ഘടോൽഘജനെ അടർത്തിയെടുത്ത് ഇന്നത്തെ കാലഘട്ടത്തിനോടു ചേർത്തു വച്ച് ഒരു പിന്നോക്ക പക്ഷത്തുനിന്നുള്ള ചിന്തയാണ് ദ്രാവിഡൻ എന്ന നോവൽ. ദളിത് ചിന്ത വ്യാസനുമുണ്ടായിരുന്നല്ലോ. ഹിഡുംബിയുടെ പ്രണയം അഗാധമായ തലത്തിൽ വരച്ചുകാട്ടുന്നുണ്ട് നോവലില്‍. ഭാര്യയ്ക്ക് ഏതു സാഹചര്യത്തിലും ഭർത്താവിനോട് ബഹുമാനവും സ്നേഹവും മാത്രം. തികഞ്ഞ കുടുംബിനിയെപോലെയുള്ള ജീവിതവർണന വായനക്കാരുടെ മനസിൽ ഹിഡുംബിയെക്കുറിച്ച് രാക്ഷസ ഭാവമല്ല ആർദ്രമായ സ്നേഹരൂപമാണ് സൃഷ്ടിക്കുന്നത്. കാനന വാസകാലത്ത് ഹിഡുംബി തന്റെ കയ്യിലുള്ള മായക്കണ്ണാടി ‘ഛായാമുഖി’ ഭീമനു നല്‍കുന്നു. കണ്ണാടിയിൽ നോക്കിയാൽ നോക്കുന്നവരുടെ മുഖമല്ല അവർ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവരുടെ മുഖമാണ് തെളിയുന്നത്. തന്റെ മുഖം മായക്കണ്ണാടിയിൽ തെളിയുെമെന്ന പ്രതീക്ഷയിൽ ഭീമന്റെ പിന്നിൽ ആകാംക്ഷയോടെ നില്‍ക്കുന്ന ഹിഡുംബി കാണുന്നത് ദ്രൗപതിയുടെ മുഖമാണ്. തെല്ലൊന്നുമല്ല ആ മനസുലഞ്ഞത്. എന്നിട്ടും ചഞ്ചലമാകാതെ ഭീമനെ സ്നേഹിക്കുന്ന ഹിഡുംബി കരുതലോടെ കാത്തു സൂക്ഷിച്ച കുടുംബബന്ധത്തിന്റെ ദൃഢത സാധാരണക്കാരുടെ മനോവികാരത്തോടെ പ്രതിഫലിപ്പിക്കുന്നുണ്ട്.
ശ്രീകൃഷ്ണൻ വധിച്ച മുരന്റെ പുത്രി മൗരവിയായിരുന്നു ഘജന്റെ ഭാര്യ. ബാർബരികൻ, അജ്ഞന പർവാവ്, മേഘവർണൻ എന്നിങ്ങനെ മൂന്നു പുത്രന്മാർ ജനിച്ചു. പ്രിയപുത്രൻ ബാർബരികന്റെ പേരിലറിയാനായിരുന്നു ഘജന്റെ മോഹം. ഏറ്റവും വീരനായ യോദ്ധാവ് ബാർബരികനാണ് മഹാഭാരതയുദ്ധത്തിെൻെറ ഏക മുഴുവൻ സമയ ദൃക് സാക്ഷി. മൂന്ന് അസ്ത്രം കൊണ്ട് ബാർബരികന് യുദ്ധം അവസാനിപ്പിക്കാൻ കഴിയും. ആദ്യത്തെ അസ്ത്രം ശത്രുക്കളെ തിരഞ്ഞെടുക്കുമ്പോൾ രണ്ടാമത്തെ അസ്ത്രം പ്രീയപെട്ടവർക്ക് സുരക്ഷിതത്വം കൊടുക്കുന്നു. മൂന്നാമത്തെ അസ്ത്രം ശത്രുക്കളെ ഒന്നിച്ച് നിഗ്രഹിച്ച് മൂന്നസ്ത്രവും തിരികെയെത്തും. ബാർബരികന്റെ പക്ഷം പരാജയപ്പെടുന്നവരുടെ പക്ഷമാണ്. അങ്ങനെയായാൽ ഹിഡും ബിയുടെ കുലത്തിലുള്ള ദ്രാവിഡ ഭരണമായിരിക്കും യുദ്ധാനന്തരം വരാൻ പോകുന്നത്. ഇത് മുൻകൂട്ടിയറിയാവുന്ന ശ്രീകൃഷ്ണൻ ഈ വിചിത്ര സ്വഭാവത്തെക്കുറിച്ച് ബാർബരിക നോടന്വേഷിച്ചു. എനിക്ക് ശത്രുവും മിത്രവുമില്ല പരാജയം മാത്രമാണ് ഞാൻ കാണുന്നത്. വിജയ പരാജയങ്ങൾ ആർക്കും നിശ്ചയിക്കാനാവില്ലന്ന് ശ്രീകൃഷ്ണന്റെ മറുപടി. ബാർബരികൻ അച്ഛന്റെ കുലത്തിനു വേണ്ടി ത്യാഗം ചെയ്യുകയാണ്. മൃത്യു വരിക്കാൻ തയ്യാറാകുന്നു. പൂർണ സമ്മത പ്രകാരം ശിരസ് അറുത്ത് കുരുക്ഷേത്രമധ്യേ ശൂലത്തിൽ ചേർത്തുവയ്ക്കുന്നു പരസ്പരം വെട്ടിക്കൊല്ലുന്നതു കണ്ട് ഗിരസ് നിർത്താതെ ചിരിച്ചുകൊണ്ടേയിരുന്നു.
മൂലകഥയിൽ നിന്നും ചില തിരുത്തലുകൾ ഭംഗ്യന്തരേണ രചനയിൽ വരുത്തിയിട്ടുണ്ട്. നിഷാദനാണന്ന കാരണത്താൽ ഏകലവ്യനെ ദ്രോണാചാര്യർ ശിഷ്യനായി സ്വീകരിച്ചിരുന്നില്ല. അർജ്ജുനന്റെ അസൂയയാൽ വില്ലാളി വീരനായ ഏകലവ്യന്റെ വലതു വിരൽ ഗുരുഭക്ഷിണയായി ദ്രോണാചാര്യർ ഒരു മനസാക്ഷിക്കുത്തുമില്ലാതെ വാങ്ങുന്നുണ്ട്. ഏകലവ്യന്റെ മരണ ശേഷം ഇതു ചേർത്തുവയ്ക്കുന്നതായി പറയുന്നുണ്ട്. പൂർണമായ രൂപത്തോടെ മരണശേഷം ആത്മാവിനു ശാന്തിയുണ്ടാകട്ടെ എന്ന രചിയിതാവിന്റെ താല്പര്യം സദുദ്ദേശമായിരിക്കും. അല്ലങ്കിൽ ദ്രോണാചാര്യരുടെ അക്ഷന്തവ്യമായ പ്രവർത്തിയിലുള്ള പ്രതിഷേധമായിരിക്കും. ഭീമൻ ശരീരം വലിച്ചു കീറി രണ്ടു ദിക്കിലേയ്ക്കുമെറിഞ്ഞ, രണ്ടു കഷ്ണങ്ങളായി ജനിച്ച് രണ്ടു കഷണങ്ങളായി മരിച്ച ജരാസന്ധനുമായുള്ള സൗഹൃദവും രചയിതാവിന്റെ ഭാവനയാണ്. ശരശയ്യയിൽ കിടക്കുന്ന പിതാമഹനെ ശിഖണ്ഡി ചെന്നുകാണുന്നതും ഘടോൽഘജന്റെ മുന്നിൽ കുന്തീപുത്രനായ കർണ്ണൻ തോറ്റു കൊടുക്കുന്നതും അവസാനം ഘജന്റെ ആത്മാവ് രണഭൂവിൽ കർണനു വേണ്ടി കാത്തു നില്‍ക്കുന്നതും മാധവ് കെ വാസുദേവ് കൂട്ടിച്ചേർക്കുന്നു. ശല്യർ ഒഴിഞ്ഞ തേരുമായി ശിബിരത്തിലേയ്ക്ക് മടങ്ങുമ്പോൾ മരിച്ച കർണനിൽ നിന്നും ഒരു തേജസ് സൂര്യനിൽ ലയിക്കുന്നത് സ്വാഭാവിക പരിണാമം മാത്രം. സുഗ്രീവനെ നാടുകടത്തിവിടുന്നത് മന്ത്രിയോട് ബാലി പറയുന്ന ഭാഗം രാമായണത്തിലോ മഹാഭാരതത്തിലോ ഇല്ല. ഇന്ദ്രൻ നല്‍കിയ വേൽ കൊണ്ട് കർണൻ ഘടോൽഘജനെ കൊന്നു. വേൽ തിരികെ ഇന്ദ്രന്റെ കൈവശം ചെന്നു ചേർന്നു. പാണ്ഡവരെല്ലാം ദുഃഖിച്ചു. കൃഷ്ണൻ മാത്രം ചിരിച്ചു. കാരണം അല്ലെങ്കിൽ അർജുനൻ വധിക്കപ്പെടുമായിരുന്നു. ഓരോന്നിനും ഓരോ സാധുകരണം. കുരുക്ഷേത്ര ഭൂമിയിലെ ഇതിഹാസമായ ഘടോൽഘജനെപ്പോലെ എല്ലാ കഥാപാതങ്ങൾക്കും ഓരോ ദൗത്യമുണ്ട് എന്ന സമാധാനത്തിലാണ് അവസാനം എത്തിച്ചേരുന്നത്. ഇതിഹാസ കഥയ്ക്ക് പുതിയമാനം നല്‍കുകയാണ് നോവലിസ്റ്റ്.
ദ്രാവിഡന്‍
മാധവ് കെ വാസുദേവ്
ആലീസ് പബ്ലിക്കേഷന്‍സ്, തിരുവല്ല
വില: 220 രൂപ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.