2 May 2024, Thursday

സ്റ്റാര്‍ട്ടപ്പുകള്‍ തളരുന്നു; 41 കമ്പനികളിലായി ആറായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടം

Janayugom Webdesk
May 5, 2023 7:38 pm

യുവജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു. ലാഭത്തില്‍ വന്ന കുറവും സ്വകാര്യ ഓഹരി പങ്കളിത്തത്തില്‍ സംഭവിച്ച തകര്‍ച്ചയും പ്രവര്‍ത്തന മൂലധനത്തില്‍ ഉണ്ടായ നഷ്ടവും ജീവനക്കാരെ വ്യാപകമായി പിരിച്ചുവിടുന്ന സാഹചര്യത്തിലേക്കാണ് വഴിതെളിച്ചിരിക്കുന്നത്.
41 കമ്പനികളില്‍ നിന്നും 2023 വര്‍ഷത്തിലെ ആദ്യത്തെ നാലു മാസത്തിനുള്ളില്‍ 5868 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് കണക്ക്. 2022 ല്‍ എട്ടു കമ്പനികള്‍ 6,040 പേരെ ജോലിയില്‍ നിന്ന് ഒഴിവാക്കിയ സ്ഥാനത്താണ് ഈ വര്‍ഷം ആദ്യനാലു മാസത്തിനുള്ളില്‍ തന്നെ ഇത്രയധികം ജീവനക്കാരെ പിരിച്ചുവിട്ടിരിക്കുന്നത്. ഉയര്‍ന്നുനില്‍ക്കുന്ന പണപ്പെരുപ്പം, ആഗോള പലിശ നിരക്കില്‍ വന്ന ഉയര്‍ച്ച, ആഗോള സാമ്പത്തിക മാന്ദ്യം, യുറോപ്പില്‍ നിലനില്‍ക്കുന്ന യുദ്ധഭീതി, അസംസ്കൃത വസ്തുക്കളുടെ ദാര്‍ലഭ്യം എന്നിവയാണ് ജീവനക്കാരെ പിരിച്ചു വിടുന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
2023 ലെ ആദ്യ മൂന്നു മാസത്തിനുള്ളില്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് ലഭിച്ചിരുന്ന ഫണ്ടില്‍ ഗണ്യമായ കുറവുണ്ടായി. ഈ വര്‍ഷം 122 കമ്പനികളില്‍ നിക്ഷേപ്പിച്ച പണത്തിന്റെ തോതിലും കുറവ് സംഭവിച്ചു. 3.6 ദശലക്ഷം ഡോളര്‍ നിക്ഷേപമാണ് ആദ്യ മൂന്നുപാദത്തില്‍ വന്നുചേര്‍ന്നത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 406 കമ്പനികളില്‍ 5.69 കോടി ഡോളര്‍ നിക്ഷേപം നടന്നിരുന്നു. 2022 ല്‍ 90 കമ്പനികളില്‍ നിന്നായി 24,200 പേരെയാണ് പിരിച്ചുവിട്ടത്.
2021 ല്‍ രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ പ്രധാനമായും വിദ്യാഭ്യാസ രംഗത്താണ് ശ്രദ്ധ കേന്ദ്രീകരിച്ചത് . നിരവധി പേരാണ് ഈ മേഖലയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ഈ മേഖലയ്ക്കും തിരിച്ചടിയായി മാറി. 2022 സാമ്പത്തിക വര്‍ഷം അഞ്ച് കമ്പനികള്‍ ജീവനക്കാര്‍ക്കായി 5, 465 കോടി രൂപയാണ് ജീവനക്കര്‍ക്ക് വേതനമായി നല്‍കിയത്.
ബംഗളൂരു ആസ്ഥനമായ മീഷോ എന്ന ഇ കോമേഴ്സ് സ്ഥാപനമാണ് ഏറ്റവും ഒടുവില്‍ ജീവനക്കാരെ വെട്ടിക്കുറച്ചിരിക്കുന്നത്. 251 പേരെയാണ് മീഷോ പിരിച്ചു വിട്ടത്. 2022 ഏപ്രില്‍ മാസം 150 ജീവനക്കാരെ ഇതിനു മുമ്പ് സ്ഥാപനം പിരിച്ചു വിട്ടിരുന്നു. വിദ്യാഭ്യസ രംഗത്ത് പ്രവര്‍ത്തിച്ച് വന്നിരുന്ന കമ്പനികളാണ് ജീവനക്കാരെ പിരിച്ചു വിടാന്‍ മുന്‍പന്തിയിലുള്ളത്. രണ്ടുവര്‍ഷംകൊണ്ട് 10,700 ജീവനക്കാരെ ഈ മേഖലയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കോവിഡ് ഭീതി കാരണം റവന്യു വരുമാനത്തില്‍ വന്ന കുറവും വളര്‍ച്ച നേടാന്‍ കഴിയാത്തതും കമ്പനികളുടെ സുഗമമായ പ്രവര്‍ത്തനത്തിനു വിഘാതം സ‍ഷ്ടിച്ചതായി സെക്യുവേ ക്യാപിറ്റല്‍ ഇന്ത്യ സര്‍ജ് കമ്പനി മേധാവി ഗൗരവ് ധമാനി പറയുന്നു. രാജ്യത്തെ യുവജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരുന്ന സ്റ്റാര്‍ട്ട്പ്പ് കമ്പനികളുടെ തകര്‍ച്ച ഭാവിയില്‍ തൊഴിലവസരം ഗണ്യമായി കുറയാന്‍ വഴിയൊരുക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Eng­lish sum­ma­ry: About 6,000 peo­ple lost their jobs in 41 companies
you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.