1. കൈതേപ്പാലം മൃഗാശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയായ പി ഒ സതിയമ്മയെ ജോലിയിൽ നിന്ന് മാറ്റിയത് പരാതിയുടെ അടിസ്ഥാനത്തിലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ആളുമാറിയാണ് സതിയമ്മ ജോലി ചെയ്‌തതെന്നും ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്‌തതെന്നും മന്ത്രി പറഞ്ഞു. ജിജിമോൾ എന്ന ആളുടെ പേരിലാണ് സതിയമ്മ ജോലി ചെയ്‌തത്. ഒരാഴ്‌ച മുമ്പാണ് സതി അമ്മയ്ക്കെതിരെ പരാതി വന്നത്. പുറത്താക്കിയത് പ്രതികാരനടപടിയോ, പിന്നിൽ രാഷ്ട്രീയമോ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
2. മലപ്പുറം തുവ്വൂരില്‍ കാണാതായ സുജിതയുടെ മൃതദേഹം യൂത്ത് കോൺഗ്രസ് തുവ്വൂർ മണ്ഡലം സെക്രട്ടറിയുടെ വീടിന്റെ മുറ്റത്തെ മെറ്റലിട്ടുമൂടിയ കുഴിയിൽനിന്ന് കണ്ടെത്തി. മൃതദേഹം കൈയ്യും കാലും ബന്ധിച്ച് പ്ലാസ്റ്റിക്കവറില്‍ പൊതിഞ്ഞ നിലയിലെന്ന് മലപ്പുറം എസ് പി വ്യക്തമാക്കി. കൊലപാതകത്തിൽ മുഖ്യപ്രതി വിഷ്ണു ഉൾപ്പെടെ ഇയാളുടെ രണ്ട് സഹോദരങ്ങളും സുഹൃത്തും പിതാവുമാണ് അറസ്റ്റിലായി. കഴിഞ്ഞ 11ന് കാണാതായ പള്ളിപ്പറമ്പിലെ മാങ്കുത്ത് മനോജ് കുമാറിന്റെ ഭാര്യ സുജിതയെ കാണാതായത്.
3. ജനവാസ മേഖലയില്‍ വീണ്ടും പടയപ്പയിറങ്ങി. മറയൂര്‍ ചട്ട മൂന്നാറിലാണ് കാട്ടാന ഇറങ്ങിയത്. ലയങ്ങളോട് ചേര്‍ന്നുള്ള പ്രദേശത്താണ് ആന എത്തിയത്. മറയൂര്‍ മൂന്നാര്‍ അന്തര്‍ സംസ്ഥാന പാതയില്‍ ഇറങ്ങിയ കാട്ടാന മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കഴിഞ്ഞ ഒന്നര മാസമായി പടയപ്പ മറയൂര്‍ മേഖലയിലാണ് തമ്പടിച്ചിരിക്കുന്നത്.
4. കണ്ണൂരില്‍ യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. പുതിയങ്ങാടി സ്വദേശി പി കെ ഫവാസ് (27) ആണ് മരിച്ചത്. ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെ കണ്ണപുരത്ത് വെച്ചായിരുന്നു അപകടം. പയ്യന്നൂരില്‍ ഇറങ്ങേണ്ട ഫവാസ് ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് കണ്ണപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
5. പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഇ ഡി ഇന്ന് ചോദ്യം ചെയ്യും.കഴിഞ്ഞ 18ന് ഹാജരാകാന്‍ സുധാകരനോട് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അന്ന് ഹാജരായിരുന്നില്ല.തുടര്‍ന്ന് ഇന്ന് ഹാജരാകാന്‍ കെ സുധാകരന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. മോന്‍സണില്‍ നിന്ന് കെ സുധാകരന്‍ 10 ലക്ഷം രൂപ കൈപ്പറ്റി എന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍ .ഇതില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ ഡി അന്വേഷിക്കുന്നത്.
6. ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ കടൽക്കൊള്ളക്കാരുടെ ആക്രമണം. ആഴക്കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന തമിഴ്നാട് നാഗപട്ടണം സ്വദേശികളായ മത്സ്യത്തൊഴിലാളികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ 7 പേർക്ക് പരിക്കേറ്റു. മൂന്ന് ബോട്ടുകളിലായി നടുക്കടലിലെത്തി 9 ശ്രീലങ്കൻ കടൽക്കൊള്ളക്കാരാണ് ആക്രമണം നടത്തിയതെന്നാണ് വിവരം
7. സിപിഐ എം പഠനഗവേഷണ കേന്ദ്രമായ ഹർകിഷൻ സിങ് സുർജിത്ത് ഭവനിൽ പാർടി ക്ലാസിനും വിലക്ക്. ഡൽഹി പൊലീസാണ് വിലക്ക് ഏർപ്പെടുത്തിയത്. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കേണ്ട പരിപാടി തടയാനാണ് പൊലീസ് നീക്കം. ജി 20 യുടെ പേരിലാണ് വിലക്ക്. പാർടി ക്ലാസുകൾ നടത്താനാവില്ലെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം സുർജിത്ത് ഭവനിൽ ‘ജി 20’ ക്കെതിരെ സംഘടിപ്പിച്ച ‘വി 20’ സെമിനാർ നടത്തുന്നത് പൊലീസ് തടഞ്ഞിരുന്നു.
8. ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ ജയ്ശ്രീറാം മുദ്രാവാക്യം വിളികളോടെ പളളിക്കകത്തേക്ക് കടന്ന് ഹിന്ദുത്വ അക്രമി സംഘം .ബൈബില്‍ കീറാന്‍ ശ്രമിക്കുകയും സ്ത്രീകളടക്കമുള്ള വിശ്വാസികളെ വടികൊണ്ട് ആക്രമിക്കുകയും ചെയ്തു. ജിടിബി എന്‍ക്ലേവിലെ ചര്‍ച്ചില്‍ ഞായറാഴ്ചയാണ് അക്രമമുണ്ടായത്. 20 അംഗ സംഘം പള്ളിയിലെത്തി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് പരാതി. ഞായറാഴ്ച രാവിലെ 10.40 മണിക്ക് പ്രാര്‍ഥനാ യോഗത്തിനിടെയാണ് സംഭവമെന്ന് ചര്‍ച്ചിലെ പാസ്റ്റര്‍ സത്പാല്‍ ഭാട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.ആര്‍എസ്എസിന്റെയും ബജ്‌റംഗ്ദളിന്റെയും പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് പാസ്റ്റര്‍ പറയുന്നു.
9. സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു ഗ്രാമിന് 5,420 രൂപയിലും പവന് 43,360 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്. അഞ്ചുദിവസമായി ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 5,410 രൂപയിലും പവന് 43,280 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് സ്വർണവില ഉയർന്നത്.
10. 2008 ലെ മുംബൈ ഭീകരാക്രമണത്തിൽ വിചാരണ നേരിടുന്ന പാകിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവുർ റാണയെ ഇന്ത്യയിലേക്ക് കൈമാറുന്നത് തടഞ്ഞുകൊണ്ട് യു.എസ് കോടതി ഉത്തരവിട്ടു. റാണയെ ഇന്ത്യക്ക് കൈമാറാൻ നിയമനടപടികൾ സ്വീകരിച്ചു വരികയായിരുന്നു. സെൻട്രൽ ഡിസ്ട്രിക്റ്റ് ഓഫ് കാലിഫോർണിയയിലെ യു.എസ് ഡിസ്ട്രിക്റ്റ് കോടതി ഉത്തരവിനെതിരെ 62 കാരനായ റാണ ഒമ്പതാം സർക്യൂട്ട് കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.
തുടർന്നാണ് സെൻട്രൽ കാലിഫോർണിയയിലെ യു.എസ് ഡിസ്ട്രിക്റ്റ് കോടതിയിലെ ജഡ്ജി ഡെയ്ൽ എസ് ഫിഷർ വിധി പുറപ്പെടുവിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.