December 1, 2023 Friday

Related news

June 18, 2023
May 28, 2023
January 29, 2023
November 10, 2022
September 13, 2022
September 12, 2022
July 22, 2022
March 21, 2022
March 16, 2022
March 9, 2022

പൊൻമുട്ട ഇടുന്ന താറാവിനെ കൊല്ലരുത്

കെ ദിലീപ്
നമുക്ക് ചുറ്റും
September 13, 2022 5:30 am

പൊന്‍മുട്ടയിടുന്ന താറാവിനെ കൊന്ന ദുരാഗ്രഹിയായ കർഷകന്റെ ദുരന്തം ചിത്രീകരിക്കുന്നത് ഈസോപ്പ് കഥകളിലെ 87-ാമത്തെ കഥയിലാണ്. ഇതേ കഥ തന്നെ ബുദ്ധന്റെ വിവിധ അവതാരങ്ങൾ വിവരിക്കുന്ന ജാതക കഥകളിൽ മറ്റൊരു തരത്തിലും പറയുന്നുണ്ട്. താജികിസ്ഥാനിൽ പഴയ ഗ്രീക്ക് കാലഘട്ടത്തിൽ എട്ടാം നൂറ്റാണ്ടിൽ ഇതേ കഥ കല്ലിൽ കൊത്തിവച്ചിട്ടുണ്ട്. മഹാഭാരതത്തിലും സ്വർണം തുപ്പുന്ന പക്ഷികളെ അത്യാഗ്രഹംമൂലം കൊന്ന മനുഷ്യന്റെ കഥ പറയുന്നു. അപ്പോൾ മനുഷ്യരാശിയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട് പൊൻമുട്ടയിടുന്ന താറാവിനെ കൊന്ന് സ്വർണമുട്ടകൾ മുഴുവൻ ഒരുമിച്ച് കയ്യിലാക്കാൻ ശ്രമിച്ച വിഡ്ഢിയുടെ കഥയ്ക്കും. ഇങ്ങനെ ഒരു വിഡ്ഢി ജീവിച്ചിരുന്നുവോ എന്ന് നമുക്ക് തീർച്ചയായും സംശയം തോന്നാം. എന്നാൽ ആ സംശയത്തെ പൂർണമായും ദുരീകരിക്കുന്ന നടപടികളാണ് ഇന്ന് കേന്ദ്ര സർക്കാർ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. പൊൻമുട്ടയിടുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി കിട്ടിയ വിലയ്ക്ക് വിറ്റഴിച്ചുകൊണ്ട് അവർ ചെയ്യുന്നത് വേറൊന്നുമല്ല.


ഇതുകൂടി വായിക്കൂ: കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കലിന് എക്സ്പ്രസ് വേഗം


ഭാരത് പെട്രോളിയം മുതൽ ഇന്ത്യയുടെ ജീവനാഡിയായ എൽഐസി വരെ വില്പനയ്ക്ക് വച്ചിരിക്കുകയാണ്. ഇന്ത്യയിലെ പൊതുമേഖല രാജ്യത്തിന്റെ എല്ലാ അടിസ്ഥാന ആവശ്യങ്ങളും നിറവേറ്റാൻ പര്യാപ്തമാവണം എന്ന നിലയിലാണ് രാഷ്ട്രശില്പികൾ വിഭാവനം ചെയ്തത്. ഇരുമ്പുരുക്ക് വ്യവസായം, പെട്രോളിയം, വിദ്യുച്ഛക്തി, പ്രതിരോധ ഉല്പന്നങ്ങൾ, രാസവളം, റയിൽവേ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ ഇവയെല്ലാം പൊതുമേഖലയിൽ തന്നെ വികസിപ്പിച്ചതും നിലനിർത്തിയതും രാജ്യത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യം വച്ചായിരുന്നു. ഇവയെല്ലാം തന്നെ നികുതിപ്പണത്തിന്റെ വലിയൊരു ഭാഗം ചെലവഴിച്ചുകൊണ്ടാണ് പടുത്തുയർത്തിയത്. അതിനാൽ തന്നെയാണ് രാജ്യത്തെ കർഷകർക്ക് സബ്സിഡി നിരക്കിൽ പെട്രോളിയം ഉല്പന്നങ്ങളും മിതമായ നിരക്കിൽ ജനങ്ങൾക്ക് ട്രെയിൻ യാത്ര സൗകര്യവും ദരിദ്രർക്ക് സൗജന്യ വൈദ്യുതിയും ശുദ്ധജലവും ലഭ്യമാക്കുവാൻ സർക്കാരുകൾക്ക് സാധിച്ചത്.


ഇതുകൂടി വായിക്കൂ: ഇന്ത്യയും ഇന്ത്യൻ റയിൽവേയും


1990കളിൽ ഇന്ത്യയിൽ ഉദാരവല്ക്കരണം ആരംഭിച്ച കാലഘട്ടത്തിൽ അടിസ്ഥാന മേഖലകൾ സ്വകാര്യവല്ക്കരിക്കുക എന്ന നയം ആരംഭിച്ചു. അതിന്റെ തുടക്കമായാണ് മേഖല സ്വകാര്യവല്ക്കരിക്കപ്പെട്ടത്. എന്നാൽ ബിഎസ്എൻഎൽ എന്ന പൊതുമേഖലാ സ്ഥാപനം മറ്റു സ്വകാര്യ സംരംഭകരെക്കാൾ വളരെ മികച്ച പ്രകടനം കാഴ്ചവച്ചു. അപ്പോൾ ഉദാരവല്ക്കരണ നയങ്ങൾക്ക് അനുസൃതമായി പൊതുമേഖല കമ്പനികൾ മാർക്കറ്റിൽ മത്സരിക്കുകയാണെങ്കിൽ സ്വകാര്യ സംരംഭകർക്ക് അവർ വിചാരിച്ച തരത്തിൽ വിപണി ചൂഷണം നടത്താൻ ആവില്ല എന്ന് ഇന്ത്യൻ കുത്തകകൾക്ക് ബോധ്യമായി. അതോടെയാണ് പൊതുമേഖല കമ്പനികളെ തളർത്തുകയും അവരുടെ വികസനം തടയുകയും ചെയ്തുകൊണ്ട് സ്വകാര്യ കുത്തകകൾക്ക് അവയെ വിഴുങ്ങാൻ അവസരം നൽകുന്ന നയങ്ങൾ സ്വീകരിച്ചു തുടങ്ങിയത്. ബിഎസ്എൻഎൽ നവീകരണവും ആധുനികവല്ക്കരണവും പല പേരുകൾ പറഞ്ഞ് തടയുകയും ത്രീജി ഫോർജി സാങ്കേതികവിദ്യകൾ ലഭ്യമാക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടുപോയി ടവറുകളുടെയും മറ്റും അറ്റകുറ്റപ്പണികൾ നടത്തുകയോ പുതിയ സാങ്കേതികവിദ്യ ലഭ്യമാക്കുകയോ ചെയ്യാതെ ബിഎസ്എൻഎല്ലിനെ നഷ്ടത്തിലേക്ക് നയിച്ചത് ഈ നയത്തിന് ഉദാഹരണമാണ്.


ഇതുകൂടി വായിക്കൂ: ബാങ്കിങ് മേഖല തകരുന്നു


1969ൽ 14 പ്രമുഖ സ്വകാര്യബാങ്കുകൾ ദേശസാൽക്കരിച്ചുകൊണ്ട് ബാങ്കിങ് മേഖല സാധാരണക്കാരിൽ സാധാരണക്കാരായവർക്ക് പ്രാപ്യമാക്കിയ നടപടി ഇന്ത്യയുടെ ഗ്രാമീണ മേഖലയുടെ പ്രത്യേകിച്ച് കാർഷിക മേഖലയുടെ വളർച്ചയെ ഗണ്യമായി വർധിപ്പിച്ചു. 1980ൽ വീണ്ടും എട്ടു പ്രധാന ബാങ്കുകൾ കൂടി ദേശസാൽക്കരിക്കപ്പെട്ടു. മേഖലയിൽ വലിയ വളർച്ച ലക്ഷ്യമിട്ടുകൊണ്ട് ഗ്രാമഗ്രാമാന്തരങ്ങളിൽ എല്ലാം തന്നെ ദേശസാൽകൃത ബാങ്കുകളുടെ ശാഖകൾ സ്ഥാപിതമായി. കുറഞ്ഞ പലിശയ്ക്ക് കർഷകർക്കും ചെറുകിട കച്ചവടക്കാർക്കും ചെറുകിട വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും വായ്പകൾ ലഭ്യമായി. വിവിധ സർക്കാർ സബ്സിഡികളും ഇതേ ബാങ്കുകൾ വഴി തന്നെ വിതരണം ചെയ്യപ്പെട്ടു. ഇന്ത്യയിലെ കാര്‍ഷിക, ചെറുകിട വ്യാപാര‑വ്യവസായ മേഖലയ്ക്ക് ഒരു പുത്തനുണർവുണ്ടാക്കിയത് ബാങ്ക് ദേശസാല്ക്കരണമാണ്. പൊതുമേഖലാ ബാങ്കുകൾ രാജ്യത്ത് ശക്തമായ അടിത്തറയോടെ വളർന്നു. ബാങ്കുകൾ വായ്പകൾ നല്കിയിരുന്നത് ചെറുകിട മേഖലയിൽ ആയിരുന്നതിനാലും വൻകിട സ്ഥാപനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്താതിരുന്നതിനാലും നഷ്ടസാധ്യത വിരളമായിരുന്നു. അതിനാൽ തന്നെയാണ് 2008ല്‍ ലോകവ്യാപകമായി യൂറോപ്പിലെയും അമേരിക്കയിലെയും പ്രമുഖ ബാങ്കിങ് സ്ഥാപനങ്ങൾ എല്ലാംതന്നെ തകർന്നടിഞ്ഞപ്പോൾ ഇന്ത്യൻ ബാങ്കുകൾക്ക് പിടിച്ചുനില്‍ക്കാനായത്. വിദേശങ്ങളിലെ വൻകിട സ്ഥാപനങ്ങൾക്ക് ഇന്ത്യയിലെ ബാങ്കുകൾ കടം കൊടുക്കുന്ന പതിവില്ലായിരുന്നു. സുരക്ഷിതമായ മേഖലകളിൽ മാത്രമാണ് ഇന്ത്യൻ പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിച്ചിരുന്നത്. അവ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായിരുന്നു. എന്നാൽ 2014ന് ശേഷം യാതൊരു തത്വദീക്ഷയുമില്ലാതെ സ്വകാര്യവൽക്കരണം ആരംഭിക്കുകയും അനേകം പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് ഒന്നായി ചേർത്ത് അനേകായിരം ഗ്രാമീണ മേഖലയിലെ ബ്രാഞ്ചുകൾ ഇല്ലാതാക്കുകയും ചെയ്തു. ഇന്ത്യയിലെ ലക്ഷക്കണക്കിന് ഗ്രാമങ്ങളിൽ യാതൊരു തരത്തിലുള്ള ബാങ്കിങ് സൗകര്യങ്ങളും ലഭ്യമല്ലാതിരുന്ന അവസ്ഥയിൽ തന്നെയാണ് നിലവിലുള്ള പൊതുമേഖല ബാങ്കുകൾ ഒന്നായി ചേർക്കുകയും ബ്രാഞ്ചുകളുടെ എണ്ണം ഗണ്യമായി വെട്ടി‌ക്കുറയ്ക്കുകയും ചെയ്യുന്നത്. ഡിജിറ്റൽ ഇന്ത്യയെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും അതേസമയം തന്നെ ബാങ്കിങ് സൗകര്യങ്ങൾ ഗ്രാമീണ മേഖലയിലെ വലിയൊരു ഭൂരിപക്ഷത്തിന് നിഷേധിക്കുകയും ചെയ്യുക എന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്.


ഇതുകൂടി വായിക്കൂ: അന്യമാകുന്ന ഗ്രാമീണ തൊഴിലുറപ്പു പദ്ധതി


ഇത്തരത്തിൽ വിവിധ പൊതുമേഖലാ ബാങ്കുകൾ സംയോജിപ്പിച്ചുകൊണ്ട് ഒരൊറ്റ ബാങ്ക് ആക്കി മാറ്റുന്നത് വലിയതോതിൽ മൂലധനം സമാഹരിക്കുവാനും അത് വൻകിട കമ്പനികൾക്ക് വായ്പയായി നല്കുവാനും ആണെന്ന് നേരത്തെ തന്നെ പരാമർശങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ അത് നമ്മുടെ കൺമുന്നിൽ തന്നെ യാഥാർത്ഥ്യമായി മാറിയിരിക്കുന്നു. ഇന്ത്യയിലെ രണ്ടു പ്രമുഖ സ്വകാര്യ കമ്പനികൾക്കാണ് ഇന്ന് ഇന്ത്യൻ ബാങ്കുകൾ ലോണിന്റെ വലിയൊരു ശതമാനം നല്കിയിരിക്കുന്നത്. ഈ ബാങ്ക് ലോ‌ണിന്റെ ബലത്തിലാണ് ലോക കോടീശ്വരന്മാരുടെ നിരയിലേക്ക് ഈ കമ്പനി ഉടമസ്ഥന്മാർ എത്തിച്ചേർന്നിരിക്കുന്നത്. എന്നാൽ ഈ ബാങ്കുകളിലെ നിക്ഷേപം ഇന്ത്യയിലെ കോടിക്കണക്കിന് സാധാരണക്കാരുടെ കയ്യിൽ നിന്നാണ്. കോടിക്കണക്കിന് സാധാരണക്കാരുടെ ജീവിത സമ്പാദ്യം ഒട്ടാകെയാണ് ഈ ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. അതിനാൽത്തന്നെ 2008ല്‍ അമേരിക്കയിലെ വൻകിട ബാങ്കുകൾക്ക് സംഭവിച്ചതുപോലെ ബാങ്കുകളിൽ നിന്ന് വായ്പ എടുത്തിരിക്കുന്ന വൻകിട കമ്പനികളുടെ ലാഭനഷ്ട സാധ്യതകളെ ആശ്രയിച്ചാണ് ബാങ്കുകളുടെ നിലനില്പ് ഇന്ന് നിർണയിക്കപ്പെടുന്നത്. ഈ കമ്പനികൾക്ക് വിപണിനഷ്ടം സംഭവിച്ചാല്‍ ബാങ്കുകളുടെ അടിത്തറ തന്നെ നഷ്ടപ്പെടുകയും സാധാരണക്കാരായ കോടിക്കണക്കിന് ജനങ്ങളുടെ നിക്ഷേപങ്ങൾ ഇല്ലാതാവുകയും അവർ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് പതിക്കുകയും ചെയ്യും.


ഇതുകൂടി വായിക്കൂ: കൊറോണ പ്രതിരോധം നോട്ട് നിരോധനത്തിന്റെ വഴിയെ


1980ലെ ‘അർജന്റീന പാരഡോക്സ്’ എന്ന് അറിയപ്പെടുന്ന അർജന്റീനയുടെ ദുരന്തം നമ്മൾക്ക് മുന്നിലുണ്ട്. അടഞ്ഞുകിടക്കുന്ന ബാങ്കുശാഖകളുടെയും എടിഎമ്മുകളുടെയും മുന്നിൽ നിസഹായരായി നിന്ന അർജന്റീനയിലെ ജനതയെ നമ്മൾ കണ്ടിട്ടുണ്ട്. 2016ൽ നോട്ട് നിരോധനത്തിനു ശേഷം എടിഎമ്മുകൾക്ക് മുന്നിലും ബാങ്ക് ശാഖകൾക്കു മുന്നിലും വരിനിന്ന നിസഹായരായ ജനങ്ങളെ പൊലീസിനെ ഉപയോഗിച്ച് തല്ലിച്ചതയ്ക്കുന്നതും അനേകം പേർ ക്യൂവിൽ മരിച്ചുവീഴുന്നതും ഇന്ത്യയിൽ നമ്മളും കണ്ടതാണ്. ഇപ്പോൾ റിസർവ്ബാങ്ക് റിപ്പോർട്ടിൽ തന്നെ ബാങ്കിങ് മേഖലയിലെ സ്വകാര്യവൽക്കരണം ഇന്ത്യൻ സാമ്പത്തിക മേഖലക്ക് ദോഷം ചെയ്തുവെന്ന് പരാമർശിച്ചിരിക്കുകയാണ്. സാധാരണക്കാരായ കോടിക്കണക്കിന് ജനങ്ങളുടെ ജീവിതകാല നിക്ഷേപമാണ് ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിൽ ഇന്നുള്ളത്. ആ നിക്ഷേപം തട്ടിയെടുത്തുകൊണ്ട് മല്യമാരും മോഡിമാരും ചോംക്സിമാരും വിദേശത്തേക്ക് കടക്കുന്നത് നമ്മൾ കണ്ടുകഴിഞ്ഞു. ശതകോടീശ്വരന്മാർക്ക് യാതൊരു ഗ്യാരന്റിയും ഇല്ലാതെ വായ്പകൾ നൽകുന്ന നയം ഇന്ത്യൻ ബാങ്കിങ് മേഖലയ്ക്കും ഇന്ത്യയിലെ കോടിക്കണക്കിന് സാധാരണക്കാർക്കും അത്യന്തം ആപൽക്കരണമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.