17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 12, 2024
November 10, 2024
October 26, 2024
October 16, 2024
October 9, 2024
September 13, 2024
September 4, 2024
August 26, 2024
August 14, 2024

എൻഡിടിവിയെ അഡാനി വിഴുങ്ങുന്നത് ഭയക്കണം

പ്രത്യേക ലേഖകന്‍
August 30, 2022 5:30 am

രാജ്യത്തെ മാധ്യമങ്ങളെ മുഴുവൻ വിഴുങ്ങുന്നതിനുള്ള അജണ്ട മോഡി — അമിത് ഷാ ദ്വയങ്ങളുടെ ഒത്താശയോടെ രൂപപ്പെട്ടതാണ്. പല മാർഗങ്ങളിലൂടെയാണ് അവർ അത് ചെയ്തുകൊണ്ടിരിക്കുന്നത്. പ്രഥമമായത് വിലയ്ക്കെടുക്കുക എന്നതുതന്നെയാണ്. രണ്ടാമത്തേത് ഭീഷണിപ്പെടുത്തി വരുതിയിലാക്കുക, അതിനു തയാറാകാത്തവരെ നിരന്തരം വേട്ടയാടുന്നതിന് കേന്ദ്ര ഏജൻസികളെ വളർത്തു മൃഗങ്ങളെ പോലെ ഉപയോഗിക്കുക. ചെല്ലും ചെലവും നല്കി പുതിയ മാധ്യമ സംരംഭങ്ങളുണ്ടാക്കി തങ്ങളുടെ എതിരാളികൾക്കുനേരെ കുരയ്ക്കാനും കടിക്കാനും പറഞ്ഞയക്കുക എന്നതാണ് മറ്റൊരു രീതി. എല്ലാത്തിനും സമീപകാല ഇന്ത്യയിൽ തന്നെ ഉദാഹരണങ്ങള്‍ നിരവധിയുണ്ട്.
പരമ്പരാഗത മാധ്യമപ്രവർത്തന രീതി ഉപേക്ഷിച്ച ചാനലുകളും അച്ചടി മാധ്യമങ്ങളും വിലയ്ക്കെടുക്കപ്പെട്ടതിനുള്ള ഉദാഹരണങ്ങള്‍ കേരളത്തിൽപോലുമുണ്ട്. സ്വതന്ത്രവും നിഷ്പക്ഷവുമെന്നൊക്കെ മുഖമുദ്രാവാക്യമായി എഴുന്നള്ളിക്കുന്നുണ്ടെങ്കിലും പ്രകടമായ സംഘ്പരിവാർ പക്ഷപാതിത്വം വാർത്തകളിലും ചർച്ചകളിലും നിറഞ്ഞുനില്‍ക്കുന്നു.
രണ്ടാമത്തെ രീതി വേട്ടയാടിപ്പിടിക്കുക എന്നതാണ്. കഴിഞ്ഞ വർഷം ഒടുവിൽ പുറത്തുവന്ന കണക്കുകളനുസരിച്ച് ആഗോളതലത്തിൽ ജയിലിൽ അടയ്ക്കപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 293 ആയിരുന്നു. 23 പേർ കൊല്ലപ്പെടുകയും ചെയ്തു. അതിനു മുൻവർഷം 280 ആയിരുന്നു എണ്ണം. തുടർച്ചയായി ആറാം വർഷമാണ് എണ്ണം 250ന് മുകളിൽ നില്ക്കുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 2021ലും അതിന് മുമ്പുമായി ജയിലിൽ അടയ്ക്കപ്പെട്ട ഏഴു പേരുകളാണ് ഇന്ത്യയിൽ നിന്ന് പ്രസ്തുത പട്ടികയിൽ ഉള്‍പ്പെട്ടിട്ടുള്ളത്. സിദ്ദീഖ് കാപ്പൻ, മനൻ ഗുൽസാർ, ആസിഫ് സുൽത്താൻ, രാജീവ് ശർമ, തൻവീർ വാർസി, ഗൗതം നവ്‌ലാഖ, ആനന്ദ് തെൽതുംബ്ഡെ എന്നിവരായിരുന്നു അവർ. ഇതിൽ ചിലർ വർഷങ്ങളായി ജയിലിൽ കഴിയുന്നവരാണ്. ഈ വർഷം അര‍ ഡസനിലധികം പേരാണ് കേന്ദ്ര ഏജൻസികളുടെ വേട്ടയാടലിന് ഇരയായി ജയിലിൽ അടയ്ക്കപ്പെട്ടത്. അവരിൽ പലർക്കും കോടതിയുടെ കനിവിൽ ജാമ്യം ലഭിക്കുകയുണ്ടായി.


ഇതുകൂടി വായിക്കൂ; അഡാനി കുംഭകോണം മറനീക്കുന്നു


2010മുതലുള്ള പത്തുവർഷത്തിനിടെ രാജ്യത്ത് 154 മാധ്യമപ്രവർത്തകർ അറസ്റ്റ്, ജയിൽവാസം, ചോദ്യം ചെയ്യൽ എന്നിവയ്ക്ക് ഇരയായതിൽ 40 ശതമാനവും 2020ൽ മാത്രമായിരുന്നു, 67 പേർ. 2020നുള്ള പ്രത്യേകത ഇവിടെ ഓർക്കേണ്ടതുണ്ട്. 2019ലാണ് നരേന്ദ്രമോഡി സർക്കാരിന്റെ ഏറ്റവും പിന്തിരിപ്പനായ രണ്ട് സുപ്രധാന ഭരണ നടപടികളുണ്ടായത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയുടെ അനുച്ഛേദം 370 എടുത്തുകളഞ്ഞ് പുതിയ ഭേദഗതിയുണ്ടായി. അതേവർഷംതന്നെയാണ് പൗരത്വ ഭേദഗതി നിയമവും മുന്നോട്ടുവയ്ക്കപ്പെട്ടത്. മറ്റെല്ലാത്തിനുമെതിരെ എന്നതുപോലെയല്ല, അതിനെക്കാൾ തീക്ഷ്ണമായ ചെറുത്തുനില്പ് എല്ലാ കോണുകളിൽ നിന്നുമുണ്ടായത് ആ വർഷം ഒടുവിലും 2020 ആദ്യവുമായിരുന്നു. സംഘ്പരിവാർ വിരുദ്ധ മാധ്യമങ്ങൾ ആ ചെറുത്തുനില്പിനോട് കൂടെ നിന്നവരാണ്. 2020നുള്ള മറ്റൊരു പ്രത്യേകത, ലോകത്തെ പല വൻകിട രാജ്യങ്ങൾക്കുമൊപ്പം കോവിഡ് മഹാമാരി നേരിട്ടതിലുള്ള വീഴ്ചയുടെ പേരിൽ മോഡി സർക്കാർ ശക്തമായ മാധ്യമ വിചാരണ നേരിട്ട വർഷം കൂടിയായിരുന്നു എന്നതാണ്. അതുകൊണ്ടുതന്നെയാണ് ഏറ്റവും അധികം മാധ്യമപ്രവർത്തകർ ആ വർഷം വേട്ടയാടപ്പെട്ടത്.


ഇതുകൂടി വായിക്കൂ; അഡാനി ഗ്രൂപ്പ് മാധ്യമ വ്യവസായത്തിലേക്ക്


ചെല്ലും ചെലവും നല്കിയുണ്ടാക്കുന്ന മാധ്യമ സ്ഥാപനങ്ങളിൽ പ്രമുഖമായെടുത്തു പറയാൻ സാധിക്കുന്നത് റിപ്പബ്ലിക് ടിവി പോലുള്ള സംരംഭങ്ങളെയാണ്. പുതിയ കാലത്ത് അച്ചടി ദൃശ്യമാധ്യമങ്ങൾക്കപ്പുറം ഏറ്റവും വിപുലമായ വിവര — വാർത്താ വിതരണ വേദിയാണ് സമൂഹമാധ്യമങ്ങൾ. നൂറുക്കണക്കിന് പുതിയ സമൂഹമാധ്യമങ്ങളാണ് പിറവിയെടുക്കുന്നത്. മഹാഭൂരിപക്ഷത്തിനും സംഘ്പരിവാർ അനുകൂല നിലപാടാണെന്നതിൽ നിന്ന് ഇവയെല്ലാം ഒരേ കേന്ദ്രത്തിൽ നിന്നുള്ള തീരുമാനത്തെ തുടർന്ന് രൂപപ്പെടുന്നുവെന്ന് ന്യായമായും കരുതാവുന്നതാണ്. ദി വയർ, ദി ക്വിന്റ്, ന്യൂസ് ക്ലിക്ക് ഉൾപ്പെടെ ഇപ്പോഴും വരുതിയിലാക്കുന്നതിന് സാധിക്കാത്ത എത്രയോ ഓൺലൈൻ മാധ്യമ സ്ഥാപന മേധാവികളെ കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത സ്വത്ത്സമ്പാദനം തുടങ്ങി പല പേരുകളിൽ ഇഡി, സിബിഐ, ആദായ നികുതി വകുപ്പ് തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ചു വേട്ടയാടുന്നതിനും നാം സാക്ഷികളാകുന്നുണ്ട്.
ഇതിലൊന്നും ഉൾപ്പെടുത്താനാകാതിരുന്നതിനാലാണ് ന്യൂഡൽഹി ടെലിവിഷൻ ലിമിറ്റഡി (എൻഡിടിവി) നെ ചതി പ്രയോഗത്തിലൂടെ സ്വന്തമാക്കുന്നതിന് ഇപ്പോൾ ഗൗതം അഡാനി തുനി‍ഞ്ഞിറങ്ങിയിരിക്കുന്നത്. പ്രമുഖ മാധ്യമപ്രവർത്തകരായ പ്രണോയ് റോയിയുടെയും രാധിക റോയിയുടെയും ഉടമസ്ഥതയിലുള്ള എൻഡിടിവി സ്വന്തമാക്കാനുള്ള ശ്രമങ്ങൾ വർഷങ്ങളായി അഡാനി നടത്തിവരികയായിരുന്നു. അഡാനിയുടെ വ്യാപാര സാമ്രാജ്യം പ്രതിസന്ധിയുടെ നടുവിലാണെന്നും മോഡിയുടെ പിൻബലത്തോടെ നേടിയെടുക്കുന്ന വായ്പകൾകൊണ്ടാണ് നിലനില്ക്കുന്നതെന്നും ഫിച്ച് റേറ്റിങ്ങിന്റെ അനുബന്ധ സ്ഥാപനമായ ക്രെഡിറ്റ്സൈറ്റ്സ് റിപ്പോർട്ട് പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. അതുകൊണ്ടുതന്നെ മോഡിയുടെ ഒത്താശയോടെയും സാമ്പത്തിക സഹായത്തോടെയുമാണ് അഡാനിയുടെ നീക്കമെന്ന് മനസിലാക്കുന്നതിന് വലിയ ബുദ്ധി ആവശ്യമില്ല.


ഇതുകൂടി വായിക്കൂ; മഹാമാരിക്കു മുമ്പിലും മനസിലിരിപ്പ് കോര്‍പ്പറേറ്റ് പ്രീണനം


എന്തെല്ലാം എതിർപ്പുകളും വളഞ്ഞിട്ടാക്രമണങ്ങളും ഉണ്ടായപ്പോഴും പ്രതിബദ്ധതയും നിഷ്പക്ഷതയും ഉപേക്ഷിക്കുവാൻ തയാറായില്ലെന്നതാണ് എൻഡിടിവിയുടെ പ്രാധാന്യം. അതിന്റെ പാത പിൻപറ്റി നിരവധി മാധ്യമങ്ങൾ ഇപ്പോഴും സ്വതന്ത്ര പത്രപ്രവർത്തനത്തിൽ ഉറച്ചുനില്ക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ എൻഡിടിവിയെ വിഴുങ്ങുകയെന്നത് സംഘ്പരിവാറിന്റെയും അതിലൂടെ മോഡിയുടെയും എക്കാലത്തെയും സ്വപ്നമാണ്. അതാണിപ്പോൾ വളഞ്ഞ വഴിയിലൂടെ നടപ്പിലാക്കുവാൻ ശ്രമിക്കുന്നത്. അഡാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ (എഇഎൽ) ഉടമസ്ഥതയിലുള്ള വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് (വിസിപിഎൽ) വഴിയാണ് 29.18 ശതമാനം ഓഹരികൾ അഡാനി ഗ്രൂപ്പ് വാങ്ങുന്നത്. എൻഡിടിവിയുടെ വായ്പാവേളയിൽ സഹായി ആയെത്തിയ സംരംഭത്തെ സ്വന്തമാക്കി വളഞ്ഞ വഴിയിലൂടെയാണ് 29.18 ശതമാനം ഓഹരി അഡാനി കൈക്കലാക്കുന്നത്. അനുമതിയില്ലാതെ ഓഹരികൾ സ്വന്തമാക്കാനുള്ള അഡാനിയുടെ നീക്കത്തിനെതിരെ എൻഡിടിവി നിയമ പോരാട്ടത്തിനൊരുങ്ങുകയാണ്.
ഇപ്പോഴത്തെ സാഹചര്യത്തിൽ എൻഡിടിവി പോലൊരു സ്വതന്ത്രമാധ്യമ സ്ഥാപനത്തെ കൂടി അഡാനിക്കു വിഴുങ്ങുവാനായാൽ ഇന്ത്യയിലെ സാധാരണ മനുഷ്യരുടെ പ്രതീക്ഷകളാണ് തകർക്കപ്പെടുക. കാരണം അവരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുവാനും പോരാട്ടങ്ങളെ പിന്തുണയ്ക്കുവാനും നമുക്ക് അധികം മാധ്യമങ്ങളില്ല. അതുകൊണ്ടുതന്നെ എൻഡിടിവിയെ വിഴുങ്ങുവാനുള്ള അഡാനിയുടെ നീക്കം ഭയപ്പാടോടെ വേണം നാം കാണേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.