4 May 2024, Saturday

Related news

March 1, 2024
September 2, 2023
September 2, 2023
June 7, 2023
April 18, 2023
April 16, 2023
April 8, 2023
April 1, 2023
March 29, 2023
March 27, 2023

ആന്ധ്രാ കല്‍ക്കരി കരാര്‍ ‍അഴിമതിയില്‍ അഡാനി-ചൈനാ കമ്പനി ബന്ധം

web desk
ന്യൂഡല്‍ഹി
March 29, 2023 4:15 pm

ഹിൻഡൻബർഗ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ചൈനീസ് പൗരന്‍ ചാങ് ചുങ് ലിങ് ഡയറക്ടറായ ഷെല്‍ കമ്പനി വയോം ട്രേഡ് ലിങ്ക്സുമായി അഡാനി ഗ്രൂപ്പിന് ബന്ധമുണ്ടെന്ന് സിബിഐ കണ്ടെത്തല്‍. ആന്ധ്രാപ്രദേശ് പവർ ജനറേഷൻ കോർപ്പറേഷനുമായി ബന്ധപ്പെട്ട 2010ലെ കൽക്കരി സംഭരണ അഴിമതിയിൽ വയോം ട്രേഡ്‌ലിങ്ക്‌സിന് പങ്കുണ്ടെന്ന് നേരത്തെ തെളിഞ്ഞിരുന്നു. ആസൂത്രിതമായ ഈ അഴിമതിയിലും വിദേശ കമ്പനിയുടെ പങ്കാളിത്തത്തിലും ഗൗതം അഡാനിയുടെ ജേഷ്ഠസഹോദരന്‍ വിനോദ് അഡാനിയുടെ ബന്ധവും സിബിഐ കണ്ടെത്തിയിട്ടുണ്ട്.

അഡാനി ഗ്രൂപ്പിനെക്കുറിച്ച് ഈയിടെ പുറത്തുവന്ന അന്താരാഷ്ട്ര റിപ്പോർട്ടുകളിലെല്ലാം ടാക്സ് ഹെവൻ ആസ്ഥാനമായുള്ള കുപ്രസിദ്ധ ഓഫ്‌ഷോർ ഷെൽ കമ്പനി ശൃംഖലയുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. നോദ് അഡാനിയും ചാങ് ചുങ് ലിങ്ങും ചൈനയിലേതുള്‍പ്പെടെ പല കമ്പനികളുടെയും ഡയറക്ടര്‍മാരായി തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഡൽഹിയിൽ രജിസ്റ്റർ ചെയ്ത അഡാനി എന്റർപ്രൈസസ് ലിമിറ്റഡിനും മറ്റുള്ളവർക്കുമെതിരെയുള്ള ക്രിമിനൽ അന്വേഷണം മൂന്ന് വർഷം മുമ്പാണ് സിബിഐ ഏറ്റെടുത്തത്. പവർ സ്റ്റേഷനുകൾക്കായി കൽക്കരി വാങ്ങുന്നതിനുള്ള ടെൻഡറിൽ കൃത്രിമം നടത്തിയെന്ന കേസില്‍ ഡൽഹിയിലെ പ്രത്യേക കോടതിയിൽ സിബിഐ എഫ്‌ഐആർ ഫയൽ ചെയ്തതായാണ് വിവരം. അഡാനി കമ്പനിയുടെ ചൈനാ ബന്ധം കല്‍ക്കരി അഴിമതി കേസില്‍ ഉണ്ടെന്ന് സ്ഥാപിക്കുന്നതാണ് എഫ്ഐആര്‍എന്ന് ‘അഡാനിവാച്ച്ഡോട്ട്ഓര്‍ഗ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആന്ധ്രാ പവര്‍ കോര്‍പറേഷന്റെ ടെന്‍ഡര്‍ നടപടികളില്‍ അഡാനി എന്റർപ്രൈസസ് നിയമവിരുദ്ധമായി പങ്കെടുത്തതായി എഫ്‌ഐആറിൽ സിബിഐ ആരോപിച്ചു. വഞ്ചനയിലൂടെയും ക്രിമിനൽ ഗൂഢാലോചനയിലൂടെയും അഡാനി ഗ്രൂപ്പിന്റെ പ്രോക്സി കമ്പനിയായ വയോം ട്രേഡ് ലിങ്ക്സിനാണ് കരാര്‍ ലഭിച്ചത്. കൃത്രിമം നടന്നതായി സിബിഐ കൃത്യമായി കണ്ടെത്തിയിട്ടും കേസുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയാക്കാനോ കോടതി നടപടികള്‍ വേഗത്തിലാക്കുന്നതിനോ താല്‍പര്യം കാണിക്കുന്നില്ലെന്നാണ് ആരോപണം.

നരേന്ദ്ര മോഡി സര്‍ക്കാരിലെ അഡാനിയുടെ സ്വാധീനവും പ്രധാനമന്ത്രിയുമായുള്ള ചങ്ങാത്തവുമാണ് കേസ് മെല്ലെ പോകുന്നതിനു പിന്നിലെന്ന സംശയം ബലപ്പെടുകയാണ്.

ആന്ധ്രാ കല്‍ക്കരി സംഭരണ കരാര്‍ അഴിമതി

2010ല്‍ ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പവർ ജനറേഷൻ കോർപ്പറേഷൻ മുഖേന മൂന്ന് കല്‍ക്കരി പവര്‍ സ്റ്റേഷനുകള്‍ക്കായി 6,00,000 മെട്രിക് ടൺ കല്‍ക്കരി ഇറക്കുതിക്ക് ടെന്‍ഡര്‍ വിളിച്ചിരുന്നു. ഹേശ്വരി ബ്രദേഴ്‌സ് കോൾ ലിമിറ്റഡ്, സ്വരണ പ്രൊജക്‌ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഗുപ്ത കോൾ ഇന്ത്യ ലിമിറ്റഡ്, ക്യോറി ഒറെമെൻ ലിമിറ്റഡ്, അധാനി എന്റർപ്രൈസസ് ലിമിറ്റഡ്, വയോം ട്രേഡ്‌ലിങ്ക്‌സ് പ്രൈവറ്റ് ലിമിറ്റഡ് (വിടിപിഎൽ) എന്നി കമ്പനികളാണ് ലേലത്തില്‍ പങ്കെടുത്ത്.

ഇവരില്‍ അഡാനിയുടെ കമ്പനിയാണ് ഡെന്‍ഡര്‍ സ്വന്തമാക്കിയത്. 2020ല്‍ സിബിഐ അന്വേഷണത്തിലാണ് അഡാനി എന്റർപ്രൈസസ് ടെന്‍ഡര്‍ സ്വന്തമാക്കാന്‍ ഗൂഢാലോചനയും കൃതൃമം കാട്ടിയതായി കണ്ടെത്തിയത്. 2007 മാർച്ച് 27‑ന് വയോം ട്രേഡ്‌ലിങ്ക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി മൂലധനം അഞ്ച് മടങ്ങ് വർധിപ്പിച്ച് 500,000 രൂപയായി. മാർച്ച് 29 ന്, കമ്പനി അഡാനി എന്റർപ്രൈസസിന് 10 രൂപയുടെ നാമമാത്ര ഓഹരി മൂല്യമുള്ള 40,000 ഓഹരികൾ അനുവദിച്ചു നല്‍കി. ഇത് അദാനി എന്റർപ്രൈസസിനെ വയോം ട്രേഡ്‌ലിങ്ക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 80% ഓഹരിയുടമയാക്കി.

2006-07 വാർഷിക റിപ്പോർട്ട് പ്രകാരം വയോം ട്രേഡ്‌ലിങ്ക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനമുള്ള ഉപസ്ഥാപമായി അഡാനി ഗ്രൂപ്പ് പ്രഖ്യാപിച്ചു. എന്നാല്‍ 2008-09 വാർഷിക റിപ്പോർട്ടിൽ വിടിപിഎല്‍ അഡാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമല്ലെന്ന് റിപ്പോർട്ട് ചെയ്തു. ഇക്വിറ്റി ഓഹരികള്‍ ദീപക് അംബലാൽ ഷാ, യോഗേഷ് രാമൻലാൽ ഷാ എന്നിവര്‍ക്ക് കൈമാറിയതാണ് വിടിപിഎല്‍ അഡാനി ഗ്രൂപ്പില്‍ നിന്ന് പിന്മാറാന്‍ കാരണമായത്. അതേസമയം റവന്യൂ ഇന്റലിജൻസ് റിപ്പോര്‍ട്ട് പ്രകാരം ഇരുവര്‍ക്കും അഡാനി ഗ്രൂപ്പുമായി ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. വിവാദത്തിലെ പ്രധാന സ്ഥാപനം വിടിപിഎൽ എന്ന കമ്പനിയാണ്, ടെൻഡർ നടപടികൾക്ക് മുമ്പ് അദാനി ഗ്രൂപ്പിൽ വേരുകളുണ്ടായിരുന്നതാണ് പിന്നീട് ക്രമേണ അപ്രത്യക്ഷമായത്.

 

Eng­lish Sam­mury: The CBI has alleged that the Adani Group has links with the shell com­pa­ny Viom Trade Links, whose direc­tor is Chi­nese native Chang Chung Ling

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.