സമുദ്ര സുരക്ഷയ്ക്കു മൂന്നാമതൊരു വിമാനവാഹിനി കൂടി വേണമെന്ന് ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എംഎഹംപി ഹോളി. പുതിയ വിമാനവാഹിനിയ്ക്ക് വേണ്ടി ഇതിനകം നടപടി തുടങ്ങിയതായും പ്രതിരോധ മന്ത്രാലയത്തിൽ നിന്നുള്ള ഭരണാനുമതിയ്ക്കായി കാത്തിരിക്കുകയാണെന്നും ഹംപി ഹോളി പറഞ്ഞു. നാവിക ദിനാചരണത്തോട് അനുബന്ധിച്ചു കമാൻഡ് ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈന ഉയർത്തുന്ന ഭീഷണി ഇന്ത്യയുടെ നാവിക, വ്യോമ, കര സേനകളുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രതിരോധ പദ്ധതികളെ സ്വാധീനിക്കുന്ന ഘടകമാണെന്ന് ഹംപി ഹോളി പറഞ്ഞു. ചൈനയിൽ നിന്ന് ഇന്ത്യ നേരിടുന്ന ഭീഷണികളും വെല്ലുവിളികളും കണക്കിലെടുത്തു വേണം പ്രതിരോധ സംവിധാനങ്ങൾ കെട്ടിപ്പടുക്കേണ്ടത്. ഇന്ത്യൻ കമ്പനികൾക്ക് വിദേശ കമ്പനികളുമായി ചേർന്ന് മുങ്ങിക്കപ്പലുകൾ നിർമിക്കാൻ തന്ത്രപരമായ സഹകരണത്തിന് അനുമതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 24 മുങ്ങിക്കപ്പലുകൾ നിർമിക്കാനാണ് പദ്ധതി. വിദേശരാജ്യങ്ങളിലെ നാവികസേനകളുമായി ചേർന്നു നടത്തുന്ന പരിശീലനങ്ങളും അഭ്യാസ പ്രകടനങ്ങളും ഇന്ത്യൻ നാവിക സേനയ്ക്ക് ഒട്ടേറെ പുതിയ കാര്യങ്ങൾ മനസിലാക്കാൻ സഹായകമാണ്. ലക്ഷദ്വീപിന്‍റെ അടിസ്ഥാന സൗകര്യ വികസനം നാവിക സേനയുൾപ്പെടെ എല്ലാ കേന്ദ്ര ഏജൻസികൾക്കും പ്രധാനപ്പെട്ട കാര്യമാണെന്ന് ഹംപി ഹോളി പറഞ്ഞു. ഇക്കാര്യത്തിൽ നീതി ആയോഗ് താൽപ്പര്യമെടുത്തിട്ടുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപുകളെ സംബന്ധിച്ചിടത്തോളവും ഇതാണ് സ്ഥിതി. കടൽ വഴിയുള്ള ലഹരികടത്ത് തടയാൻ നാവിക സേനയും ഇതര കേന്ദ്ര,സംസ്ഥാന ഇന്‍റലിജൻസ് ഏജൻസികളും യോജിച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്. മയക്കുമരുന്നും എകെ 47 തോക്കുകളുമായി ശ്രീലങ്കൻ ബോട്ട് പിടിയിലായത് ഇതിനെ തുടർന്നാണ്. ചില വിദേശ രാജ്യങ്ങളുടെ സഹകരണവും ഇക്കാര്യത്തിൽ ലഭിക്കുന്നുണ്ടെന്ന് ഹംപി ഹോളി പറഞ്ഞു.
English Summary: A third aircraft carrier is needed for maritime security: Southern Naval Command Chief Vice Admiral MA Hampi
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.