19 November 2024, Tuesday
KSFE Galaxy Chits Banner 2

വസിഷ്ഠനും വിശ്വാമിത്രനും ബ്രാഹ്മണ‑ക്ഷത്രിയ സംഘട്ടനങ്ങളും

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
രാമായണ തത്വമനനം-13
July 29, 2023 4:30 am

സിഷ്ഠനും വിശ്വാമിത്രനും രാമന്റെ ഗുരുക്കന്മാരാണ്. ഇതിൽ ബ്രഹ്മർഷിയായ വസിഷ്ഠൻ ബ്രാഹ്മണഗുരുവും രാജർഷിയായ വിശ്വാമിത്രൻ ക്ഷത്രിയ ഗുരുവുമാണ്. ചരിത്രപരമായി ഇന്ത്യയിൽ നിലനിന്നിട്ടുള്ള ബ്രാഹ്മണ‑ക്ഷത്രിയ സംഘർഷത്തിന്റെ താപസ പ്രതിനിധികളാണ് യഥാക്രമം വസിഷ്ഠനും വിശ്വാമിത്രനും എന്നു പറയാം. ഈ സംഘർഷത്തിന്റെ വിശ്വപ്രസിദ്ധമായ ഗുരുമുഖമാണ് ഗൗതമ സിദ്ധാർത്ഥ ബുദ്ധൻ. ഭാരതത്തിൽ നിന്നുണ്ടായ ഒരേയൊരു വിശ്വഗുരു ബുദ്ധനാണ്. വൈദിക യാജ്ഞിക സംസ്കാരത്തിന്റെ വിനീതവിധേയരായ അകമ്പടി സേവകരായി കഴിഞ്ഞിരുന്ന ക്ഷത്രിയ രാജവംശങ്ങളെ യാഗ യജ്ഞങ്ങൾ ചെയ്യാനോ ചെയ്യിക്കാനോ തയ്യാറല്ലാത്തവരാക്കി മാറ്റിമറിക്കാൻ ശ്രീബുദ്ധൻ എന്ന ക്ഷത്രിയ രാജകുമാരന്റെ ബോധവിപ്ലവ പ്രവർത്തനങ്ങൾക്കായി. ഭാരതത്തിലെ ബ്രാഹ്മണ‑ക്ഷത്രിയ സംഘട്ടനങ്ങളുടെ പരമോന്നത ഘട്ടമായിരുന്നു ശ്രീബുദ്ധന്റെ പ്രബുദ്ധ വിഹാര നടപടികൾ. ഇത്രയ്ക്കൊന്നും സമുജ്വലമല്ലെങ്കിലും ഇതേ സംഘട്ടനത്തിന്റെ നിസാരമല്ലാത്ത ഒരു പ്രാതിനിധ്യം നിശ്ചയമായും വസിഷ്ഠ‑വിശ്വാമിത്രന്മാർക്കുണ്ട്. ഇവരിൽ നിന്നും സവിശേഷമായി പല വിദ്യകളും സ്വായത്തമാക്കാനായി എന്നതാണ് രാമലക്ഷ്മണന്മാരുടെ പ്രത്യേകത. ഭരതശത്രുഘ്നന്മാർക്ക് വസിഷ്ഠനെന്ന ബ്രാഹ്മണ ഗുരുവിൽ നിന്നല്ലാതെ വിശ്വാമിത്രനെന്ന ക്ഷത്രിയ ഗുരുവിൽ നിന്ന് വിദ്യകൾ പഠിക്കാനായില്ല എന്ന കുറവ് തീർച്ചയായും ഉണ്ട്.


ഇതുകൂടി വായിക്കൂ: അധ്യാത്മ രാമായണത്തിന്റെ ജനകീയതയും വിപ്ലവാത്മകതയും


വിശ്വാമിത്രൻ പഠിപ്പിച്ച സവിശേഷപാഠങ്ങൾ ഇല്ലായിരുന്നെങ്കിൽ, മിഥിലയിൽ ചെന്ന് ജനക രാജധാനിയിലെ ശെെവചാപം കുലച്ചൊടിച്ചു സീതയെ വേൾക്കാൻ രാമന് കഴിയുമായിരുന്നില്ല. ‘ആരാണെന്റെ ഗുരുവായ പരമശിവന്റെ ചാപം ഒടിച്ചവൻ. അവനെ ഞാനൊടിക്കും’ എന്നു പറഞ്ഞുവന്ന പരശുരാമനെ യുദ്ധത്തിൽ തോല്പിക്കാനും വിശ്വാമിത്ര ശിക്ഷണം ഇല്ലായിരുന്നെങ്കില്‍ രാമനു കഴിയുമായിരുന്നോ എന്ന കാര്യം സംശയമാണ്. പുരാണ ഗ്രന്ഥങ്ങളും ഭക്തരും മഹാവിഷ്ണുവിന്റെ അവതാരമായി കൊണ്ടാടുന്നവരാണ് ഭാർഗവ രാമനും രാഘവ രാമനും. ഇതിൽ പരശുരാമനെന്ന ഭാർഗവ രാമൻ ക്ഷത്രിയ വിരോധിയാണ്. പന്ത്രണ്ടു തലമുറ, ക്ഷത്രിയരെ അരുംകൊല ചെയ്ത് അവരുടെ രക്തത്തിൽ കുളിച്ചു തർപ്പണം ചെയ്ത വ്യക്തിത്വമാണ് ബ്രാഹ്മണനായ പരശുരാമൻ. തോക്കെടുത്തു ഗാന്ധിജിയെ കൊന്ന ഗോഡ്സേ എന്ന ബ്രാഹ്മണന്റെ പുരാണ മാതൃകയാണ് മഴുവേന്തി രാജാക്കളെ കൊന്ന ഭാർഗവരാമൻ എന്നു പറഞ്ഞാലും തെറ്റാവില്ല. ക്ഷത്രിയാധികാര വിരോധിയും ബ്രാഹ്മണാധികാര പക്ഷപാതിയുമായ പരശുരാമനോട് ഏറ്റുമുട്ടി ജയം നേടിയ ശ്രീരാമൻ ക്ഷത്രിയ ഗുരുവായ വിശ്വാമിത്രന്റെ ശിഷ്യനെന്ന ഖ്യാതി കൂടിയാണ് പരിരക്ഷിച്ചത്. പരശുരാമ‑ശ്രീരാമ സംഘട്ടനത്തിലും ബ്രാഹ്മണ ക്ഷത്രിയ കുലങ്ങളുടെ അധികാര രാഷ്ട്രീയ പോര് വായിക്കാം.


ഇതുകൂടി വായിക്കൂ:  ദിശതെറ്റലുകളുടെ ദശരഥം


ക്ഷത്രിയനായ വിശ്വാമിത്രന്റെ ശിക്ഷണം കൂടാതെ പരശുരാമനെ പോലെ തന്നെ ബ്രാഹ്മണനും ശിവ ഭക്തനുമായ രാവണനുൾപ്പെടെയുള്ളവരെ യുദ്ധത്തിൽ പൊരുതി തറപറ്റിക്കാനുളള ക്ഷാത്രചാതുര്യം രാമനിൽ പൂർത്തീകൃതമാവില്ലായിരുന്നു. രാമായണം പഠിക്കുമ്പോൾ രാമഗുരുക്കന്മാരെപ്പറ്റിയും പഠിക്കണം. വസിഷ്ഠൻ മാത്രമല്ല വിശ്വാമിത്രനും രാമഗുരുവാണെന്നു തിരിച്ചറിയുകയും വേണം. അയോധ്യ എന്ന നഗരം മാത്രമല്ല, കാടും രാമപഠനത്തിന് സർവകലാശാല ആയിരുന്നു. കാട് എന്ന സർവകലാശാലയിൽ വിശ്വാമിത്രൻ എന്ന മഹാഗുരുവിൽ നിന്നു നേടിയ ഉപരിവിദ്യകളുടെ ഊർജത്താൽ പരിശോഭിതമായിരുന്നു ശ്രീരാമ ക്ഷാത്രവീര്യം. ആ ക്ഷാത്രവീര്യം പരശുരാമനെ അടിയറവു പറയിച്ചപ്പോൾ അടിയറവു പറഞ്ഞത് വർഷങ്ങൾ നീണ്ട ബ്രാഹ്മണ കുലാധികാരം കൂടിയാണെന്നത് ഓർത്തു വേണം പിൽക്കാലത്ത് ശംബൂകനെന്ന ശൂദ്രതാപസനെ വധിച്ച രാമനടപടിയെ ഭർത്സിക്കാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.