23 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 19, 2025
January 19, 2025
January 19, 2025
January 19, 2025
January 18, 2025
January 18, 2025
January 18, 2025
January 18, 2025
January 18, 2025
January 6, 2025

ബംഗളൂരുവിന് ഏഴാം തോല്‍വി; കൊല്‍ക്കത്തയ്ക്ക് ഒരു റണ്‍ ജയം

Janayugom Webdesk
കൊല്‍ക്കത്ത
April 21, 2024 10:50 pm

അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശപ്പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് ഒരു റണ്ണിന്റെ തോല്‍വി. ഈഡന്‍ ഗാര്‍ഡനില്‍ നടന്ന പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉയര്‍ത്തിയ 223റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗളൂരു 221 റണ്‍സിന് പുറത്തായി. ഐപിഎല്‍ ഈ സീസണിലെ ബംഗളൂരുവിന്റെ ഏഴാം തോല്‍വിയാണിത്. ഇതോടെ ബംഗളൂരുവിന്റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ തിരിച്ചടിയേറ്റു. അവസാന ഓവറില്‍ ആര്‍സിബിക്ക് ജയിക്കാന്‍ വേണ്ടിയിരുന്ന 21 റണ്‍സിലേക്ക് മിച്ചല്‍ സ്റ്റാര്‍ക്കിനെ മൂന്ന് സിക്സിന് തൂക്കി കരണ്‍ ശര്‍മ്മ ഞെട്ടിച്ചുവെങ്കിലും അഞ്ചാം പന്തില്‍ റിട്ടേണ്‍ ക്യാച്ചില്‍ മടങ്ങി. ഇതോടെ അവസാന പന്തില്‍ ആര്‍സിബിക്ക് വേണ്ടിയിരുന്നത് മൂന്ന് റണ്‍സായി. എന്നാല്‍ രണ്ടാം റണ്ണിനായുള്ള ഓട്ടത്തിനിടെ ലോക്കി ഫെര്‍ഗ്യൂസന്‍ റണ്ണൗട്ടായതോടെ കെകെആര്‍ ഒരു റണ്ണിന് വിജയിക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിൽ ആർസിബിക്കായി വിൽ ജാക്സ് (32 പന്തിൽ 55), രജത് പടിദാർ (23 പന്തിൽ 52) എന്നിവർ അർധ സെഞ്ചുറി നേടി. ബാറ്റിങ് തുടങ്ങി അധികം വൈകുംമുമ്പേ ബംഗളൂരുവിന് വിരാട് കോലിയെയും (18) ക്യാപ്റ്റൻ ഡുപ്ലെസിയെയും (ഏഴ് റൺസ്) നഷ്ടമായിരുന്നു. എന്നാൽ അര്‍ധ സെഞ്ചുറിയുമായി വിൽ ജാക്സും രജത് പടിദാറും ആർസിബിയെ തോളിലേറ്റി. അഞ്ചു വീതം സിക്സുകളാണ് ഇരുവരും ചേർന്ന് ഈഡൻ ഗാർഡൻസിൽ അടിച്ചുകൂട്ടിയത്. 12–ാം ഓവറിൽ ഇരുവരെയും പുറത്താക്കി ആന്ദ്രെ റസൽ കൊൽക്കത്തയെ മത്സരത്തിലേക്കു തിരികെയെത്തിച്ചു. പിന്നാലെയെത്തിയ കാമറൂൺ ഗ്രീനും (ആറ്), മഹിപാൽ ലോംറോറും (നാല്) സ്പിന്നർ സുനിൽ നരെയ്‌നുമുന്നിൽ വീണു. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ സുയാഷ് പ്രഭുദേശായി 18 പന്തിൽ 24 റൺസെടുത്തു പുറത്തായി. ഏഴാം വിക്കറ്റും വീണതോടെ ദിനേഷ് കാർത്തിക്കിലായി ആർസിബിയുടെ പ്രതീക്ഷ. കാര്‍ത്തിക്കിനെ റസല്‍ പുറത്താക്കിയതോടെ കെകെആര്‍ ആശ്വസിച്ചു. അവസാന ഓവറില്‍ 21 റണ്‍സാണ് ആര്‍സിബിക്ക് വേണ്ടിയിരുന്നത്. ഓവറില്‍ മൂന്ന് സിക്സടിച്ച് കരണ്‍ ശര്‍മ്മ ബംഗളൂരുവിനെ വിജയിപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും താരത്തെ പുറത്താക്കി സ്റ്റാര്‍ക്ക് കളി കൊല്‍ക്കത്തയ്ക്ക് അനുകൂലമാക്കി.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത പതിവുപോലെ വെടിക്കെട്ടോടെയാണ് മത്സരം തുടങ്ങിയത്. സാധാരണ സുനില്‍ നരെയ്‌നാണ് തകര്‍ത്തടിച്ച് തുടങ്ങാറുള്ളതെങ്കില്‍ ഇക്കുറി ഫിലിപ് സാള്‍ട്ടാണ് ആ റോള്‍ ഏറ്റെടുത്തത്. ആദ്യ നാലോവറില്‍ തന്നെ കൊല്‍ക്കത്ത സ്‌കോര്‍ അമ്പത് കടന്നു. എന്നാല്‍ അഞ്ചാം ഓവറില്‍ ഫിലിപ് സാള്‍ട്ടിനെ പുറത്താക്കി സിറാജ് തിരിച്ചടിച്ചു. 14 പന്തില്‍ നിന്ന് ഏഴ് ഫോറുകളും മൂന്ന് സിക്സുകളും ഉള്‍പ്പെടെ 48 റണ്‍സെടുത്താണ് സാള്‍ട്ട് മടങ്ങിയത്. യഷ് ദയാല്‍ എറിഞ്ഞ ആറാം ഓവറില്‍ നരെയ്‌നും മൂന്നാമനായി ഇറങ്ങിയ രഘുവന്‍ഷിയും പുറത്തായതോടെ കൊല്‍ക്കത്ത പ്രതിരോധത്തിലായി. 15 പന്തില്‍ നിന്ന് 10 റണ്‍സ് മാത്രമാണ് നരെയ്‌നെടുക്കാനായത്. രഘുവന്‍ഷി മൂന്ന് റണ്‍സെടുത്തു. പിന്നാലെയെത്തിയ വെങ്കടേഷ് അയ്യർ (16) നിരാശപ്പെടുത്തി. കൊൽക്കത്ത സ്കോറിങ്ങിന്റെ വേഗം കുറഞ്ഞു. 8.5 ഓവറുകളിലാണ് കൊൽക്കത്ത 100 പിന്നിട്ടത്. ഏഴു ബൗണ്ടറികളും ഒരു സിക്സറും പറത്തി ശ്രേയസ് അയ്യര്‍ മധ്യ ഓവറുകളിൽ കൊൽക്കത്തയ്ക്കു കരുത്തായി. 16 പന്തുകൾ നേരിട്ട റിങ്കു സിങ് 24 റൺസെടുത്തു. അയ്യരുടെ പുറത്താകലിനു ശേഷം ആന്ദ്രെ റസൽ–രമൺദീപ് സഖ്യം കൈകോർത്തതോടെ കൊൽക്കത്ത 200 കടന്നു. ഒമ്പതു പന്തുകളിൽ 24 റൺസുമായി രമൺദീപും 20 പന്തില്‍ 27 റണ്‍സുമായി റസലും പുറത്താകാതെ നിന്നു. ആര്‍സിബിക്കായി യഷ് ദയാലും കാമറൂണ്‍ ഗ്രീനും രണ്ട് വീതവും മുഹമ്മദ് സിറാജും ലോക്കീ ഫെര്‍ഗ്യൂസനും ഓരോ വിക്കറ്റും വീഴ്ത്തി.

അമ്പയറോട് തട്ടിക്കയറി കോലി

മികച്ച രീതിയില്‍ തുടങ്ങിയ കോലിയെ മൂന്നാം ഓവറിലാണ് ആര്‍സിബിക്ക് നഷ്ടമായത്. പന്ത് നോ ബോളാണെന്ന് വാദിച്ചാണ് കോലി രംഗത്തെത്തിയത്. പന്തെറിഞ്ഞ ഹര്‍ഷിത് റാണതന്നെ ക്യാച്ചെടുത്ത് കോലിയെ പുറത്താക്കുകയായിരുന്നു. റാണയുടെ ഫുള്‍ ടോസ് ബോള്‍ കോലിയുടെ ബാറ്റില്‍ തട്ടി മുകളിലേക്കുയര്‍ന്നു. പന്ത് അനായാസം കൈപ്പിടിയിലാക്കുകയും ചെയ്തു. ഇതോടെ കോലി റിവ്യൂ നല്‍കി. കോലിയുടെ വെയ്സ്റ്റിന് മുകളിലാണ് പന്ത് എന്നതിനാല്‍ അത് ഔട്ട് അല്ല എന്നായിരുന്നു ഏവരും ആദ്യം കരുതിയിരുന്നത്. എന്നാല്‍ അമ്പയർ തേർഡ് അമ്പയറെ സമീപിച്ചു. വീഡിയോ പരിശോധനയില്‍ വിരാട് കോലി ക്രീസിന് ഏറെ വെളിയിലായിരുന്നു എന്നും പന്ത് സ്റ്റബിലേക്ക് എത്തുമ്പോള്‍ വിരാട് കോലിയുടെ വെയിസ്റ്റിന് താഴെ ആയിരിക്കും പന്ത് എന്നും കണ്ടെത്തി. ഇതോടെ വിരാട് കോലി ഔട്ട് ആണെന്ന് വിധി വന്നു. അപ്രതീക്ഷിതമായ വിധിയില്‍ അസ്വസ്തനായ കോലി അമ്പയറോട് കയര്‍ക്കുകയും ബാറ്റ് നിലത്തടിക്കുകയും ചെയ്തശേഷമാണ് ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്.

Eng­lish Summary:Bengaluru’s sev­enth defeat; One run win for Kolkata
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.