20 December 2025, Saturday

Related news

December 9, 2025
November 28, 2025
November 22, 2025
November 11, 2025
November 7, 2025
November 5, 2025
September 26, 2025
September 21, 2025
September 11, 2025
August 23, 2025

ആധാര്‍ തട്ടിപ്പ് വ്യാപകം

എഇപിഎസ് പണമിടപാടുകള്‍ക്ക് പുതിയ വെല്ലുവിളി
ആര്‍ബിഐ ഇടപെടണമെന്ന് ആവശ്യം 
Janayugom Webdesk
മുംബൈ
September 23, 2023 8:41 pm

ആധാര്‍ അധിഷ്ടിത പണമിടപാടുകളിലെ തട്ടിപ്പുകള്‍ രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങളിലെ ഏറ്റവും പുതിയ അധ്യായമായി മാറുന്നു. ക്രമക്കേട് തടയാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ആധാര്‍ അധിഷ്ടിത പണമിടപാടുകള്‍ (എഇപിഎസ് ) പുതിയ തട്ടിപ്പ് മേഖലയാണ് ഹാക്കര്‍മാര്‍ക്കും സൈബര്‍ ലോകത്തെ സാമ്പത്തിക തട്ടിപ്പുകാര്‍ക്കും തുറന്നു നല്‍കിയിരിക്കുന്നത്. വ്യക്തിവിവരങ്ങള്‍ മോഷ്ടിച്ച് വ്യാജമായി ഉണ്ടാക്കിയ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകളിലെ പണം പിന്‍വലിക്കുന്ന തട്ടിപ്പ് രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് സംഭവിച്ചിരിക്കുന്ന ആധാര്‍ വിവര ചോര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ആധാര്‍ അധിഷ്ഠിത പണമിടപാടുകളില്‍ തട്ടിപ്പ് നടക്കാന്‍ സാധ്യതയേറെയാണ്. സാധാരണക്കാരാണ് തട്ടിപ്പിന് ഇരയാകുന്നവരിലേറെയെന്നതും ശ്രദ്ധേയമാണ്.
ആധാർ പ്രാമാണീകരണം ഉപയോഗിച്ച് പോയിന്റ് ഓഫ് സെയിൽ (പിഒഎസ്), മൈക്രോ എടിഎമ്മുകൾ എന്നിവയിൽ ഓൺലൈൻ സാമ്പത്തിക ഇടപാടുകൾ നടത്താൻ അനുവദിക്കുന്ന രീതിയാണ് എഇപിഎസ്. 2014 ലാണ് ഇത് ആദ്യമായി നടപ്പാക്കിയത്. യുപിഐയുടെ അത്രയും ജനപ്രിയമല്ലെങ്കിലും പ്രതിദിനം ആയിരം കോടിയിലേറെ രൂപയുടെ ഇടപാടുകള്‍ ഇതുവഴി നടക്കുന്നതായി നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ പറയുന്നു.
ബാങ്കിന്റെ പേര്, ആധാർ നമ്പർ, വിരലടയാളം എന്നിവ മാത്രം ഉപയോഗിച്ച് ഫണ്ട് കൈമാറ്റം ചെയ്യാൻ ഇത് അനുവദിക്കുന്നു. വണ്‍ടൈം പാസ്‌വേര്‍ഡ് (ഒടിപി) ആവശ്യകത ഇവിടെ ഇല്ലാതാവുകയും ചെയ്യുന്നു. ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചിരിക്കണമെന്ന നിബന്ധന മാത്രമേ സംവിധാനം മുന്നോട്ടുവയ്ക്കുന്നുള്ളൂ. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, മറ്റ് സാമ്പത്തിക വിശദാംശങ്ങൾ എന്നിവയും ആവശ്യം വരുന്നില്ല.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേനയും മറ്റും സാധാരണക്കാരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പ്. എംസീല്‍ തുടങ്ങിയ പശയില്‍ വിരലുകള്‍ പതിച്ചാല്‍ അനായാസം വിരലടയാളം തട്ടിപ്പുകാര്‍ക്ക് ലഭിക്കും. ബിഹാര്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് അക്കൗണ്ടുകളില്‍ നിന്നും പണം അപഹരിച്ച സംഭവങ്ങളുണ്ടായി. കഴിഞ്ഞയാഴ്ച കര്‍ണാടക പൊലീസ് വിഷയത്തില്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഹൈദരാബാദിൽ ഇത്തരം ഒരു സംഘത്തെ പിടികൂടിയപ്പോള്‍ 2,500 ക്ലോൺ ചെയ്ത വിരലടയാളങ്ങളും പെൻഡ്രൈവുകളും തട്ടിപ്പ് നടത്താൻ ഉപയോഗിച്ച മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.
അതേസമയം ആര്‍ബിഐ ഇതുവരെ വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ ഒരു സര്‍ക്കുലറില്‍ ഒതുങ്ങി. അനധികൃത ഇടപാടുകള്‍ക്ക് കസ്റ്റമര്‍ ഉത്തരവാദിയല്ലെങ്കിലും പരമാവധി ജാഗ്രത പുലര്‍ത്തണമെന്ന് ആര്‍ബിഐ നിര്‍ദേശിക്കുന്നു. അക്കൗണ്ടിലൂടെ നടക്കുന്ന ഇടപാടുകളെക്കുറിച്ച് എസ്എംഎസുകളിലൂടെയും ഇമെയിലുകളിലൂടെയും ഉപഭോക്താക്കളെ അറിയിക്കാന്‍ ബാങ്കുകള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.

Eng­lish summary;Aadhaar fraud is rampant

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.