15 May 2024, Wednesday

അജന്താ സ്റ്റുഡിയോ; വിസ്മൃതിയിലാണ്ടു പോയ, സഹകരണ മേഖലയിലെ ആദ്യ സിനിമാ നിർമ്മാണ സംരംഭം

ബേബി ആലുവ
August 4, 2023 4:41 pm

ഒന്ന് ആളിക്കത്താൻ മാത്രമായിരുന്നു, അജന്താ സ്റ്റുഡിയോ എന്ന, സഹകരണ മേഖലയിലെ രാജ്യത്തെ ആദ്യ ചലച്ചിത്ര നിർമ്മാണ സംരംഭത്തിന്റെ നിയോഗം. രാജ്യത്തെ മറ്റ് സിനിമാ നിർമ്മാണ സ്ഥാപനങ്ങളുടെ മുൻ നിരയിൽ ഇടം പിടിക്കേണ്ടതായിരുന്നു അജന്തയും. എന്നാൽ, അതുണ്ടായില്ല. സ്റ്റുഡിയോ ഉയർന്നുപൊങ്ങിയ, ആലുവയ്ക്കടുത്ത കീഴ്മാട്ടിലെ ചെങ്കൽ പ്രദേശത്ത് കാലാന്തരത്തിൽ യാതൊരു ശേഷിപ്പുകളും ബാക്കി വയ്ക്കാതെ അത് മാഞ്ഞു പോയി. സ്റ്റുഡിയോയുടെ മുമ്പിലുണ്ടായിരുന്ന ബസ് കാത്തിരുപ്പ് കേന്ദ്രത്തിന്റെ’ സ്റ്റുഡിയോ സ്റ്റോപ്പ്’ എന്ന പേരു പോലും വിസ്മൃതിയിൽ മറഞ്ഞു. അപൂർവം ചില പഴമക്കാരിലേക്കോ, പഴഞ്ചൻ പത്രത്താളുകളിലേക്കോ, ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളുടെ ടൈറ്റിൽ കാർഡുകളിലേക്കോ അജന്തയുടെ നിറം കെട്ട ചിത്രം ഒതുങ്ങിപ്പോയി.

മലയാള സിനിമ കോടമ്പാക്കത്തെ ഭ്രമണം ചെയ്യുന്നതായിരുന്നു കാലം. കേരളത്തിൽ എടുത്തു പറയാവുന്ന ചലച്ചിത്ര നിർമ്മാണ സ്ഥാപനങ്ങൾ ഉദയയും മെരിലാന്റും മാത്രം. മലയാള ചലച്ചിത്ര വ്യവസായത്തെ തമിഴകത്തു നിന്ന് സ്വന്തം മണ്ണിലേക്ക് കൊണ്ടുവരാൻ, നെഞ്ചുനിറയെ സിനിമയുമായി നടന്ന രണ്ടു പേർ ആലുവാപുഴയോരത്തും തീവണ്ടിയാപ്പീസിന്റെ ഒഴിഞ്ഞ കോണിലും അനേകം വൈകുന്നേരങ്ങൾ തല പുകച്ചതിന്റെ പരിണതിയായിരുന്നു, രാജ്യത്തത്തന്നെ ആദ്യ ചലച്ചിത്ര നിർമ്മാണ സ്ഥാപനത്തിന്റെ പിറവി.
ഇരുകൂട്ടരും ചില്ലറക്കാരൊന്നുമല്ല. ഒരാൾ, ആലപ്പുഴയിൽ കമ്മ്യൂണിസ്റ്റ് നേതാവ് ടി വി തോമസിനോടൊപ്പം ബ്രിട്ടീഷ് പട്ടാളത്തെയും സർ സി പിയെയും മുട്ടുകുത്തിക്കാൻ പടയ്ക്കിറങ്ങിയവരിലൊരാൾ. ടി വി യോടൊപ്പം ഉദയാ സ്റ്റുഡിയോയുടെ ഉദയത്തിനായി അക്ഷീണം പ്രവർത്തിച്ചയാൾ. മലയാളത്തിലെ ആദ്യ ബിഗ് ബജറ്റ് സിനിമയായ’ ജനോവയിൽ’ നായകനായ എംജിആറിനൊപ്പം പ്രതിനായകനായി തിളങ്ങിയയാൾ. പ്രഥമ മലയാള ശബ്ദ ചലച്ചിത്രമായ ‘ബാലനി‘ൽ ‘ഗുഡ് ലക്ക് എബരി ബെഡി’ എന്ന ആദ്യ സംഭാഷണം ഉരുവിട്ട്, തന്റെ ശബ്ദവും മുഖവും സെല്ലുലോയിഡിൽ പതിപ്പിച്ച്, മലയാള സിനിമയുടെ ആദ്യ ശബ്ദമായി മാറിയയാൾ- ആലപ്പി വിൻസന്റ്.

രണ്ടാമൻ ആലുവയിൽ സിനിമാ നിർമ്മാതാവ്. സർവീസ് ബസുകളുടെയും ട്യൂറിങ് ടാക്കീസിന്റെയും ഉടമ. തമിഴ് നടോടി നാടക സംഘങ്ങൾക്കു ബദലായി തിക്കുറിശി സുകുമാരൻ നായർ, കൊട്ടാരക്കര ശ്രീധരൻ നായർ, ആറന്മുള പൊന്നമ്മ തുടങ്ങിയ നാടക സിനിമാ രംഗത്തെ കുലപതികളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച നാടക സമിതിയുടെ ഉടയോൻ കെ എൻ കരുണാകര പിള്ള. ആലോചനകളുടെ അവസാനം, ദി കേരളാ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് — നമ്പർ 3555 എന്ന പേരിൽ ഒരു സംഘം രജിസ്റ്റർ ചെയ്തു. ആലപ്പി വിൻസന്റ്, കെ എൻ കരുണാകര പിള്ള, ഗാനരചയിതാവും സംവിധായകനുമായ പി ഭാസ്കരൻ, സിനിമാ പത്രപ്രവർത്തകനായ ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ, ചലച്ചിത്ര നിർമ്മാതാവ് പോൾ കല്ലുങ്കൽ, പ്രമുഖ നടി മിസ് കുമാരിയുടെ പിതാവ് കെ ജെ തോമസ്, ഹാസ്യ സമ്രാട്ട് എസ് പി പിള്ള, കലാമണ്ഡലം ഗംഗാധരൻ തുടങ്ങിയവർ ഓഹരിയുടമകൾ. പിന്നെ കണ്ടെത്തേണ്ടത് സ്റ്റുഡിയോ സ്ഥാപിക്കാനുള്ള സ്ഥലമായിരുന്നു. ആലുവയിൽ നിന്ന് കിഴക്ക് മാറി മൊട്ടക്കുന്നുകളും കൈത്തോടുകളും ചെമ്മൺ പാതകളും നിറഞ്ഞ കാൽപ്പനിക ഭംഗിയുള്ള കീഴ്മാട് എന്ന പ്രദേശത്ത് വിശാലമായ സർക്കാർ ഭൂമി കണ്ടെത്തി. കുറച്ചു മാറി ആലുവാപ്പുഴ. പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലമാണ്. ആലപ്പി വിൻസന്റിന്റെ ആത്മ മിത്രമായ ടി വി തോമസ് മന്ത്രിസഭാംഗം. ടി വി യെക്കണ്ട് കാര്യം ഗ്രഹിപ്പിച്ചു. സഹകരണ മേഖലയിലെ ആദ്യ ചലച്ചിത്ര നിർമ്മാണശാല. ടി വിക്കും ആശയം നന്നേ ബോധിച്ചു. റവന്യു മന്ത്രിയായ കെ ആർ ഗൗരിയമ്മ തുടക്കത്തിൽ ഒന്നിടഞ്ഞെങ്കിലും ടിവി അനുനയിപ്പിച്ച് കാര്യങ്ങൾ നേരെയാക്കി. അങ്ങനെ, കീഴ്മാട്ടിലെ മേച്ചിൽക്കുന്നിൽ സർക്കാർ അനുവദിച്ച എട്ടര ഏക്കർ ഭൂമിയിൽ, സിനിമയ്ക്കായി സ്വയം സമർപ്പിച്ച രണ്ടു മൂന്ന് മനുഷ്യരുടെ സ്വപ്നങ്ങൾക്ക് ജീവൻ വച്ചതു പോലെ, ഓടും ഓലയും ചെങ്കല്ലും കൊണ്ട് പണിതീർത്ത കെട്ടിടങ്ങൾ ഉയർന്നുവന്നു. ഷൂട്ടിങ് ഫ്ലോറും അനുബന്ധ സൗകര്യങ്ങളും ഒരുങ്ങി. പിന്നാലെ, മദ്രാസിൽ നിന്ന് ഷൂട്ടിങ് സാമഗ്രികളും സാങ്കേതിക വിദഗ്ധരുമെത്തി. പല വഴികളിലൂടെ സംഘടിപ്പിച്ച വായ്പകളും സംഘം പ്രസിഡന്റ് ആലപ്പി വിൻസന്റിന്റെയും സെക്രട്ടറി ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെയും വസ്തു ഈടിന്മേൽ സമാഹരിച്ച തുകയുമൊക്കെയായിരുന്നു മൂലധനം.

അവൾ, ഓളവും തീരവും, അവൾ അല്പം വൈകിപ്പോയി, കബനീ നദി ചുവന്നപ്പോൾ, ജന്മഭൂമി, പെരിയാർ, ഓപ്പോൾ തുടങ്ങി കുറെ ചിത്രങ്ങൾ അജന്തയിലൂടെ പുറത്തു വന്നു. അസീസും എം ടിയും പി എ ബക്കറും പി ജെ ആന്റണിയും കെ എസ് സേതുമാധവനും ജോൺ ശങ്കരമംഗലവുമൊക്കെ സംവിധായകരുടെ കുപ്പായമണിഞ്ഞ് അജന്തയിലെ സാന്നിധ്യമായി. സത്യനും പ്രേംനസീറും മധുവും ഷീലയും ശാരദയും ഉഷാ നന്ദിനിയുമൊക്കെ ഗ്രാമവാസികൾക്ക് സുപരിചിതരായി. കാലം മാറുകയായിരുന്നു. അതിനൊപ്പിച്ച് ചലച്ചിത്ര വ്യവസായത്തിലും മാറ്റങ്ങളുണ്ടായി. കേരളത്തിനകത്തും പുറത്തുമുള്ള സ്റ്റുഡിയോകൾ അജന്തയെ മറികടന്ന് ഏറെ ആധുനീകരിക്കപ്പെട്ടു. സിനിമാക്കാർ മറ്റിടങ്ങൾ തേടിത്തുടങ്ങി. വരുമാനം കുറഞ്ഞതോടെ വായ്പകൾ പ്രശ്നമായി. ജപ്തിയും ലേലവുമായി. ആലപ്പി വിൻസന്റിന്റെ ജന്മനാട്ടിലെ ഭൂസ്വത്തപ്പാടെ അന്യാധീനമായി. സഹായ ഹസ്തം നീട്ടിയെത്തിയവർ ഭരണസാരഥ്യത്തിലെത്തുക കൂടിച്ചെയ്തതോടെ, ഇനിയൊരു തിരിച്ചു വരവ് അസാധ്യമാവും വിധം അജന്ത രോഗശയ്യയിലായി. സ്റ്റുഡിയോ വളപ്പിൽ കശുമാവുകൾ തണലൊരുക്കുന്ന കൊച്ചു വീട്ടിലേക്ക് ആലപ്പി വിൻസന്റ് സ്വയമൊതുങ്ങി. സിനിമാപകിട്ടിന്റെ പ്രൗഢിയോടെ അജന്താ സ്റ്റുഡിയോ വിളങ്ങി നിന്ന മേച്ചിൽക്കുന്നിൽ ഇന്ന്, പട്ടികജാതി വികസന വകുപ്പിന്റെ മോഡൽ റസിഡൻഷ്യൽ സ്കൂൾ തലയുയർത്തി നിൽക്കുന്നു.

Eng­lish Sum­ma­ry: Ajan­ta Stu­dio; First film pro­duc­tion ven­ture in coop­er­a­tive sector

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.