22 December 2024, Sunday
KSFE Galaxy Chits Banner 2

ആർദ്രമോഹൻ ക്യാരക്ടർ റോളുകളിൽ നിന്ന് നായികയിലേക്ക്

മഹേഷ് കോട്ടയ്ക്കൽ
August 18, 2024 3:46 am

തന്റെ എഴുത്തുകളിലൂടെ സിനിമാ മേഖലയിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്ത സീക്രട്ട് ചിത്രത്തിൽ നായിക കഥാപാത്രമായി അരങ്ങേറ്റം കുറിച്ച ആദ്രമോഹൻ സംസാരിക്കുന്നു

എസ് എൻ സ്വാമിയിലേക്ക്?
ആദ്യമേ പറയട്ടെ അദ്ദേഹത്തെ പോലെ വലിയൊരു ലജന്‍ഡിന്റെ കൂടെ പ്രവര്‍ത്തിക്കാൻ സാധിച്ചു എന്നത് എന്റെ കരിയറിലെ തന്നെ വലിയൊരു ഭാഗ്യമായി കാണുന്നു. സ്വാമി സാറിന്റെ പടത്തിലേക്ക് ഓഡീഷൻ വഴിയാണ് ഞാൻ എത്തുന്നത്. സാറിന്റെ ആദ്യ സംവിധാനത്തിലുള്ള ചിത്രത്തിൽ നായികയാവാൻ കഴിഞ്ഞതിന്റെ സന്തോഷം എത്ര പറഞ്ഞാലും തീരില്ല. ഷൂട്ടിങ് വേളയിലെ ഒരോ ദിവസങ്ങൾ വേറിട്ട അനുഭവങ്ങളാണ് എനിക്ക് സമ്മാനിച്ചത്. 

ക്യാരക്ടർ റോളുകളിൽ നിന്ന് നായിക കഥാപാത്രത്തിലേക്ക് എത്തുമ്പോൾ?
നായിക കഥാപാത്രത്തിലെത്തുമ്പോൾ വലിയ സന്തോഷമാണ്. ചിത്രത്തിൽ മുഴുനീളെ നമുക്ക് സ്ക്രീൻ സ്പെയ്സ് കിട്ടുന്നത് ഈ രംഗത്തേക്ക് പ്രവേശിക്കുന്ന ആരുടെയും ഒരു മോഹമാണല്ലോ. നിലവിൽ എനിക്ക് ലഭിച്ച ക്യാരക്ടർ റോളുകളെല്ലാം എന്റെ ഭാഗ്യമെന്ന് പറയാം, അത്യാവശ്യം ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളായിരുന്നു എല്ലാം. ക്രിസ്റ്റഫറിൽ മമ്മൂക്കയുടെ കൂടെ, ശേഷം മൈക്കിൽ ഫാത്തിമയിൽ കല്യാണിയുടെ കൂടെ… ചെയ്ത വർക്കുകളെല്ലാം മികച്ച ക്രൂവിന്റെ കൂടെയായിരുന്നു. അത് എനിക്ക് വലിയ അനുഭവങ്ങളാണ് നൽകിയത്. ആദ്യ നായിക കഥാപാത്രമായെത്തുമ്പോൾ ധ്യാൻ ചേട്ടനെ പോലെ എക്സ്പീരിയൻസുള്ള വലിയൊരു ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞു എന്നതും എടുത്തുപറയേണ്ടതാണ്. 

സിനിമയെന്ന സ്വപ്നത്തെ കുറിച്ച്?
സത്യത്തിൽ ആദ്യകാലത്തൊക്കെ അഭിനയ മേഖല ആഗ്രഹമുണ്ടായിരുന്നെങ്കിലും, സിനിമയെക്കുറിച്ച് സ്വപ്നം കാണാൻ ധൈര്യം ഉണ്ടായിരുന്നില്ല. എന്നാൽ മോഡലിങ്ങിലും പരസ്യമേഖലയിലുമെല്ലാം സജീവമായപ്പോഴാണ് എനിക്കും കഴിയുമെന്ന ആത്മവിശ്വാസം കിട്ടിയത്. ഇപ്പോൾ ഞാൻ മേഖലയിലേക്ക് കൂടുതൽ സജീവമാകുകയാണ്. അതിലേക്കുള്ള ചവിട്ടുപിടികൾ ഞാൻ കയറിക്കൊണ്ടിരിക്കുകയാണ്. ഇനിയും നല്ല ക്യാരക്ടറുകൾ ചെയ്യണമെന്നുണ്ട്. ഇപ്പോൾ ഞാൻ സിനിമയെ കുറിച്ച് സ്വപ്നം കണ്ട് തുടങ്ങിയിട്ടുണ്ട്. അതെന്റെ വലിയൊരു സ്വപ്നം തന്നെയാണ്. 

ധ്യാൻ ശ്രീനിവാസനൊപ്പമുള്ള ഷൂട്ടിങ്ങ് വിശേഷങ്ങൾ?
ധ്യാൻ ചേട്ടൻ വളരെ ഫ്രണ്ട് ലി ആയിട്ടുള്ള ഒരാളാണ്. നിലവിൽ നമ്മൾ വിവിധ അഭിമുഖങ്ങളിലോക്കെ ചേട്ടനെ കാണുന്നപോലെതന്നെ ഷൂട്ടിങ് വേളകളിലും സെറ്റിലും ചേട്ടന്റെ കൗണ്ടറുകളും തമാശകളും നിറഞ്ഞതായിരുന്നു. സിനിമയുടെ പ്രമോഷൻ വേളകളിൽ പോലും അദ്ദേഹത്തിന്റെ പോസിറ്റീവ് എനർജി എടുത്തുപറയേണ്ടതാണ്. 

പരസ്യങ്ങളിലെ സ്ഥിര സാന്നിധ്യം
ചെറുപ്പം മുതലേ ടിവിയിലും മറ്റും വരുന്ന പരസ്യങ്ങൾ വളരെ സൂക്ഷ്മതയോടെ ഞാൻ ശ്രദ്ധിക്കുമായിരുന്നു. പല പ്രമുഖ പരസ്യങ്ങളും ഇന്നും എന്റെ മനസിൽ തങ്ങി നിൽക്കുന്നുണ്ട്. ഒരുപക്ഷെ ആ അന്വേഷണങ്ങളാകാം ഞാൻ പോലും അറിയാതെ പരസ്യമേഖലയിലേക്ക് എന്നെ എത്തിച്ചത്. പ്രമുഖ ബ്രാന്റുകളുടെ ഭാഗമാകാൻ സാധിച്ചത് വലിയൊരു ഭാഗ്യമായാണ് കാണുന്നത്. 

കുടുംബം
അച്ഛൻ മലപ്പുറം ഉപഭോക്തൃ കമ്മീഷൻ പ്രസിഡന്റ് അഡ്വ. കെ മോഹൻദാസ്. അമ്മ ഷീജ, ഹയർ സെക്കന്‍ഡറി അധ്യാപികയാണ്. സഹോദരന്‍ എൻജിനിയറിങ് വിദ്യാർത്ഥി അതുൽ മോഹൻ, അമ്മമ്മ എന്നിവരടങ്ങിയതാണ് എന്റെ കുടുംബം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.