27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

June 14, 2024
May 14, 2024
April 16, 2024
April 16, 2024
January 15, 2024
July 25, 2023
May 13, 2023
May 12, 2023
March 27, 2023
February 28, 2023

അധികാരഗര്‍വിന്റെ പുലമ്പലുകള്‍

കെ ദിലീപ്
നമുക്ക് ചുറ്റും
May 14, 2024 4:45 am

1757ലെ പ്ലാസി യുദ്ധത്തില്‍ സിറാജ് ഉദ് ദൗളയെ റോബര്‍ട്ട് ക്ലൈവിന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷ് സൈന്യം പരാജയപ്പെടുത്തി ഇന്ത്യയുടെ മിക്കവാറും പ്രദേശങ്ങളില്‍ രാഷ്ട്രീയാധികാരം നേടിയ ശേഷം ബ്രിട്ടീഷ് ഈസ്റ്റിന്ത്യ കമ്പനിക്ക് ഇന്ത്യയില്‍ അധികാരം നല്‍കിക്കൊണ്ട് ബ്രിട്ടീഷ് പാര്‍ലമെന്റ് 1793ല്‍ പാസാക്കിയ റഗുലേറ്റിങ് ആക്ടില്‍ നിന്നാണ് സര്‍വീസിന്റെ തുടക്കം. ഇതേ ആക്ടിലൂടെ തന്നെയാണ് ഈസ്റ്റിന്ത്യാ കമ്പനിയുടെ കച്ചവട പ്രവൃത്തികളും രാജ്യഭരണ സംബന്ധമായ ജുഡീഷ്യല്‍, അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളും വേര്‍തിരിച്ച് പ്രത്യേക ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങിയത്. ഈ ആക്ട് ഈസ്റ്റിന്ത്യാ കമ്പനി ജീവനക്കാരുടെ സ്വകാര്യ വ്യാപാരങ്ങള്‍ നിരോധിക്കുവാനും കൈക്കൂലി നിയന്ത്രിക്കുവാനും നിയമങ്ങള്‍ നടപ്പിലാക്കി. ജീവനക്കാര്‍ സ്വകാര്യ കച്ചവടം നടത്തുന്നതും കൈക്കൂലി വാങ്ങുന്നതും അക്കാലത്ത് ഒരു അവകാശമായാണ് കണ്ടിരുന്നത്.


ഇതുകൂടി വായിക്കൂ: അഴിമതിക്കും കൈക്കൂലിക്കും പരിരക്ഷയില്ല


1857ലെ ഒന്നാം സ്വാതന്ത്ര്യസമരം അടിച്ചമര്‍ത്തപ്പെട്ട ശേഷം ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ത്യയുടെ ഭരണാധികാരം ഈസ്റ്റിന്ത്യാ കമ്പനിയില്‍ നിന്ന് നേരിട്ട് ഏറ്റെടുത്തപ്പോള്‍ ഗവര്‍ണര്‍ ജനറല്‍ വൈസ്രോയി ആയി പുനര്‍നാമകരണം ചെയ്യപ്പെടുകയും 1861ലെ ഇന്ത്യന്‍ സിവില്‍ സര്‍വീസ് ആക്ട് നിലവില്‍ വരികയും ചെയ്തു. പ്രധാന തസ്തികകളെല്ലാം ബ്രിട്ടീഷുകാര്‍ക്കായി നീക്കിവയ്ക്കപ്പെട്ടിരുന്ന ഈ ഇമ്പീരിയല്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ പ്രധാന ജോലി ബ്രിട്ടീഷ് സര്‍ക്കാരിന് ലഭിക്കാനുള്ള നികുതി വരുമാനവും ഇന്ത്യയിലെ ബ്രിട്ടീഷ് പൗരന്മാര്‍ക്കും കുടുംബത്തിനും അവരുടെ സ്വത്തുവകകള്‍ക്കും സുരക്ഷയും ഉറപ്പുവരുത്തുകയായിരുന്നു. മഹാത്മാഗാന്ധി 1917ല്‍ ബിഹാറിലെ ചമ്പാരനിലെ നീലം കര്‍ഷകരുടെ ദുരിത സ്ഥിതി കേട്ടറിഞ്ഞ് അവിടെ എത്തിച്ചേര്‍ന്നപ്പോള്‍ കണ്ടത്, കൃഷിയിലൂടെ കിട്ടുന്ന വരുമാനം മുഴുവന്‍ ബ്രിട്ടീഷുകാര്‍ക്ക് നികുതി നല്‍കി അര്‍ധപ്രാണരായ കര്‍ഷകരെയാണ്. കര്‍ഷകന്റെ കണ്ണീരും വിയര്‍പ്പും തടം കെട്ടിയ ചമ്പാരനിലെ മണ്ണില്‍ നിന്നാണ് ഇന്ത്യയുടെ സ്വാതന്ത്ര്യസമരം മഹാത്മജി തുടങ്ങിവച്ചത്. “ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം നിലനിര്‍ത്തിയത് ബ്രിട്ടീഷ് സിവില്‍ സര്‍വീസാണെന്നും അതിന്റെ പ്രവര്‍ത്തനവും പദവിയും ചുരുക്കാനാവില്ല” എന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ലോയിഡ് ജോര്‍ജ് പറഞ്ഞത് യാഥാര്‍ത്ഥ്യമായിരുന്നു. ബ്രിട്ടന്റെ അനേകമടങ്ങ് വിസ്തൃതിയും ജനസംഖ്യയുമുള്ള ഇന്ത്യയെ ബ്രിട്ടന്റെ കോളനിയായി നിലനിര്‍ത്തിയതില്‍ ഏറ്റവും വലിയ പങ്ക് ഐസിഎസുകാരുടേതായിരുന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു സ്വാതന്ത്ര്യസമരകാലത്ത് “ദൗര്‍ഭാഗ്യവശാല്‍ നമ്മള്‍ എന്തിനെക്കൊണ്ടാണോ ഏറെ ദുരിതങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്, അത് ഇന്ത്യനോ, സിവിലോ സര്‍വീസോ അല്ല” എന്ന് ഐസിഎസിനെ കുറിച്ച് പരാമര്‍ശിച്ചുവെങ്കിലും ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ആദ്യ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഐസിഎസ് എന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഭരണവൃന്ദത്തെ പേരില്‍ മാത്രം ഒരു ചെറിയ മാറ്റത്തോടെ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസായി നിലനിര്‍ത്തി. ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗം 14 അനുച്ഛേദം 312(2) പ്രകാരം ഓള്‍ ഇന്ത്യ സര്‍വീസസ് ആക്ട് 1951ല്‍ നിലവില്‍ വന്നു. എന്നാല്‍ ഇമ്പീരിയല്‍ സിവില്‍ സര്‍വീസിന്റെ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം വന്നുവോ എന്നത് വളരെ ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണ് എന്നാണ് പില്‍ക്കാല അനുഭവങ്ങള്‍ കാണിക്കുന്നത്.


ഇതുകൂടി വായിക്കൂ: കനകസിംഹാസനത്തിലെ ഗവര്‍ണന്‍!


രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിലേക്ക് സ്വന്തം ജീവിതം തന്നെ ത്യജിച്ചുകൊണ്ട് എടുത്തുചാടിയ ദശലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ ചെറുപ്പക്കാരില്‍ കോടതി വിട്ടിറങ്ങിയ അഭിഭാഷകര്‍, കലാലയങ്ങള്‍ വിട്ടിറങ്ങിയ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ഭിഷഗ്വരന്മാര്‍, ശാസ്ത്രജ്ഞര്‍ അങ്ങനെ സമൂഹത്തിന്റെ നാനാ തുറയിലുമുള്ളവരുണ്ടായിരുന്നു. അവരുടെ അര്‍പ്പണബോധവും ത്യാഗസന്നദ്ധതയുമാണ് ഇന്ത്യയുടെ രാഷ്ട്രീയ സ്വാതന്ത്ര്യം യാഥാര്‍ത്ഥ്യമാക്കിയത്. ഇന്ത്യയുടെ നാലാമത്തെ പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായി 1930ല്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ നിന്നും രാജിവച്ച് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് അനേക വര്‍ഷം ജയില്‍വാസമനുഭവിച്ച നേതാവാണ്. ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി ഐസിഎസില്‍ ചേരാന്‍ വിസമ്മതിച്ച് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകനായി ജയില്‍വാസമനുഭവിച്ച് ജീവിതം മുഴുവന്‍ ജനങ്ങളില്‍ പുരോഗമന ചിന്തയും ശാസ്ത്രാഭിമുഖ്യവും വളര്‍ത്തുവാനായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച വ്യക്തിത്വമാണ് സി ഉണ്ണിരാജ. അങ്ങനെ രാജ്യത്തിനായി ജീവിതമര്‍പ്പിച്ച, അധികാരവും സ്ഥാനമാനങ്ങളും തൃണവല്‍ഗണിച്ച ദശലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ യുവാക്കള്‍ സ്വപ്നംകണ്ട പുതിയ ഇന്ത്യയില്‍ നിലവില്‍ വന്നത് ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു ഉദ്യോഗസ്ഥ സംവിധാനമാണോ എന്ന് നമ്മള്‍ ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു.
ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് നിലവില്‍ വന്നത് ഭരണഘടനയുടെ 312-ാം അനുച്ഛേദപ്രകാരം കോളനിവാഴ്ചയില്‍ നിന്ന് സ്വയംഭരണത്തിലേക്കുള്ള അനായാസകരമായ മാറ്റത്തിനും ഭരണസംവിധാനത്തിന്റെ തുടര്‍ച്ച ഉറപ്പാക്കാനുമായിരുന്നു. അത് രാജ്യത്തിന്റെ മാറുന്ന ആവശ്യങ്ങള്‍ക്ക് അനുസൃതമാവണം. സാമൂഹ്യമാറ്റങ്ങള്‍ക്കനുസൃതമായി, സാമൂഹ്യ പുരോഗതിക്കായി വിവിധ സര്‍ക്കാരുകള്‍ ആവിഷ്കരിക്കുന്ന നയങ്ങള്‍ പ്രതിബദ്ധതയോടെ നടപ്പിലാക്കുക എന്നതാണ് അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്റെ കടമ. കര്‍ത്തവ്യനിര്‍വഹണം സുതാര്യവും കാര്യക്ഷമവും ഉത്തരവാദിത്തത്തോടെയുമാവണം. സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ഒരു പാലമായി അവര്‍ വര്‍ത്തിക്കണം.


ഇതുകൂടി വായിക്കൂ: വ്യത്യസ്തനാമൊരു ബാര്‍ബറാം അംബാനി


സര്‍ക്കാര്‍ പദ്ധതികളുടെയും പരിപാടികളുടെയും ഗുണഫലങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്നതാണ് ഒരു ജനാധിപത്യ രാജ്യത്തെ സിവില്‍ സര്‍വീസിന്റെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം. പൊതുസമൂഹത്തില്‍ നിന്നുയരുന്ന വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് സ്വയം തിരുത്തുവാനും അവര്‍ തയ്യാറാവണം.
ഭൂരിപക്ഷം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും നമ്മുടെ നാട്ടില്‍, മേല്പറഞ്ഞ ദിശയില്‍ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പില്‍ വരുത്തുവാനും ഭരണസംവിധാനം കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോവാനും പരിശ്രമിക്കുമ്പോള്‍ അസല്‍ധ്വരമാരുടെ വാല്‍ക്കഷ്ണങ്ങളായി അധികാര ഗര്‍വിന്റെ വ്രണം ബാധിച്ച് ചൊറികുത്തുന്ന അപൂര്‍വം ചിലരെങ്കിലുമുണ്ട് എന്നാണ് സമീപ ദിവസങ്ങളിലെ മാധ്യമ വാര്‍ത്തകളില്‍ കാണുന്നത്. ഇത്തരക്കാരുടെ പ്രവൃത്തികളും അവയെ ന്യായീകരിച്ചുകൊണ്ടുള്ള ഇതേതരക്കാരുടെ വസ്തുതകള്‍ക്ക് നിരക്കാത്ത അഹങ്കാരജടിലമായ വിശദീകരണങ്ങളും ജനമധ്യത്തില്‍ അവര്‍ക്ക് അവമതിപ്പുണ്ടാക്കുവാനേ ഉതകുകയുള്ളു. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നും ശമ്പളം പറ്റുന്ന ഇത്തരക്കാര്‍ നടത്തുന്ന അധികാര ദുര്‍വിനിയോഗവും ധിക്കാരവും ജനാധിപത്യ ഭരണ സംവിധാനത്തില്‍ വച്ചുപൊറുപ്പിക്കാനാവുന്നതല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.