തിരുവനന്തപുരത്തെ ഒരോ ദേശവും അവയുടെ ചരിത്രവും ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായും തിരുവിതാംകൂര്‍ രാജവംശവുമായും അഭേദ്യ ബന്ധം പുലര്‍ത്തുന്നത് കാണാം. ചരിത്രത്തില്‍ തല്‍പ്പരരായവര്‍ക്ക് വിശിഷ്യാ സ്ഥലനാമചരിത്ര പഠനം നടത്തുന്നവര്‍ക്ക് ഏറെ താല്‍പര്യം ജനിപ്പിക്കുന്നവയാണ് ഈ ദേശചരിത്രങ്ങള്‍ ഓരോന്നും. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഈ ദേശങ്ങള്‍ ഓരോന്നും മതിലകവുമായി ബന്ധപ്പെട്ടിരിക്കുന്നത് കാണാം. പഴമക്കാരുടെ നാവുകളിലൂടെ വാമൊഴിയായും മതിലകംരേഖകള്‍ പോലുള്ള ചരിത്ര രേഖകളില്‍ രേഖപ്പെടുത്തപ്പെട്ടു ആ ചരിത്രം വിശാലമായി മാറുന്നു.
അനന്തപുരിയുടെ അതിര്‍ത്തിക്കുള്ളില്‍ വരുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് തിരുമല. പ്രാദേശികമായി പാറേക്കോവിലെന്നറിയപ്പെടുന്ന തൃചക്രപുരം ശ്രികൃഷ്ണസ്വാമീ ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു ദേശചരിത്രം. അയ്യായിരത്തില്‍പരം വര്‍ഷത്തെ പഴക്കമുണ്ടെന്ന് പറയപ്പെടുന്ന ഈ ശിലാക്ഷേത്രത്തിന്റെ പുനരുദ്ധാരണം കൊല്ലവര്‍ഷം മുപ്പത്തിമൂന്നാമാണ്ടില്‍ (എഡി 858) നടത്തിയതായി കോവിലിലെ ശിലാലിഖിതങ്ങളില്‍ രേഖപ്പെടുത്തിട്ടുണ്ട്.
എഡി 1731ല്‍ അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടത്തി ഗര്‍ഭഗൃഹത്തിനു തുടര്‍ച്ചയായി ‘ഒറ്റക്കല്‍ മണ്ഡപം’ പണികഴിപ്പിച്ചു. ഇരുപതടി സമചതുരത്തിലും രണ്ടരയടി കനത്തിലും വെട്ടിയെടുത്ത ഒറ്റശിലയാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. എഡി 1731 (കൊല്ലവര്‍ഷം906‑മീനം13) ല്‍ തിരുമലനിന്നും പൂജപ്പുര കരമനവഴി കള്ളിയാര്‍ കടന്ന് ഈ ശില കോട്ടയ്ക്കകത്തെത്തിക്കുവാൻ 44 ദിവസങ്ങള്‍ വേണ്ടിവന്നു. ആനകള്‍ വലിച്ച വലിയ വണ്ടിയിലായിരുന്നു ഈ വൻ ശില കൊണ്ടുവന്നത്. തിരുവനന്തപുരം പള്ളിപ്പുറം ഉള്‍പ്പെടെ പത്ത് ദേശങ്ങളിലെ ജനങ്ങളുടെ അധ്വാനശക്തിവേണ്ടിവന്നുവെന്ന് തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
നിരവധി കഥകള്‍ ഒറ്റക്കല്‍ മണ്ഡപ്പം നിര്‍മ്മാണവുമായി ബന്ധപ്പെട്ടുണ്ട്. കൂറ്റൻ കരിങ്കല്‍ പാറയുടെ മതിലകത്തേക്കുള്ള യാത്രയില്‍ കിള്ളിയാര്‍ ഒരു പ്രതിബന്ധമായി വന്നു. മാര്‍ത്താണ്ഡവര്‍മ്മയുടെ നിര്‍ദ്ദേശ പ്രകാരം തടയണകെട്ടി കിള്ളിയാറിലെ ഗതിതിരിച്ചുവിട്ടാണ് കല്ല് മതില്‍ക്കകത്തെത്തിയെന്നാണ് ചരിത്രം. ഏകദേശം ഒരു വര്‍ഷത്തിനകം മണ്ഡപത്തിന്റെ പണി പൂര്‍ത്തീകരിക്കുകയും ചെയ്തു. ആ കല്‍മല തിരുമലയെന്ന പേരില്‍ പ്രസിദ്ധമായി. ശിലകൊണ്ടുപോകുന്നതിനായി അന്ന് വെട്ടിയ വഴിത്തടമാണ് ഇന്നത്തെ തിരുമലയില്‍നിന്നും ശ്രീപത്മനാഭസ്വാമിക്ഷേത്രം വരെയുള്ള പ്രധാന പാത. തിരുമല പാറേക്കോവിലിലേയ്ക്കുള്ള പടിക്കെട്ടുകള്‍ പിന്നിട്ടാല്‍ വലതുഭാഗത്തായി കല്ല് വെട്ടിയെടുത്ത ഭീമാകാരമായ കിടങ്ങു കാണാം.
എഡി 1730ല്‍ ക്ഷേത്രനിര്‍മ്മാണത്തിനായി രാമേശ്വരം ധനുഷ് കോടി തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ധാരാളം വിശ്വകര്‍മ്മജരുടെ(കല്ല്പണിക്കാര്‍) കുടുംബങ്ങളെ തിരുവിതാംകൂറിലേക്ക് കൊണ്ടുവരുകയും അവര്‍ക്ക് തിരുമല പ്രദേശങ്ങളില്‍ സ്ഥിരതാമസം ഒരുക്കുകയും ചെയ്തു. ഇവരുടെ പിൻഗാമികള്‍ കരമന,ചൂരക്കാട്ട് പാളയം പ്രദേശങ്ങളില്‍ ധാരാളമായുണ്ട്. തിരുമല, ഇടപ്പഴിഞ്ഞി എന്നിവിടങ്ങളിലൊക്കെ പാറകള്‍ ധാരാളമായുണ്ടായിരുന്നു. ഈ മേഖലകളിലെ പാറകളാണ് മതിലകത്തിന്റെ പുനരുദ്ധാരണത്തിനും കോട്ടയുടെ നിര്‍മ്മാണത്തിന് ഉപയോഗിച്ചതെന്ന് ചരിത്രരേഖകളില്‍ കാണാം.
എഡി 1768 (കൊ.വ943) ലെ മതിലകം രേഖകളില്‍ (ചുരുണ28, ഓല99&100) തിരുമലയില്‍ നിര്‍മ്മിച്ച 28 മന്ത്രമൂര്‍ത്തി തൂണുകള്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെക്ക് കൊണ്ടുവരാൻ ഈഴവ തൊഴിലാളികളെ നിയോഗിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. പ്രാചീന തമിഴകത്തിന്റെ വടക്കേ അതിരായിരുന്ന തിരുവെങ്കിടാമലയുടെ അനുകരണമായി തമിഴകത്തിന് തെക്ക് സ്ഥാപിക്കപ്പെട്ടതാണ് തിരുമലയിലെ ക്ഷേത്രമെന്ന് സൗത്ത് ഇന്ത്യൻ ഇൻസ്ക്രിപ്ഷൻസിന്റെ ഒന്നാം വാല്യത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കിഴക്കുവശത്തുള്ള പത്മതീര്‍ത്ഥക്കരയില്‍ കാണപ്പെടുന്ന കല്ലാനയുടെ ശില്പവും തിരുമലയുമായി ബന്ധപ്പെടുത്തി പ്രാദേശികമായ കഥകള്‍ നിലനില്ക്കുന്നു. ചരിത്രപരമായ അടിസ്ഥാനം ഈ കഥകള്‍ക്കില്ലെന്നതാണ് സത്യം. ഒറ്റക്കല്‍ മണ്ഡപത്തിന്റെ നിര്‍മ്മാണത്തിനായി തിരുമലയില്‍ നിന്ന് മതിലകം വരെ കല്ലുവലിച്ചുകൊണ്ടുവന്ന ആനകളില്‍ ഒന്ന് മണ്ഡപത്തിന്റെ പണി പൂര്‍ത്തിയാകുന്നതിനു മുമ്പ് ചരിഞ്ഞുപോയി എന്നും ആ ആനയുടെ സ്മരണാര്‍ത്ഥം കുളക്കരയില്‍ കരിങ്കല്‍ ശില്പം സ്ഥാപിച്ചുവെന്നും ഒരു കഥ.
എന്നാല്‍ വേറൊരു കഥ പ്രചുരപ്രചാരമായി കേട്ടുവരുന്നു. ഒറ്റക്കല്‍ മണ്ഡപത്തിന്റെ നിര്‍മ്മാണവേളയില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ ശില്പികളിലൊരാളുടെ കരവിരുതില്‍ പിറന്നതാണ് കല്ലാന എന്നതാണ് ആ കഥ. ദിവസവും പണി കഴിഞ്ഞ് മടങ്ങുന്നേരം അവിടെക്കിടന്ന ഒരു കല്ലിന്മേല്‍ ശില്പി വെറുതെ ഒന്നടിച്ചിട്ട് പോകുമായിരുന്നു. ഒറ്റക്കല്‍ മണ്ഡപത്തിന്റെ പണി പൂര്‍ത്തിയാകുമ്പോഴേക്കും കല്ലിന്റെ ഒരു വശം ഒരാനയുടെ രൂപമായി മാറിക്കഴിഞ്ഞിരുന്നു. അപൂര്‍ണമാണ് ഈ ശില്പം. ശില്പിയെക്കുറിച്ച് ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. വര്‍ഷങ്ങളോളം ശ്രദ്ധിക്കപ്പെടാതെ കിടന്ന ശില്പത്തെ കാര്‍ത്തികതിരുനാള്‍ ധര്‍മ്മരാജാവിന്റെ കാലത്ത് ക്ഷേത്ര കാവല്‍ക്കാരനെന്ന സങ്കല്പത്തില്‍ പത്മതീര്‍ത്ഥക്കരയില്‍ പ്രതിഷ്ഠിച്ചുവെന്ന് ചരിത്രം.
ചരിത്ര നോവലുകളുടെ തമ്പുരാനായ സി വി രാമന്‍പിള്ളയുടെ രാമരാജ ബഹദൂറില്‍ ഈ കല്ലാനയെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. നോവലിലെ ഒരു കഥാപാത്രമായ അഴകന്‍ പിള്ള കല്ലാനയുടെ ശില്പത്തിന് മുന്നില്‍ ഒളിച്ചിരിക്കുന്നതായി സി വി നോവലില്‍ വര്‍ണിക്കുന്നുണ്ട്. സി വിയുടെ നോവലിലല്ലാതെ യാതൊരു ആധികാരിക രേഖയും കല്ലാനയെക്കുറിച്ച് ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല.
രാജഭരണമൊഴിഞ്ഞപ്പോള്‍ രാജവീഥികള്‍ റോഡുകളായി മാറി. മണ്ണിനടിയിലായിത്തുടങ്ങിയ കല്ലാനയ്ക്ക് ഒടുവില്‍ ശാപമോക്ഷം ലഭിച്ചു. 2019 സെപ്റ്റംബര്‍ 25ന് പുരാവസ്തു വകുപ്പ് നവീകരണ പ്രവര്‍ത്തനം നടത്തി. മണ്ണ് നീക്കം ചെയ്ത് ശില്പത്തെ പൂര്‍ണമായും സംരക്ഷിച്ചുകൊണ്ട് പുനഃസ്ഥാപിച്ചു. ഇന്നും പത്മതീര്‍ത്ഥക്കരയില്‍ തലയെടുപ്പോടെ ക്ഷേത്രത്തിലേക്ക് നോക്കി നില്‍ക്കുന്നു ഈ കല്ലാന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.