19 November 2024, Tuesday
KSFE Galaxy Chits Banner 2

വീണ്ടും ഇഡിയെ കുറിച്ച്

Janayugom Webdesk
August 25, 2023 5:00 am

കേന്ദ്രാധികാരം കയ്യാളുന്ന ബിജെപി അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന ആരോപണം വിവിധ കോണുകളില്‍ നിന്നുയരുന്നുണ്ട്. അതിന് നിദാനമായ നിരവധി തെളിവുകള്‍ ഓരോ ദിവസവും പുറത്തുവരുന്നു. നേരിട്ടല്ലെങ്കിലും പരമോന്നത കോടതിക്ക് പോലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളുടെ പക്ഷപാതങ്ങളെയും അപഥനടപടികളെയും വിമര്‍ശിക്കേണ്ടിവന്നിട്ടുണ്ട്. രാഷ്ട്രീയ പ്രതികാരത്തിനും വഴിതെറ്റിയുള്ള സഞ്ചാരത്തിനും വ്യക്തമായ ഉദാഹരണമായിരിക്കുകയാണ് ഛത്തീസ്ഗഢിലെ മദ്യകുംഭകോണവുമായി ബന്ധപ്പെട്ട ഇഡി അന്വേഷണവും തുടര്‍നടപടികളും. സുപ്രീം കോടതിയെ പോലും വെല്ലുവിളിക്കുന്ന അവരുടെ നിലപാട് കഴിഞ്ഞ ദിവസം രൂക്ഷവിമര്‍ശനത്തിന് വിധേയമായി. ഇഡി സ്വയം നിയമസംവിധാനമായി മാറരുതെന്ന കടുത്ത പരാമര്‍ശം കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. ഈ വര്‍ഷം നവംബറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന, ബിജെപി ഇതര സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഢ്. ബിജെപി നേത‍ൃത്വത്തില്‍ രമണ്‍ സിങ് മുഖ്യമന്ത്രിയായ സര്‍ക്കാരിന്റെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും മനംമടുത്താണ് 2018ല്‍ ജനം കോണ്‍ഗ്രസിനെ ജയിപ്പിച്ചത്. കോണ്‍ഗ്രസിന്റേത് മെച്ചപ്പെട്ടതും അഴിമതിമുക്തവുമായ ഭരണമാണെന്ന് പറയാനാകില്ലെങ്കിലും തെരഞ്ഞെടുപ്പ് തൊട്ടരികെ എത്തിനില്‍ക്കുമ്പോള്‍ അഴിമതിക്കഥ മെനഞ്ഞ് ഇഡി അന്വേഷണമാരംഭിച്ചതും നടപടികള്‍ക്ക് വേഗം കൂട്ടുന്നതും ദുരുദ്ദേശ്യത്തോടെയാണ്. ഇഡി തന്നെ വിശദീകരിക്കുന്നതനുസരിച്ച് 2019 മുതല്‍ ആരംഭിച്ചതാണ് മദ്യനയത്തിന്റെ പേരിലുള്ള തട്ടിപ്പ്. 2022വരെയുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് പറഞ്ഞ് ഇഡി കേസ് ആരംഭിക്കുന്നതാകട്ടെ കഴിഞ്ഞ മേയ് മാസത്തിലും. പിന്നീട് നടപടികള്‍ക്ക് വേഗത കൂടുന്നു. മേയറും കോണ്‍ഗ്രസ് നേതാവുമായ ഇജാസ് ദേബറുടെ സഹോദരന്‍ അന്‍വര്‍ ദേബര്‍, സംസ്ഥാന മാര്‍ക്കറ്റിങ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ അരുണ്‍പതി ത്രിപാഠി തുടങ്ങിയ ഉദ്യോഗസ്ഥര്‍, ചില മദ്യ വ്യവസായികള്‍ എന്നിവരെ പ്രതികളാക്കി പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. കള്ളപ്പണം വെളുപ്പിക്കലിന്റെ പേരില്‍ പ്രസ്തുത റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് സംസ്ഥാന തലസ്ഥാനമായ റായ്‌പൂരിലെ എന്‍ഐഎ പ്രത്യേക കോടതിയിലായിരുന്നു. അത് സ്വാഭാവിക നടപടിയാണെന്ന് വേണമെങ്കില്‍ വാദിക്കാം.


ഇതുകൂടി വായിക്കൂ: അന്വേഷണ ഏജന്‍സികളെന്ന വളര്‍ത്തുജീവികള്‍


കേസില്‍ ഛത്തീസ്ഗഢ് സര്‍ക്കാരും കുറ്റാരോപിതരായ ചിലരും സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ തടഞ്ഞുള്ള ഉത്തരവുണ്ടായി. ജൂലൈ 18നായിരുന്നു ഇത്. പക്ഷേ സുപ്രീം കോടതി വിധിയെ മറികടക്കുന്നതിന് ഇഡി കണ്ടെത്തിയ പോംവഴി ഇതേ കേസില്‍ ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ മറ്റൊരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുക എന്നതായിരുന്നു. ഛത്തീസ്ഗഢ് കേസില്‍ വ്യാജ ഹോളോഗ്രാം നിര്‍മ്മിച്ചത് യുപിയിലെ ഗുരുഗ്രാമിലായിരുന്നു എന്നതിന്റെ പേരിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് ഇഡി യുപി പൊലീസിന് അപേക്ഷ നല്‍കിയത്. ജൂലൈ 28ന് അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 30ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നേരത്തെ സുപ്രീം കോടതി അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കിയ ഐഎഎസുകാരുള്‍പ്പെടെ ഉദ്യോഗസ്ഥരെയും വ്യക്തികളെയും പ്രതിചേര്‍ത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനാണ് ഇഡി കത്ത് നല്‍കിയത് എന്നതും യുപി പൊലീസ് അത് ധൃതിപിടിച്ച് നടത്തിയെന്നതും അവരുടെ ഗൂഢോദ്ദേശ്യം വെളിപ്പെടുത്തുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇഡിയുടെ പ്രസ്തുത നടപടിയാണ് ചൊവ്വാഴ്ച സുപ്രീം കോടതി നിശിത വിമര്‍ശനത്തിലൂടെ തടഞ്ഞിരിക്കുന്നത്.


ഇതുകൂടി വായിക്കൂ: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മാധ്യമ വേട്ട തുടരുന്നു


ബിജെപി ഇതര സര്‍ക്കാരുകളെയും കക്ഷി നേതാക്കളെയും തടങ്കലിലിടുന്നതിന് വളര്‍ത്തുമൃഗങ്ങള്‍ എന്നതുപോലെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതിന്റെ മകുടോദാഹരണമാണ് ഛത്തീസ്ഗഢ് മദ്യക്കേസ്. ഡല്‍ഹി, തെലങ്കാന, തമിഴ്‌‍നാട്, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങി വളരെയധികം സംസ്ഥാനങ്ങളിലെ മന്ത്രിമാരെയും ബന്ധുക്കളെയും രാഷ്ട്രീയ നേതാക്കളെയും ഇതിനകം ജയിലിലും കേസിലും അകപ്പെടുത്തിക്കഴിഞ്ഞു. അങ്ങനെ ജയിലില്‍ കിടക്കുന്നവരില്‍ ഉപമുഖ്യമന്ത്രിമാരുള്‍പ്പെടെയുണ്ട്. ഇ‍‍ഡി ഉള്‍പ്പെടെയുള്ളവയുടെ നടപടിക്രമങ്ങള്‍ നിയമപരമോ ചട്ടമനുസരിച്ചോ അല്ല എന്ന് ഓരോ കേസുകളും പരിശോധിച്ചാല്‍ വ്യക്തമാകും. ബിജെപിക്കാര്‍ നല്‍കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയാണ്. സര്‍ക്കാര്‍ നയങ്ങള്‍ നടപ്പിലാക്കുമ്പോള്‍ അഴിമതി കണ്ടെത്തുകയോ ഖജനാവിന് നഷ്ടം സംഭവിക്കുകയോ ചെയ്യുമ്പോള്‍ അന്വേഷിക്കേണ്ട ഏജന്‍സി അല്ലാതിരുന്നിട്ടും ഇഡിയാണ് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ എന്ന വകുപ്പ് ചേര്‍ത്താണ് രാഷ്ട്രീയ പ്രതികാരത്തിനായി ഇത്തരം കേസുകള്‍ ഇഡി ഏറ്റെടുക്കുന്നത്. അത്തരം നിയമവിരുദ്ധ നടപടികളെയാണ് സ്വയം നിയമസംവിധാനമാകരുതെന്ന വിമര്‍ശനത്തിലൂടെ സുപ്രീം കോടതി വീണ്ടും ചോദ്യം ചെയ്തിരിക്കുന്നത്. എങ്കിലും ഈ രാഷ്ട്രീയ നെറികേട് അവസാനിപ്പിക്കുവാന്‍ കേന്ദ്രം സന്നദ്ധമാകുമെന്ന് തോന്നുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.