3 May 2024, Friday

രാഷ്ട്രത്തിന്റെ പേരുമാറ്റം: പിന്നില്‍ ഗൂഢലക്ഷ്യം

Janayugom Webdesk
October 27, 2023 5:00 am

വിദ്യാഭ്യാസ ഗവേഷണത്തിനും പരിശീലനത്തിനുമായുള്ള ദേശീയ സമിതി (നാഷണൽ കൗൺസിൽ ഓഫ് എജ്യൂക്കേഷണൽ റിസർച്ച് ആന്റ് ട്രെയിനിങ്-എൻസിഇആർടി) നിയോഗിച്ച സാമൂഹികശാസ്ത്ര വിഷയങ്ങൾക്കായുള്ള ഉന്നതാധികാര സമിതി പന്ത്രണ്ടാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കി മാറ്റാൻ ശുപാർശ ചെയ്തിരിക്കുന്നു. ഒറ്റനോട്ടത്തിൽ നിരുപദ്രവമെന്ന് തോന്നാവുന്ന മാറ്റത്തിന് പിന്നിലുള്ള ഗൂഢലക്ഷ്യമാണ് ഈ ശുപാർശയെ സംശയാസ്പദമാക്കുന്നത്. അടുത്തവർഷം നടക്കാൻ പോകുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി രൂപംകൊണ്ട 28 പ്രതിപക്ഷ പാർട്ടികളുടെ ‘ഇന്ത്യ’ എന്ന പേര് ബിജെപിയെയും സംഘ്പരിവാറിനെയും തെല്ലൊന്നുമല്ല അസ്വസ്ഥമാക്കിയിട്ടുള്ളത്. പ്രതിപക്ഷമുന്നണിക്ക് ഇന്ത്യ എന്ന് നാമകരണം ചെയ്തതോടെ രാജ്യത്തിന്റെ പേരുതന്നെ ഭാരത് എന്നുമാത്രമാക്കി മാറ്റാൻ കേന്ദ്രസർക്കാർ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തിവരുന്നത്. ഭാരത് എന്ന പേരിനോട് ഇന്ത്യ മുന്നണിക്കോ അതിൽ പങ്കാളികളായ സഖ്യകക്ഷികൾക്കോ യാതൊരു അയിത്തവും ഇല്ലെന്ന് അതിന്റെ നേതൃത്വം അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുള്ള വസ്തുതയാണ്. എന്നാൽ, പ്രതിപക്ഷമുന്നണി ഇന്ത്യയെന്ന പേര് സ്വീകരിക്കുകവഴി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുമെന്ന അങ്കലാപ്പിലാണ് കേന്ദ്ര ഭരണവൃത്തം. അതാണ് നാളിതുവരെ നിലനിന്നുപോന്ന ഇന്ത്യയെന്ന പേരിനെ ചരിത്രത്തിൽനിന്നും തുടച്ചുമാറ്റാനുള്ള നീക്കത്തിന് പിന്നിൽ പ്രവർത്തിക്കുന്ന ചേതോവികാരങ്ങളിൽ ഒന്ന്. ഇന്ത്യൻ ഭരണഘടനയുടെ ഒന്നാമത്തെ അനുച്ഛേദത്തിൽ രാഷ്ട്രനാമം ‘ഇന്ത്യ, എന്ന ഭാരതം’ എന്നാണ് നിർവചിച്ചിട്ടുള്ളത്.


ഇതുകൂടി വായിക്കൂ: പാഠപുസ്തകങ്ങളിലും ഇന്ത്യയെ വെട്ടുന്നു


ഭരണഘടന ഭേദഗതിചെയ്യാതെ പരസ്പരപൂരകമായ രാഷ്ട്രനാമത്തെ ഏകപക്ഷീയമായി തിരുത്തുന്ന നടപടി ഭരണഘടനാവിരുദ്ധമാണ്. മാത്രമല്ല, ഈ പേരുമാറ്റം അവിടംകൊണ്ട് അവസാനിക്കുന്ന ഒന്നായിരിക്കില്ല. അത് രാജ്യത്തിന്റെ ചരിത്രത്തെയും ചരിത്രവസ്തുതകളെയും തിരുത്താനും വളച്ചൊടിക്കാനുമുള്ള സംഘ്പരിവാറിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. എൻസിഇആർടി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ ശുപാർശ പേരുമാറ്റത്തിൽ മാത്രമായി ഒതുങ്ങിനിൽക്കുന്ന ഒന്നായിരിക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് അതിലെ തുടർ ഘടകങ്ങൾ. പാഠ്യപദ്ധതിയിൽ ഇന്ത്യയുടെ പ്രാചീനകാല ചരിത്രത്തെ പരാമർശിക്കുന്ന ‘എൻഷ്യന്റ് ഹിസ്റ്ററി‘ക്ക് പകരം ‘ക്ലാസിക്കൽ ഹിസ്റ്ററി’ എന്നാക്കി പേരുമാറ്റുന്നതിനും ‘ഇന്ത്യൻ വിജ്ഞാന വ്യവസ്ഥ’ പദ്ധതിയിൽ ഉൾപ്പെടുത്താനും ശുപാർശയുണ്ട്. ‘മുഗളന്മാർക്കും സുൽത്താന്മാർക്കും എതിരെ ഹിന്ദുക്കൾ കൈവരിച്ച വിജയങ്ങൾ’ ഇപ്പോഴത്തെ പാഠപുസ്തകങ്ങളിൽ പരാമർശിക്കുന്നില്ലെന്ന് വിലപിക്കുന്ന സമിതി അവ പ്രത്യേക പ്രാധാന്യത്തോടെ ഉയർത്തിക്കാണിക്കണമെന്നും നിർദേശിക്കുന്നു. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ അംഗവും സംഘ്പരിവാര്‍ സംഘടനയായ ഭാരതീയ വിചാരകേന്ദ്രം മുന്‍ ഉപാധ്യക്ഷനുമായ‍ സി ഐ ഐസക് അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് വിദ്യാഭ്യാസ രംഗത്തും ചരിത്ര പഠന, ഗവേഷണ രംഗത്തും പ്രതിലോമകരവും ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതുമായ ശുപാർശകൾ മുന്നോട്ടുവയ്ക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തെ വളച്ചൊടിക്കാനും അതുവഴി ചരിത്രവസ്തുതകളെ തമസ്കരിക്കാനും ജനതയെ ഭിന്നിപ്പിക്കാനും വിവിധ ജനവിഭാഗങ്ങൾക്കിടയിൽ വിദ്വേഷത്തിന്റെ വിത്തുവിതയ്ക്കാനും നടത്തുന്ന ഇത്തരം ശ്രമങ്ങൾക്ക് പുതുമ അവകാശപ്പെടാനാവില്ല. ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്തുതന്നെ അത്തരം ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഇന്ത്യാചരിത്രത്തെ ഹിന്ദു, മുഗൾ, ബ്രിട്ടീഷ് കാലഘട്ടങ്ങളായി വിഭജിച്ച് കോളനിയിലെ ജനങ്ങളെ ഹിന്ദു, മുസ്ലിം എന്നിങ്ങനെ പരസ്പരം പോരടിക്കുന്ന രണ്ട് ചേരികളിലാക്കി തങ്ങളുടെ ഭരണം ശാശ്വതമാക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു സാമ്രാജ്യത്ത മേലാളന്മാരും അവർ നിയോഗിച്ച ചരിത്രകാരന്മാരും.


ഇതുകൂടി വായിക്കൂ: വെളിച്ചം കെടുത്തുന്നവര്‍ വിളക്കും തകര്‍ക്കുമ്പോള്‍


ബിജെപിയും സംഘ്പരിവാറും അതേ കുതന്ത്രം തന്നെയാണ് 21-ാം നൂറ്റാണ്ടിലെ ഇന്ത്യയിലും പ്രയോഗിക്കാൻ ശ്രമിക്കുന്നത്. രാജ്യത്തെ മതന്യൂനപക്ഷങ്ങളെ ഭൂരിപക്ഷത്തിനെതിരായ ശത്രുസ്ഥാനത്ത് പ്രതിഷ്ഠിക്കാതെ തീവ്രഹിന്ദുത്വ ഭരണം ശാശ്വതമാക്കാൻ കഴിയില്ലെന്ന് അവർ കണക്കുകൂട്ടുന്നു. ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കെതിരെ ഇളംതലമുറയുടെ മനസിലും തലച്ചോറിലും വിഷംനിറയ്ക്കുന്ന വിനാശകരമായ നീക്കത്തിനാണ് ബിജെപി, സംഘ്പരിവാർ പരിശ്രമം. ഉന്നതാധികാര സമിതിയുടെ ശുപാർശകളിൽ എൻസിഇആർടി ഇനിയും അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ല. കേന്ദ്ര ബിജെപി സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പരിഷ്കരിക്കുന്നതിനാണ് അങ്ങേയറ്റം പ്രതിലോമകരമായ ഈ ശുപാർശകൾ. അതിനെതിരെ പ്രതിപക്ഷപാർട്ടികളും ചരിത്രകാരന്മാരും ഇതിനകം രംഗത്തുവന്നിട്ടുണ്ട്. പാഠപുസ്തകങ്ങളിൽ എൻസിഇആർടി കൊണ്ടുവന്ന പരിഷ്കാരങ്ങൾ കേരളത്തിൽ നടപ്പാക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ വിസമ്മതിച്ചിരുന്നു. പുതിയ ശുപാർശകളും കേരളത്തിന് സ്വീകാര്യമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പുതുതലമുറയുടെ ചിന്തയെയും കാഴ്ചപ്പാടുകളെയും വിഷലിപ്തമാക്കുന്ന ശുപാർശകൾ നടപ്പാക്കുന്നതിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധവും പ്രതിരോധവും വളർന്നുവരേണ്ടതുണ്ട്. അത് വിജയിക്കണമെങ്കിൽ ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങൾ കരുത്താർജിക്കണം. ഇന്ത്യ മുന്നണിയുടെ കെട്ടുറപ്പും കരുത്തും ഈ പ്രതിരോധത്തിൽ നിർണായകമാണ്. വെള്ളം മുഴുവൻ ഒഴുകിപ്പോയിട്ട് അണകെട്ടാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ ചരിത്രം അവർക്ക് മാപ്പുനൽകില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.