23 December 2024, Monday
KSFE Galaxy Chits Banner 2

ജനജീവിതം ദുരിതത്തിലാക്കുന്ന പരിഷ്കാരം

കെ പി ശങ്കരദാസ്
January 15, 2023 4:15 am

കേരളം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തികപ്രതിസന്ധി സാധാരണ ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ക്ഷേമപദ്ധതികൾ പലതും മുടങ്ങി, കരാറുകാരുടെ കുടിശിക കൂടുകയും കർഷകർക്കുള്ള സഹായം നിലയ്ക്കുകയും ചെയ്തു. വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ പലതും നൽകാനാകുന്നില്ല. പദ്ധതികൾ ഇഴഞ്ഞു നീങ്ങുന്ന സ്ഥിതിയിലായി. ക്ഷേമപെൻഷൻ രണ്ടു മാസത്തേത് നൽകാനുണ്ട്. പ്രതിസന്ധിഘട്ടത്തിൽ കടമെടുത്തു ചെലവുനടത്തിയിരുന്ന കേരളത്തെ, കടമെടുപ്പിന് നിയന്ത്രണം വരുത്തിയ കേന്ദ്രനയമാണ് വെട്ടിലാക്കിയത്. കടമെടുത്ത് ക്ഷേമ പെൻഷൻ നൽകേണ്ടതില്ലെന്നാണ് കേന്ദ്ര ധനകാര്യമന്ത്രിയുടെ പ്രസ്താവന. കേരളത്തിലെ 60 ലക്ഷം ഗുണഭോക്താക്കളെയാണ് ഇത് ബാധിക്കുക. കേന്ദ്രം സാമൂഹ്യ പെൻഷനായി നൽകുന്നത് 200–300 രൂപയാണ്. കേരളത്തിൽ 1,600 രൂപയും.
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി സാധാരണക്കാരുടെ ജീവിതത്തെ ബാധിച്ചു തുടങ്ങുന്ന ഘട്ടമാണ് അതിന്റെ തീവ്രത പ്രകടിപ്പിക്കുക. അത് മാന്ദ്യത്തിന്റെ ലക്ഷണം കൂടിയാണ്. പണിയും കൂലിയും കുറയും, കടം കൂടുകയും തിരിച്ചടവ് കുറയുകയും ചെയ്യും. ജിഎസ്‌ടി നഷ്ടപരിഹാര കുടിശിക 1548 കോടി, യുജിസി ശമ്പള പരിഷ്കരണം വകയിൽ 750.93 കോടി, വൈദ്യുതി മേഖലയില്‍ അധികവായ്പ 4060 കോടി, നഗര വികസനം, ആരോഗ്യം ധനകാര്യ കമ്മിഷൻ നിർദേശിച്ച സഹായധനം 1172 കോടി, ഉപയോഗിക്കാതെ നീക്കിവച്ച വായ്പയിൽ നിന്ന് 1619 കോടി ഉൾപ്പടെ 9150 കോടി കേന്ദ്രത്തിൽ നിന്നും കേരളത്തിന് ലഭിക്കേണ്ടതുണ്ട്. കേന്ദ്രമന്ത്രി നിർമലാ സീതാരാമന് ധനമന്ത്രി കെ എൻ ബാലഗോപാൽ നൽകിയ കത്തിൽ ഇത് സൂചിപ്പിച്ചിട്ടുള്ളതാണ്.


ഇതുകൂടി വായിക്കൂ: പതിനഞ്ചാം ധനകാര്യ കമ്മിഷനും വിഭവകൈമാറ്റവും


കേന്ദ്ര ധനകാര്യ കമ്മിഷന്റെ റിപ്പോർട്ടനുസരിച്ചാണ് സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രവിഹിതം നിശ്ചയിക്കുന്നത്. കേരളത്തിന് കിട്ടിക്കൊണ്ടിരുന്നത് 3.87 ശതമാനമായിരുന്നു. 15-ാം ധനകാര്യ കമ്മിഷൻ റിപ്പോർട്ടനുസരിച്ച് 1.925 ശതമാനമായി കുറഞ്ഞു. ഇതിനൊപ്പം ജിഎസ്‌ടി നഷ്ടപരിഹാരമില്ലാതായി. വായ്പയെടുക്കാനുള്ള പരിധി കോവിഡ് കാലത്ത് 4.5 ശതമാനമാക്കിയെങ്കിലും ഇപ്പോഴത് വീണ്ടും മൂന്നു ശതമാനമാക്കി. കിഫ്ബിയും, സാമൂഹ്യ സുരക്ഷാ കമ്പനിയും എടുത്ത വായ്പ സംസ്ഥാനത്തിന്റെ പൊതുകടത്തിൽ ഉൾപ്പെടുത്തി, വായ്പയിൽ 3578 കോടി രൂപ കുറയ്ക്കാനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര തീരുമാനങ്ങൾ കാരണം 20,000–24,000 കോടിയുടെ കുറവ് ഈ വർഷം ഉണ്ടാകുമെന്നാണ് കണക്കൂകൂട്ടൽ.
“ഒരു രാജ്യം ഒറ്റ നികുതി” എന്ന ലക്ഷ്യത്തോടെ കേന്ദ്രം നടപ്പാക്കിയ ജിഎസ്‌ടി വിതറിയ വിഷവിത്തുകളാണ് വിലക്കയറ്റത്തിന് മുഖ്യ കാരണം. അരിയുടെ വില ചില്ലറ വിപണിയിൽ കിലോയ്ക്ക് 63 രൂപവരെയായി. നേരത്തെ 34 രൂപയായിരുന്നു. ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള നിത്യോപയോഗ സാധനങ്ങൾക്ക് 20 മുതൽ 35 ശതമാനം വരെ വിലവർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സ്വർണവില പവന് 41,280 രൂപയാണ്. ഒരു വർഷംകൊണ്ട് പവന് 5440 രൂപയുടെ വർധന. 2017‑ൽ ജിഎസ്‌ടി നടപ്പിലാക്കുമ്പോൾ സ്വർണത്തിന് ചുമത്തിയിരുന്നത് 1.25 ശതമാനമായിരുന്നു. ഇത് മൂന്ന് ശതമാനമായി ഉയർത്തി. 2016–17ൽ കേരളത്തിൽ സ്വർണ വില്പനയിൽ നിന്നും വാറ്റ് വഴി പ്രതിമാസം 630 കോടി രൂപയോളം ലഭിച്ചിരുന്നു. ജിഎസ്‌ടി നടപ്പാക്കിയ ശേഷം 2017–18 ൽ ഇത് പ്രതിമാസം 200 കോടിയായി കുറഞ്ഞു.


ഇതുകൂടി വായിക്കൂ: ജിഎസ്ടി നഷ്ടപരിഹാര സെസ് 2026 വരെ നീട്ടി


രാജ്യത്ത് ചരക്ക് സേവന നികുതി സമ്പ്രദായത്തിലേക്ക് മാറുന്നത് നികുതി ഘടനയിൽ പുതിയ സങ്കീർണതകൾ സൃഷ്ടിക്കുമെന്ന ആശങ്കകൾ നിലനിൽക്കുമ്പോഴാണ് ജിഎസ്‌ടി സംബന്ധിച്ച ബില്ലുകൾ ലോക്‌സഭ പാസാക്കുന്നത്. അടുത്ത ദിവസം തന്നെ രാജ്യസഭയും പാസാക്കി. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികൾക്ക് പരിഗണനപോലും നൽകാതെ വോട്ടിനിടുകയായിരുന്നു. തുടർന്ന് ധനമന്ത്രി നൽകിയ വിശദീകരണത്തിൽ ജിഎസ്‌ടി നടപ്പാക്കുന്നത് വഴി നാണ്യപ്പെരുപ്പം ഉണ്ടാകില്ലെന്ന് ഉറപ്പു നൽകിയിരുന്നു. കേന്ദ്ര‑സംസ്ഥാന മന്ത്രിമാർ ഉൾപ്പെട്ട ജിഎസ്‌ടി കൗൺസിലാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നതെന്നും, എല്ലാ സംസ്ഥാനങ്ങൾക്കും പ്രാതിനിധ്യമുള്ള സ്ഥിരം സമിതിയാണെന്നും വ്യക്തമാക്കി. എന്നാല്‍ ജനങ്ങൾ ഇന്ന് അനുഭവിക്കുന്ന ദുരന്തങ്ങളുടെ ആഴം അളക്കാൻ ഇതേവരെ കേന്ദ്രം തയ്യാറായിട്ടില്ല. നികുതിക്ക് പല നിരക്കും പുറമേ സെസും സർചാർജും ഉള്ളപ്പോൾ ഒരു രാജ്യം ഒറ്റ നികുതി എന്ന ആശയം വെറും പൊള്ളയാണെന്ന് വ്യക്തം. സെസും സർചാർജും വഴി ശതകോടികളാണ് കേന്ദ്രം കെെക്കലാക്കുന്നത്. ഈ തുകയിൽ ഒരു രൂപപോലും വിഹിതമായി സംസ്ഥാനങ്ങൾക്ക് നൽകുന്നില്ല. ഈയിനത്തിൽ നടപ്പുവർഷം 4.94 ലക്ഷം കോടി രൂപ കിട്ടുമെന്നും, നികുതിയേതരം ഉൾപ്പടെ കേന്ദ്രത്തിന്റെ ആകെ വരുമാനം 26.84 ലക്ഷം കോടി രൂപയാണെന്നുമാണ് കേന്ദ്ര ധനകാര്യ കമ്മിഷൻ പറയുന്നത്.
അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ അടിസ്ഥാന നികുതിക്കും തീരുവയ്ക്കും പുറമേ സെസും, സർചാർജും ചുമത്താൻ പാടുള്ളുവെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. ഇത് പാടെ ലംഘിച്ചുകൊണ്ടാണ് സെസ് വഴി കേന്ദ്രം ശതകോടികൾ കൊയ്തെടുക്കുന്നത്. സംസ്ഥാനങ്ങളുടെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നായ മോട്ടോർ വാഹന നികുതിയും കേന്ദ്രം നോട്ടമിട്ടിരിക്കുന്നു. ഇതിന്റെ തുടക്കമായാണ് ആഡംബര ബസ് പെർമിറ്റിനുള്ള സംസ്ഥാന അധികാരം കവരാനുള്ള നീക്കം. മോട്ടോർ വാഹന നികുതി സംസ്ഥാന പട്ടികയിൽപെടുന്നതാണ്. ഇത് കേന്ദ്ര പട്ടികയിലോ രണ്ടു കൂട്ടർക്കും അധികാരമുള്ള കൺകറന്റ് ലിസ്റ്റിലോ ഉൾപ്പെടുത്താനായിരുന്നു നീക്കം. നേരത്തെ ഒഴിവാക്കപ്പെട്ടിരുന്ന ചില ഭക്ഷ്യസാധനങ്ങളെ ജിഎസ്‌ടിയുടെ പരിധിയിൽ കൊണ്ടുവരുകയും ഒരു തത്വദീക്ഷയുമില്ലാതെ നികുതി സ്ലാബുകളിൽ വലിയ മാറ്റം വരുത്തുകയും ചെയ്തിരിക്കുകയാണ്. സ്ലാബിൽ വന്നിരിക്കുന്ന ഈ മാറ്റമാണ് അവശ്യ വസ്തുക്കൾ ഉൾപ്പടെയുള്ള സാധനങ്ങൾക്ക് വമ്പിച്ച വിലവർധന ഉണ്ടാകാൻ ഇടയാക്കിയത്.


ഇതുകൂടി വായിക്കൂ: തൊഴിൽ സാധ്യതയുടെ തടസവും രൂപയുടെ മൂല്യഇടിവും


മത്സ്യം, മാംസം, പനീർ, മോര്, തൈര്, ഗോതമ്പ് പൊടി, തേൻ, പപ്പടം എന്നിവയാണ് പുതുതായി ജിഎസ്‌ടിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൊപ്ര, സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടിപ്പരിപ്പു പോലുള്ളവയുടെ സംഭരണം-ശേഖരണത്തിന് ജിഎസ്‌ടി ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. മഷി, അച്ചടി മഷി, പമ്പുസെറ്റുകൾ, മുട്ട, പഴം വേർതിരിക്കുന്ന യന്ത്രങ്ങൾ, ശുചീകരണ യന്ത്രങ്ങൾ, എൽഇഡി വിളക്കുകൾ തുടങ്ങിയ ഇനങ്ങളുടെ നികുതി 12 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കി. അഞ്ച് ശതമാനം നികുതിയുണ്ടായിരുന്ന കാർഷികോപകരണങ്ങൾക്ക് മൂന്നിരട്ടിയിലധികവും തുകൽ ഉല്പന്നങ്ങളുടെ നികുതി ഏഴു ശതമാനവും വർധിപ്പിച്ചിരുന്നു. അവശ്യ വസ്തുക്കളുടെയും, അറ്റ്ലസുകൾ, നോട്ടുപുസ്തുകങ്ങൾ മറ്റ് പഠനോപകരണങ്ങളുടെയും വില കുത്തനെ കുതിക്കുമെന്നതിൽ സംശയമില്ല. ഈ മാറ്റത്തിനിടയിലും കോർപ്പറേറ്റുകളുടെ താല്പര്യം സംരക്ഷിക്കാൻ കേന്ദ്രം മറന്നില്ല; ചരക്കുനീക്കത്തിനുള്ള നികുതി ആറ് ശതമാനം കുറച്ചു.

പ്രതിപക്ഷ സംസ്ഥാനങ്ങൾക്ക് നിത്യനിദാന ചെലവുകൾക്ക് പോലും കേന്ദ്രത്തിന്റെ മുന്നിൽ കൈനീട്ടേണ്ട അവസ്ഥയിലാണ്. സംസ്ഥാന നികുതി വരുമാനത്തിന്റെ 44 ശതമാനം ജി
എസ്‌ടിക്കു പോകുമ്പോൾ, കേന്ദ്ര വരുമാനത്തിന്റെ 28 ശതമാനം മാത്രമേ അതിൽ ലയിപ്പിക്കുന്നുള്ളു. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ മുഖവിലയ്ക്കെടുക്കാത്ത സാഹചര്യം സൃഷ്ടിച്ച പ്രതിസന്ധിയാണ് കഴിഞ്ഞ മേയിൽ സുപ്രീം കോടതി വിഷയത്തിൽ ഇടപെട്ടത്. നികുതി നിശ്ചയിക്കുന്നതിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യ പങ്കാണെന്നായിരുന്നു കോടതി വിധിയുടെ രത്നച്ചുരുക്കം. എന്നാൽ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച വിധിയുടെ അന്തഃസത്ത പൂർണമായി തള്ളിക്കൊണ്ടാണ് കേന്ദ്രമിപ്പോൾ പുതിയ സ്ലാബ് നിശ്ചയിച്ചിരിക്കുന്നത്.
2017 ജൂലൈ ഒന്നിന് ജിഎസ്‌ടി തിരക്കിട്ട് നടപ്പിലാക്കിയ ശേഷം കേന്ദ്രം ഏകപക്ഷീയമായി എടുത്ത തീരുമാനം സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയായിരുന്നു. കേന്ദ്ര‑സംസ്ഥാന സാമ്പത്തിക ബന്ധത്തിന്റെ അന്തസത്തയ്ക്ക് വിരുദ്ധമാണ് നികുതി നിശ്ചയിക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റം. ജിഎസ്‌ടി വ്യവസ്ഥകളിൽ കാതലായ മാറ്റം വേണമെന്നും സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കരുതെന്നുമുള്ള ആവശ്യം ഉയർന്നുവന്നപ്പോൾ ഉണ്ടായ കോടതി വിധിക്ക് ഏറെ പ്രാധാന്യമുണ്ട്.

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.