കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിൽ വിത്തും വളവും പാകുന്നതിൽ നിർണായകമായ സ്വാധീനം വഹിച്ച ചെങ്ങന്നൂരിലെ എണ്ണക്കാട്ട് കൊട്ടാരം ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഒളിത്താവളം കൂടിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരെ പിടികൂടുവാൻ പൊലീസ് പരക്കം പാഞ്ഞ് നടക്കുമ്പോൾ ഇവിടുത്തെ അകത്തളങ്ങളിലും മച്ചിൻപുറങ്ങളിലും അവർക്ക് സുരക്ഷയൊരുക്കി. ഉണ്ടാൽ തീരാത്ത നെല്ലു നിറഞ്ഞ അറപ്പുരകൾ, കൃഷിക്കാർ, കാര്യസ്ഥന്മാർ എന്നിവയെല്ലാം കൊട്ടാരത്തിന്റെ പ്രത്യേകതകളായിരുന്നു.
തോപ്പിൽ ഭാസി ഉൾപ്പെടെയുള്ളവർ ഈ കൊട്ടാരത്തിൽ ഒളിവിൽ കഴിഞ്ഞത് ചരിത്രം. പിന്നീട് തോപ്പിൽ ഭാസി ഒളിവിലെ ഓർമ്മകളിൽ കൊട്ടാരത്തിലെ അനുഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സുപ്രധാനമായ പല തീരുമാനങ്ങൾക്കും വേദിയായതും കൊട്ടാരത്തിലെ മച്ചിൻപുറമായിരുന്നു.
തമ്പുരാനെ കണ്ടാൽ സാധാരണക്കാർ വഴിമാറി നടക്കേണ്ട കാലത്ത് അവർക്ക് അറിവും ഭക്ഷണവും വിളമ്പിയാണ് എണ്ണക്കാട്ടെ വലിയ കാരണവർ വിപ്ലവം കാട്ടിയത്. എണ്ണക്കാടിന്റെ ചരിത്രം പരാമർശിക്കുമ്പോൾ സാമൂഹ്യവിപ്ലവത്തിന് തുടക്കം കുറിക്കുകയും, അവസാന ശ്വാസം വരെ പുരോഗമന ചിന്താഗതി വെച്ചു പുലർത്തുകയും ചെയ്ത രാമവർമ്മ തമ്പുരാനെ പറ്റി പരാമർശിക്കാതിരിക്കാനാകില്ല. ദളിതരാദി പിന്നാക്ക വിഭാഗങ്ങൾക്ക് പൊതുവഴി സ്വതന്ത്രമായി ഉപയോഗിക്കാൻ അനുവദനീയമല്ലാത്ത കാലഘട്ടത്തിൽ, അവരുടെ ഉന്നമനത്തിനുവേണ്ടിയും സാമൂഹ്യ സമത്വത്തിനു വേണ്ടിയും പോരാടുകയും, സ്വന്തം കുടുംബാംഗങ്ങളുടെ പോലും ശത്രുത സമ്പാദിക്കുകയും ചെയ്തയാളായിരുന്നു വലിയ തമ്പുരാൻ. അദ്ദേഹം പന്തി ഭോജനം നടത്തി. ഇലഞ്ഞിമേൽക്കാരനായ പറയ സമുദായത്തിൽപ്പെട്ട ഒരു ബാലനെ കോളജിൽ അയച്ചു പഠിപ്പിച്ചു. മനുഷ്യ സ്നേഹികൾ അത്ഭുതത്തോടെയും, ഉയർന്ന സമുദായാംഗങ്ങൾ പരിഹാസത്തോടെയും ആയിരുന്നു അതിനെ വീക്ഷിച്ചത്. ശങ്കരൻ എന്ന ആ വ്യക്തി, ഇന്ത്യൻ പട്ടാളത്തിൽ കേണൽ പദവിയിൽ നിന്നാണ് അടുത്തൂൺ പറ്റിയത്.ആദ്യ കേരള നിയമസഭാ സ്പീക്കർ ആർ ശങ്കരനാരായണൻ തമ്പിയുടെ ജന്മഗൃഹമെന്ന സവിശേഷതയും കൊട്ടാരത്തെ വേറിട്ട് നിർത്തുന്നു.
ജന്മിത്വത്തിന്റെ ദുർവാസനകൾ ഏറെ പ്രകടമായ പ്രദേശമായിരുന്നു പഴയ ചെങ്ങന്നൂർ താലൂക്കിലെ എണ്ണക്കാട് പ്രദേശം. കാഞ്ഞിരവിളയിൽ കുട്ടി എന്ന കർഷകനെ കുടിയിറക്കുവാനും അയാളുടെ കൃഷി നശിപ്പിക്കുവാനും ഗ്രാമത്തിലെ ജന്മിയായ തമ്പുരാൻ ഉത്തരവിട്ടു. ഇന്നുതന്നെ ഇവിടെ നിന്നും ഇറങ്ങണമെന്നും കുടിൽ പൊളിച്ചു കളയുമെന്നുമായിരുന്നു മുന്നറിയിപ്പ്. സംഭവം അറിഞ്ഞു അവിടെയെത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ പ്രതിരോധം തീർത്തപ്പോൾ ജന്മിമാർക്ക് ഇളിഭ്യരായി മടങ്ങേണ്ടിവന്നു. ഇതിനുള്ള പ്രതികാരമായി പൊലീസ് കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തു. കൈകള്‍ പിന്നിൽ കൂട്ടിക്കെട്ടി കാളകളെ തെളിക്കുന്ന പോലെ ഗ്രാമം മുതൽ എണ്ണക്കാട്ട് വരെ ഏകദേശം മൂന്ന് കിലോമീറ്ററോളം നടത്തി. ഇടയ്ക്കിടെ പിന്നിൽ നിന്ന് പൊലീസിന്റെ മൃഗീയമായ മർദ്ദനവും. എണ്ണക്കാട്ട് തറയിൽ കൊട്ടാരത്തിലെ നാടുവാഴിയായിരുന്ന രാമവർമ്മ തമ്പുരാന്റെ മക്കളായ സുഭദ്രാമ്മ തങ്കച്ചിയും രാധമ്മ തങ്കച്ചിയും സംഭവം അറിഞ്ഞു. കർഷകത്തൊഴിലാളികളെയും സ്ത്രീകളെയും സംഘടിപ്പിച്ചുകൊണ്ട് ഇരുവരും എണ്ണക്കാട്ട് കാത്തുനിന്നു. അവരുടെ ആവശ്യപ്രകാരം കൈകളുടെ കൂട്ടിക്കെട്ട് മാറ്റി. പൊലീസ് മർദ്ദനം നിർത്തി. പത്ത് കിലോമീറ്റർ അപ്പുറമുള്ള ചെങ്ങന്നൂർ മജിസ്ട്രേറ്റിന്റെ അടുത്ത് വരെ മുദ്രാവാക്യം വിളിച്ച് അവരും പിന്തുടർന്നു. അവരുടെ ശക്തമായ സമരത്തിന്റെ ഫലമായി കർഷക തൊഴിലാളികളെ മോചിപ്പിച്ചു. സുഭദ്രാമ്മ തങ്കച്ചിയും രാധമ്മ തങ്കച്ചിയും ഏറെ അഭിനന്ദനം നേടിയ ഈ സമരം എണ്ണക്കാട്ട് കൊട്ടാരത്തിന്റെ വിപ്ലവാവേശം വാനോളമെത്തിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.