അഡാനിയുടെ കമ്പനികള്‍ക്ക് വഴിവിട്ട സഹായങ്ങള്‍ നല്കി ബിജെപി സര്‍ക്കാരുകള്‍. പ്രധാനമായും ഊര്‍ജ പദ്ധതികള്‍ക്കാണ് കരാര്‍ തുകയെക്കാള്‍ കൂടുതല്‍ നല്കി സഹായിക്കുന്നത്.
അഡാനി പവർ ലിമിറ്റഡിൽ നിന്നും ഗുജറാത്ത് സര്‍ക്കാര്‍ വാങ്ങിയ വൈദ്യുതിയുടെ ശരാശരി വിലയില്‍ 102 ശതമാനം വർധനവാണ് ഉണ്ടായത്. 2021ല്‍ യൂണിറ്റിന് ശരാശരി 2.83 രൂപയ്ക്കാണ് വൈദ്യുതി വാങ്ങിയിരുന്നതെങ്കില്‍ ഇപ്പോഴത് 7.24 ആയി വര്‍ധിപ്പിച്ചു. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ എഎപി എംഎല്‍എ ഹേമന്ത് അഹിറിന്റെ ചോദ്യത്തിന് സംസ്ഥാന ഊര്‍ജ മന്ത്രി കനു ദേശായി രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍. ഹരിയാനയിലും സമാനമായി വന്‍തോതില്‍ വില ഉയര്‍ത്തി നല്‍കി.
ഗുജറാത്ത് സര്‍ക്കാര്‍ അഡാനി പവറിൽ നിന്ന് വാങ്ങിയ ഒരു യൂണിറ്റ് വൈദ്യുതിയുടെ വില 2021 ജനുവരിയിൽ 2.83 രൂപയായിരുന്നു. ഇത് 2022 ഡിസംബറിൽ 8.83 രൂപയായി വർധിപ്പിച്ചു. എന്നാല്‍ വില വർധിപ്പിച്ചിട്ടും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2022ൽ 7.5 ശതമാനം കൂടുതൽ വൈദ്യുതി വാങ്ങി സഹായിക്കുകയും ചെയ്തു. 2021ല്‍ 5,587 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഗുജറാത്ത് സര്‍ക്കാര്‍ വാങ്ങിയതെങ്കില്‍ അടുത്ത വര്‍ഷമിത് 6007 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നു.
2007ല്‍ യൂണിറ്റിന് 2.35 ‑2.89 രൂപയ്ക്ക് ഇടയിലുള്ള നിരക്കില്‍ 25 വർഷത്തേക്ക് വൈദ്യുതി വിൽക്കാനാണ് കമ്പനിക്ക് അനുമതി നല്‍കിയിരുന്നതെന്നും സര്‍ക്കാര്‍ സഭയില്‍ പറഞ്ഞു. ഇതിന്റെ രണ്ടര ഇരട്ടി വിലയ്ക്കാണിപ്പോള്‍ സംസ്ഥാനം വൈദ്യുതി വാങ്ങുന്നത്.
ഇറക്കുമതി ചെയ്ത കല്‍ക്കരിയെ ആശ്രയിച്ചാണ് അഡാനി പവര്‍ ലിമിറ്റഡ് വൈദ്യുതി ഉല്പാദനം നടത്തുന്നത്. കല്‍ക്കരി വിലയില്‍ ക്രമാതീതമായ വര്‍ധനവ് ഉണ്ടായതിനെ തുടര്‍ന്ന് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുകയായിരുന്നു എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. 2018 ഡിസംബർ അഞ്ചിന് ധൃതിപിടിച്ച് അഡാനി പവറുമായി അനുബന്ധ കരാർ ഒപ്പുവച്ചു. യൂണിറ്റിന് നാലര രൂപയാക്കി വില ഉയര്‍ത്തുകയും ചെയ്തു. പിന്നീട് യൂണിറ്റിന് 8.83 രൂപയായും പുതുക്കിനല്‍കി.
2008ൽ ഹരിയാനയിലെ സർക്കാർ ഉടമസ്ഥതയിലുള്ള വൈദ്യുതി വിതരണ കമ്പനികളുമായി അഡാനി പവർ കരാറിൽ ഒപ്പിടുമ്പോള്‍ യൂണിറ്റിന് വില 2.94 രൂപയായിരുന്നു. എന്നാലിപ്പോള്‍ 11.55 രൂപ നിരക്കിലാണ് ഹരിയാന സര്‍ക്കാര്‍ അവരില്‍ നിന്ന് വൈദ്യുതി വാങ്ങുന്നത്. മനോഹര്‍ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ ഒപ്പിട്ട അനുബന്ധ കരാര്‍ പ്രകാരം 1200 മെഗാവാട്ട് വൈദ്യുതി 3.54 രൂപയ്ക്കും 224 മെഗാവാട്ട് വൈദ്യുതി കൊള്ളവിലയ്ക്കുമാണ് വാങ്ങുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
English Summary: Aid diverted to offset Adani’s losses
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.