8 May 2024, Wednesday

Related news

November 28, 2023
October 28, 2023
April 29, 2023
January 30, 2023
September 19, 2022
July 14, 2022
March 8, 2022
February 15, 2022
January 9, 2022
October 11, 2021

സുഡാന്‍ ആഭ്യന്തരയുദ്ധത്തിന്റെ നാള്‍വഴി

രാജാജി മാത്യു തോമസ്
April 29, 2023 4:30 am

ടക്കുകിഴക്കൻ ആഫ്രിക്കൻരാഷ്ട്രമായ സുഡാനിൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര യുദ്ധം രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു. ഏറെയും സാധാരണ പൗരന്മാരടക്കം നൂറുകണക്കിന് ജീവനുകളാണ് രാജ്യത്തിന്റെ ഭരണം കയ്യാളിയിരുന്ന സൈന്യവും അർധ സൈനികവിഭാഗവും അധികാരത്തിനും സാമ്പത്തിക സ്രോതസുകളുടെ നിയന്ത്രണത്തിനും വേണ്ടി തുടരുന്ന രൂക്ഷമായ ഏറ്റുമുട്ടലിൽ നഷ്ടമായത്. കുറഞ്ഞത് അഞ്ഞൂറുപേരുടെയെങ്കിലും ജീവൻ നഷ്ടമായതായും അയ്യായിരത്തിലധികം പേർക്ക് പരിക്കേറ്റതായുമാണ് സ്ഥിരീകരിക്കാത്ത വാർത്തകൾ സൂചിപ്പിക്കുന്നത്. രാഷ്ട്രതലസ്ഥാനമായ ഖാർത്തൂമിൽ നിന്നുള്ള വാർത്തകളാണ് ഇത്. പ്രധാന നഗരങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ പടർന്നുപിടിച്ചിട്ടുള്ള ആഭ്യന്തരയുദ്ധത്തിലും കലാപങ്ങളിലും സംഭവിച്ചിട്ടുള്ള ജീവാപായം, പരിക്കുകൾ, ജനങ്ങളുടെ വ്യാപകമായ സ്ഥാനഭ്രംശം എന്നിവയെപ്പറ്റി വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. കലാപം വൻതോതിലുള്ള ആഭ്യന്തര, അയൽരാഷ്ട്ര അഭയാർത്ഥി പ്രവാഹത്തിനും കാരണമാകും. അത് രാജ്യത്തിനുള്ളിലും അയൽരാജ്യങ്ങളിലും തുടർകലാപങ്ങൾക്കും ഭക്ഷ്യ‑ആരോഗ്യ പ്രതിസന്ധികൾക്കും കാരണമാകുമെന്ന ആശങ്കയും ശക്തമാണ്.
കലാപത്തിൽ ഒരു മലയാളി കൊല്ലപ്പെട്ടു. ആഭ്യന്തര യുദ്ധത്തിൽ ഒറ്റപ്പെട്ടുപോയ അറുനൂറില്‍പ്പരം ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്താനായിട്ടുണ്ട്. മൂവായിരത്തിലേറെ വരുന്ന ഇന്ത്യക്കാരെ ദുഷ്കരമായ സാഹചര്യങ്ങളിലും രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്താൻ സൗദിഅറേബ്യയുടെയും ഫ്രാൻസിന്റെയും സഹായം ലഭിച്ചിട്ടുണ്ട്. സ്വന്തം പൗരന്മാരെ സുരക്ഷിതരായി യുദ്ധഭൂമിയിൽനിന്നും രക്ഷപ്പെടുത്താൻ ലോകരാഷ്ട്രങ്ങൾ പലതും തീവ്രയത്നത്തിലാണ്. വെടിനിർത്തല്‍ ശ്രമങ്ങൾക്ക് അനുകൂല പ്രതികരണം യുദ്ധത്തിൽ ഏർപ്പെട്ടിട്ടുള്ള മുഖ്യ പ്രതിയോഗികളിൽനിന്നും ഉണ്ടായിട്ടുണ്ടെങ്കിലും താഴെത്തലത്തിൽ അത് അത്ര എളുപ്പമായിരിക്കില്ലെന്നാണ് സുഡാനിലെ ആഭ്യന്തര പ്രശ്നങ്ങളുടെ ചരിത്രം അറിയുന്നവർ ആശങ്കപ്പെടുന്നത്.


ഇതുകൂടി വായിക്കൂ: കലാപാഹ്വാനവുമായി അമിത്ഷാ


സ്വതന്ത്ര സുഡാന്റെ 67 വർഷത്തെ ചരിത്രത്തിൽ രാഷ്ട്രീയ, വംശീയ, മതാധിഷ്ഠിത കലാപങ്ങൾക്ക് തെല്ലും പുതുമയില്ല. നാളിതുവരെ ഇത്തരം കലാപങ്ങളിൽ ലക്ഷക്കണക്കിന് നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ദശലക്ഷക്കണക്കിനു മനുഷ്യർ രാജ്യത്തിനകത്തും അയൽരാജ്യങ്ങളിലുമായി അഭയാർത്ഥികളായി അവസാനിക്കാത്ത ജീവിത ദുരന്തങ്ങൾക്ക് ഇരകളാക്കപ്പെട്ടിട്ടുണ്ട്. ഹ്രസ്വ ഇടവേളകളിലെ ജനാധിപത്യ ഭരണ സംവിധാനങ്ങളും നിയമവാഴ്ചാ ശ്രമങ്ങളും ഒഴിച്ചുനിർത്തിയാൽ ആഭ്യന്തര കലാപങ്ങളുടെയും യുദ്ധങ്ങളുടെയും രക്തച്ചൊരിച്ചിലുകളുടെയും കൂട്ടക്കൊലകളുടെയും ചരിത്രമാണ് ഈ പുരാതന ആഫ്രിക്കൻ രാഷ്ട്രത്തിനു ലോകത്തിനുമുന്നിൽ വയ്ക്കാനുള്ളത്. 1899 മുതൽ 1956 വരെ നീണ്ടുനിന്ന 57 വർഷത്തെ ആംഗ്ലോ-ഈജിപ്ഷ്യൻ കോളനിവാഴ്ചയെ തുടർന്നുള്ള സ്വതന്ത്രസുഡാന്റെ എഴുപതാണ്ടോളം നീണ്ട ചരിത്രത്തിൽ മൂന്നുപതിറ്റാണ്ട് അധികാരം കയ്യാളിയിരുന്ന മുൻ സൈനിക ഉദ്യോഗസ്ഥൻ ഒമാർ ഹസൻ അഹമ്മദ് അൽ ബഷീറിനെ 2019ല്‍ അധികാരത്തിൽനിന്ന് നിഷ്കാസിതനാക്കിയ സൈനിക അട്ടിമറിയിൽനിന്നാണ് ഇപ്പോഴത്തെ ആഭ്യന്തരയുദ്ധത്തിന്റെ ഉല്പത്തി.
മൂന്നു പതിറ്റാണ്ട് നീണ്ട അൽ ബഷീർ ദുർഭരണത്തിനെതിരെ കഴിഞ്ഞ പതിറ്റാണ്ടിന്റെ അവസാനപാദത്തിൽ രാജ്യത്താകെ വളർന്നുവന്ന അസംതൃപ്തിയും ചെറുത്തുനിൽപ്പും സാമ്പത്തിക ദുരിതങ്ങളുമാണ് 2019 ഏപ്രിൽ മാസത്തിൽ അരങ്ങേറിയതും തുടർന്ന് പടർന്നുപിടിച്ചതുമായ പട്ടാള അട്ടിമറികളിലേക്കു നയിച്ചത്. 2003ൽ രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ ഡാർഫുർ മേഖലയിൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധവും 2011ൽ സുഡാനിൽനിന്നു വേർപിരിഞ്ഞു രൂപീകൃതമായ ദക്ഷിണ സുഡാൻ രാഷ്ട്രത്തിന്റെ ആവിർഭാവവുമെല്ലാം ആഭ്യന്തര യുദ്ധത്തിന് വഴിമരുന്നിട്ട സംഭവങ്ങളാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാഷ്ട്രത്തിന്റെ ശിഥിലീകരണത്തിന്റെ മുഖ്യ ഉത്തരവാദിത്തം ഒമർ അൽ ബഷീറിനാണെന്നു പറഞ്ഞാൽ തെറ്റാവില്ല. കറുത്ത ആഫ്രിക്കൻ ഗോത്രവംശജർക്കു ഭൂരിപക്ഷമുള്ള ദക്ഷിണ സുഡാൻ ഖാർത്തൂം കേന്ദ്രഭരണത്തിന്റെ അവഗണനയ്ക്കും ചൂഷണത്തിനും അടിച്ചമർത്തലിനും എതിരെ സുദീര്‍ഘമായ പോരാട്ടങ്ങളിലൂടെയാണ് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ അമ്പതിനാലാമത്തെ സ്വതന്ത്ര രാഷ്ട്രമായി മാറിയത്. അവിഭക്ത സുഡാനുണ്ടായിരുന്ന എണ്ണസമ്പത്തിന്റെ 75 ശതമാനവും വെള്ള നെെല്‍ തടത്തിലെ ദക്ഷിണ സുഡാനിലായി എന്നത് ഭിന്നിപ്പിന്റെ തായ്‌വേരിലേക്കാണ് വിരൽ ചൂണ്ടുന്നത്.


ഇതുകൂടി വായിക്കൂ: കപ്പിത്താനില്ലാത്ത കപ്പൽ


സുഡാന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലെ നീല നൈൽ തടവും സുദീർഘമായ സംഘർഷത്തിന്റെയും ആഭ്യന്തര യുദ്ധത്തിന്റെയും കൂട്ടക്കൊലകളുടെയും അഭയാർത്ഥിപ്രവാഹങ്ങളുടെയും നിയമരാഹിത്യത്തിന്റെയും ചിത്രമാണ് കാഴ്ചവയ്ക്കുന്നത്. ഡാർഫുർ മേഖലയിലേക്ക് നൂറ്റാണ്ടുകൾ മുമ്പ് ആരംഭിച്ച അറബ് കുടിയേറ്റം തദ്ദേശീയ ഗോത്രജനതകളും കുടിയേറ്റക്കാരും തമ്മിൽ നിരന്തര സംഘർഷത്തിന് വഴിതെളിച്ചു. ദുർലഭമായ ജലത്തിനും കാലിവളർത്തൽ തൊഴിലാക്കിയ നാടോടി ഗോത്രജനതകളും സ്ഥിരം കൃഷിക്കാരായ അറബികൾ ഉൾപ്പടെയുള്ള ജനങ്ങളും തമ്മിൽ ഭൂമിക്കുവേണ്ടിയും നടത്തിയ മത്സരമായിരുന്നു മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങൾ. ഗോത്രസംസ്കാരവും അറബ് മത വിശ്വാസങ്ങളും സംഘർഷങ്ങളുടെ ആക്കം കൂട്ടി. ഖാർത്തൂമിലെ ഒമർ അൽ ബഷീർ ഭരണകൂടം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുപകരം പക്ഷംചേരാനും അടിച്ചമർത്താനും തുടങ്ങിയതോടെ 2003 മുതൽ മേഖലയിൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടു. യുദ്ധപ്രഭുക്കളും സുഡാൻ സൈന്യവും അടിച്ചമത്തൽ ആരംഭിച്ചതോടെ യുദ്ധത്തിലും ഗറില്ലാ ഏറ്റുമുട്ടലുകളിലും ആയിരങ്ങൾ കൊലചെയ്യപ്പെട്ടു. ഇതിനോടകം മേഖലയിൽ 40 ലക്ഷത്തോളം പേർ കൊലചെയ്യപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. 25 ലക്ഷം അഭയാർത്ഥികൾ അയൽരാജ്യമായ ഛാഡിന്റെ മാത്രം അതിർത്തി ലംഘിച്ചു കടന്നതോടെ മേഖലയാകെ സംഘർഷഭരിതമായി.
മറ്റുപല സ്വേച്ഛാധിപതികളെയുംപോലെ ഒമർ അൽ ബഷീറും തന്റെ അധികാരം ഉറപ്പിച്ചുനിര്‍ത്താനും എതിർപ്പുകളെ അടിച്ചമർത്താനും സൈന്യത്തെയും അർധസൈനിക വിഭാഗങ്ങളെയും നിയമവിരുദ്ധ യുദ്ധപ്രഭുക്കളെയും യഥേഷ്ടം ഉപയോഗപ്പെടുത്തിയിരുന്നു. സുഡാൻ സായുധസേനാ മേധാവി ജനറൽ അബ്ദെൽ ഫത്താ അൽ ബുർഹാന്‍, യുദ്ധപ്രഭുക്കളെയും അവരുടെ ചോറ്റുപട്ടാളത്തെയും ഏകോപിപ്പിച്ചു റാപിഡ് സപ്പോർട്ട് ഫോഴ്സ് (ആർഎസ്
എഫ്) എന്ന അർധസൈനിക വിഭാഗത്തിന് നേതൃത്വം നല്കിയ ഹെമെഡിറ്റി എന്ന് അറിയപ്പെടുന്ന ജനറൽ മുഹമ്മദ് ഹംദാൻ ടാഗലോ എന്നിവർ അത്തരത്തിൽ ബഷീറിന്റെ ഉറ്റ സഹായികളായി. ജനങ്ങളെ അടിച്ചമർത്താനും അധികാരം നിലനിർത്താനും തന്നെ സഹായിച്ചിരുന്ന സൈനിക വിഭാഗങ്ങൾക്ക് ജനങ്ങൾക്ക് നിഷേധിക്കപ്പെട്ടിരുന്ന എല്ലാ സൗകര്യങ്ങളും ആനുകൂല്യങ്ങളും യഥേഷ്ടം വാരിക്കോരി നൽകുന്നതിൽ ബഷീർ വീഴ്ച വരുത്തിയിരുന്നില്ല. അവർ തനിക്കെതിരായി തിരിയാതിരിക്കാൻ പരസ്പരം വിരുദ്ധ ചേരികളിൽ നിലനിർത്താനും അയാൾ ശ്രദ്ധിച്ചിരുന്നു. തന്റെ രണ്ടു ജനറൽമാര്‍ തമ്മിലും അത്തരത്തിലുള്ള ബന്ധം തന്നെയായിരിക്കണമെന്നും ബഷീറിന് നിർബന്ധമുണ്ടായിരുന്നു. ആർഎസ്എഫ് തലവൻ ബഷീറിന്റെ അനുഗ്രഹാശിസുകളോടെയും തന്റെ പദവി ദുരുപയോഗം ചെയ്തും സ്വർണഖനികളടക്കം അളവറ്റ സമ്പത്തിന് ഉടമയുമായി.
കഴിഞ്ഞ പതിറ്റാണ്ടിന്റെ രണ്ടാംപാദത്തോടെ സുഡാനിൽ മെല്ലെ കാറ്റ് മാറിവീശാൻ ആരംഭിച്ചു. 2018 അവസാനത്തോടെ വിലക്കയറ്റത്തിനും സാമ്പത്തിക ദുരിതങ്ങൾക്കും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾക്കും വേണ്ടി ജനങ്ങളുടെ മുറവിളി ശക്തമാകാൻ തുടങ്ങി. ആഭ്യന്തരയുദ്ധങ്ങൾക്ക് എതിരെയും ജനാധിപത്യത്തിനും നിയമവാഴ്ചക്കും വേണ്ടിയുമുള്ള സമരങ്ങൾ ഖാർത്തൂമടക്കം നഗരങ്ങളിൽ കരുത്താർജിച്ചു. ഇതിനിടെ രാജ്യത്ത് ഡാർഫുർ അടക്കം യുദ്ധമേഖലകളിൽ നടക്കുന്ന കൂട്ടക്കൊലകൾക്കെതിരായ ലോകാഭിപ്രായം അവഗണിക്കാനാവാത്ത സ്ഥിതി സംജാതമായി. ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതി ബഷീറിനെതിരെ വംശഹത്യാ വിചാരണയ്ക്കുള്ള നീക്കം ശക്തമാക്കി. ജനകീയ പ്രക്ഷോഭത്തെയും ലോകാഭിപ്രായത്തെയും അവഗണിക്കാനാവാത്ത സാഹചര്യത്തിൽ സുഡാൻ സായുധസേനയും ആർഎസ്എഫും കൈകോർത്ത്, 2019 ഏപ്രിൽ 11ന് ഒമർ അൽ ബഷീറിനെ സ്ഥാനഭ്രഷ്ടനാക്കി. അയാളെയും കൂട്ടാളികളെയും കൊബെർ അതിസുരക്ഷാ ജയിലിൽ തടവുകാരാക്കി. ബഷീറിനൊപ്പം അന്താരാഷ്ട്ര ക്രിമിനൽകോടതി സൈന്യത്തലവനായ അൽ ബുർഹാനും ആർഎസ്എഫ് തലവൻ ഹെമെഡിറ്റിക്കും എതിരെ നിലവിൽ വാറന്റ് പുറപ്പെടുവിച്ചിട്ടില്ലെങ്കിലും വിപ്ലവകാരികളോടൊപ്പം ചേർന്ന് നിയമത്തിന്റെ പിടിയിൽനിന്നും രക്ഷപ്പെടാനുള്ള വിദഗ്ധ നീക്കമാണ് ഇരുവരും നടത്തിയത് എന്നുവേണം കരുതാൻ.


ഇതുകൂടി വായിക്കൂ: ആഭ്യന്തര വിമാനനിരക്ക് കുതിക്കുന്നു


2019 ഏപ്രിൽ 11ന്റെ പട്ടാള അട്ടിമറിയെ തുടർന്ന് അൽ ബുർഹാൻ നേതാവും ഹെമെഡിറ്റി ഉപനേതാവുമായി ഒരു ട്രാന്‍സിഷനൽ മിലിറ്ററി കൗൺസിൽ സുഡാന്റെ ഭരണാധികാരം ഏറ്റെടുത്തു. ബഷീറിനെ പുറത്താക്കാനുള്ള വിപ്ലവ സമരത്തിൽ പങ്കാളികളായ ജനങ്ങൾക്കോ അവരുടെ സംഘടനകൾക്കോ യാതൊരു പങ്കാളിത്തവുമില്ലാത്ത ഭരണസംവിധാനമാണ് നിലവിൽ വന്നത്. അതിനെതിരെ വലിയ ജനകീയ പ്രക്ഷോഭങ്ങളും പ്രകടനങ്ങളും രാജ്യത്തെമ്പാടും അരങ്ങേറി. ജൂൺ 19നു നടന്ന പ്രകടനത്തിന് നേരെ ആർഎസ്എഫ് നടത്തിയ വെടിവയ്പിൽ നൂറിലധികംപേർ കൊലചെയ്യപ്പെട്ടു, ആയിരങ്ങൾക്ക് പരിക്കേറ്റു. ജനാധിപത്യ പുനഃസ്ഥാപനത്തിനുവേണ്ടി നടന്ന ചർച്ചകളും ഒത്തുതീർപ്പുകളും പാഴ്‌വേലകളായി. തുടർന്നുവന്ന ജനകീയ പ്രക്ഷോഭങ്ങളെയും ജനാധിപത്യത്തിനുവേണ്ടിയുള്ള ചർച്ചകളെയും തകിടംമറിച്ചുകൊണ്ടാണ് ഏപ്രിൽ 15ന് സൈന്യവും ആർഎസ്എഫും തമ്മിലുള്ള തുറന്ന യുദ്ധം ആരംഭിക്കുന്നത്. അതിനിടെ 19ന് കൊബെർ അതിസുരക്ഷാ ജയിലിൽനിന്നും മുൻ സ്വേച്ഛാധിപതിയും കൂട്ടാളികളും അപ്രത്യക്ഷരായി. ഹേഗ് അന്തരാഷ്ട്ര ക്രിമിനൽ കോടതിയില്‍ വിചാരണ നേരിടുന്ന ഒമർ അൽ ബഷീറിന്റെയും കൂട്ടാളികളുടെയും തിരോധാനത്തിലെ ദുരൂഹത തുടരുകയാണ്.
സുഡാനിലെ സംഭവവികാസങ്ങൾ അതീവ ഉത്കണ്ഠയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. അത് ഒരു രാജ്യത്തിന്റെ ആഭ്യന്തരപ്രശ്‍നം എന്നതിലും യുദ്ധത്തിൽ ഒറ്റപ്പെട്ടുപോയ ആയിരക്കണക്കിന് വിദേശികളുടെ ജീവല്‍പ്രശ്‍നം എന്നതിലും ഉപരി റഷ്യ‑ഉക്രെയ്ന്‍ യുദ്ധത്തിൽ അകപ്പെട്ടു നട്ടംതിരിയുന്ന ലോകജനതയുടെ നിലനില്പിന്റെയും സമാധാനപൂർവമായ ജീവിതത്തിന്റെയും പ്രശ്നമാണ്. ആഫ്രിക്കയുടെ കൊമ്പെന്നു വിശേഷിപ്പിക്കുന്ന ഏഷ്യ‑ആഫ്രിക്ക‑യൂറോപ്പ് ഭൂഖണ്ഡങ്ങളുടെ സംഗമസ്ഥാനത്താണ് സുഡാൻ നിലകൊള്ളുന്നത്. ഇസ്രയേൽ ഉൾപ്പെടുന്ന തന്ത്രപ്രധാന മേഖലയിൽ അവർക്കും യുഎസിനും മധ്യപൂർവ ഏഷ്യക്കും അതീവ താല്പര്യമുള്ള മേഖലയാണ് ഇത്. പുട്ടിന്റെ റഷ്യക്കും അവിടത്തെ പുതുതലമുറ യുദ്ധപ്രഭുക്കൾക്കും ഈ മേഖലയിലുള്ള താല്പര്യം വ്യക്തമാണ്. ഉത്തരാഫ്രിക്കയെ തഴുകി ഒഴുകുന്ന നൈൽ നദിയും ലോക വ്യാപാര‑ഗതാഗത മേഖലയിൽ അതിപ്രധാനമായ സൂയസ് കനാലും ഇവിടെയാണ്. ലോകത്താകെ ശോഷിച്ചുകൊണ്ടിരിക്കുന്ന എണ്ണ‑പ്രകൃതിവാതക സമ്പത്തിന്റെ പുത്തൻ സ്രോതസും അതിലേക്കുള്ള കവാടവും ഇവിടെത്തന്നെയാണ്. സുഡാനിലെ പുതിയ സംഭവവികാസങ്ങൾ ലോക രാഷ്ട്രീയ, സാമ്പത്തിക മേഖലയെയും സ്ഫോടനാത്മകമായ ഉത്തരാഫ്രിക്കൻ മനുഷ്യാവകാശ പ്രശ്നങ്ങളെയും എങ്ങനെ അഭിസംബോധന ചെയ്യുമെന്നാണ് കാത്തിരുന്നുകാണേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.