ജീവിതത്തിന്റെ പ്രതിരൂപമായാണ് എഴുത്തച്ഛൻ തന്റെ കവിതകളിൽ സമുദ്രത്തെ സങ്കൽപ്പിച്ചിട്ടുള്ളത്. അവ രണ്ടും മുൻവിധികളെ എപ്പോഴാണ് തെറ്റിക്കുന്നതെന്ന് പ്രവചിക്കാനാകില്ല, ചിലപ്പോൾ ശാന്തമായൊഴുകുന്നു മറ്റു ചിലപ്പോൾ കലിതുള്ളി രൗദ്രഭാവം പൂണ്ട് ആർത്തലയ്ക്കുന്നു.
സങ്കീർണവും സംഘർഷഭരിതവുമായ കടൽജീവിതത്തിന്റെ ഇരുളും വെളിച്ചവും നിറഞ്ഞ ഇടങ്ങളിലേക്കുള്ള ഒരെഴുത്തുകാരന്റെ എത്തിനോട്ടമാണ് എറീക്ക എന്ന നോവൽ. സമുദ്ര ജീവിതത്തിന്റെ തിരക്കോളുകളിൽപെട്ട് ഗണിതക്രമങ്ങൾ തെറ്റിപ്പോകുന്ന കുറേ മനുഷ്യരും അവരുടെ ജീവിതം ത്രസിച്ചു നിൽക്കുന്ന ഹൃദയസ്പന്ദനങ്ങളും നാം ഈ നോവലിൽ അടുത്തറിയുന്നു. അനുഭവങ്ങളുടെ കൊച്ചു കൊച്ചു തുരുത്തുകളിൽ വഞ്ചിയടുപ്പിച്ചു വിശ്രമിക്കാനല്ല, ഇരമ്പിയാർക്കുന്ന സമുദ്രത്തിന്റെ നടുവിലൂടെ സാഹസികമായി കപ്പൽ ഓടിക്കുവാനാണ് ഈ കലാകാരനിഷ്ടം. ജീവിതത്തെ വിശാലമായ ഒരു കാഴ്ചപ്പാടിലേക്ക് വളർത്തുന്ന തലങ്ങൾ നമുക്ക് ഈ നോവലിൽ കാണാൻ കഴിയും.
ദേശകാലങ്ങളുടെ അതിർവരമ്പുകൾക്കതീതമായ മാനവികതയുടെ സംഗീതം നിറഞ്ഞുനിൽക്കുന്ന നോവലാണ് എറീക്ക. നമ്മൾ ഇന്നേവരെ കാണാത്ത കടൽ കാഴ്ചകൾ അത്ഭുതങ്ങൾ വിരിയിച്ച് ഈ നോവലിൽ ഉടനീളം നിറഞ്ഞാടുന്നു. കടലിന്റെ നടുവിൽ, അർദ്ധരാത്രിയിൽ, ചെറു വെളിച്ചങ്ങൾ കണ്ട് ആകൃഷ്ടരായെത്തുന്ന കടൽ ഭൂതങ്ങളെയും നിധി മോഹിച്ചെത്തുന്ന കടൽ കൊള്ളക്കാരെയും നമ്മുടെ മുമ്പിൽ വരച്ചിട്ടിരിക്കുന്നു.
കടൽ പശ്ചാത്തലമാകുന്ന ഈ നോവൽ മലയാളത്തിലെ ആദ്യത്തെ കപ്പൽ ജോലിക്കാരുടെ കഥ പറയുന്ന നോവൽ കൂടിയാണ്. കടലിനും കടൽ ജീവിതത്തിനും എന്നും സാഹസികതയുടെയും നിഗൂഢതയുടെയും പരിവേഷമുണ്ടല്ലോ. ഏഴുകടലിന്റെയും മനോഹര കാഴ്ചകൾ മാത്രമല്ല ജീവിതത്തിന്റെ മാധുര്യവും ഈ നോവലിൽ നമുക്ക് ആവോളം നുകരാം. ദീർഘകാലാനുഭവത്തിന്റെ വെയിൽ ചൂടിൽ തളിർത്ത എറീക്ക ജീവിതത്തിന്റെ അഗാധ തലങ്ങളെ സ്പർശിക്കുന്ന സമുദ്ര നീലിമയും ഗൃഹാതുര ലാവണ്യവും നിറഞ്ഞു നിൽക്കുന്നു.
ചേപ്പാട് ഗ്രാമത്തിൽ നിന്നും യാത്ര തുടങ്ങുന്ന മാത്യു എന്ന ചെറുപ്പക്കാരൻ ബോംബെയിൽ എത്തി കപ്പൽ ജോലിക്കായീ പരിശ്രമിക്കുന്നു. ഇതിനിടയിൽ ഒരു നിമിത്തം പോലെ സൂസനെ കണ്ടെത്തുന്നു. തന്റെ ജീവിതാഭിലാഷമായ കപ്പലിൽ കയറാൻ തയ്യാറെടുക്കുമ്പോൾ സൂസൻ അയാളെ ഓസ്ട്രേലിയയിലേക്ക് ക്ഷണിക്കുന്നു. ഏഴു കടലും ചുറ്റുന്നതിനിടയിൽ അയാൾ വീണ്ടും അവിചാരിതമായി സൂസനെ ഓസ്ട്രേലിയയിൽ വച്ചു കണ്ടെത്തുന്നു. നാളുകൾ കഴിഞ്ഞു നാട്ടിലെ സൂസന്റെ വീട്ടിലെത്തുന്ന മാത്യുവിനെ കാത്തിരുന്നത് കടലിനേക്കാൾ വലിയ നിഗൂഢതയായിരുന്നു. ചില രഹസ്യങ്ങൾ അതു സത്യമാണെങ്കിൽ കൂടെ വെളിപ്പെടുത്താൻ കഴിയാതെ അയാൾ ചേപ്പാടു നിന്നും മടങ്ങുന്നു.
നോവൽ അവസാനിക്കുമ്പോൾ അത്ഭുതത്തിന്റെയും അറിവിന്റെയും വാതായനങ്ങൾ തുറന്നിട്ട് മാത്യു തന്റെ യാത്ര തുടരുന്നു.
എറീക്ക
(നോവല്‍)
കുളങ്ങര കോശി ഫിലിപ്പ്
സുജിലി പബ്ലിക്കേഷന്‍സ്
വില: 490 രൂപ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.