11 December 2025, Thursday

ആലിക്കുട്ടിക്ക് കല തന്നെ ജീവിതം

അനില്‍കുമാര്‍ ഒഞ്ചിയം
July 6, 2025 5:55 am

ലാരംഗം വിട്ട് ഒരു കാര്യവുമില്ല ആലിക്കുട്ടിക്ക്. കഴിഞ്ഞ അര നൂറ്റാണ്ടോളമായി കലാ പ്രവർത്തനങ്ങളുമായി കേരളം മുഴുവൻ സ‍ഞ്ചരിക്കുന്ന മാപ്പിള കലകളുടെ ഈ സുൽത്താന് തന്റെ അമ്പത്തേഴാം വയസിലും തിരക്കു തന്നെയാണ്. മലയാളികൾ നെഞ്ചേറ്റിയ വട്ടപ്പാട്ട്, ഒപ്പന, ദഫ് മുട്ട്, അറബന മുട്ട്, കോൽക്കളി, മാപ്പിളപ്പാട്ട് തുടങ്ങിയ മാപ്പിള കലകളുടെ വിധി കർത്താവും പരിശീലകനുമായി കേരളം മുഴുവൻ സഞ്ചരിക്കുമ്പോഴും ഗായകനായി അരങ്ങിലെത്താനും ആലിക്കുട്ടി സമയം കണ്ടെത്തുന്നു. മാപ്പിള കലകൾക്കായി ഉഴിഞ്ഞു വെച്ച ജീവിതമാണ് കുന്ദമംഗലം പന്തീർപാടം ചെപ്പുകുളത്തിൽ ആലിക്കുട്ടിയുടേത്. മാപ്പിളപ്പാട്ട് രചയിതാവും സംഗീത സംവിധായകനും ഗായകനുമെന്ന നിലയിൽ ആസ്വാദകരുടെ മനസ്സിൽ ഇടം നേടിയ ആലിക്കുട്ടി തന്റെ അഞ്ചാം വയസ്സിലാണ് പാട്ടു പാടി കലാ രംഗത്തെത്തുന്നത്. വി എം കുട്ടി, വിളയിൽ വത്സല ടീമിനൊപ്പം പാടണമെന്ന് ശാഠ്യം പിടിച്ച് മദ്രസ്സയിലെ ഉസ്താദിനോട് അനുമതി വാങ്ങിയായിരുന്നു പാട്ടിന്റെ അരങ്ങേറ്റം. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം പന്തീർപാടത്ത് അയൽക്കാരന്റെ പുതിയ വീടിന്റെ താമസത്തോടനുബന്ധിച്ചായിരുന്നു ആലിക്കുട്ടിയുടെ പാട്ടിന്റെ തുടക്കം. പിന്നീടങ്ങോട്ട് പാട്ടെഴുതിയും പാടിയും പഠിപ്പിച്ചും വിധി നിർണ്ണയിച്ചും ആലിക്കുട്ടി എന്ന മാപ്പിളപ്പാട്ടിന്റെ പ്രതിഭ തന്റെ മികവ് മലയാളികൾക്കു മുന്നിൽ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. പടനിലം കളരിക്കണ്ടി കാക്കാട്ട് ഇമ്പിച്ചിക്കോയ ഹാജിയുടെയും മറിയം ഹജ്ജുമ്മയുടേയും മകനാണ് ആലിക്കുട്ടി. ഭാര്യ മൈമൂനയുടേയും മക്കളായ ഗായകൻ അഫ്മിഷ് മുഹമ്മദലിയുടെയും യുവ ഗായകരായ അമീർ മുഹമ്മദലിയുടെയും അജ്മൽ അബ്ദുൽ ഖാദറിന്റെയും സഹോദരൻ അബൂട്ടിയുടെയും കുടുംബത്തിന്റെയും പരിപൂർണ പിന്തുണ കലാപ്രവർത്തനത്തിന് മുതൽക്കൂട്ടാണ്. ബദർ പടപ്പാട്ടുകാരനും മുട്ട്റാത്തീബിന്റെയും വട്ടപ്പാട്ടിന്റെയും അമരക്കാരനുമായിരുന്ന വല്യുപ്പ മടവൂർ ആരാമ്പ്രം വരിയംപിലാക്കിൽ ആലി ഹാജിയുടെയും ഇളയുമ്മ ആസ്യയുടെയും അമ്മാവൻ പുന്നത്തോട്ടത്തിൽ അബുവിന്റെയും പ്രോത്സാഹനങ്ങളും പിന്തുണയും ആലിക്കുട്ടിക്ക് ചെറുപ്പം മുതലേ ലഭിച്ചിരുന്നു. നഴ്സറി ക്ലാസിൽ പഠിക്കുമ്പോൾ സരസ്വതി ടീച്ചറും പത്താം മയിൽ താജുൽ ഹുദാ മദ്രസയിൽ പഠിക്കമ്പോൾ മുഹമ്മദ് മുസലിയാരും ചൂലാം വയൽ മാക്കൂട്ടം എഎംഎൽപി സ്കൂളിൽ പഠിക്കമ്പോൾ എൻ കാദർ മാഷും കുന്ദമംഗലം യുപി ക്ലാസിൽ പഠിക്കുമ്പോൾ കെ ചെക്കുട്ടി മാഷും കുന്ദമംഗലം ഹൈസ്ക്കൂളിൽ പഠിക്കുമ്പോൾ കെ വാസു മാഷും ഫാറൂഖ് കോളേജിൽ പഠിക്കുമ്പോൾ യാസീൻ അഷറഫും നജ്മ ടീച്ചറുമെല്ലാം കലാപ്രവർത്തനങ്ങളിൽ നൽകിയ അകമഴിഞ്ഞ പിന്തുണ ആലിക്കുട്ടി നന്ദിയോടെ ഓർക്കുന്നു.

സ്കൂൾ കലോത്സവങ്ങളിലെ സ്ഥിരം വിധികർത്താവ്

************************************************
മാപ്പിള കലാ മത്സരങ്ങളിൽ നഴ്സറി, സ്കൂൾ, കോളജ്, യൂണിവേഴ്സിറ്റി, ഇന്റർ യൂണിവേഴ്സിറ്റി തലങ്ങളിലും സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലും മാപ്പിളകലകളായ വട്ടപ്പാട്ട്, ഒപ്പന, ദഫ് മുട്ട്, അറബന മുട്ട്, കോൽക്കളി, മാപ്പിളപ്പാട്ട് എന്നിവക്ക് വിധികർത്താവായി കഴിഞ്ഞ നാലു പതിറ്റാണ്ടിലധികമായി ആലിക്കുട്ടിയുടെ സാന്നിധ്യമുണ്ട്. കേരളത്തിലെ നിരവധി സ്കൂളുകളിലും കോളജുകളിലും യൂണിവേഴ്സിറ്റികളിലും മാപ്പിളകലകളായ വട്ടപ്പാട്ട്, ഒപ്പന, ദഫ് മുട്ട്, അറബനമുട്ട്, മാപ്പിളപ്പാട്ട്, കോൽക്കളി എന്നിവ പരിശീലപ്പിക്കുവാനും അവതരിപ്പിക്കുവാനും സംസ്ഥാന തലം വരെ വിധി നിർണയിക്കുവാനും ആലിക്കുട്ടിക്ക് അവസരം ലഭിച്ചിട്ടുണ്ട്. മാപ്പിളകലകളുടെ പരിശീലകനും വിധികർത്താവുമായി കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച ആലിക്കുട്ടിക്ക് നൂറുകണക്കിന് ശിഷ്യഗണങ്ങളുണ്ട്. ആലിക്കുട്ടിയുടെ ശിഷ്യൻമാരിൽ ചിലർക്ക് സംസ്ഥാന‑ദേശീയ തലങ്ങളിൽ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഗായകനാവാൻ ആഗ്രഹിച്ച്

***************************
സ്കൂൾ പഠന കാലത്ത് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ ചെലവൂർ കെ സി അബൂബക്കറിന്റെ ഗാനമേളയുടെ നോട്ടീസ് വായിച്ച ആലിക്കുട്ടി അദ്ദേഹത്തിനോട് പാടാൻ അവസരം ചോദിച്ച് കത്തയച്ചു. അബൂബക്കർ ഒരു ദിവസം ആലിക്കുട്ടിയെ കാണാൻ ക്ലാസിൽ നേരിട്ടെത്തി. അദ്ദേഹത്തിന്റെ ആശീർവാദത്തോടെ അക്കാലത്തെ അനുഗ്രഹീത കാഥിക ആലപ്പുഴ എസ് ആയിഷാ ബീഗം, കുന്ദമംഗലം മൈമുന തുടങ്ങിയവർ പങ്കെടുത്ത വേദിയിൽ ശ്രോതാക്കളെ ആവേശം കൊള്ളിച്ച് ആലിക്കുട്ടി എന്ന സ്കൂൾ വിദ്യാർത്ഥി മാപ്പിളപ്പാട്ട് പാടിയപ്പോൾ അത് ആ കുഞ്ഞു ഗായകന്റെ കലാ ലോകത്തേക്കുള്ള ചുവടുവയ്പായിമാറി. തുടർന്ന് കാഥിക ആലപ്പുഴ എച്ച് റംലാ ബീഗം, ഉസ്താദ് സി എ അബൂബക്കർ, എം എ അസീസ്, എ വി മുഹമ്മദ്, അസീസ് തായിനേരി, പ്രശസ്ത ഗായകരായ എസ് വി പീർ മുഹമ്മദ്, കെ എം കെ വെളളയിൽ, ലീന പപ്പൻ, ശോഭന, ഷംഷാദ് ബീഗം, എ സി അസീസ് തുടങ്ങിയവർക്കൊപ്പം സ്റ്റേജ് പങ്കിടാൻ അവസരം ലഭിച്ചു. പാട്ടു പാടാൻ അവസരം ചോദിച്ചു നടന്ന ഗായകനെ തേടി പിന്നീട് നിരവധി ഗായകരും ഗാനമേള ട്രൂപ്പുകളുമെത്തി. കലാലയങ്ങളിലും വിവാഹ വീടുകളിലും സമ്മേളന നഗരികളിലുമെല്ലാം ഗായകനായി ആലിക്കുട്ടി നിറഞ്ഞുനിന്നു. പാട്ടുപാടി പഠന ചെലവിലേക്കുള്ള പണം സ്വയം കണ്ടെത്തി. എല്ലാദിവസവും പാട്ടുപാടാൻ അവസരങ്ങൾ ലഭിച്ചതോടെ തന്റെ അമ്മായിയുടെ മകൾ മണപ്പാൾ ആയിഷയെയും അയൽവാസികളായ അസീസ്, മുനീർ എന്നിവരെയും പാടാൻ കൂടെ കൂട്ടി. പഴയകാല മാപ്പിളപ്പാട്ട് കുലപതികൾക്കൊപ്പം അവരുടെ ട്രൂപ്പിൽ പാടാൻ അവസരം ലഭിച്ചത് തനിക്ക് ആവേശമായിരുന്നുവെന്ന് ആലിക്കുട്ടി ഓർക്കുന്നു. ഇതിനിടെ പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ കെ എസ് മുഹമ്മദ് കുട്ടിക്കൊപ്പം സ്റ്റേജ് പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ഇങ്ങിനെ തമിഴകത്തും മാപ്പിളപ്പാട്ടിന്റെ താരമായി ആലിക്കുട്ടി വളർന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ സംസ്ഥാനതല സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുത്ത് ഒട്ടേറെ സമ്മാനങ്ങൾ നേടി. കോളജ്, യൂണിവേഴ്സിറ്റി തലങ്ങളിലും കലാമത്സരങ്ങളിൽ പങ്കെടുത്ത് വിജയക്കൊടി പാറിച്ചു. സ്വന്തമായി എഴുതിയ പാട്ടുകൾക്കുപുറമെ മഹാകവി മോയിൽ കുട്ടി വൈദ്യർ എഴുതിയ കെസുപാട്ടുകൾ മുതൽ നല്ലളം ബീരാൻ, ശുജായി മൊയ്തു മുസലിയാർ, മുണ്ടമ്പ്ര ഉണ്ണി മമ്മദ്, പി കെ ഹലീമ, പുതിയ തലമുറയിലെ വി എം കുട്ടി, കാനേഷ് പൂനൂർ, ബാപ്പു വാവാട്, ടി പി അബ്ദുള്ള ചെറുവാടി, പി എ ബി അച്ചനമ്പലം, ബാപ്പു വെള്ളിപറമ്പ്, ഒ എം കരുവാരക്കുണ്ട്, ഹസൻ നെടിയനാട്, പക്കർ പന്നൂർ, എം എച്ച് വള്ളുവങ്ങാട്, നിയാസ് ചോല, ഫൈസൽ കൻമനം, ഹംസ നരോക്കാവ്, സി വി എ കട്ടി ചെറുവാടി, അബു മുഫീദ താനാളൂർ, ആദം കൊടുവള്ളി, കെ പി എ ഖാദർ കരുവം പൊയിൽ, അലി കണ്ണോത്ത്, അബൂബക്കർ കുട്ടിപ്പാറ, ഹമീദ് ശിവപുരം, ഹമീദ് പുവ്വാട്ട് പറമ്പ് തുടങ്ങി ബദറുദ്ദീൻ പാറന്നൂർ, ഫസൽ കൊടുവള്ളി, മുക്താർ അരീക്കോട്, തറവാട് പി ടി അബ്ദുറഹിമാൻ വരെയുള്ള കവികളുടെ പാട്ടുകൾക്ക് സംഗീതം നൽകിയും പാടിയും പ്രതിഭ തെളിയിച്ച ആലിക്കുട്ടിയെത്തേടി ഒട്ടേറെ പുരസ്കാരങ്ങളുമെത്തി.

കലാലയകാലത്തെ പ്രണയ ഗാനങ്ങൾ

*************************************
കോളജ് പഠന കാലത്ത് പ്രണയത്തിന്റെ ഓർമ്മകളിലും ആലിക്കുട്ടിയുടെ പാട്ടിന് സ്ഥാനമുണ്ട്. പ്രണയിനിക്കുള്ള മറുപടിയും പാട്ടിലൂടെയായിരുന്നു എഴുതിയത്. കണ്ണൂരിലെ ധനാഢ്യന്റെ മകളെ പ്രണയിച്ച ആലിക്കുട്ടി തന്റെ പ്രണയ വിരഹവും പാട്ടുകളിലൊതുക്കി. സഹപാഠികൾ പഠനത്തിൽ മാത്രം മുഴുകിയപ്പോൾ കലാരംഗത്തെ മികവ് കൂടി പഠനത്തിനൊപ്പം ആലിക്കുട്ടി നിലനിർത്തി. കലാരംഗത്തെ ഇടപെടലുകൾക്കൊപ്പം സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലും ആലിക്കുട്ടി സജീവ പങ്കാളിത്തം വഹിച്ചു. ആകാശവാണിയിൽ മാപ്പിളപ്പാട്ട്, ദഫ് മുട്ട്, ഒപ്പന, വട്ടപ്പാട്ട് തുടങ്ങിയ മാപ്പിള കലാരൂപങ്ങളുടെ സ്ഥിരം അവതാരകനായിരുന്നു. ദൂരദർശനിലും പരിപാടികൾ അവതരിപ്പിച്ചു.

പ്രധാനമന്ത്രിയുടെ പ്രശംസ

*************************
നെഹ്റു യുവകേന്ദ്രയിലൂടെ ആലിക്കുട്ടിയ്ക്ക് 1985 ൽ ദേശീയ യുവജനോത്സവത്തിലും സ്വാതന്ത്ര്യദിന ചടങ്ങുകളിലും പങ്കെടുക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നും ക്ഷണം ലഭിച്ചു. കേരളത്തിൽ നിന്ന് ആലിക്കുട്ടി ഉൾപ്പെടെ പത്തുപേർ സർക്കാരിന്റെ അതിഥികളായി പങ്കെടുത്തു. 3500 ൽപരം കിലോമീറ്റർ ദൂരം സൈക്കിളിൽ സഞ്ചരിച്ച് ‘നാനാത്വത്തിൽ ഏകത്വം’ എന്ന സന്ദേശം വിളംബരം ചെയ്ത് സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് ഡൽഹിയിൽ എത്തിയത്. 35 ദിവസത്തെ സൈക്കിൾ യാത്രക്കിടയിൽ തന്റെ കലാവൈഭവം സ്വീകരണ കേന്ദ്രങ്ങളിലും അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുമ്പിലും വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖരുടെ വേദികളിലും അവതരിപ്പിക്കാൻ കഴിഞ്ഞു. സ്വാതന്ത്ര്യത്തിന്റെ മൂവർണക്കൊടി പ്രധാനമന്ത്രി വാനിൽ ഉയർത്തിയ സദസിൽ പടപ്പാട്ടുകളിലെ ഭാഗങ്ങൾ ആലിക്കുട്ടി ഉറക്കെ പാടി. ആലിക്കുട്ടി രചിച്ച് സംഗീതം നൽകി ആലപിച്ച ദേശഭക്തിഗാനങ്ങളും, മദ്ഹ്ഗാനങ്ങളും, മാപ്പിളപ്പാട്ടുകളും പ്രധാനമന്ത്രിക്ക് ഏറെ ഇഷ്ടപ്പെട്ടു. പ്രത്യേക അഭിനന്ദനങ്ങളും സമ്മാനങ്ങളും നൽകി അദ്ദേഹം ആലിക്കുട്ടിയെ ആദരിച്ചു.

അംഗീകാരങ്ങള്‍

*****************
ഭാരത സർക്കാരിന്റെ ദേശീയ ഇന്റർ യൂത്ത് ഫെസ്റ്റ് അവാർഡ്, കേരള സർക്കാരിന്റെ ഫോക് ലോർ അക്കാദമി അവാർഡ്, മഹാകവി മോയിൻ കുട്ടിവൈദ്യർ അവാർഡ്, കണ്ണൂർ ദുൽഫുക്കാർ അവാർഡ്, മലപ്പുറം സരിഗമ രാഗം റിയാലിറ്റി ഷോ അവാർഡ്, കാസർക്കോട് ഉബൈദ് സ്മാരക അവാർഡ്, തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി അവാർഡ്, എറണാകുളം പധനിസ റിയാലിറ്റി ഷോ അവാർഡ്, തൃശൂർഅൽ മുബാറക് അവാർഡ്, മക്ക- മദീന ത്വാഇഫ് അവാർഡുകൾ, സദയം ചാരിറ്റബിൾ ട്രസ്റ്റ് അവാർഡ്, കുന്ദമംഗലം പൗരസമിതി അവാർഡ്, പന്തീർപാടം പൗരസമിതി അവാർഡ് തുടങ്ങി സ്വദേശത്തേയും വിദേശത്തേയും ഒട്ടേറെ ബഹുമതികളും അംഗീകാരങ്ങളും ആലിക്കുട്ടിയെത്തേടിയെത്തിയിട്ടുണ്ട്.

മാപ്പിളകലകൾ നിലനിൽക്കാൻ

*******************************
മാപ്പിളകലാരൂപങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നാണ് ആലിക്കുട്ടിയുടെ ആവശ്യം. തന്റെ പ്രായോഗികമായ അറിവുകളും അനുഭവങ്ങളും ക്രോഡീകരിച്ച് മാപ്പിളകലാ മേഖലകളിലെ പഠിതാക്കൾക്കും ഗവേഷകർക്കും വേണ്ടിയുള്ള ഒരു ബൃഹദ്ഗ്രന്ഥത്തിന്റെ രചനയിലാണ് ഇദ്ദേഹം. 1924ൽ ഇറങ്ങിയ മാപ്പിളപ്പാട്ട് റിക്കാർഡ് ഗാനങ്ങൾ മുതൽ ഇതുവരെ ഇറങ്ങിയ കാസറ്റുകളും സിഡികളും ആലിക്കുട്ടിയുടെ ശേഖരത്തിലുണ്ട്. പണ്ടുകാലത്തെ അറബി മലയാള ലിപികളിൽ അച്ചടിച്ച പാട്ടുകളുടെയും പഠന ഗ്രന്ഥങ്ങളുടെയും ഒരു വലിയ ശേഖരം തന്നെ കൈവശമുണ്ട്. ഒപ്പം മാപ്പിള കലകൾ അവതരിപ്പിക്കാനുള്ള ഉപകരണങ്ങളുടെയും വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും വലിയ ശേഖരവും. ചലച്ചിത്ര രംഗത്തും ആലിക്കുട്ടി കൈവെച്ചിട്ടുണ്ട്. 2000ൽ അഫ്താഷ് ഫിലിം പ്രൊഡക്ഷൻ ആന്റ് ഡിസ്ട്രിബ്യൂഷൻ എന്നപേരിൽ മദ്രാസ്സിൽ ഒരു പ്രൊഡക്ഷൻ കമ്പനി രജിസ്റ്റർ ചെയ്ത് ഹോം സിനിമകളും ഷോട്ട് ഫിലിമുകളും നിർമ്മിച്ചും അഭിനയിച്ചും പാടിയും നൃത്തം ചെയ്തും സംവിധാനം ചെയ്തും അദ്ദേഹം ശ്രദ്ധേയനായി. നിമിഷകവിയും ഗായകനുമായ ആലിക്കുട്ടി വിവിധ രാഷ്ട്രീയ പാർട്ടികൾക്കും വിദ്യാർത്ഥി സംഘടനകൾക്കും മത സംഘടനകൾക്കും വേണ്ടിയെല്ലാം പാട്ടുകൾ എഴുതി റെക്കോർഡ് ചെയ്തുകൊടുക്കാറുണ്ട്. മാപ്പിളകലാരംഗത്തെ കുലപതികളായ എസ് എം കോയ, ഉസ്താദ് സി എ അബൂബക്കർ ആലപ്പുഴ എച്ച് റംലാ ബീഗം എന്നിവരുടെ സ്മരണയ്ക്കായി കോഴിക്കോട്ട് മാപ്പിള കലാസ്മാരകം നിർമ്മിക്കുക, മാപ്പിള കലകളായ മുട്ടുംവിളി, മാലപ്പാട്ട്, മദ്ഹ് ഗാനം, മാപ്പിളപ്പാട്ട് രചന എന്നിവ കൂടി സ്കൂൾ കലോത്സവ മത്സരങ്ങളിൽ ഉൾപ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനം മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായി സമർപ്പിച്ചിട്ടുണ്ട്. കേരള മാപ്പിള കലാ അക്കാഡമി എന്ന സംഘടനയുടെ കീഴിൽ സൗജന്യമായി മാപ്പിളകലകൾ പഠിപ്പിക്കുവാനുള്ള ഒരു കേന്ദ്രം നിർമ്മിക്കുവാൻ വേണ്ടി 10 സെന്റ് സ്ഥലം വിട്ടുനൽകാമെന്ന് ആലിക്കുട്ടി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സർക്കാരിന്റെയും കലാ സ്നേഹികളുടെയും സഹായ സഹകരണങ്ങളുണ്ടെങ്കിൽ അത് പ്രാവർത്തികമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ കലാകാരൻ.

ആലിക്കുട്ടി തിരക്കിലാണ്

************************
കേരള മാപ്പിള കലാ അക്കാഡമി കേന്ദ്ര കമ്മറ്റി ദേശീയ ജനറൽ സെക്രട്ടറി, മാപ്പിളപ്പാട്ട് ഗായകരുടെ സംഘടനയായ മാപ്പിള സോംഗ് സിങ്ങേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, മാപ്പിളപ്പാട്ട് രചയിതാക്കളുടെ സംഘടനയായ മാപ്പിള സോംഗ് ലിറിക്സ് അസോസിയേഷൻ ചെയർമാൻ, കേരള മാപ്പിളകലാ ജഡ്ജിങ് കമ്മിറ്റി കൺവീനർ, കേരള മാപ്പിള കലാമണ്ഡലം സ്റ്റേറ്റ് കോ-ഓർഡിനേറ്റർ, കേരള മാപ്പിളകല പരിശീലക സംഘടനയുടെ സംസ്ഥാന ഉപദേശക സമിതിയംഗം എന്നീ നിലകളിലും ആലിക്കുട്ടി പ്രവർത്തിച്ചു വരുന്നു. എന്റെ മാപ്പിളപ്പാട്ടുകൾ, എന്റെ ഒപ്പനപ്പാട്ടുകൾ, എന്റെ വട്ടപ്പാട്ടുകൾ എന്നീ പുസ്തങ്ങൾക്കു പുറമെ അഫ് താഷ്, മുത്ത് റസൂൽ, പൊന്നഴക്, കിസ്സപ്പാട്ടുകൾ, കെസ്സ് പാട്ടുകൾ, മൊഞ്ചത്തി, കലിമത്ത്, കറാമത്ത്, സിഫത്ത് എന്നീ കാസറ്റുകളും വീഡിയോ സിഡികളും ഹോം സിനിമകളും ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. മക്കയിലും മദീനയിലും മദ്ഹ് ഗാനം മാപ്പിളപ്പാട്ട്, അറബി ഗാനം ബൈത്തുകൾ എന്നിവക്ക് വിധിനിർണയം നടത്തിയിട്ടുണ്ട്. കലോത്സവത്തിൽനിന്നും ഒഴിവാക്കിയ ആൺകുട്ടികളുടെ ഒപ്പന എന്ന വടപ്പാട്ടിനെ ഒറ്റയാൾ പോരാട്ടം നടത്തി വീണ്ടും സ്കൂൾ കലോത്സവത്തിൽ ഉൾപ്പെടുത്താൻ പ്രയത്നിച്ചത് സി കെ ആലിക്കുട്ടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.