റെ ആരോപണവും ഞെട്ടിക്കുന്നതാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പൊലീസ് നയത്തിന് വിരുദ്ധമായുള്ള സേനയിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുകൾ സർക്കാരിന് കളങ്കമുണ്ടാക്കുന്നതായി എഐവൈഎഫ് മുൻപ് അഭിപ്രായപ്പെട്ടിരുന്നു. പൊലീസിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ വർധിക്കുന്നുവെന്നും പൗരാവകാശങ്ങൾക്ക് മേൽ സ്വേച്ഛാധികാരം പ്രയോഗിക്കാനുള്ള സംഘമാക്കി ചിലപ്പോഴെങ്കിലും പൊലീസിനെ ദുരുപയോഗം ചെയ്യുന്നുവെന്നും പലപ്പോഴായി സംഘടന നിലപാട് പറഞ്ഞിട്ടുണ്ട്. 

നിയമപാലനം നടത്തേണ്ടവർ തന്നെ ക്രിമിനലുകൾ ആകുന്ന സാഹചര്യം സംസ്ഥാനത്ത് ഉണ്ടാകരുത്. ഭരണകൂടത്തിന്റെ അടിച്ചമർത്തലിനുള്ള ഉപകരണം എന്ന നിലയിൽ നിന്ന് പൊലീസ് സംവിധാനത്തിന് പരിവർത്തനം വരുത്തിയതും നീതിയുക്തമായി ഇടപെടുന്നതിന് അനുയോജ്യമായ രീതിയിൽ ജനപക്ഷ സമീപനത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ഒരു പുതിയ പൊലീസ് നയം പ്രഖ്യാപിച്ചതും കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരാണ്. ജനാധിപത്യ ഭരണസംവിധാനത്തിന്റെ അവിഭാജ്യ ഘടകമാണ് തങ്ങളെന്നും മറ്റു ഭരണകൂട സംവിധാനങ്ങളെ പോലെ തന്നെ ജനങ്ങളുടെ സേവകരാണെന്നുമുള്ള മനോഭാവം പൊലീസുകാരിൽ സൃഷ്ടിക്കപ്പെട്ടു തുടങ്ങിയത് കേരളത്തിലെ ഇടതുപക്ഷ സർക്കാരുകളുടെ നയങ്ങളുടെ ഭാഗമായി തന്നെയായിരുന്നു. എന്നാൽ ഇടത് സർക്കാരിന്റെ പ്രതിച്ഛായ തകർക്കുന്ന വിധത്തിലുള്ള നടപടികൾ ചില കേന്ദ്രങ്ങളിൽ നിന്ന് ആവർത്തിച്ചുണ്ടാകുന്നത് സർക്കാർ ജാഗ്രതയോടെ കാണണം. സ്ഥിരമായി ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ സർവീസിൽ തുടരാൻ അയോഗ്യരാക്കുന്ന കേരള പൊലിസ് ആക്ട് സെക്ഷൻ 86 ഫലപ്രദമായി നടപ്പാക്കാൻ തയ്യാറാകണം. നിലവിൽ ആരോപണ വിധേയനായ എഡിജിപിയെ തൽസ്ഥാനത്ത് നിന്ന് മാറ്റി നിർത്തിക്കൊണ്ടുള്ള സമഗ്രാന്വേഷണം സർക്കാർ പ്രഖ്യാപിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.