ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിൽ ബിജെപി കൈവരിച്ച അപ്രതീക്ഷിത വിജയം രാജ്യത്തെ ജനാധിപത്യ മതനിരപേക്ഷ പ്രതിപക്ഷ കക്ഷികൾക്കിടയിൽ യാഥാർത്ഥ്യബോധത്തോടുകൂടിയ രാഷ്ട്രീയഐക്യം ഊട്ടിയുറപ്പിക്കാൻ സഹായകമാവും എന്ന വ്യക്തമായ സൂചനകളാണ് വിവിധകേന്ദ്രങ്ങൾ നൽകുന്നത്. നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലം പൂർണമായി പുറത്തുവരുംമുമ്പുതന്നെ മൂന്നുമാസങ്ങളായി നിശ്ചലമായിരുന്ന ഇന്ത്യാ സഖ്യത്തിന്റെ യോഗം വിളിക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മുൻകൈ എടുത്തു. കഴിഞ്ഞദിവസം പുറത്തുവന്ന തെരഞ്ഞെടുപ്പുഫലം കോൺഗ്രസിന്റെ തന്‍പ്രമാണിത്ത പ്രാദേശിക നേതൃത്വത്തിന് തിരിച്ചടിയായി എന്നുമാത്രമല്ല, സഖ്യത്തിന്റെ മാർഗപഥത്തിൽ ആവശ്യമായ തിരുത്തൽ വരുത്താനുള്ള അവസരം പ്രദാനം ചെയ്യുന്നുമുണ്ട്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളെ ഇന്ത്യാ സഖ്യമെന്ന നിലയിൽ നേരിടുന്നതിൽ പ്രാദേശിക നേതൃത്വം സൃഷ്ടിച്ച തടസം പരാജയത്തിന്റെ ഒരു കാരണമായി പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭോപ്പാലിൽ നടത്താൻ നിശ്ചയിച്ചിരുന്ന റാലി ഉപേക്ഷിക്കേണ്ടിവന്നത് കമൽനാഥിന്റെ പിടിവാശി ഒന്നുകൊണ്ട് മാത്രമായിരുന്നു. കോൺഗസ് മത്സരിച്ച പത്ത് സീറ്റുകളിലെങ്കിലും പരാജയപ്പെട്ടതിന്റെ കാരണം അവിടങ്ങളിൽ സമാജ്‍വാദി പാർട്ടി സ്ഥാനാർത്ഥികളും മത്സരരംഗത്ത് ഉണ്ടായിരുന്നു എന്നതുകൊണ്ട് കൂടിയായിരുന്നു എന്ന് വ്യക്തമാണ്. ബിജെപിക്കും അവരുടെ തീവ്രഹിന്ദുത്വ പ്രചാരണതന്ത്രങ്ങൾക്കും ബദലായി ഒരു രാഷ്ട്രീയ കാഴ്ചപ്പാടും പ്രവർത്തനപരിപാടിയും മുന്നോട്ടുവയ്ക്കുന്നതിനും കോൺഗ്രസിന് കഴിഞ്ഞില്ല. ഇന്ത്യാ സഖ്യം എന്നനിലയിൽ മത്സരം കാഴ്ചവയ്ക്കാനായിരുന്നുവെങ്കിൽ ഹിന്ദുത്വത്തിന് എതിരെ മൃദുഹിന്ദുത്വം എന്നതിനുപകരം വ്യക്തമായ ഒരു ജനാധിപത്യ, മതനിരപേക്ഷ ബദൽ മുന്നോട്ടുവയ്ക്കാൻ പ്രതിപക്ഷത്തിന് കഴിയുമായിരുന്നു.
ഇപ്പോഴത്തെ തെരഞ്ഞെടുപ്പുഫലങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വസ്തുനിഷ്ഠ യാഥാർത്ഥ്യങ്ങൾ കോൺഗ്രസടക്കം പ്രതിപക്ഷപാർട്ടികളെ ബോധ്യപ്പെടുത്തുന്നതിൽ വലിയൊരളവ് സഹായകമായിട്ടുണ്ടെന്നുവേണം അവയുടെ നേതാക്കളുടെ പ്രതികരണങ്ങളിൽനിന്നും മനസിലാവുന്നത്. കോൺഗ്രസിന് നഷ്ടമായ മൂന്ന് സംസ്ഥാനങ്ങളിലും അവരുടെ ബഹുജന അടിത്തറ വലിയ പരിക്കുകൾകൂടാതെ നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. കോൺഗ്രസ് എന്നാൽ ‘ഇന്ത്യ’ അല്ലെന്നും ‘ഇന്ത്യ’ എന്നാൽ കോൺഗ്രസ് മാത്രമല്ലെന്നും അവരെ ബോധ്യപ്പെടുത്താൻ ഈ തെരഞ്ഞെടുപ്പുഫലങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടാവണം. ഇന്ത്യാ സഖ്യത്തിന്റെ ആവശ്യകതയും അനിവാര്യതയും അംഗീകരിക്കാൻ സഖ്യത്തിലെ ഇതരകക്ഷികൾക്ക് വൈമുഖ്യമില്ലെന്ന് എൻസിപിയുടെ ശരദ് പവാർ, ആർജെഡിയുടെ മനോജ് ഝാ, ശിവസേനയുടെ സഞ്ജയ് റൗത്, സിപിഐ ജനറൽസെക്രട്ടറി ഡി രാജ, സിപിഐ (എം) ജനറൽസെക്രട്ടറി സിതാറാം യെച്ചൂരി തുടങ്ങിയ നേതാക്കളുടെ നാളത്തെ ഇന്ത്യാ സഖ്യ യോഗത്തിനുള്ള ക്ഷണത്തോടുള്ള പ്രതികരണം വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ പരാജയത്തെ സമചിത്തതയോടെയും വസ്തുനിഷ്ഠവുമായി വിലയിരുത്താൻ തയ്യാറാവുകയും പഴയതും പരീക്ഷിച്ചുപരാജയപ്പെട്ട മാതൃകകൾക്കുപകരം അടിസ്ഥാന ജനകീയ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന കാഴ്ചപ്പാടുകളും കർമ്മപരിപാടികളുമായി മുന്നോട്ടുവരാൻ സന്നദ്ധമായാൽ പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന് ബിജെപി ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാനാവും എന്നുതന്നെയാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പുഫലങ്ങളുടെ സൂക്ഷ്മ വിശകലനം നൽകുന്ന ഉത്തരം. ഹിന്ദി ഹൃദയഭൂമിയിൽപ്പോലും ബിജെപിയുടെ വിജയം സംയുക്ത പ്രതിപക്ഷവുമായുള്ള താരതമ്യത്തിൽ തുലോം നേരിയത് മാത്രമാണ്.
വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കുമല്ല ബദൽ ആവശ്യമുള്ളത്. ജനങ്ങൾ നേരിടുന്ന അടിസ്ഥാന ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്ന ബദലാണ് അവർ ഉറ്റുനോക്കുന്നത്. അത് കേവലം സാമ്പത്തിക പരാധീനതകൾക്കുള്ള പരിഹാരവും അവകാശങ്ങളുടെ അംഗീകാരവും മാത്രമല്ല. വൈവിധ്യങ്ങളും വൈരുധ്യങ്ങളും നിറഞ്ഞ ഒരു ദേശീയ സമൂഹത്തിൽ മാനുഷികമായ അന്തസോടെയും തുല്യതയോടെയും സമാധാനപൂർണമായ ജീവിതം നയിക്കാനുള്ള അവകാശത്തെയാണ് സമകാലിക ഇന്ത്യൻ സമൂഹം കാംക്ഷിക്കുന്നത്. അത് ഉറപ്പുനൽകുന്ന ഒരു കർമ്മപദ്ധതി ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കാൻ പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന് കഴിയുമോ എന്നതായിരിക്കും വെല്ലുവിളി. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയ്ക്കുപകരം ജനാധിപത്യവും ഫാസിസ്റ്റ് ഏകാധിപത്യ പ്രവണതയെ ചെറുക്കുന്ന ജനാധിപത്യ ബദലും അടിസ്ഥാന മൂല്യങ്ങളിൽ ഉറച്ചുനിൽക്കുന്ന ഭരണഘടനയോടുള്ള പ്രതിബദ്ധതയുമായിരിക്കും ജനതയ്ക്ക് പ്രതീക്ഷയും വിശ്വാസവുമർപ്പിക്കാവുന്ന ബദൽ. ഡിസംബർ മൂന്നിന്റെ തെരഞ്ഞെടുപ്പുഫലം ആ ദിശയിൽ ചിന്തിക്കാനും മുന്നേറാനും പ്രതിപക്ഷ സഖ്യത്തെ പ്രാപ്തമാക്കുമെന്നുവേണം പ്രതീക്ഷിക്കാൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.