23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 22, 2024
December 22, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024

ആളിക്കത്തി അഗ്നിപഥ്; ഏഴ് സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തം

Janayugom Webdesk
June 17, 2022 10:32 pm

അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുന്നു. തെലങ്കാനയിലെ സെക്കന്ദരാബാദിൽ പ്രതിഷേധക്കാർക്ക് നേരെയുണ്ടായ വെടിവയ്പില്‍ 19കാരന്‍ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. ഏഴ് സംസ്ഥാനങ്ങളില്‍ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം മൂന്നാംദിനവും രൂക്ഷമായി തുടര്‍ന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ അതിരാവിലെ മുതല്‍ പ്രകടനങ്ങള്‍ ആരംഭിച്ചിരുന്നു. തെലങ്കാന, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.

സെക്കന്ദരാബാദ് റയിൽവേ സ്റ്റേഷനിലെ ആദ്യ മൂന്ന് പ്ലാറ്റ്ഫോമുകൾ പ്രതിഷേധക്കാർ കയ്യേറുകയും തീവണ്ടി ബോഗികൾ അഗ്നിക്കിരയാക്കുകയും ചെയ്തു. വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ വാറങ്കൽ സ്വദേശി ദാമോദറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഘര്‍ഷത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ബിഹാറില്‍ മൂന്ന് തീവണ്ടികൾക്ക് സമരാനുകൂലികൾ തീയിട്ടു. ലഖിസരായ് സ്റ്റേഷനില്‍ ന്യൂഡൽഹി-ഭഗൽപൂർ വിക്രമശില എക്സ്പ്രസും സമസ്തിപുരില്‍ ന്യൂഡൽഹി-ദർഭംഗ ബിഹാർ സമ്പർക്ക് ക്രാന്തി എക്സ്പ്രസും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി.

വിക്രമശില എക്സ്പ്രസിന്റെ 12 ബോഗികളും സമ്പർക്ക് ക്രാന്തി എക്സ്പ്രസിന്റെ എട്ടും ബോഗികളും കത്തിനശിച്ചു. ബിഹാറിലെ മൊഹ്യൂദി നഗർ സ്റ്റേഷനിൽ ജമ്മു താവി എക്‌സ്പ്രസ്സിനും പ്രതിഷേധക്കാര്‍ തീയിട്ടു. പ്രതിഷേധക്കാർ ദേശീയപാതകളും വ്യാപകമായി ഉപരോധിച്ചു. ബക്സര്‍, കഹൽഗാവ്, മുസാഫര്‍പൂര്‍, ബെഗുസരായി എന്നിവിടങ്ങളിലെല്ലാം പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. ബിജെപി ഓഫീസുകൾക്ക് നേരെയും ആക്രമണമുണ്ടായി.

ബിഹാർ ഉപമുഖ്യമന്ത്രി രേണു ദേവിയുടെ വീട് ആക്രമിച്ചു. ഉപമുഖ്യമന്ത്രി വീട്ടില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം. സംസ്ഥാനത്ത് 12 ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ പ്രതിഷേധത്തിനിടെ ബസുകൾ തകർത്തു. അലിഗഢില്‍ പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു. ബിജെപി പ്രാദേശിക നേതാവിന്റെ കാര്‍ കത്തിക്കുകയും ചെയ്തു.

ബല്ലിയയിലെ റയില്‍വേ സ്റ്റേഷന് പ്രതിഷേധക്കാര്‍ തീയിട്ടു. ഇതുവരെ 100 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബല്ലിയയ്ക്ക് പിന്നാലെ മഥുര, ആഗ്ര എന്നിവിടങ്ങളിലും സംഘര്‍ഷമുണ്ടായി. യുപിയിൽ ആഗ്ര‑ഗ്വാളിയോര്‍-മുംബൈ റോഡ് പ്രതിഷേധക്കാര്‍ ഉപരോധിച്ചു. ഇതുവരെ 12 തീവണ്ടികളാണ് പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയത്. 340 സര്‍വീസുകളെ ബാധിച്ചു. 214 തീവണ്ടികള്‍ റദ്ദാക്കുകയും 11 എണ്ണം വഴി തിരിച്ചുവിടുകയും ചെയ്തു. പ്രതിഷേധത്തെ തുടര്‍ന്ന് 11 തീവണ്ടികള്‍ക്ക് ലക്ഷ്യ സ്ഥാനത്ത് എത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റയില്‍വേ അറിയിച്ചു.

Eng­lish summary;agnipath; Protests are strong in sev­en states

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.