14 November 2024, Thursday
KSFE Galaxy Chits Banner 2

ഒരു രക്ഷപ്പെടുത്തലിന്റെ കഥ

ഓര്‍മ്മ
ഡോ.കായംകുളം യൂനുസ്‌
April 3, 2022 7:07 am

ലയാളികള്‍ക്ക്‌ പ്രവാസം ജീവിതായോധനത്തിന്‌ അവസരങ്ങള്‍ തേടിയുളള യാത്രയുടെ ഭാഗമായിരുന്നു എന്നും. ഗള്‍ഫില്‍ ജോലി തേടിപ്പോകുന്നവര്‍ അകപ്പെടുന്ന ചതിക്കുഴികളും പ്രതിസന്ധികളും വളരെയധികമാണ്‌. നാട്ടില്‍ നിന്നും പുറപ്പെട്ട്‌ വലിയ പ്രതീക്ഷയോടെ മണലാരണ്യത്തിലെത്തിപ്പെടുന്നവര്‍ക്കു തിരിച്ചു നാട്ടിലേയ്‌ക്കു പോകാനുളള ഉള്‍ക്കടമായ ആഗ്രഹമുണ്ടെങ്കില്‍ പോലും അറബി സ്‌പോണ്‍സറുടെ കൈയില്‍ അകപ്പെട്ടുപോയ പാസ്‌പോര്‍ട്ടും യാത്രാരേഖകളും, സഹായത്തിന്‌ പരിചയക്കാര്‍ ആരുമില്ലെന്ന അവസ്ഥ, തിരിച്ചുവരാനുളള യാത്രാരേഖകള്‍ ശരിയാക്കുന്നതിനുള്ള കഷ്‌ടപ്പാടുകളും റിട്ടേണ്‍ ടിക്കറ്റിന്റെ കാശ്‌ മുടക്കാനില്ലാത്ത അവസ്ഥയും അറബി ഭാഷ കൈകാര്യം ചെയ്യുന്നതിനുളള പരിമിതികള്‍ എല്ലാംകൂടി പ്രവാസിയെ ആകെ വട്ടം ചുറ്റിക്കുന്ന അവസ്ഥയാണ്‌ എപ്പോഴുമുളളത്‌. ഇത്തരമൊരു പ്രതിസന്ധി നേരിട്ട എന്റെ ഒരയല്‍വാസിയായ അബ്‌ദുല്‍ റഹീമിനെ സൗദി അറേബ്യയിലെ കഠിനമായ അവസ്ഥയില്‍ നിന്ന്‌ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ച സാഹസികമായ ഒരു സംഭവമാണ്‌ ഇവിടെ വിവരിക്കുന്നത്‌.

അബ്‌ദുല്‍ റഹീമും മുഹമ്മദു കുട്ടിയും സഹോദരങ്ങളായിരുന്നു. മുഹമ്മദുകുട്ടി നാട്ടില്‍ തന്നെ ചെമ്മീന്‍ കച്ചവടവും അല്ലറ ചില്ലറ ഇതര ബിസിനസ്സുമൊക്കെയായി കൊച്ചൊരു സമ്പന്നനായി മാറി. അനുജനായ അബ്‌ദുല്‍ റഹീമിന്‌ പലകച്ചവടങ്ങളില്‍ ഏര്‍പ്പെട്ടിട്ടും ജ്യേഷ്‌ഠനെപ്പോലെ ഉയര്‍ച്ച നേടാനായില്ല. പലവട്ടം ആലോചിച്ചശേഷമാണ്‌ കൈയില്‍ അവശേഷിച്ചതും കടം വാങ്ങിയതുമായ തുക കൂടി മുടക്കി ഒരു വിസ സമ്പാദിച്ച്‌ സൗദി അറേബ്യയിലെ റിയാദില്‍ ഒരു ട്രേഡിംഗ്‌ കമ്പനിയില്‍ ജോലിയ്‌ക്കായി യാത്ര തിരിക്കുന്നത്‌. യാത്രയ്‌ക്ക്‌ മുമ്പായി വീട്ടില്‍ നിന്ന്‌ പിരിഞ്ഞ്‌ ബോംബെയില്‍ ഒരു മാസത്തോളം നില്‍ക്കേണ്ടി വന്നപ്പോള്‍തന്നെ അബ്‌ദുല്‍ റഹീമിന്റെ താളം തെറ്റിത്തുടങ്ങിയിരുന്നു. വീട്ടില്‍നിന്നും കൊണ്ടുപോയ കാശ്‌ ഒന്നിനും തികയാതെ വന്നു. ഇന്നുപോകാം, നാളെ പോകാം എന്ന ഏജന്റിന്റെ ഉറപ്പില്‍ നാട്ടില്‍നിന്നും പണം വരുത്താനുമായില്ല. 40 വര്‍ഷം മുമ്പത്തെ കാര്യമാണ്‌.

റിയാദിലെ എയര്‍പോര്‍ട്ടില്‍ വിമാനം ഇറങ്ങിയപ്പോഴാണ്‌ അയാല്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയത്‌. ദാദര്‍ റെയില്‍വേ സ്റ്റേഷനേക്കാള്‍ വലിയ തിരക്കായിരുന്നു റിയാദ്‌ എയര്‍പോര്‍ട്ടില്‍. അവിടവിടെയായി പ്ലക്കാര്‍ഡുകള്‍ പിടിച്ചു വാഹനങ്ങളുമായി കാത്തു നിന്നവര്‍, താന്‍ വിമാനത്തില്‍ വച്ച്‌ പരിചയപ്പെട്ടവരടക്കം, ഓരോ ഗ്രൂപ്പുകളെ അവിടെ നിന്ന്‌ താമസസ്ഥലത്തേയ്‌ക്ക്‌ കൊണ്ടു പോയിക്കൊണ്ടിരുന്നു. നേരം വൈകിയിട്ടും സ്‌പോണ്‍സറോ അവരുടെ പ്രതിനിധിയോ അയാളെ കൂടെകൂട്ടാന്‍ എത്തിയില്ല. അയാള്‍ക്ക്‌ ദൈവത്തെ വിളിച്ച്‌ കരയാനേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. മൂന്നാം ദിനമാണ്‌ ഉച്ചയോടുകൂടി തന്റെ എഗ്രിമെന്റ്‌ ഒപ്പിട്ട അറബിയുടെ പ്രതിനിധി എയര്‍പോര്‍ട്ടിലെത്തുന്നത്‌. അറബിയുടെ വീട്ടിലെ വേലയ്‌ക്കാണ്‌ തന്നെ കൊണ്ടുപോകുന്നതെന്ന്‌ പറഞ്ഞാണ്‌ അയാള്‍ പിക്കപ്പ്‌ വാനിന്റെ സൈഡിലേയ്‌ക്ക്‌ റഹീമിനെ വിളിച്ചുകയറ്റിയത്‌. ഏതാണ്ട്‌ രണ്ടു മണിക്കൂറിലേറെയെടുത്തു ആ മണല്‍ക്കാറ്റിലൂടെ തീ പാറുന്ന വെയില്‍ താണ്ടി അവിടെയെത്താന്‍. റഹീമിന്റെ എല്ലാ പ്രതീക്ഷകളും നഷ്‌ടപ്പെട്ടു. ഒന്നും വേണ്ട, എനിയ്‌ക്കു തിരികെ പോയാല്‍ മതി. ഒരുസ്വത്തും സമ്പാദിക്കേണ്ട. അറബിയുടെ വീട്ടിലെ മണ്‍ ഇഷ്‌ടിക അടുക്കിയ ഔട്ട്‌ഹൗസില്‍ തന്റെ നാട്ടില്‍ നിന്നു കൊണ്ടുപോയ പൊട്ടിയ ലെതര്‍ബാഗില്‍ നിന്ന്‌ പഴയ പാന്റും നാട്ടില്‍ നിന്നു കൊണ്ടുവന്ന അല്‌പമായ വസ്‌ത്രങ്ങളും പുറത്തേയ്‌ക്കെടുത്തു. ഒപ്പം കൊണ്ടുവന്ന പേപ്പറില്‍ അയാള്‍ തന്റെ വടിവില്ലാത്ത കൈയ്യക്ഷരത്തില്‍ എഴുതി: “ഉമ്മാ എനിയ്‌ക്ക്‌ നാട്ടിലേയ്‌ക്കു മടങ്ങണം! അവിടെ കിടന്ന്‌ മരിച്ചാല്‍ മതി’ താന്‍ നേരിടുന്ന വിഷമാവസ്ഥ വിശദമായി പറഞ്ഞ്‌ റഹീം നാട്ടില്‍ ഉമ്മയ്‌ക്ക്‌ എഴുതിയ കത്ത്‌ പതിനഞ്ചാം നാള്‍ ഇവിടെ കിട്ടി. വിവരങ്ങള്‍ വായിച്ചറിഞ്ഞ ഉമ്മ നെഞ്ചത്തടിച്ച്‌ നിലവിളിയായി. ” എങ്ങനെ എന്റെ മകനെ നാട്ടില്‍ എത്തിയ്‌ക്കും?’ വൃദ്ധയായ അവര്‍ വാര്‍ഡു കൗണ്‍സിലറെയും മറ്റു പൗരപ്രമാണിമാരെയും കരഞ്ഞു കലങ്ങിയ കണ്ണുകളോടെ പോയിക്കണ്ടു. ബന്ധുക്കളെല്ലാം ഒത്തു കൂടി ചര്‍ച്ച ചെയ്‌തു. ആര്‍ക്കും ഒരു പോം വഴിയും നിര്‍ദേശിക്കാനായില്ല.

റഹീമിനെ തിരികെ കൊണ്ടുവരാനുളള പരിശ്രമ സംഘത്തിലെ ചെറുപ്പക്കാരനായ അഹമ്മദ്‌ കുട്ടി എന്നെ വഴിയില്‍ വച്ചു കണ്ടു. കോളേജ്‌ വിദ്യാര്‍ത്ഥിയായ ഞാനുമായി വിവരങ്ങള്‍ പങ്കുവയ്‌ക്കുന്ന ഒരു രീതി അക്കാലത്ത്‌ അയാള്‍ക്കുണ്ടായിരുന്നു. കാര്യങ്ങള്‍ വിശദമായി ഞങ്ങള്‍ സംസാരിച്ചു. അപ്പോള്‍ എന്റെ മനസ്സില്‍ മൂന്നുപേരുകള്‍ ഓടി എത്തി. തുണ്ടത്തില്‍ കുഞ്ഞുകൃഷ്‌ണപിളള, മുന്‍ എംഎല്‍എ, സംശുദ്ധമായ ജീവിതത്തിന്റെ ഉടമ, എന്റെ പിതാവിന്റെ സുഹൃത്ത്‌. ടിടിപി അബ്‌ദുല്ല, സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍. അത്‌ ടിടിപി അബ്‌ദുളളയുടെ സൗദി അംബാസിഡര്‍ പദവിയിലെ രണ്ടാമൂഴമായിരുന്നു. ജിദ്ദയായിരുന്നു ഇന്ത്യന്‍ എംബസിയുടെ ആസ്ഥാനം അക്കാലത്ത്‌. പി വി നരസിംഹറാവു, ഇന്ത്യയുടെ വിദേശകാര്യമന്ത്രി, ന്യൂഡല്‍ഹി. ഞാന്‍ അഹമ്മദ്‌ കുട്ടിയെയും വിളിച്ചുകൊണ്ട്‌ കായംകുളം പുല്ലുകുളങ്ങര റൂട്ടിലെ പുളിമുക്കിലുളള തുണ്ടത്തില്‍ ചേട്ടന്റെ വീട്ടിലേയ്‌ക്ക്‌ ഓരോട്ടമായിരുന്നു. അദ്ദേഹത്തെ കണ്ട്‌ ആവേശത്തോടെ സംഭവം വിവരിച്ചു കൊടുത്തു. ടി.ടി.പി അബ്‌ദുല്ലയെയും പി.വി.നരസിംഹറാവുവിനെയും തുണ്ടത്തില്‍ ചേട്ടന്‌ നേരിട്ട്‌ പരിചയമുണ്ടായിരുന്നില്ല. അതുകൊണ്ട്‌ ഈ രണ്ടു പേര്‍ക്കും തുണ്ടത്തില്‍ ചേട്ടന്റെ പേരില്‍ ഓരോ ടെലിഗ്രാം വിശദമായി നല്‍കുന്നതിന്‌ ഞങ്ങള്‍ അനുവാദം വാങ്ങി. ടെലിഗ്രാമിലെ വാചകങ്ങള്‍ തീരുമാനിക്കുന്നതിന്‌ അദ്ദേഹം എനിയ്‌ക്ക്‌ അനുമതിയും തന്നു. ആലപ്പുഴ ഇരുമ്പുപാലമിറങ്ങി വലത്തോട്ടുളള വഴിയില്‍ സ്ഥിതി ചെയ്യുന്ന കമ്പിയാഫീസിലെത്തി രണ്ടു ടെലഗ്രാം ഫോമുകള്‍ വാങ്ങി ഞാന്‍ എഴുതി.

1. ടി.ടി.പി അബ്‌ദുല്ല
അംബാസഡര്‍ ഓഫ്‌ ഇന്ത്യ , ജിദ്ദ
കിങ്‌ഡം ഓഫ്‌ സൗദി അറേബ്യ
2. പി.വി.നരസിംഹറാവു
മിനിസ്റ്റര്‍ ഫോര്‍ എക്‌സ്റ്റേണല്‍ അഫയേഴ്‌സ്‌
ന്യൂഡല്‍ഹി

ഒരു തൊങ്ങലുകളുമല്ലാത്ത വിലാസമെഴുത്ത്.‌ ടെലഗ്രാം ഫോമില്‍ വിശദമായി തന്നെ (റഹീമിന്റെ പോസ്റ്റ്‌ ബോക്‌സടക്കമുളള വിലാസം ഉള്‍പ്പെടെ) എഴുതി. ഒടുവില്‍ “തുണ്ടത്തില്‍ കുഞ്ഞുകൃഷ്‌ണപിളള, എക്‌സ്‌ എം.എല്‍.എ, കേരള’ എന്നും എഴുതി. വൈകുന്നേരമായി ഞങ്ങള്‍ തിരികെ കായംകുളത്തെത്തുമ്പോള്‍, ഞങ്ങളുടെ പ്രവൃത്തികൊണ്ട്‌ എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്ന്‌ റഹിമിന്റെ ബന്ധുക്കളോ നാട്ടുകാരോ സാക്ഷാല്‍ തുണ്ടത്തില്‍ ചേട്ടന്‍ പോലുമോ കരുതിയില്ല. പക്ഷേ, കൃത്യം ഒരാഴ്‌ച തികഞ്ഞപ്പോള്‍ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ റഹീമിനെ തിരികെയെത്തിച്ചു. വിദേശകാര്യവകുപ്പിന്റെയും സൗദി അംബാസഡറുടെയും നിര്‍ദ്ദേശ പ്രകാരം റഹീം നല്‍കിയിരുന്ന മേല്‍വിലാസത്തില്‍ നിന്ന്‌ സൗദി പോലീസ്‌ കണ്ടെത്തി. റിയാദില്‍ നിന്ന്‌ വിമാന മാര്‍ഗ്ഗം ഡല്‍ഹിയിലെത്തിക്കുകയും അവിടെ നിന്ന്‌ കേരളാ എക്‌സ്‌പ്രസ്സില്‍ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയുമാണുണ്ടായത്‌. എനിക്കു കേവലം പതിനെട്ടു വയസ്സു മാത്രമുളളപ്പോള്‍ നടന്ന ഈ സംഭവം വലിയ പ്രചോദനമാണ്‌ പില്‍ക്കാല സാമൂഹ്യപ്രവര്‍ത്തനത്തിനു പകര്‍ന്നു നല്‍കിയത്‌. ഒരു സഹജീവിയെ രക്ഷപ്പെടുത്തിയതിന്റെ ആത്മസംതൃപ്‌തി ഒന്നു വേറെ തന്നെ ആയിരുന്നു…! ഇപ്പോഴും അതിന്റെ മധുരം എന്റെ നാവില്‍ ഉണ്ട്‌!

 

 

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.