27 July 2024, Saturday
KSFE Galaxy Chits Banner 2

അശ്ലീലത്തിൽ അഭിരമിക്കുന്ന യുഡിഎഫ്

Janayugom Webdesk
May 14, 2024 5:00 am

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എല്ലാ പ്രചരണ തന്ത്രങ്ങളും പാളിപ്പോയ യുഡിഎഫ് അശ്ലീലങ്ങളെയും സ്ത്രീവിരുദ്ധതയെയും ഏറ്റവും കൂടുതൽ ആശ്രയിച്ചത് ഇത്തവണയായിരിക്കുമെന്ന് തോന്നുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഘട്ടത്തിൽ എല്ലായിടങ്ങളിലും കുപ്രചരണങ്ങളുണ്ടായെങ്കിലും ഏറ്റവും ശക്തമായ കടന്നാക്രമണം നേരിടേണ്ടിവന്നത് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കായിരുന്നു. വ്യക്തിപരവും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങളിലൂടെ വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചതിന്റെ കൂടെ വർഗീയവൽക്കരണ ശ്രമങ്ങളും ശൈലജയ്ക്കെതിരെയുണ്ടായി. തെരഞ്ഞെടുപ്പ് പൂർത്തിയായിട്ടും അവരെ വ്യക്തിവിരോധം വച്ചെന്നതുപോലെ വേട്ടയാടുന്ന സമീപനം യുഡിഎഫും അതിന്റെ ഭാഗമായുള്ള കക്ഷികളും പ്രവർത്തകരും തുടരുകയാണ്. തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തിൽ സമൂഹമാധ്യമങ്ങളെ ദുരുപയോഗം ചെയ്തുള്ള വ്യാപകമായ പ്രചരണങ്ങളാണ് ശൈലജയ്ക്കെതിരെയുണ്ടായത്. മണ്ഡലത്തിൽ പ്രമുഖ വോട്ട് സാന്നിധ്യമായ സുന്നിവിഭാഗത്തെ പ്രകോപിപ്പിക്കുന്നതിന് വ്യാജ വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചത് അതിന്റെ ഭാഗമായിരുന്നു. സുന്നിവിഭാഗത്തിന്റെ സമുന്നത നേതാവ് കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ വ്യാജ പ്രസ്താവന തയ്യാറാക്കി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു. പ്രചരണഘട്ടത്തിൽ നടന്ന പാനൂർ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സുന്നി വോട്ടുകളെ എൽഡിഎഫിന് എതിരാക്കുകയെന്ന ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ വ്യാജപ്രചരണം. ഒരു ചാനലിന്റെ ലോഗോയും മറ്റും വച്ച് ശൈലജ പറയാതിരുന്ന കാര്യങ്ങൾ പറഞ്ഞതായും പ്രചരിപ്പിച്ചു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ചായിരുന്നു ഈ കുപ്രചരണം. അതിനെതിരെ പ്രസ്തുത ചാനൽതന്നെ രംഗത്തുവന്നു. മറ്റൊരു പ്രമുഖ മാധ്യമത്തിന്റെ ഓൺലൈൻ പേജിന്റെ വ്യാജപതിപ്പുണ്ടാക്കിയും അന്ന് ശൈലജയ്ക്കെതിരെ പ്രചരണം നടത്തി. അവിടെയും അവസാനിപ്പിച്ചില്ല. അശ്ലീല വീഡിയോ മോർഫ് ചെയ്ത് കുടുംബ ഗ്രൂപ്പുകളിൽ വ്യാപകമായി പങ്കുവയ്ക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ നടത്തിയ ഈ കുറ്റകൃത്യങ്ങളിലെല്ലാം അറസ്റ്റിലായത് കോൺഗ്രസ്, ലീഗ് തുടങ്ങിയ യുഡിഎഫ് ക­ക്ഷികളുടെ പ്രമുഖ പ്രവർത്തകരും നേതാക്കളുമായിരുന്നു.


ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പിനെ അശ്ലീലമാക്കുന്ന യുഡിഎഫ്


തെരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ട് പെട്ടിയിലായിട്ടും അശ്ലീലത്തിൽ അഭിരമിക്കുന്ന കലാപരിപാടി യുഡിഎഫ് അവസാനിപ്പിക്കുന്നില്ല. അതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം വടകരയിലുണ്ടായത്. വർഗീയതയ്ക്കെതിരെ നാടൊന്നിക്കണം എന്ന പേരിൽ യുഡിഎഫും ആർഎംപിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് കെ കെ ശൈലജയ്ക്കും പ്രമുഖ നടി മഞ്ജു വാര്യർക്കുമെതിരെ കേട്ടാൽ ചെവി പൊത്തേണ്ടിവരുന്ന സ്ത്രീ വിരുദ്ധ പരാമർശമുണ്ടായിരിക്കുന്നത്. കേട്ടാലറയ്ക്കുന്ന ഭാഷയിലായിരുന്നു ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ പരാമർശങ്ങൾ. അത് സ്ത്രീവിരുദ്ധതയിൽ മാത്രം ഒതുങ്ങിയതായിരുന്നില്ല; വിശ്വാസത്തെ അവഹേളിക്കുന്നതുമായി. ‘ടീച്ചറുടെ അശ്ലീല വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ. മഞ്ജു വാര്യരുടെ വീഡിയോ ഉണ്ടാക്കിയെന്ന് കേട്ടാൽ നമുക്ക് മനസിലാകും’ എന്നായിരുന്നു ഹരിഹരന്റെ ആക്ഷേപം. ഇതിന് പുറമേ സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തെയും ന്യൂനപക്ഷങ്ങളെയും ഹരിഹരൻ ആക്ഷേപിച്ചു. ‘പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ മുക്കത്ത് നിന്നുള്ള ഒരു മൗലവി വേദിയിൽ നിസ്കരിച്ചു, കടപ്പുറത്തിന് സമീപം പള്ളിയുണ്ട്. പക്ഷെ എൽഡിഎഫിന്റെ വേദിയിൽ നിസ്കരിച്ചാലേ മതന്യൂനപക്ഷങ്ങളോടുള്ള അവരുടെ കൂറ് തെളിയിക്കാൻ പറ്റൂ. എന്നാൽ സ്റ്റേജിലുള്ള എളമരം കരീം, അഹമ്മദ് ദേവർകോവിൽ അടക്കമുള്ളവർക്ക് നിസ്കരിക്കേണ്ട. മുക്കം മൗലവിക്ക് നിസ്കരിക്കാൻ മുട്ടിയിട്ട് വേദിയിൽ തന്നെ നിസ്കരിക്കുകയായിരുന്നു’ എന്നൊക്കെ പരിഹസിച്ചുകൊണ്ട് പ്രമുഖ മതനേതാവിന്റെ വിശ്വാസത്തെയാണ് ഹരിഹരൻ ചോദ്യം ചെയ്തത്.


ഇതുകൂടി വായിക്കൂ: യുഡിഎഫ് കാണിക്കേണ്ട രാഷ്ട്രീയ ധാര്‍മ്മികത


പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എംഎൽഎമാരായ കെ കെ രമ, ഷാഫി പറമ്പിൽ എന്നിവർ വേദിയിലിരിക്കെയായിരുന്നു പ്രസംഗമെന്നാണ് പുറത്തുവന്ന വാർത്തകൾ. യോഗത്തിൽ അധ്യക്ഷനായ ലീഗ് നേതാവ് പാറയ്ക്കൽ അബ്ദുള്ളയ്ക്ക് ആ പദവി ഉപയോഗിച്ചും ഹരിഹരനു ശേഷം സംസാരിച്ച ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ, ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണു, ഷാഫി പറമ്പിൽ എന്നിവർക്കും പരാമർശം തെറ്റായി എന്ന് പറയാമായിരുന്നുവെങ്കിലും ചെയ്തില്ല. പിന്നീട് വിവാദമായപ്പോൾ മാത്രമാണ് അടുത്ത ദിവസം കെ കെ രമയും ഷാഫി പറമ്പിലും തെറ്റായി എന്നു പറയുവാൻ തയ്യാറായത്. ഹരിഹരന്റെ പരാമർശം അംഗീകരിക്കുന്നില്ലെന്ന് വി ഡി സതീശൻ വാർത്താക്കുറിപ്പും ഇറക്കി. ഹരിഹരനും ക്ഷമാപണം നടത്തി. എങ്കിലും കഴിഞ്ഞ കുറച്ചു നാളുകളായി യുഡിഎഫിൽ നിന്ന് ഇത്തരം അശ്ലീലവും സ്ത്രീവിരുദ്ധതയും എൽഡിഎഫിനോട് അനുഭാവം പ്രകടിപ്പിക്കുന്ന സമുദായ സംഘടനകൾക്കെതിരെയുള്ള പരിഹാസവും ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. അതിന് അതേ നാണയത്തിൽ മറുപടി പറയാതിരിക്കുന്നത് ദൗർബല്യമായി കരുതുകയാണ് യുഡിഎഫ് എന്നും തോന്നുന്നു. തെറ്റായ പരാമർശങ്ങൾ നടത്തുകയും വൃത്തികേടുകൾ വിളമ്പുകയും ചെയ്ത്, വിവാദമാകുമ്പോൾ ക്ഷമ ചോദിക്കുന്നത് യുഡിഎഫും അതുമായി ബന്ധപ്പെട്ടവരും അശ്ലീലത്തിൽ അഭിരമിക്കുന്നു എന്നതിന്റെ തെളിവാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.