18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 2, 2024
December 1, 2024
November 29, 2024
November 28, 2024
November 27, 2024
November 26, 2024
November 26, 2024
November 24, 2024
November 24, 2024

അഡാനി-ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്; സെബി അന്വേഷണം പ്രഹസനം

Janayugom Webdesk
ന്യൂഡല്‍ഹി
November 24, 2023 9:56 pm

അഡാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡൻബര്‍ഗ് റിപ്പോര്‍ട്ട് സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതി വിധി പ്രഖ്യാപിക്കുന്നതിനായി മാറ്റി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിൽ നിന്ന് നിക്ഷേപകരെ സംരക്ഷിക്കുന്നതിന് സെബി എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും കോടതി ആരാഞ്ഞു.

വിഷയത്തില്‍ സെബിയുടെ പ്രവര്‍ത്തനം സത്യസന്ധമല്ലെന്നും അന്വേഷണം പ്രഹസനമായി മാറിയെന്നും പരാതിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. 13, 14 എന്‍ട്രികള്‍ അഡാനിയുമായി ബന്ധപ്പെട്ടിരിക്കുകയാണ്. എന്നാല്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങളില്‍ മാറ്റം വരുത്തിയ പശ്ചാത്തലത്തില്‍ അവര്‍ക്ക് ഇടപെടാനാകില്ലെന്നും അദ്ദേഹം വാദിച്ചു. ഇതിന് മറുപടിയായി, മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച് പെരുമാറാൻ സെബിയോട് നിര്‍ദേശിക്കാനാകില്ലെന്നും സെബി മാധ്യമപ്രവര്‍ത്തകരെ അനുസരിക്കണോ എന്നും കോടതി പറഞ്ഞു.

എന്നാല്‍ മാധ്യമങ്ങള്‍ക്ക് ഇത്തരം വിവരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് സെബിക്ക് ലഭിക്കുന്നില്ല എന്നും വിനോദ് അഡാനിയാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത് എന്നതിന്റെ തെളിവാണ് ഇതെന്നും പ്രശാന്ത് ഭൂഷണ്‍ മറുപടി നല്‍കി. ഇത്രവര്‍ഷമായിട്ടും സെബിക്ക് മാത്രം എന്തുകൊണ്ട് റിപ്പോര്‍ട്ട് ലഭിക്കുന്നില്ല. വിദേശത്തെ അഡാനിയുടെ ഓഹരികളില്‍ ഏറെയും നിയന്ത്രിച്ചിരുന്നത് വിനോദ് അഡാനിയാണെന്നും ഭൂഷണ്‍ വാദിച്ചു.

2014ല്‍ വിവരങ്ങള്‍ ലഭിച്ചിട്ടും നടപടി എടുക്കാതിരുന്ന സെബിയുടെ പങ്ക് സംശയാസ്പദമാണെന്ന് ഭൂഷണ്‍ വാദിച്ചു. സെബിയുടെ കോര്‍പ്പറേറ്റ് ഗവേണൻസ് കമ്മിറ്റിയില്‍ ഗൗതം അ‍‍‍ഡാനിയുടെ മകന്റെ ഭാര്യാപിതാവായ സിറില്‍ ഷ്രോഫ് അംഗമാണെന്ന് പരാതിക്കാരില്‍ ഒരാളായ അനാമിക ജെയ്സ്വാള്‍ ചൂണ്ടിക്കാട്ടി. വിദഗ്ധ സമിതിയില്‍ അഭിഭാഷകൻ സോമശേഖര്‍ സുന്ദരേശനെയും ജസ്റ്റിസ് ഒ പി ഭട്ടിനെയും ഉള്‍പ്പെടുത്തിയതിലും ആശങ്ക രേഖപ്പെടുത്തി. സുന്ദരേശൻ അഭിഭാഷകനായിരിക്കേ അഡാനിക്കു വേണ്ടി വാദിച്ചിട്ടുണ്ട്. ജസ്റ്റിസ് ഭട്ട് അഡാനി ഗ്രൂപ്പുമായി പങ്കാളിത്തമുണ്ടായിരുന്ന കമ്പനിയുടെ ചെയര്‍മാൻ ആയിരുന്നെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

അന്വേഷണം പൂര്‍ത്തിയായെന്ന് സെബി

ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളില്‍ അഡാനി ഗ്രൂപ്പിനെതിരായ അന്വേഷണം ഏകദേശം പൂര്‍ത്തിയായതായി സെബി സുപ്രീം കോടതിയില്‍. സമയം ദീര്‍ഘിപ്പിച്ച് നല്‍കണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും 24 കേസുകളില്‍ 22 എണ്ണം അന്വേഷിച്ച് കഴിഞ്ഞതായും ബാക്കി രണ്ടെണ്ണത്തില്‍ വിദേശത്തെ ഓഹരി നിയന്ത്രകരില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാകേണ്ടതുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളില്‍ അഡാനി ഗ്രൂപ്പിനെ വെള്ളപൂശിക്കൊണ്ടുള്ളതായിരുന്നു സെബിയുടെ ഇടക്കാല റിപ്പോര്‍ട്ട്. ഓഹരിവിലയില്‍ കൃത്രിമം കാട്ടിയെന്ന ആരോപണത്തില്‍ സെബിക്ക് കൂടുതല്‍ കണ്ടെത്തലുകള്‍ നടത്താനായിരുന്നില്ല. ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളിലേക്കുള്ള റിലേറ്റഡ് പാര്‍ട്ടി ഇടപാടുകള്‍ മറച്ചുവച്ചുവെന്ന ആരോപണം മാത്രമാണ് സെബി റിപ്പോര്‍ട്ടിലും പ്രതിപാദിച്ചിട്ടുള്ളത്. ഇതാകട്ടെ പിഴയടച്ച് തലയൂരാന്‍ കഴിയുന്നതുമാണ്.

Eng­lish Summary:Adani-Hindenburg Report; SEBI inves­ti­ga­tion farce
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.