19 December 2024, Thursday
KSFE Galaxy Chits Banner 2

അധികാരത്തിന്റെ പാറാവിൽ അഴിമതിയുടെ കൊടുമുടികൾ

Janayugom Webdesk
September 10, 2023 5:00 am

ദുരൂഹമായ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അഡാനി ഗ്രൂപ്പ് നിരന്തരം പ്രതിക്കൂട്ടിലാകുകയാണ്. സ്വന്തം കമ്പനികളിൽ ദശലക്ഷക്കണക്കിന് ഡോളർ രഹസ്യ വിദേശ സംവിധാനങ്ങളിലൂടെ സമാഹരിച്ചതടക്കമുള്ള വസ്തുതകൾ വിവരിക്കുന്ന ആഗോള ശൃംഖലാ റിപ്പോർട്ട് അതീവ ഗൗരവമുള്ളതാണ്. ‘കുറ്റകൃത്യവും അഴിമതിയും കലർന്ന റിപ്പോർട്ടിങ് പദ്ധതി’, ‘പുതുക്കിയ ആരോപണങ്ങൾ’, ’ ഹിൻഡൻബർഗ് റിപ്പോർട്ട് പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം’ എന്നിങ്ങനെ നിസാരവല്‍ക്കരിച്ച് തടിയൂരാനായിരുന്നു അഡാനി ഗ്രൂപ്പിന്റെ ആദ്യ ശ്രമം. എന്നാൽ, ദ ഗാർഡിയനും ഫിനാൻഷ്യൽ ടൈംസും പ്രസിദ്ധീകരിച്ച ദി ഓർഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ട് (ഒസിസിആർപി) വെളിപ്പെടുത്തലുകള്‍ 10 അഡാനി ഗ്രൂപ്പിന്റെ ഓഹരികളുടെ വിപണി മൂല്യത്തിൽ 35,210 കോടി രൂപയുടെ ഇടിവ് വരുത്തി. ഗ്രൂപ്പ് സ്ഥാപകൻ ഗൗതം അഡാനിയുടെ മൂത്ത സഹോദരൻ വിനോദ് അഡാനിയും കൂട്ടാളികളും ചേർന്ന് അഡാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ ഇടപാട് നടത്തുന്നതിനായി ബർമുഡ കേന്ദ്രീകരിച്ച് വിദേശ ഫണ്ടിങ് സംവിധാനം സൃഷ്ടിക്കുകയായിരുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ നാസർ അലി ഷബൻ അഹ്‌ലി, തായ്‌വാനിലെ ചാങ് ചുങ്-ലിങ് എന്നിവർ അഡാനി കുടുംബവുമായുള്ള തങ്ങളുടെ വ്യാവസായിക ഇടപാടുകൾ മറച്ചുവച്ച് ഗ്ലോബൽ ഓപ്പർച്യുണിറ്റീസ് ഫണ്ട് ഉപയോഗിച്ച് അഡാനി ഓഹരികളിൽ വ്യാപാരം നടത്തി.


ഇത് കൂടി വായിക്കൂ: ഗവര്‍ണര്‍മാരുടെ അമിതാധികാര പ്രവണതയെ കൂട്ടായി ചെറുക്കണം | JANAYUGOM EDITORIAL


2010ലായിരുന്നു ഇത്തരം കള്ളക്കളികളുടെ തുടക്കം. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) 2014ൽ ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്ക് (സെബി) കത്തയച്ചതായും റിപ്പോർട്ടുകളുണ്ട്. വിദേശ സ്ഥാപനങ്ങളുടെ സംശയാസ്പദമായ വ്യാപാര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 2020 അവസാനത്തോടെ അഡാനി ഗ്രൂപ്പിനെതിരെ അന്വേഷണം ആരംഭിച്ചതായി സെബി സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ ഡിആർഐ ചൂണ്ടിക്കാട്ടിയ സൂചനകളും തുടർഫലങ്ങളും ചേർത്ത് ഗൗരവമായ അന്വേഷണം നടന്നോ എന്ന ചോദ്യം ബാക്കിയാണ്. വിദേശത്തേക്കുള്ള ഫണ്ട് കൈമാറ്റം, ബന്ധപ്പെട്ട വ്യാവസായിക ഇടപാടുകൾ, വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ വഴിയുള്ള നിക്ഷേപങ്ങൾ തുടങ്ങിയ ആരോപണങ്ങളാണ് നിലനിൽക്കുന്നത്. ‘ഒരു സ്വതന്ത്ര വിധിനിർണയ അധികാര സംവിധാനവും അപ്പീൽ ട്രിബ്യൂണലും ഓഹരികളുമായി ബന്ധപ്പെട്ട് അമിത മൂല്യനിർണയം നടന്നിട്ടില്ലെന്നും ഇടപാടുകൾ നിയമ വിധേയമെന്നും സ്ഥിരീകരിച്ചു, ’ അഡാനി ഗ്രൂപ്പിന്റെ നിലപാട് ഇങ്ങനെയായിരുന്നു. ഏതെങ്കിലും ഫണ്ടിന് പ്രൊമോട്ടർമാരുടെ പൊതുവായ ഉടമസ്ഥതയുണ്ടെങ്കിൽ, ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള ഓഹരികൾ പ്രൊമോട്ടർ ഗ്രൂപ്പിൽ ഉൾപ്പെടുത്തും. ഇതാണ് നിലനിൽക്കുന്ന നിയമം. ഇതിന്റെ അടിസ്ഥാനത്തിൽ അഡാനി ഗ്രൂപ്പിന്റെ വാദങ്ങൾ പൊളിയെന്ന് ആവർത്തിച്ച് ബോധ്യപ്പെടുകയാണ്. ഒപ്പം എതിരായുള്ള ആരോപണങ്ങൾക്ക് പ്രസക്തിയേറുകയും ചെയ്യുന്നു.
2014 മുതൽ, അഡാനി ഗ്രൂപ്പിന്റെ ശക്തിയും സ്വാധീനവും കുതിച്ചുയർന്നത് പകൽപോലെ സത്യമാണ്. തുറമുഖങ്ങൾ, വൈദ്യുത നിലയങ്ങൾ, വൈദ്യുതോല്പാദനം, കൽക്കരി ഖനികൾ, ഹൈവേകൾ, ഊർജ പാർക്കുകൾ, ചേരി പുനർവികസനം, വിമാനത്താവളങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ലാഭകരമായ കരാറുകൾ കമ്പനി സ്വന്തമാക്കി. വിമാനത്താവളങ്ങൾ, കൽക്കരി തുടങ്ങിയ മേഖലകളിൽ അഡാനി ഗ്രൂപ്പ് കമ്പനികളുടെ വളർച്ചക്ക് അതിവേഗം നേടാനുതകുന്ന രീതിയിൽ നിയമങ്ങൾ ഭേദഗതി ചെയ്യപ്പെട്ടു. അഡാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം 2013ൽ ഏകദേശം എട്ടു ദശലക്ഷം ഡോളറായിരുന്നു. ഇത് 2022 സെപ്റ്റംബറിലെ കണക്കുകളിൽ 288 ദശലക്ഷം ഡോളറായി പെരുകി.


ഇത് കൂടി വായിക്കൂ: ഫാസിസം ആഗ്രഹിക്കുന്നത് ചൊല്‍പ്പടിക്കാരെ മാത്രം | JANAYUGOM EDITORIAL


ന്യൂയോർക്ക് സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് ജനുവരിയിൽ ഇതുമായി ബന്ധപ്പെട്ട് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു, അഡാനി ഗ്രൂപ്പിനെ ‘കോർപറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പിന്റെ കൊടുമുടി’ എന്ന് ആരോപിച്ചു. ഹിൻഡൻബർഗ് വിവരണത്തിന്റെ വിവിധ വശങ്ങൾ പരിശോധിക്കാൻ ഫെബ്രുവരിയിൽ സമർപ്പിച്ച റിട്ട് ഹർജി പരിഗണിച്ച് സുപ്രീം കോടതി ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു. 2016നും 2020നും ഇടയിൽ മിനിമം പബ്ലിക് ഷെയർഹോൾഡിംങ് (എംപിഎസ്) സംബന്ധിച്ച് അഡാനി ഗ്രൂപ്പ് നടത്തിയ മാനദണ്ഡങ്ങളുടെ ലംഘനത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് സെബി പറഞ്ഞു. എംപിഎസ് മാനദണ്ഡങ്ങളെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയായിട്ടില്ലെന്നും വിശദീകരിച്ചു. വിവരങ്ങൾക്കായി സെബിക്ക് വിദേശത്തടക്കം സമാന സംവിധാനങ്ങളുമായി ബന്ധപ്പെടേണ്ടി വന്നത് കാരണമായി പറഞ്ഞു. അതിനിടെ, സ്വന്തം ഓഹരികൾ വാങ്ങി ഇന്ത്യൻ ഓഹരി വിപണിയിൽ കോടിക്കണക്കിന് ഡോളർ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ഒക്കചങ്ങാത്തമുള്ള അഡാനി കുടുംബം നിക്ഷേപിച്ചതായും തെളിവുകൾ പുറത്തുവന്നു. ഇന്ത്യയിലെ വലുതും ശക്തവുമായ വ്യവസായ കുത്തകകളിൽ ഒന്നായി മാറുന്ന സമയത്ത് അഡാനി ഗ്രൂപ്പിന്റെ കമ്പനികളിൽ ഓഹരി സ്വന്തമാക്കാൻ അഡാനി കുടുംബത്തിന്റെ സഹകാരികൾ വർഷങ്ങൾ വിവേകത്തോടെ ചെലവഴിച്ചിട്ടുണ്ടാകാം. ഇക്കാര്യത്തിൽ വിദേശ ഇടപാട് സംവിധാനങ്ങളിൽ നിന്നടക്കമുള്ള വാദമിതാണ്. 2022 എത്തിയപ്പോൾ അഡാനി ഗ്രൂപ്പിന്റെ സ്ഥാപകൻ ഗൗതം അഡാനി 120 ദശലക്ഷം പൗണ്ടുമായി ഇന്ത്യയിലെ ഏറ്റവും വലിയ ധനികനും ലോകത്തിലെ മൂന്നാമത്തെ സമ്പന്നനുമായി എന്നതുതന്നെ യാഥാർത്ഥ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.