23 December 2024, Monday
KSFE Galaxy Chits Banner 2

Related news

March 1, 2024
September 2, 2023
September 2, 2023
April 16, 2023
April 8, 2023
April 1, 2023
March 29, 2023
March 27, 2023
March 25, 2023
March 4, 2023

അഡാനി-ഹിൻഡൻബർഗ്; അന്വേഷണത്തിന് സുപ്രീം കോടതിയുടെ വിദഗ്ധസമിതി

web desk
ന്യൂഡല്‍ഹി
March 2, 2023 11:57 am

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഉറ്റസുഹൃത്തും വ്യവസായിയുമായ ഗൗതം അഡാനിയും ഹിൻഡൻബർഗ് റിപ്പോര്‍ട്ടും ബന്ധിപ്പിക്കുന്ന വിഷയത്തില്‍ നിയന്ത്രണ സംവിധാനം അവലോകനം ചെയ്യാൻ സുപ്രീം കോടതി വിദഗ്ധ സമിതിയെ രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അഭയ് മനോഹർ സാപ്രെ അധ്യക്ഷനായ വിദഗ്ധ സമിതിയെ നിയോഗിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ചെയർമാും നിലവിൽ ഓയിൽ ആന്റ് നാച്ചുറൽ ഗ്യാസ് കോർപറേഷൻ ലിമിറ്റഡ്, ടാറ്റ സ്റ്റീൽ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ് എന്നിവയുടെ ബോർഡിലെ സ്വതന്ത്ര ഡയറക്ടറുമായ ഒ പി ഭട്ട്, ബോംബെ ഹൈക്കോടതിയിലെ മുൻ ജഡ്ജിയും സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രിബ്യൂണലിന്റെ മുൻ പ്രിസൈഡിങ് ഓഫീസറുമായ ജസ്റ്റിസ് ജെ പി ദേവധർ, ബ്രിക്‌സ് രാജ്യങ്ങളുടെ ന്യൂ ഡെവലപ്‌മെന്റ് ബാങ്കിന്റെ മുൻ മേധാവിയും ഇൻഫോസിസ് ലിമിറ്റഡിന്റെ മുൻ ചെയർമാനുമായ കെ വി കാമത്ത്, ഇൻഫോസിസിന്റെ സഹസ്ഥാപകനും യുഐഡിഎഐയുടെ മുൻ ചെയർമാനുമായ നന്ദൻ നിലേകനി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.

ഈയിടെ സെക്യൂരിറ്റീസ് വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണമായ പ്രസക്ത ഘടകങ്ങൾ എന്താണെന്നും അതിനുള്ള സാഹചര്യം എങ്ങനെയെന്നും മൊത്തത്തില്‍ വിലയിരുത്തലാണ് സമിതിയുടെ നിര്‍വഹണ ചുമതലകളിലെ ആദ്യത്തേത്. നിക്ഷേപകരുടെ അവബോധം വർധിപ്പിക്കുന്നതിനുള്ള നടപടികൾ നിർദ്ദേശിക്കണം. അഡാനി ഗ്രൂപ്പുമായോ മറ്റ് കമ്പനികളുമായോ ബന്ധപ്പെട്ട് സെക്യൂരിറ്റീസ് മാർക്കറ്റുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായിരുന്നോ എന്നും അന്വേഷിക്കണം. കേന്ദ്ര സർക്കാരിന്റെ എല്ലാ ഏജൻസികളും സമിതിയോട് സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ബാഹ്യ വിദഗ്ധരുടെ സഹായം തേടാൻ സമിതിക്ക് സ്വാതന്ത്ര്യമുണ്ട്. സമിതിയിലെ അംഗങ്ങൾക്ക് നൽകേണ്ട ഓണറേറിയം ചെയർപേഴ്സൺ നിശ്ചയിക്കുകയും അത് കേന്ദ്ര സർക്കാർ വഹിക്കുകയും ചെയ്യും. സമിതിക്ക് ലോജിസ്റ്റിക്കൽ പിന്തുണ നൽകുന്നതിന് നോഡൽ ഓഫീസറായി പ്രവർത്തിക്കാൻ ധനമന്ത്രാലയത്തിലെ സെക്രട്ടറി ഒരു മുതിർന്ന ഉദ്യോഗസ്ഥനെ നാമനിർദ്ദേശം ചെയ്യും. സമിതിയുടെ പ്രവർത്തനത്തിൽ വരുന്ന എല്ലാ ചെലവുകളും കേന്ദ്ര സർക്കാർ വഹിക്കും. രണ്ട് മാസത്തിനകം മുദ്രവച്ച കവറിൽ സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് നിർദ്ദേശിച്ചിരിക്കുന്നത്. സമിതിയുടെ ഭരണഘടന റെഗുലേറ്ററി ഏജൻസികൾക്ക് പ്രതികൂലമായ പ്രതിഫലനമല്ലെന്ന് കോടതി വ്യക്തമാക്കി.

Eng­lish Sam­mury: The Supreme Court on Thurs­day con­sti­tut­ed an expert com­mit­tee to review the reg­u­la­to­ry mech­a­nism in the light of the Adani-Hin­den­burg issue

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.