സംസ്ഥാനങ്ങളെ, പ്രത്യേകിച്ച് കേരളമുള്‍പ്പെടെയുള്ള ബിജെപി ഇതര സര്‍ക്കാരുകളെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കുന്ന സമീപനങ്ങളാണ് കേന്ദ്രം തുടര്‍ന്നുകൊണ്ടിരിക്കുന്നത്. മഹാപ്രളയം, കോവിഡ് മഹാമാരി ഉള്‍പ്പെടെ സൃഷ്ടിച്ച കടുത്ത പ്രതിസന്ധിയും കേന്ദ്ര സര്‍ക്കാരിന്റെ നിസ്സഹകരണ നിലപാടുകളും സംസ്ഥാന സമ്പദ്ഘടനയ്ക്ക് പ്രതികൂലമായ സാഹചര്യമാണ് സൃഷ്ടിച്ചത്. എന്നാല്‍ ഈ പശ്ചാത്തലത്തിലും സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നുണ്ട്. അതുകൊണ്ടാണ് ദേശീയ ശരാശരിയെക്കാള്‍ മുകളില്‍ നില്‍ക്കുവാന്‍ സംസ്ഥാന സമ്പദ്ഘടനയ്ക്ക് സാധിക്കുന്നത്. എങ്കിലും കേന്ദ്ര നിലപാട് ആ മുന്നേറ്റത്തെയും പിറകോട്ടടിപ്പിക്കുന്ന നിലയിലാണ് തുടരുന്നത്. സാമ്പത്തിക സ്ഥിതി വിവരക്കണക്കു പ്രകാരം കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദന വളര്‍ച്ചാ നിരക്ക് 12.01 ശതമാനമായാണ് നില്ക്കുന്നത്. ദേശീയ ശരാശരി 8.7 ശതമാനത്തിലുള്ളപ്പോഴാണ് ഈ നേട്ടം കൈവരിക്കുവാനായത്. കോവിഡിന് മുന്നേയുള്ള നിലയുമായി താരതമ്യം ചെയ്താല്‍ ഇത് 15.05 ശതമാനമായി കണക്കാക്കുകയും ചെയ്യാവുന്നതാണ്. ദേശീയ — ആഗോള സമ്പദ് വ്യവസ്ഥകള്‍ മാന്ദ്യത്തിന്റെ ഭീഷണി നേരിടുന്ന ഘട്ടത്തിലാണ് കേരളത്തിന്റെ ഈ മുന്നേറ്റമെന്നത് ശ്രദ്ധേയമാണ്.
മാന്ദ്യത്തിന്റെ സാഹചര്യം ഉണ്ടാകുമ്പോള്‍ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പ്രധാന മാര്‍ഗമായി സാമ്പത്തിക വിദഗ്ധര്‍ നിര്‍ദേശിക്കുന്നത് ജനങ്ങളുടെ വാങ്ങല്‍ ശേഷി കൂട്ടുകയും പണമൊഴുക്ക് സൃഷ്ടിക്കുകയും ചെയ്യുക എന്നുള്ളതാണ്. കോവിഡ് കാലത്ത് സമ്പദ്ഘടന നിശ്ചലമായ ഘട്ടത്തില്‍ കേന്ദ്രം ചെയ്തത് ഉത്തേജക പാക്കേജുകള്‍ എന്ന പേരില്‍ വായ്പാ പദ്ധതികള്‍ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ സംസ്ഥാനം ജനങ്ങളുടെ കയ്യില്‍ നേരിട്ട് പണമെത്തിക്കുന്ന പദ്ധതികളാണ് നടപ്പിലാക്കിയത്. ക്ഷേമ പെന്‍ഷനുകളും സൗജന്യ ഭക്ഷ്യക്കിറ്റുകളും മുടങ്ങാതെ നല്കിയും പലിശ സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ട് കുടുംബശ്രീ വഴി 20,000 രൂപ വീതം വായ്പ നല്കിയും സമ്പദ്ഘടന സജീവമാക്കുന്നതിനാണ് സംസ്ഥാനത്ത് ശ്രമിച്ചത്. ചെറുകിട വ്യവസായങ്ങള്‍ക്ക് അനുബന്ധ പാക്കേജ് പ്രഖ്യാപിച്ചും കിഫ്ബി വഴിയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ മുടക്കമില്ലാതെ നടത്തിയും സാമ്പത്തിക മേഖലയെ ചലനാത്മകമായി നിര്‍ത്തുന്നതിനും ശ്രമിച്ചു. ഇതിന്റെ കൂടെത്തന്നെ നികുതി പിരിവ് വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ഇതെല്ലാംകൊണ്ട് മൂലധനച്ചെലവിനത്തില്‍ 10.41 ശതമാനം വര്‍ധന കൈവരിക്കുവാനും സംസ്ഥാനത്തിനായി. അതേസമയം കടമെടുപ്പ് പരിധിയുള്‍പ്പെടെ കുറച്ചും ചരക്കു സേവന നികുതി വിഹിതവും നഷ്ടപരിഹാരവും യഥാസമയം നല്കാതെയും സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് കേന്ദ്രം തുടര്‍ന്നത്.
മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് റവന്യു കമ്മി സഹായം ഇനത്തില്‍ ലഭിക്കേണ്ട തുകയില്‍ 6716 കോടിയുടെ കുറവാണുണ്ടായത്. കടമെടുപ്പ് പരിധിയില്‍ കുറവുവരുത്തിയതിന്റെ ഫലമായി സംസ്ഥാന സര്‍ക്കാരിന് 24,638 കോടി രൂപയും കുറഞ്ഞു. ചരക്കു സേവന നികുതി (ജിഎസ്‌ടി) നടപ്പിലാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്തിന് 9000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍വരെ ജിഎസ്‌ടി നഷ്ടപരിഹാര കുടിശിക 750 കോടിക്കു മുകളിലാണെന്നാണ് മന്ത്രി കെ എന്‍ ബാലഗോപാല്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തെ അറിയിച്ചത്. കടമെടുപ്പ് പരിധി കുറച്ചത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ്. അഞ്ച് ശതമാനമായിരുന്ന കടമെടുപ്പ് പരിധി 3.5 ശതമാനമായി കുറച്ചു. ഇപ്പോഴത്തെ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ കടമെടുപ്പ് പരിധി ഉപാധിരഹിതമാക്കണമെന്ന് അടുത്ത ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ കേരളം ആവശ്യമുന്നയിച്ചുവെങ്കിലും ഇനിയും കുറയ്ക്കുകയാണ് ചെയ്യുകയെന്നാണ് സൂചന. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനസര്‍ക്കാര്‍ കടമെടുപ്പ് പരിധി 2017ന് മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്കുന്നതിന് തീരുമാനിച്ചിരിക്കുന്നത്. ഭരണഘടനാപരമായോ സാമ്പത്തിക നിയമങ്ങളുടെയോ പിന്‍ബലമില്ലാതെയാണ് കേന്ദ്ര സര്‍ക്കാര്‍ കടമെടുപ്പ് പരിധി നിശ്ചയിച്ചിരിക്കുന്നത് എന്നതില്‍ നിന്നുതന്നെ സംസ്ഥാനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമാകുന്നു.
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ സര്‍ക്കാര്‍ ജാമ്യത്തിലെടുക്കുന്ന വായ്പകൾ സംസ്ഥാന സർക്കാരിന്റെ ബാധ്യതകളല്ലെങ്കിലും അവയും റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ നടപ്പിലാക്കുന്ന നിശ്ചിതകാലത്തേക്കുള്ള പ്രത്യേക വായ്പാ പദ്ധതിയുമെല്ലാം സംസ്ഥാനത്തിന്റെ പൊതു കടത്തില്‍ ഉള്‍പ്പെടുത്തുകയെന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ കിഫ്ബി പോലെ ശ്രദ്ധേയമായ അടിസ്ഥാന വികസന വായ്പാ പദ്ധതികളും പൊതുകടത്തില്‍ ഉള്‍പ്പെടുത്തി പരിധി കുറയുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് കേന്ദ്രം. ഫലത്തില്‍ സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിലാക്കി ശ്വാസം മുട്ടിക്കുകയെന്ന ദുരുദ്ദേശ്യം സംശയിക്കാവുന്നതാണ് ഈ നിലപാട്. സംസ്ഥാനങ്ങളുടെ നിലനില്പ് കേന്ദ്രത്തിന്റെ കൂടി ആവശ്യമാണെന്ന് മനസിലാക്കുന്നതിനുള്ള വിശാലബോധം ഡല്‍ഹിയില്‍ അധികാരത്തിലിരിക്കുന്നവര്‍ സ്വീകരിക്കുന്നില്ലെന്നത് നമ്മുടെ ഭരണഘടനയോടും ഫെഡറല്‍ തത്വങ്ങളോടുമുള്ള വെല്ലുവിളികൂടിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.