18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 16, 2024
December 14, 2024
December 13, 2024
December 13, 2024
December 11, 2024
December 10, 2024
December 10, 2024
November 25, 2024
November 24, 2024

ചെങ്കൊടി ആദ്യമുയര്‍ന്ന ചരിത്ര സമ്മേളനം

Janayugom Webdesk
December 13, 2022 4:45 am

രിവാൾ ചുറ്റിക ആലേഖനം ചെയ്ത ചെങ്കൊടി ഉയർന്നപ്പോൾ ദിഗന്തങ്ങൾ പൊട്ടുമാറ് ഇങ്കിലാബ് മുഴങ്ങി. പോരാട്ട സജ്ജരായ തൊഴിലാളികളുടെ ആവേശത്തിൽ നാട് പുളകിതമായി. 1112 ൽ ചേർന്ന തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ 12-ാമത് വാർഷിക സമ്മേളനം ഒരു പുതിയ ലോകത്തിന്റെ സൃഷ്ടിക്കായുള്ള ചരിത്ര മുഹൂർത്തത്തിനാണ് സാക്ഷ്യം വഹിച്ചത്. കയർ ഫാക്ടറി തൊഴിലാളികളുടെ പ്രതീക്ഷയായിരുന്ന ലേബർ അസോസിയേഷന് അതുവരെ ചെങ്കൊടിയില്ലായിരുന്നു. അസോസിയേഷനെ വിപ്ലവ തൊഴിലാളി സംഘടനയാക്കി മാറ്റുവാനുള്ള പി കൃഷ്ണപിള്ളയുടെ നിർദേശമാണ് പുതിയ മാറ്റത്തിന് വഴിയൊരുക്കിയത്. ആർ സുഗതനെ അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായി സമ്മേളനം തെരഞ്ഞെടുത്തു. ഒരു പൊതു പണിമുടക്കിലൂടെയല്ലാതെ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ കഴിയില്ലെന്ന് സമ്മേളനം വിലയിരുത്തി. പിന്നീട് നാട് കണ്ടത് ഉറവ വറ്റാത്ത സമരങ്ങളുടെ കലവറ.


ഇതുകൂടി വായിക്കൂ: കമ്മ്യൂണിസ്റ്റ്-ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ പുതിയ കാല്‍വയ്പ്


അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ പണിമുടക്ക് പ്രചാരണ യോഗങ്ങൾക്ക് നേതൃത്വം നൽകിയ അസോസിയേഷൻ നേതാക്കളായ ആർ സുഗതൻ, പി കെ കുഞ്ഞ്, പി എൻ കൃഷ്ണപിള്ള, വി കെ പുരുഷോത്തമൻ, സി കെ വേലായുധൻ എന്നിവരെ അറസ്റ്റ് ചെയ്തു. അറസ്റ്റിൽ പ്രതിഷേധിച്ച് തൊഴിലാളികൾ പണിമുടക്കി ഹർത്താൽ ആചരിച്ചു. നേതാക്കളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി. ഇവരെ പിരിച്ചുവിടാൻ ക്രൂരമായ ലാത്തിചാർജാണ് പൊലീസ് നടത്തിയത്. എന്നാൽ ഈ മർദ്ദന മുറകൾ കൊണ്ടൊന്നും തൊഴിലാളികളെ പിന്തിരിപ്പിക്കാനായില്ല. തുടർന്ന് അരേശേരി മൈതാനത്ത് ചേർന്ന യോഗത്തിൽ വെച്ച് പണിമുടക്ക് പ്രമേയം പാസാക്കി. ആർ സുഗതനെ കൺവീനറാക്കി പണിമുടക്ക് പ്രചാരണ കമ്മിറ്റിക്കും രൂപം നൽകി. ട്രേഡ് യൂണിയൻ ആക്ട് നിലവിൽ വന്ന 1118 ൽ തിരുവിതാംകൂർ ലേബർ അസോസിയേഷൻ, തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ എന്ന പേരിൽ ആദ്യത്തെ യൂണിയനായി രജിസ്റ്റർ ചെയ്തു. ടി വി തോമസ് പ്രസിഡന്റും ആർ സുഗതൻ ജനറൽ സെക്രട്ടറിയുമായുള്ള കമ്മിറ്റി നിലവിൽ വന്നു. അസോസിയേഷന്റെ ഘടകങ്ങളെ പ്രത്യേക യൂണിയനുകളായും രജിസ്റ്റർ ചെയ്തു. കന്നിട്ട ആന്റ് ഓയിൽ മിൽ വർക്കേഴ്സ് യൂണിയൻ, മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ, ചേർത്തല കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ എന്നിവ ഇങ്ങനെ രജിസ്റ്റർ ചെയ്ത യൂണിയനുകളാണ്. അപ്പോഴേക്കും ഈ യൂണിയനുകളെല്ലാം വിപ്ലവ ട്രേഡ് യൂണിയനുകളായി മാറിയിരുന്നു. തൊഴിലാളികൾക്കായി പാർട്ടി ക്ലാസുകളും പ്രസംഗ പരിശീലനവും പതിവായി സംഘടിപ്പിച്ചു. യൂണിയനുകളുടെ മാനേജിങ് കമ്മിറ്റിയിലും ഫാക്ടറികളിലും അംഗങ്ങളായിരുന്നവർ വർഗബോധമുള്ള തൊഴിലാളികളായിരുന്നു.


ഇതുകൂടി വായിക്കൂ: ജനപക്ഷത്ത് നിലയുറപ്പിച്ച കമ്മ്യൂണിസ്റ്റ്


കേരളം മൂന്നായി മുറിഞ്ഞു കിടന്ന അക്കാലത്ത് തിരുവിതാംകൂറിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ നഗരമായിരുന്നു ആലപ്പുഴ. 40,000ത്തോളം തൊഴിലാളികൾ പണിയെടുക്കുന്ന മേഖലയായി ആലപ്പുഴയിലെ കയർ വ്യവസായം മാറി. വ്യവസായം വളരുമ്പോഴും തൊഴിലാളികളുടെ അവസ്ഥ ദയനീയമായിരുന്നു. ജോലി ചെയ്താൽ കൂലി പോലും കൃത്യമായി നൽകില്ല. ജന്മിമാരുടെയും പിണിയാളുകളുടെയും പീഡനത്തിനെതിരെ പല സ്ഥലങ്ങളിലും തൊഴിലാളികളുടെ ഒറ്റപ്പെട്ട ശബ്ദങ്ങൾ ഉയർന്നെങ്കിലും ശക്തമായ തിരിച്ചടിയെ തുടർന്ന് അവ അവസാനിച്ചു. എന്നാൽ ആലപ്പുഴ എംബയർ ക്വയർ വർക്സ് കമ്പനിയിലെ സ്ഥിതി മറിച്ചായിരുന്നു. കമ്പനിയിലെ മൂപ്പനും യാർഡ് സൂപ്രണ്ടുമായിരുന്ന വാടപ്പുറം ബാവയാണ് തൊഴിലാളികൾക്ക് ഒരു സംഘടന വേണമെന്ന ആശയം മുന്നോട്ട് വെച്ചത്. തിരുവിതാംകൂർ ലേബർ അസോസിയേഷൻ എന്ന സംഘടന ജനിച്ചു വീഴുന്നത് അങ്ങനെയാണ്. ഡോ. എം കെ ആന്റണിയെ പ്രസിഡന്റായും വാടപ്പുറം ബാവയെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ലേബർ അസോസിയേഷന്റെ ആദ്യകാല പ്രവർത്തനം വർഗസംഘടനകളുടെയോ വിപ്ലവ ട്രേഡ് യുണിയന്റേയോ രീതിയിൽ ആയിരുന്നില്ല. തൊഴിലാളികളുടെ ആവശ്യങ്ങൾ അധികൃതരെ അറിയിക്കുവാൻ അപേക്ഷ നൽകുക, നിവേദനങ്ങളും മെമ്മോറാണ്ടങ്ങളും സമർപ്പിക്കുക, യോഗങ്ങൾ കൂടി പ്രമേയങ്ങൾ പാസാക്കുക തുടങ്ങിയവയായിരുന്നു പ്രധാന പരിപാടികൾ. തൊഴിലാളികളിൽ നിന്ന് ശേഖരിക്കുന്ന ചെറിയ സംഭാവനകൾ ഉപയോഗിച്ച് അവർക്ക് ചികിത്സാ സഹായം നൽകുവാനും വായനശാലകൾ സ്ഥാപിക്കുവാനും അസോസിയേഷൻ മുൻകൈയെടുത്തു. അസോസിയേഷന്റെ നേതൃത്വത്തിൽ തൊഴിലാളി കുടുംബങ്ങളിലേക്ക് മരണ ഫണ്ടും സ്വരൂപിച്ചു. എന്നാൽ അസോസിയേഷനെ തൊഴിലാളി സംഘടനയായി മുതലാളിമാർ അംഗീകരിച്ചില്ല. ഇതിനെ തുടർന്നാണ് വിപ്ലവ ട്രേഡ് യൂണിയൻ എന്ന ആശയം പി കൃഷ്ണപിള്ള മുന്നോട്ട് വെച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.