2 May 2024, Thursday

Related news

May 1, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024
April 24, 2024
April 24, 2024
April 23, 2024

വരാനിരിക്കുന്നത് കൊടും വരള്‍ച്ച

കെ രംഗനാഥ്
തിരുവനന്തപുരം
September 10, 2023 8:33 pm

സംസ്ഥാനത്തെ തുറിച്ചുനോക്കുന്നത് കൊടും വരള്‍ച്ചയെന്ന് കാലാവസ്ഥാശാസ്ത്രജ്ഞര്‍. കൊടുംതാപം സംസ്ഥാനത്തെയാകെ പിടിച്ചുലയ്ക്കുമെന്നാണ് പ്രവചനം.
ഇതുമൂലം വെെദ്യുതി പ്രതിസന്ധി സര്‍വകാല റെക്കോഡിലേക്ക് ഉയര്‍ന്നേക്കാം. കാര്‍ഷികമേഖല വരണ്ടുണങ്ങും. കുടിനീര്‍ക്ഷാമവും രൂക്ഷമാകും. കനത്ത മഴ ലഭിക്കേണ്ട സെപ്റ്റംബറില്‍ തുലാവര്‍ഷത്തിലും 94 മുതല്‍ 96 ശതമാനം വരെ കുറവുണ്ടാകും. ഇപ്പോള്‍ സംസ്ഥാനത്ത് അങ്ങിങ്ങ് പെയ്യുന്ന മഴയും മഴയളവില്‍ മൊത്തത്തില്‍ പ്രത്യാശാജനകമായ മാറ്റമുണ്ടാക്കില്ല. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പെയ്ത ഇടവപ്പാതിയില്‍ 30 ശതമാനം മുതല്‍ 62 ശതമാനം വരെയാണ് കുറവുണ്ടായത്. എല്ലാ ജില്ലകളെയും കാത്തിരിക്കുന്നത് ഏറ്റക്കുറച്ചിലോടുകൂടിയ വരള്‍ച്ചയായിരിക്കുമെന്നും ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു.
തൃശൂര്‍, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അതിതീവ്ര വരള്‍ച്ചയാണ് ഒക്ടോബര്‍ മുതല്‍ ഉണ്ടാകാനിരിക്കുന്നത്. കാസര്‍കോട്, വയനാട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളെ കഠിനവരള്‍ച്ചയാണ് കാത്തിരിക്കുന്നത്. തിരുവനന്തപുരത്തും കൊല്ലത്തും സാമാന്യവരള്‍ച്ചയും പത്തനംതിട്ടയില്‍ നേരിയ വരള്‍ച്ചയുമാണ് ഉണ്ടാവുക. വെെദ്യുതോല്പാദന, ജലസേചന പദ്ധതികളുടെ ജലസംഭരണികളില്‍ 35 ശതമാനം മുതല്‍ 53 ശതമാനം വരെ മാത്രമെ വെള്ളമുള്ളു. വരാനിരിക്കുന്ന കൊടുംവരള്‍ച്ചയുടെ ഭീകരമായ മുന്നറിയിപ്പ് നല്കിയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് കടന്നുപോയത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും കടുത്ത ചൂടായിരുന്നു ഓഗസ്റ്റിലേത്. ഏറ്റവും മഴ കുറവായ ഈ ഓഗസ്റ്റിന് സമാനമായി മറ്റൊരു ഓഗസ്റ്റ് 1901നുശേഷം ഉണ്ടായിട്ടില്ല.
1920ന് ശേഷമാണ് കേരളത്തെ വരള്‍ച്ചാകെടുതികള്‍ ഗ്രസിച്ചു തുടങ്ങിയതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മേധാവി മൃത്യുഞ്ജയ മഹാപാത്ര ചൂണ്ടിക്കാട്ടുന്നു. 1913ല്‍ 24, 1920ല്‍ 24.2, 1965ല്‍ 24.6, 2009ല്‍ 24.2 ശതമാനവും മഴക്കുറവുണ്ടായതാണ് നടപ്പുതുലാവര്‍ഷത്തില്‍ 90 ശതമാനത്തിലേറെ മഴക്കുറവിലേക്ക് എത്തിനില്ക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ഇക്കഴിഞ്ഞ ഇടവപ്പാതിയില്‍ 47 ശതമാനം മഴക്കുറവുണ്ടായപ്പോള്‍ത്തന്നെ വരള്‍ച്ചയുടെ വന്‍ പ്രത്യാഘാതങ്ങള്‍ സംസ്ഥാനത്ത് ദൃശ്യമായിത്തുടങ്ങി. മഴയളവ് തുലാവര്‍ഷത്തില്‍ 90 ശതമാനത്തിലേറെ കുറവാണെങ്കില്‍ കേരളം കൊടുംവരള്‍ച്ചയുടെ ദുരന്തഭൂമിയാകുമെന്ന കടുത്ത ആശങ്കയും പടരുന്നു.
ഇപ്പോഴത്തെ അത്യന്തം ആശങ്കാജനകമായ ഈ അന്തരീക്ഷത്തില്‍ കൃഷിരീതികള്‍ മാറ്റണമെന്നും തുള്ളിജലസേചനത്തിലേക്ക് കര്‍ഷകര്‍ നീങ്ങണമെന്നും കാര്‍ഷിക സര്‍വകലാശാലയുടെ ശാസ്ത്രവിജ്ഞാന കേന്ദ്രം ഉപദേശിക്കുന്നു. ഭൂവിനിയോഗ ചട്ടവും വനസംരക്ഷണ നിയമവും പൊളിച്ചെഴുതിയില്ലെങ്കില്‍ കേരളം ഒരു ശവപ്പറമ്പാകുമെന്ന മുന്നറിയിപ്പാണ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ നല്കുന്നത്. ആപല്‍ക്കരമായ വനനശീകരണത്തില്‍ കാലാവസ്ഥ തകിടംമറിയുന്നു. ഇടതൂര്‍ന്ന വനങ്ങള്‍ വെട്ടിവെളുപ്പിച്ച് മൊട്ടക്കുന്നുകളാക്കുമ്പോള്‍ നടക്കുന്ന ഈ പരിസ്ഥിതി നാശത്തിനിടയിലും ജനപക്ഷ നിയമങ്ങളെന്ന പേരില്‍ മലയോരങ്ങളിലെ കയ്യേറ്റക്കാരെ രക്ഷിക്കാന്‍ കാലാകാലങ്ങളില്‍ കെെക്കൊള്ളുന്ന നടപടികളും സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്നുവെന്നും പരിസ്ഥിതി വിദഗ്ധര്‍ പറയുന്നു.

Eng­lish sum­ma­ry; A severe drought is coming

you  may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.