17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 2, 2024
October 31, 2024
October 31, 2024
October 31, 2024
October 23, 2024
October 21, 2024
October 20, 2024
October 20, 2024
October 20, 2024
October 20, 2024

ബാവ: സമരപഥത്തിലെ ആദ്യരക്തസാക്ഷി

Janayugom Webdesk
December 8, 2022 6:00 am

കേരളത്തിലെ തൊഴിലാളി പോരാട്ടചരിത്രത്തിലെ ആദ്യ രക്തസാക്ഷിയായ ബാവ ജനമനസുകളിൽ ഇന്നും ജീവിക്കുന്നു. തൊഴിലാളികളുടെ അവകാശങ്ങൾ ഒരു പണിമുടക്കിലൂടെ അല്ലാതെ പരിഹരിക്കാനാവില്ലെന്ന ലേബർ അസോസിയേഷന്റെ തിരിച്ചറിവാണ് കേരളത്തിലെ ആദ്യത്തെ തൊഴിലാളി പണിമുടക്കിന് വഴിയൊരുക്കിയത്. പണിമുടക്കിന്റെ പ്രചാരണ യോഗങ്ങൾ ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ സജീവമായി. ഇതിന് നേതൃത്വം നൽകിയ ആർ സുഗതൻ, പി കെ കുഞ്ഞ്, പി എൻ കൃഷ്ണപിള്ള, വി കെ പുരുഷോത്തമൻ, സി കെ വേലായുധൻ എന്നിവരെ കൊല്ലവർഷം 1118 മീനം 11, 12 തീയതികളിലായി അറസ്റ്റ് ചെയ്തു. അറസ്റ്റിൽ പ്രതിഷേധിക്കുവാൻ ആലപ്പുഴയിലെ തൊഴിലാളികൾ ഒന്നടങ്കം തെരുവിലിറങ്ങി. നേതാക്കളെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് തൊഴിലാളികൾ പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയത് സംഘർഷത്തിന് വഴിയൊരുക്കി.

തൊഴിലാളികളെ പിരിച്ചുവിടുവാൻ പൊലീസ് മൃഗീയമായ മർദ്ദനമുറകൾ അഴിച്ചുവിട്ടു. തുടർന്ന് നടന്ന ലാത്തിച്ചാർജിൽ ആണ് ആര്യാട് സ്വദേശിയായ ബാവയെന്ന കയർത്തൊഴിലാളി മരിച്ചുവീണത്. സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളുടെ സമരവീര്യത്താൽ ആലപ്പുഴ പല ചരിത്ര മുഹൂർത്തങ്ങൾക്കും സാക്ഷ്യം വഹിച്ചു. കേരളത്തിൽ ആദ്യമായി തൊഴിലാളി സംഘടന രൂപീകരിച്ച ആലപ്പുഴയിലെ ചുവന്ന മണ്ണിലാണ് ആദ്യത്തെ തൊഴിലാളി പണിമുടക്കും നടന്നത്. മുതലാളിത്തത്തിനും ജന്മിത്തത്തിനും എതിരായ സമരങ്ങളുടെ കനൽ വഴികളിൽ ഘെരാവോ സമരം ആദ്യമായി നടത്തിയതും ഈ വിപ്ലവ ഭൂമിയിലെ കയർത്തൊഴിലാളികൾ ആയിരുന്നു. കൂലി, വേല വ്യവസ്ഥകൾക്കെതിരെയും രാഷ്ട്രീയാവശ്യങ്ങൾ ഉന്നയിച്ചും തൊഴിലാളികൾ നടത്തിയ ഐതിഹാസികമായ ചെറുത്തുനില്പ് ഒരു ജനതയുടെ സ്വാതന്ത്ര്യ സമരത്തിലേക്ക് വളർന്നു പന്തലിക്കുകയായിരുന്നു. പുന്നപ്ര‑വയലാർ ഉൾപ്പെടെ നാടിനെ ചുവപ്പിൽ മുക്കിയ സമരങ്ങൾക്ക് നേതൃത്വം നൽകിയത് കയർത്തൊഴിലാളികളും. അങ്ങനെ വർഗ സമരങ്ങളിലൂടെ ചുടുചോരയാൽ അവർ ഇതിഹാസങ്ങൾ രചിച്ചു.

1859 ൽ ഡാറാസ്മെയിൽ ആന്റ് കമ്പനിയെന്ന ആദ്യത്തെ കയർ ഫാക്ടറി ബ്രിട്ടീഷുകാരനായ ജെയിംസ് ഡാറ സ്ഥാപിച്ചതിന്റെ ചുവടുപിടിച്ച് ഒട്ടേറെ സ്ഥാപനങ്ങൾ ആലപ്പുഴയിൽ രൂപം കൊണ്ടു. വില്യം ഗുഡേക്കർ ആന്റ് സൺസ്, വോൾക്കാട്ട് ബ്രദേഴ്സ്, പീയേഴ്സ് ലെസിലിക്ക, എംബയർ ക്വയർ വർക്സ്, ആസ്പിൻവാൾ കമ്പനി, ഡിക്രൂസ്, മെഡൂറ ഇങ്ങനെ നീളുന്നു കമ്പനികൾ. രാപ്പകൽ ഭേദമന്യേ തൊഴിൽ ശാലകളിലേക്ക് ഘോഷയാത്ര പോലെ ഇഴഞ്ഞുനീങ്ങുന്ന കയർത്തൊഴിലാളികൾ ആലപ്പുഴ നഗരത്തിലെ പതിവ് കാഴ്ചയായിരുന്നു. കേരളം മൂന്നായി കിടന്ന അക്കാലത്ത് തിരുവിതാംകൂറിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ നഗരമായിരുന്നു ആലപ്പുഴ. ആഗോള സാമ്പത്തിക മാന്ദ്യം മൂലം ജനങ്ങളുടെ വരുമാനമിടിഞ്ഞപ്പോൾ ചെലവ് കുറഞ്ഞ കയർ ഉല്പന്നങ്ങൾക്ക് യൂറോപ്പിൽ ആവശ്യക്കാരേറി. കയറ്റുമതിയിലുണ്ടായ വർധനവ് മൂലം നാല്പതിനായിരത്തോളം തൊഴിലാളികൾ പണിയെടുക്കുന്ന മേഖലയായി ആലപ്പുഴയിലെ കയർ വ്യവസായം മാറി. അങ്ങനെ കയർ വ്യവസായത്തിലൂടെ ആലപ്പുഴയുടെ പ്രസക്തി കടൽകടന്നു. കിഴക്കിന്റെ വെനീസ് എന്നറിയപ്പെട്ട ആലപ്പുഴയിലെ തുറമുഖവും വ്യവസായത്തിന്റെ മാറ്റ് കൂട്ടി. വ്യവസായം അനുദിനം വളരുമ്പോഴും തൊഴിലാളികളുടെ അവസ്ഥ ദയനീയമായിരുന്നു. അരനൂറ്റാണ്ട് കാലത്തോളം കൊടിയ പീഡനങ്ങൾക്ക് വിധേയരായ തൊഴിലാളികൾ ഒടുവിൽ സംഘടിച്ചു.

 

 

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.