25 December 2024, Wednesday
KSFE Galaxy Chits Banner 2

തൊഴിലാളി — കർഷക സംയുക്ത പ്രക്ഷോഭം

ടി ജെ ആഞ്ചലോസ്
November 25, 2024 4:45 am

ഇന്ത്യയിൽ തൊഴിലാളികളും കർഷകരും ചേർന്ന് നടത്തിയ ഐതിഹാസിക പ്രക്ഷോഭത്തിന്റെ നാലാം വാർഷികം നാളെയാണ്. അന്നേദിവസം രാജ്യത്താകെ ജില്ലാ കേന്ദ്രങ്ങളിൽ സംയുക്ത തൊഴിലാളി — കർഷക പ്രക്ഷോഭം നടക്കും. മൂന്ന് കർഷക വിരുദ്ധ നിയമങ്ങളും നാല് ലേബർ കോഡുകളും പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു നാല് വർഷം മുമ്പ് പ്രക്ഷോഭം സംഘടിപ്പിച്ചത്.
2021ൽ കേന്ദ്ര സർക്കാർ സംയുക്ത കർഷക മോർച്ചയുമായി ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പിലാക്കുവാൻ താല്പര്യം കാണിക്കുന്നില്ല. 2023 ഓഗസ്റ്റ് 24ന് ഡൽഹിയിൽ ചേർന്ന തൊഴിലാളി — കർഷക സംയുക്ത കൺവെൻഷൻ അംഗീകരിച്ച 15 ആവശ്യങ്ങളാണ് നവംബർ 26ന്റെ പ്രക്ഷോഭത്തിൽ ഉയർത്തുന്നത്. ലോകം ശ്രദ്ധിച്ച കർഷക പ്രക്ഷോഭത്തെത്തുടര്‍ന്നാണ് പ്രധാനമന്ത്രി കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. തുടർന്ന് പാർലമെന്റ് സമ്മേളനം ചേർന്ന് കരിനിയമങ്ങൾ പിൻവലിക്കുകയും ചെയ്തു. എന്നാൽ അന്നുണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കുവാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്തതിനെ തുടർന്നാണ് കർഷകർ വീണ്ടും പ്രക്ഷോഭം ആരംഭിച്ചത്. കാർഷികോല്പാദന ചെലവിൽ 15 ശതമാനം വരെ വർധനവുണ്ടായിട്ടും താങ്ങുവില വര്‍ധന രണ്ട് മുതൽ ഏഴ് ശതമാനം വരെ മാത്രമാണ്. ഉല്പാദന ചെലവും അതിനൊപ്പം 50 ശതമാനം അധിക വിലയും ചേർന്നുള്ള താങ്ങുവിലയാണ് ഡോ. സ്വാമിനാഥൻ കമ്മിഷൻ ശുപാർശ ചെയ്തത്. എന്നാൽ പരമാവധി താങ്ങുവില വർധിപ്പിച്ചത് 5.35 ശതമാനമാണ്. സൂക്ഷിക്കുവാൻ ഗോഡൗണുകളില്ല എന്ന ന്യായം പറഞ്ഞ് ഭക്ഷ്യധാന്യ സംഭരണത്തിൽ നിന്നും കേന്ദ്രം പിന്നോട്ട് പോകുന്നു. തന്മൂലം കർഷകർ വിപണികളിൽ കുറഞ്ഞ വിലയ്ക്ക് ഉല്പന്നങ്ങൾ വിൽക്കുന്നു. 

കൃഷിയുടെ കരാർവൽക്കരണവും, ഭക്ഷ്യധാന്യ ഉല്പാദനത്തിന് പരിഗണന നൽകാതെ നാണ്യവിളകൾക്ക് മുൻഗണന നൽകുന്ന നയവും മൂലം കമ്പോളത്തെ കുത്തക സൗഹൃദമാക്കുകയാണ്. ഫെഡറൽ നയങ്ങൾക്ക് വിരുദ്ധമായ 2019ലെ സഹകരണ മന്ത്രാലയ രൂപീകരണവും കര്‍ഷകര്‍ക്കെതിരാണ്. കർഷകരെ ബാധിക്കുന്ന സാമ്പത്തിക പ്രതിസന്ധി കാർഷികോല്പാദനത്തെ ഗുരുതരമായി ബാധിക്കും. കടക്കെണിയിൽപ്പെട്ടാൽ പിന്നീട് അവർ ഇതര തൊഴില്‍തേടി മഹാ നഗരങ്ങളിലേക്ക് പ്രയാണമാരംഭിക്കും. ഇത് കാർഷിക മേഖലയെ പ്രതിസന്ധിയിലേക്ക് നയിക്കും. ഭക്ഷ്യ പ്രതിസന്ധിക്ക് വഴിവയ്ക്കും. 29 തൊഴിൽ നിയമങ്ങൾ ഭേഗഗതി ചെയ്താണ് നാല് ലേബർ കോഡുകൾ രൂപീകരിച്ചത്. വ്യവസ്ഥാപിതമായ മിനിമം വേതനം, തൊഴിൽ സുരക്ഷ, സാമൂഹ്യ സുരക്ഷ, എട്ട് മണിക്കൂർ ജോലി, സംഘടിക്കുവാനുള്ള അവകാശം എന്നിവയെല്ലാം കവരുന്നതാണ് ലേബർ കോഡുകൾ. നിയമന നിരോധനവും, കരാർത്തൊഴിലും കൂടിയായപ്പോൾ യുവാക്കൾ കൂലി അടിമകളും, തൊഴിൽരഹിതരുമായി. ഊർജം, പ്രതിരോധം, ബാങ്ക്, ഇൻഷുറൻസ്, ട്രാൻസ്പോർട്ട്, തുടങ്ങിയ പ്രധാന മേഖലകളുടെ സ്വകാര്യവൽക്കരണം രാജ്യത്തിന്റെ സ്വയംപര്യാപ്തതയെ ബാധിക്കുന്നതാണ്.
ഇന്ത്യൻ റെയിൽവേയിൽ നടപ്പിലാക്കിയ കരാർത്തൊഴിലിന്റെ രക്തസാക്ഷികളാണ് ഷൊർണൂരിൽ ഈയിടെ ട്രെയിൻ തട്ടി മരിച്ച കരാർ തൊഴിലാളികൾ. കൃഷിഭൂമിയും വനവും വ്യവസായവൽക്കരണത്തിന്റെ പേരും പറഞ്ഞ് കോർപ്പറേറ്റുകൾക്ക് കൈമാറുന്നു. ആദിവാസികളെ ഇവിടെ നിന്നും കുടിയൊഴിപ്പിക്കുന്നു. ഇത്തരം ഭൂമി സമ്പന്നരുടെ വിനോദ സൗകര്യങ്ങൾക്കും, വാണിജ്യാവശ്യത്തിനും, ടൂറിസം, റിയൽ എസ്റ്റേറ്റ് ആവശ്യങ്ങൾക്കുമാണ് വിനിയോഗിക്കുന്നത്. തൊഴിലാളി വിരുദ്ധ നിലപാടുകളിൽ കുപ്രസിദ്ധി നേടിയ മോഡി സർക്കാർ കുത്തകകളുടെ 16.5 ലക്ഷം കോടിയാണ് കിട്ടാക്കടമായി എഴുതിത്തള്ളിയത്. 

കർഷകരും തൊഴിലാളികളും നാടിന്റെ നട്ടെല്ലാണ്. അവരുടെ ജീവിതം പന്താടുന്നതിനെതിരെയാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനത പ്രതികരിച്ചത്. ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നതിന്റെ കാരണവും മറ്റൊന്നല്ല. കൂടുതൽ കരുത്തോടെ 26ന് കർഷകരും തൊഴിലാളികളും തെരുവിൽ അണിനിരക്കുകയാണ്. സമരത്തിൽ ഉയർത്തുന്ന പ്രധാന മുദ്രാവാക്യങ്ങൾ ഇനിപ്പറയുന്നവയാണ്: പ്രതിമാസ മിനിമം വേതനം 26,000 രൂപയും പെൻഷൻ 10,000 രൂപയുമാക്കുക, തൊഴിൽ കരാർവൽക്കരണം പാടില്ല. അഗ്നിപഥ് സ്കീം പിൻവലിക്കുക, ഉല്പാദന ചെലവും, അതിന്റെ പകുതി തുകയും ചേർത്ത് കർഷകർക്ക് താങ്ങ് വില നൽകുക, ദരിദ്ര ഇടത്തരം കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും കടങ്ങൾ എഴുതിത്തള്ളുക, അവർക്ക് 60 വയസിന് ശേഷം പെൻഷൻ നൽകുക, ലേബർ കോഡുകളും 2022ലെ കേന്ദ്ര വൈദ്യുതി ബില്ലും റദ്ദാക്കുക, എല്ലാവർക്കും തൊഴിലും തൊഴിൽ സുരക്ഷയും ഉറപ്പ് നൽകുക, തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദിനങ്ങൾ 200 ആക്കുക, വേതനം 600 രൂപയാക്കുക.

പൊതുമേഖലയും സേവന മേഖലയും സ്വകാര്യവൽക്കരിക്കരുത്, നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ റദ്ദാക്കുക, വിലക്കയറ്റം തടയുക, പാചക വാതക വില വർധനവ് പിൻവലിക്കുക, പെട്രോൾ, ഡീസൽ, മണ്ണെണ്ണ തുടങ്ങിയവയുടെ കേന്ദ്ര എക്സൈസ് നികുതി ഗണ്യമായി കുറക്കുക, 14 അവശ്യ സാധനങ്ങൾ കൂടി ഉൾപ്പെടുത്തി പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക, നികുതിദായകരല്ലാത്ത എല്ലാവർക്കും ഭക്ഷണവും വരുമാനവും ഉറപ്പ് വരുത്തുക, വനാവകാശ നിയമം കർശനമായും പാലിക്കുക, പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് സാമൂഹ്യനീതി ഉറപ്പാക്കുക, പുതിയ വിദ്യാഭ്യാസ നയം റദ്ദാക്കുക, എല്ലാവർക്കും പാർപ്പിടം ഉറപ്പാക്കുക, അതിസമ്പന്നർക്ക് നികുതി ഏർപ്പെടുത്തുക, കോർപ്പറേറ്റ് നികുതി വർധിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളും മുന്നോട്ടുവയ്ക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.