23 December 2024, Monday
KSFE Galaxy Chits Banner 2

Related news

July 24, 2024
July 9, 2024
June 14, 2024
May 23, 2024
April 26, 2024
September 28, 2023
July 12, 2023
May 9, 2023
March 28, 2023
January 4, 2023

പിടിവാശിയില്‍; വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തം

Janayugom Webdesk
June 19, 2022 10:39 pm

അഗ്നിപഥിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെ പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാരും സൈന്യവും. ഇതോടെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമായി. പ്രതിരോധ മേഖലയില്‍ യുവത്വം നിലനിര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നതെന്നും അഗ്നിവീറുകള്‍ക്ക് ഭാവി തൊഴിലുകളില്‍ സംവരണമേര്‍പ്പെടുത്താനുള്ള തീരുമാനം പ്രതിഷേധത്തെ തുടര്‍ന്നല്ലെന്നും ഉയര്‍ന്ന സൈനികോദ്യോഗസ്ഥര്‍ വിശദീകരണം നല്കുന്നു. കോസ്റ്റ്ഗാര്‍ഡിലും പ്രതിരോധമന്ത്രാലയത്തിന് കീഴിലെ 16 പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകളിലും പത്തുശതമാനം സംവരണം നല്‍കുമെന്നായിരുന്നു കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചത്. മറ്റ് മന്ത്രാലയങ്ങളും അഗ്നിവീറുകള്‍ക്ക് സംവരണവും ഇളവുകളും പ്രഖ്യാപിച്ചിരുന്നു.

രണ്ടു വർഷത്തെ പഠനത്തിനു ശേഷമാണ് അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നത്. ഇളവുകള്‍ നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നതാണ്. സൈന്യത്തിന് കൂടുതൽ യുവത്വം നൽകാൻ പദ്ധതി ആവശ്യമാണെന്നും സൈനിക വകുപ്പ്‌ അഡീഷണൽ സെക്രട്ടറി ലഫ്‌. ജനറൽ അനിൽ പുരി പറഞ്ഞു. നിയമനങ്ങളിൽ സംവരണാനുകൂല്യമടക്കം പ്രഖ്യാപിച്ചത് പ്രതിഷേധത്തെ തുടര്‍ന്നല്ല. സേവന കാലാവധി കഴിയുന്നവർക്കുള്ള സംവരണം പദ്ധതിയിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭത്തിൽ പങ്കാളിയായവർക്ക് സൈന്യത്തിൽ പ്രവേശനമുണ്ടാകില്ല. പൊലീസ് പരിശോധന ഒഴിവാക്കാനാകാത്തതാണെന്നും കേസിൽ പ്രതി ചേർക്കപ്പെട്ടാൽ അഗ്നിവീർ നിയമനത്തിന് അപേക്ഷിക്കാൻ കഴിയില്ലെന്നും ലഫ്‌. ജനറൽ അനിൽ പുരി പറഞ്ഞു. സിയാചിന്‍ പോലുള്ള മേഖലയിലെ സേവനത്തിന് സാധാരണ നല്‍കുന്ന ആനുകൂല്യങ്ങള്‍ തന്നെ അഗ്നിവീറുകള്‍ക്കും നല്‍കും. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിക്കേണ്ടി വന്നാല്‍ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം ലഭിക്കും. 1.25 ലക്ഷം വരെ അഗ്നിവീറുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും പദ്ധതിക്കെതിരായ പ്രതിഷേധം ശക്തമായി തുടരുകയാണ്. പ്രതിപക്ഷ കക്ഷികൾക്ക് പുറമേ ജെഡിയു ഉൾപ്പെടെയുള്ള ബിജെപിയുടെ സഖ്യകക്ഷികൾ അഗ്നിപഥിനെതിരെ രംഗത്തുണ്ട്. പദ്ധതി അവതരിപ്പിച്ച രീതി ശരിയായില്ലെന്ന വിലയിരുത്തൽ ആർഎസ്എസിന് തന്നെയുണ്ട് എന്ന റിപ്പോർട്ടും പുറത്തുവന്നു. ഇന്നലെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി സത്യഗ്രഹ സമരം നടത്തി.
ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ സമരം അതിശക്തമായി തുടരുകയാണ്. ഉത്തരേന്ത്യയില്‍ തീവണ്ടി ഗതാഗതം പൂര്‍ണമായി പുനഃസ്ഥാപിക്കാനായിട്ടില്ല. വിവിധയിടങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. യുപിയില്‍ വിവിധ ജില്ലകളിലായി ഇന്നലെയും നിരവധി പേര്‍ അറസ്റ്റിലായി.

ഓണ്‍ലൈന്‍ പരീക്ഷ നിയമന മാനദണ്ഡങ്ങള്‍ പുറത്തിറക്കി

പുതിയ സൈനിക നിയമന പദ്ധതിയായ അഗ്നിപഥിലേക്കുള്ള മാര്‍ഗരേഖ പുറത്തിറക്കി. രജിസ്ട്രേഷന്‍ നടപടികള്‍ 24ന് ആരംഭിക്കുമെന്ന് കര, നാവിക, വ്യോമസേനകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജൂലൈ 24ന് ഓണ്‍ലൈനായി പരീക്ഷ നടത്തുമെന്നും എയര്‍ മാര്‍ഷല്‍ എസ് കെ ഝാ പറഞ്ഞു.
വ്യോമസേനയില്‍ ആദ്യ ബാച്ച് ഡിസംബറോടെ എന്‍റോള്‍ ചെയ്യുകയും അതേ മാസം 30 ഓടെ തന്നെ പരിശീലനം ആരംഭിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നാവികസേനയിലേക്കുള്ള പരിശീലനം നവംബര്‍ 21ന് ആരംഭിക്കും. ഒഡിഷയിലെ ഐഎന്‍എസ് ചില്‍ക്കയിലായിരിക്കും പരിശീലനം. പദ്ധതിയില്‍ ചേരുന്നതിന് വനിതകള്‍ക്ക് വിലക്കില്ലെന്നും നാവികസേന അറിയിച്ചു. വിശദമായ മാര്‍ഗരേഖ 25ന് പുറപ്പെടുവിക്കുമെന്ന് വൈസ് അഡ്മിറല്‍ ദിനേഷ് ത്രിപാഠി പറഞ്ഞു. കരസേനയിലെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് കരട് വിജ്ഞാപനം ഇന്ന് പുറത്തിറക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

പ്രത്യേക പ്രതിജ്ഞ

അഗ്നിപഥ് പദ്ധതിയില്‍ അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ പ്രത്യേകം പ്രതിജ്ഞ എടുക്കണം. അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യത്തു നടക്കുന്ന പ്രതിഷേധത്തിന്റെയോ പ്രക്ഷോഭത്തിന്റെയോ ഭാഗമല്ലെന്ന് ഉറപ്പ് നല്‍കണം. നിയമനത്തിനു മുമ്പായി ഉദ്യോഗാര്‍ത്ഥികളെ പൊലീസ് വെരിഫിക്കേഷന് വിധേയരാക്കുമെന്നും അറിയിച്ചിട്ടുണ്ട്. സൈനിക പ്രവേശനത്തിനുവേണ്ട ഏറ്റവും അടിസ്ഥാന ഘടകമാണ് അച്ചടക്കം. ഏതെങ്കിലും ഉദ്യോഗാര്‍ത്ഥിക്കെതിരെ കേസുകള്‍ കണ്ടെത്തിയാല്‍ അവരെ സേനയിലേക്ക് പരിഗണിക്കില്ലെന്നും കര, നാവിക, വ്യോമസേനകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Eng­lish Summary:agnipath Protests are strong in var­i­ous states
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.