ദീർഘനാളത്തെ കാത്തിരിപ്പിനു വിരാമമിട്ട് കാലിക്കറ്റ് സർവ്വകലാശാലയിൽ സി അച്യുതമേനോൻ ചെയർ യാഥാർത്ഥ്യമാകുന്നു. മുൻ മുഖ്യമന്ത്രിയും ക്രാന്തദർശിയായ ഭരണകർത്താവും സ്വാതന്ത്ര്യസമര പോരാളിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായി സി അച്യുതമേനോന്റെ മുപ്പത്തിമൂന്നാം ചരമവാർഷിക ദിനമായ ഈമാസം 16നാണ് അദ്ദേഹത്തിന്റെ നാമത്തിലുള്ള ചെയർ നാടിന് സമർപ്പിക്കപ്പെടുന്നത്. സി അച്യുതമേനോൻ ചെയർ ഫോർ സയന്റിഫിക് സ്റ്റഡീസ് ആന്റ് റിസർച്ച് ഇൻ ഹ്യുമാനിറ്റീസ് ആന്റ് അലൈഡ് സബ്ജക്ട്സ് എന്നാണ് ചെയറിന്റെ മുഴുവൻ പേര്.
കേരളത്തിന്റെ വികസനത്തിന് അതുല്യവും വിവരണാതീതവുമായ സംഭാവനകൾ നൽകിയ അച്യുതമേനോന്റെ മാതൃകാപരമായ ജീവിതരീതിയെ സംബന്ധിച്ചും ശാസ്ത്രസാമൂഹ്യ രാഷ്ട്രീയവൈജ്ഞാനിക മേഖലകളിൽ അദ്ദേഹത്തിന്റെ സംഭാവനകളെ കുറിച്ചും പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുകയാണ് ചെയറിലൂടെ ലക്ഷ്യമിടുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറിയും മുൻ എംപിയുമായ ബിനോയ് വിശ്വം അച്യുതമേനോൻ ചെയറിനു വേണ്ടി അമ്പത് ലക്ഷം രൂപ എംപി ഫണ്ടിൽ അനുവദിച്ചതാണ് പ്രതിബന്ധങ്ങളെ മറികടന്ന് ഇതിന്റെ കാര്യങ്ങൾ വേഗത്തിലാക്കാൻ പ്രചോദനമായത്.
അച്യുതമേനോൻ ഫൗണ്ടേഷൻ നൽകിയ 25 ലക്ഷത്തിന്റെ കോർപ്പസ് ഫണ്ടിലൂടെ സർവ്വകലാശാലയിൽ നിന്നും ചെയറിനുള്ള അനുമതിയും മറ്റ് പ്രവര്‍ത്തനങ്ങളും വേഗത്തിലായി. സിപിഐ സംസ്ഥാന അസി. സെക്രട്ടറിയും എംപിയുമായ പി പി സുനീർ ചെയർ നാടിനു സമ്മാനിക്കപ്പെടുന്നതിനുള്ള പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിച്ചതോടെ തടസ്സങ്ങൾ ഓരോന്നായി നീങ്ങുകയും മലബാറിലെ ഏറ്റവും വലിയ വിദ്യാഭ്യാസ കേന്ദ്രത്തിൽ മഹാനായ കമ്മ്യുണിസ്റ്റിന്റെ നാമത്തിൽ പഠനഗവേഷണ കേന്ദ്രം വേണമെന്ന ആവശ്യം പൂവണിയുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇഎംഎസ് സെമിനാർ കോപ്ലക്സിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനവും സെമിനാറും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി കെ രാജൻ, പി പി സുനീർ എംപി, വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ, സി രാധാകൃഷ്ണൻ, ഹൗസിങ് ബോർഡ് ചെയർമാൻ ടി വി ബാലൻ, ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
English Summary: Achyutamenon Chair becomes a reality at University of Calicut
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.