27 May 2024, Monday

Related news

May 25, 2024
May 25, 2024
May 24, 2024
May 24, 2024
May 24, 2024
May 23, 2024
May 22, 2024
May 21, 2024
May 21, 2024
May 21, 2024

ചരിത്രത്തിൽ 15 ബോട്ടപകടങ്ങൾ; പൊലിഞ്ഞത് 317 ജീവനുകൾ

സ്വന്തം ലേഖകൻ 
കൊച്ചി
May 8, 2023 9:14 pm

മലപ്പുറം താനൂരിലെ തൂവൽതീരത്ത് നടന്ന ബോട്ടപകടത്തിന്റെ മരവിപ്പിലാണ് കേരളം. സ്ത്രീകളും കുട്ടികളുമടക്കം 22 പേരുടെ ജീവനുകളാണ് അപകടത്തിൽ പൊലിഞ്ഞത്. ഉൾക്കൊള്ളാവുന്നതിനപ്പുറം ആളുകളെ ബോട്ടിൽ കയറ്റിയതും വേണ്ടത്ര സുരക്ഷാക്രമീകരണങ്ങൾ ഇല്ലാത്തതും അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. ബോട്ടിന് ലൈസൻസ് ഇല്ലെന്നുള്ളതും അന്വേഷണത്തിൽ വ്യക്തമായിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ താനൂർ സംഭവം ‍ഉൾപ്പെടെ 15 ബോട്ടപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. 317 ജീവനുകളാണ് ഈ അപകടങ്ങളിൽ പൊലിഞ്ഞത്. 

2015 ഓഗസ്റ്റ് 26 ന് കൊച്ചിയിലാണ് ഇതിനു മുമ്പ് ബോട്ടപകടം ഉണ്ടായത്. വൈപ്പിനിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് പോയ യാത്ര ബോട്ടിലേക്ക് മത്സ്യബന്ധന വള്ളം ഇടിച്ചു കയറി യാത്രാബോട്ട് മുങ്ങി 11 പേരാണ് അന്ന് മരണപ്പെട്ടത്. 2002 ജൂലൈ 27ന് പുലർച്ചെയായിരുന്നു മുഹമ്മയിൽ നിന്ന് കുമരകത്തേയ്ക്ക് പോകുകയായിരുന്ന ജലഗതാഗത വകുപ്പിന്റെ എ53 ബോട്ട് വേമ്പനാട്ട് കായലിൽ അപകടത്തിൽപ്പെട്ട് 29 പേരാണ് മരിച്ചത്. കായലിലെ മണൽത്തിട്ടയിൽ ഇടിച്ചതാണ് അപകട കാരണമെന്നാണ് നിഗമനം. പി എസ് സി പരീക്ഷഎഴുതാനായി എത്തിയ ഉദ്യോഗാർത്ഥികൾ ഇടിച്ചുകയറിയതിനെ തുടർന്നായിരുന്നു അപകടം.

2007 ഫെബ്രുവരി 20ന് തട്ടേക്കാട് ഉണ്ടായ ബോട്ട് അപകടത്തിൽ അങ്കമാലി എളവൂർ യുപി സ്കൂളിലെ പതിനഞ്ച് വിദ്യാർഥികളും മൂന്ന് അധ്യാപകരും മുങ്ങി മരിച്ചു. ബോട്ടിനടിയിൽ വിള്ളലുണ്ടാകുകയും കരയിൽ നിന്ന് പത്തടി അകലെയെത്തിയപ്പോഴേക്കും മുങ്ങിത്താഴുകയുമായിരുന്നു. നീന്തൽ അറിയാവുന്ന അധ്യാപകരായിരുന്നു അന്ന് നാല്പതോളം കുട്ടികളെ രക്ഷപ്പെടുത്തിയത്. നാല്പത്തിയഞ്ച് പേരുടെ ജീവനെടുത്ത തേക്കടി ദുരന്തമായിരുന്നു കേരളത്തിൽ നടന്ന ഏറ്റവും വലിയ ബോട്ടപകടം. ഏഴ് കുട്ടികളും അന്ന് മരിച്ചവരിൽ പെടുന്നു. 2009 സെപ്റ്റംബർ 30ന് വൈകുന്നേരം വൈകിട്ട് അഞ്ചുമണിയോടെ തേക്കടി തടാകത്തിലെ മണക്കവല ഭാഗത്ത് വച്ചായിരുന്നു കെടിഡിസിയുടെ ജലകന്യകയെന്ന ബോട്ട് മുങ്ങിയത്. ബോട്ടിൽ കയറാവുന്നതിലുമധികം സഞ്ചാരികളെ കയറ്റിയതും ലൈഫ് ജാക്കറ്റുകൾ ഇല്ലാതിരുന്നതും ബോട്ടിന്റെ അശാസ്ത്രീയ നിർമാണവുമെല്ലാം അപകടകാരണങ്ങളായി അന്ന് അന്വേഷണ സംഘങ്ങൾ കണ്ടെത്തിയിരുന്നു

1924 ജനുവരി 17 ന് ആണ് കേരളം ഞെട്ടലോടെ ഓർമ്മിക്കുന്ന ആദ്യ ബോട്ടപകടം. കൊല്ലത്തുനിന്ന് എറണാകുളത്തിന് പുറപ്പെട്ട ട്രാവൻകൂർ ആൻഡ് കൊച്ചിൻ മോട്ടോർ സർവീസിന്റെ ‘റെഡിമർ’ എന്ന ഇരുനില ബോട്ട് പല്ലനയാറ്റിലെ പല്ലന പുത്തൻകരി വളവിൽ ഉണ്ടായ അപകടത്തിൽ മഹാകവി കുമാരനാശാൻ ഉൾപ്പെടെ 24 പേരാണ് മരണപ്പെട്ടത്. ബോട്ടുകളിൽ സേഫ്റ്റി കമ്മീഷനെ നിയമിക്കുന്നതിന് നൽകിയ ശുപാർശ നടപ്പായില്ലെന്ന് ജസ്റ്റിസ് നാരായണ കുറുപ്പ് പ്രതികരിച്ചു. കേരളത്തിലെ ബോട്ട് അപകടങ്ങൾ പലതും പ്രതിരോധിക്കാൻ സാധിക്കുന്നതാണെന്ന് കുമരകം ബോട്ട് അപകടം അന്വേഷിച്ച ജൂഡിഷ്യൽ കമ്മിഷനായിരുന്ന ജസ്റ്റിസ് കുറുപ്പ് വ്യക്തമാക്കി. ബോട്ടുകളുടെ ഫിറ്റ്നസ് ഉൾപ്പടെ എല്ലാവർഷവും പരിശോധിക്കണം. ബോട്ടുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം. ബോട്ടുകൾക്ക് കേടുപാടുകൾ ഉണ്ടോ എന്ന കാര്യം പരിശോധിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി. 

Eng­lish Sum­ma­ry; 15 boat acci­dents in his­to­ry; 317 lives were lost

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.