രാജ്യത്തെ എട്ട് വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണത്തെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികളുടെ കണക്കുകൾ വെളിപ്പെടുത്താൻ വിസമ്മതിച്ച് വ്യോമയാന മന്ത്രാലയം.
രാജ്യസഭയിൽ സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രത്തിന്റെ ഈ മൗനം. സ്വകാര്യ കമ്പനികൾക്ക് കൈമാറിയ വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ അവസ്ഥയെക്കുറിച്ചുള്ള മൗനം അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കുമെന്ന സർക്കാരിന്റെ അവകാശവാദത്തിന് വിരുദ്ധമാണ്. 2022–2025 കാലയളവിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) 25 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവല്‍ക്കരിക്കുമെന്ന് മറുപടിയിൽ പറയുന്നു.
കൂടുതൽ വിമാനത്താവളങ്ങൾ സ്വകാര്യവല്‍ക്കരിക്കാനുള്ള സർക്കാർ തീരുമാനം പ്രഖ്യാപിച്ചതു മുതൽ, എഎഐയുടെ ജീവനക്കാർ ഈ നീക്കത്തിനെതിരെ നിരന്തരം പ്രതിഷേധമുയർത്തുന്നുണ്ട്. എയർപോർട്ടുകളുടെ സ്വകാര്യവൽക്കരണം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിലേക്ക് നയിക്കുമെന്ന അവരുടെ ആശങ്ക സർക്കാർ ക്രൂരമായി അവഗണിച്ചു. അസിസ്റ്റന്റ് ജനറൽ മാനേജർ തലം വരെയുള്ള ജീവനക്കാർക്ക് മൂന്ന് വർഷത്തേക്ക് (അതായത് ഒരു വർഷത്തെ ജോയിന്റ് മാനേജ്‌മെന്റ് കാലയളവും തുടർന്ന് രണ്ട് വർഷത്തെ ഡെപ്യൂട്ടേഷൻ കാലയളവും) അതാത് വിമാനത്താവളത്തിൽ തുടരാമെന്ന് മന്ത്രാലയം അറിയിച്ചു. കൂടാതെ, നിലവിലുള്ള നിബന്ധനകളെക്കാൾ കുറയാതെ ചുരുങ്ങിയത് 60 ശതമാനം ജീവനക്കാർക്കെങ്കിലും നിയമനം നീട്ടി നല്‍കാന്‍ ഏറ്റെടുക്കുന്നവര്‍ ബാധ്യസ്ഥനാണ്.
എന്നാൽ, പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് സംവരണമില്ലാത്തത്, കരാർ ജീവനക്കാരെ സ്വകാര്യ ഓപ്പറേറ്റർമാർ ചൂഷണം ചെയ്യുന്നത് തുടങ്ങിയ ജീവനക്കാർ ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിക്കാൻ എന്തെല്ലാം നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കിയില്ല. പുറമെ 2020–21 കാലയളവിൽ, എഎഐക്ക് ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെ സ്വകാര്യ പങ്കാളികളിൽ നിന്നുള്ള വരുമാന വിഹിതമായി 29,862 കോടി രൂപ ലഭിച്ചതായും മറുപടിയില്‍ പറയുന്നു.
English Summary: Airport privatization: Center without disclosing job losses
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.