
ബിഹാറില്‍ പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിന് (എസ്ഐആര്‍) ശേഷം 83 ലക്ഷം വോട്ടര്‍മാരെ ഒഴിവാക്കിയതായി കണ്ടെത്തി. സര്‍ക്കാരിന്റെ ഔദ്യോഗിക ജനസംഖ്യാ രജിസ്റ്ററുമായി പരിശോധിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാകുന്നത്. രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ പട്ടിക സംസ്ഥാനത്തെ യോഗ്യരായ മുതിര്‍ന്ന ജനസംഖ്യയിലേക്ക് എത്തിക്കുക എന്നതാണ് ബിഹാറിലെ എസ്ഐആര്‍ ഉള്‍പ്പെടെയുള്ള ഏതൊരു വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെയും ഉദ്ദേശം. ഓരോ മുതിര്‍ന്ന പൗരനും വോട്ട് ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 100% വോട്ടര്‍-ജനസംഖ്യ അനുപാതമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ അതിന് വിപരീതമായ കാര്യമാണ് ബിഹാറില്‍ നടന്നത്.
2025 ജൂലൈയില്‍ 18 വയസും അതില്‍ കൂടുതലുമുള്ള പൗരന്മാരുടെ ജനസംഖ്യ 8.18 കോടിയാകുമെന്ന് ബിഹാര്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നേരത്തെ പ്രവചിച്ചിരുന്നു. ജൂണ്‍ 24ന് യഥാര്‍ത്ഥ വോട്ടര്‍ പട്ടികയില്‍ 7.89 കോടി വോട്ടര്‍മാരുണ്ടായിരുന്നു. എസ്ഐആര്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സംസ്ഥാനത്തെ യോഗ്യരായ മുതിര്‍ന്നവരുടെ എണ്ണവും രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ എണ്ണവും തമ്മില്‍ 29 ലക്ഷത്തിന്റെ വ്യത്യാസമുണ്ടായിരുന്നെന്ന് ഈ ഡാറ്റ സൂചിപ്പിക്കുന്നു. ഇത് പരിഹരിക്കുകയായിരുന്നു എസ്ഐആര്‍ ലക്ഷ്യം. ഒരു സംസ്ഥാനത്തെയും യോഗ്യരായ വോട്ടര്‍മാരുടെ ജനസംഖ്യ സ്ഥിരമല്ല. 2025ഓടെ ബിഹാറിലെ 27.50 ലക്ഷം പേര്‍ക്ക് 18 വയസ് പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പ്രവചിക്കുന്നു. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച 2025 ഒക്ടോബര്‍ ഒന്ന് ആയപ്പോഴേക്കും ഇവരില്‍ 20.62 ലക്ഷം പേര്‍ വോട്ട് ചെയ്യാന്‍ യോഗ്യരാകുമായിരുന്നു. അതിനാല്‍ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുകയും നിലവിലുള്ള വിടവ് നികത്തുകയും ചെയ്യുന്ന എസ്ഐആര്‍ 7.89 കോടി എന്ന പ്രാരംഭ കണക്കിനേക്കാള്‍ വലിയ സംഖ്യ അന്തിമ വോട്ടര്‍ പട്ടികയില്‍ എത്തിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ എസ്ഐആറിലെ അന്തിമ ഡാറ്റ ഇതിന് വിപരീതമായ ഫലമാണ് കാണിക്കുന്നത്. കഴിഞ്ഞ മാസം 30ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയില്‍ 7.42 കോടി വോട്ടര്‍മാരുണ്ട്. 47 ലക്ഷം പേരുടെ കുറവ്. കഴിഞ്ഞ ദശകങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ സമ്മതിദായകരുടെ എണ്ണം സ്ഥിരമായി ഉയര്‍ന്നിരുന്നെങ്കില്‍ ഇത്തവ കുറവാണുണ്ടായത്.
2025 ഒക്ടോബര്‍ ഒന്നിന് യോഗ്യരായ വോട്ടര്‍മാരുടെ ആകെ എണ്ണം 8.18 കോടി ആയിരിക്കും. ജൂലൈ മുതല്‍ 18 വയസ് തികഞ്ഞ ഏഴ് ലക്ഷം പേരൂടെ ചേരുമ്പോള്‍ ഇത് ഏകദേശം 8.25 കോടിയാകും എന്നാണ് സര്‍ക്കാരിന്റെ ജനസംഖ്യാ പ്രവചന കണക്ക് അനുസരിച്ചുള്ള കണക്ക്. എന്നാല്‍ അന്തിമപട്ടിക പ്രകാരം യഥാര്‍ത്ഥ വോട്ടര്‍മാര്‍ 7.42 കോടിയാണ്. അതായത് 83 ലക്ഷത്തിന്റെ കുറവ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.