22 November 2024, Friday
KSFE Galaxy Chits Banner 2

അജിത് കുമാറും ഓടുന്ന കുതിരയും

ദേവിക
വാതിൽപ്പഴുതിലൂടെ
September 23, 2024 4:45 am

തൃശൂര്‍പൂരം കലക്കല്‍ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം സര്‍ക്കാരിന് സമര്‍പ്പിച്ചത് അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി എം ആര്‍ അജിത് കുമാര്‍. ആരും പൂരം കലക്കിയിട്ടില്ലെങ്കിലും പൂരം കലങ്ങിയെന്നാണ് റിപ്പോര്‍ട്ട്. കലക്കാതെ കലങ്ങുന്ന നീര്‍ച്ചുഴിപോലെയാണത്രെ പൂരമെന്നാണ് അജിത് തമ്പുരാന്റെ കണ്ടുപിടിത്തം. പരിചയക്കുറവുകൊണ്ട് കാര്യങ്ങള്‍ നിയന്ത്രിച്ച എസ്‌പിയുടെയും പൂരം നടത്തിപ്പുകാരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെയും തലയില്‍ പഴിചാരിയുള്ള തട്ടിക്കൂട്ട് റിപ്പോര്‍ട്ട്. പൂരം കലക്കല്‍ വേളയിലെ ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. കലക്കലില്‍ പ്രതിഷേധിക്കുന്ന ഭക്തജനങ്ങളെ അജിത് അഭിസംബോധന ചെയ്യുന്ന ചിത്രം. ചാരനിറത്തിലുള്ള ഷര്‍ട്ടുധാരി. ഇരുകൈകളും ലോകരക്ഷകനായ കര്‍ത്താവിനെപ്പോലെ അന്തരീക്ഷത്തിലേക്കുയര്‍ത്തി അനുഗ്രഹിക്കുംവണ്ണമുള്ള ചിത്രം. പൂര പരിപാടികള്‍ നിയന്ത്രിക്കുന്നത് ഇയാളാണെന്ന് ചിത്രത്തില്‍ വ്യക്തം. എഡിജിപി രംഗത്തുള്ളപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് വെറുമൊരു എസ്‌പിയാകുന്നതെങ്ങനെ? പൂരം എങ്ങനെ ഭംഗിയാക്കാമെന്നതിനുപകരം എങ്ങനെ കുളമാക്കാം, പൂരം കലക്കി എങ്ങനെ സുരേഷ് ഗോപിയെ ജയിപ്പിക്കാം എന്ന ഗൂഢാലോചനയിലെ ഓരോ നീക്കവും അജിത് നടത്തുന്നത് ആ വീഡിയോയില്‍ കാണാം. പൂരം കലക്കിയതിന് ചുക്കാന്‍ പിടിച്ച അജിത് കുമാര്‍തന്നെ കലക്കല്‍ അന്വേഷണം നടത്തിയാല്‍ താന്‍ കലക്കിയില്ല എന്ന റിപ്പോര്‍ട്ടല്ലാതെ നല്‍കാനാവുമോ. നാണംകെട്ട റിപ്പോര്‍ട്ട് തയ്യാറാക്കി സ്വയം കുറ്റവിമുക്തനാക്കിയിട്ട് അജിത് കുമാര്‍ നെഞ്ചുവിരിച്ച് ചോദിക്കുന്നു, എങ്ങനെയുണ്ട് എന്റെ പൂരം കലക്കല്‍ റിപ്പോര്‍ട്ട്. ‘ഓടുന്ന കുതിരയ്ക്ക് ആടുന്ന.… ഭൂഷണം’ എന്നാണല്ലോ ചൊല്ല്!

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡുവില്‍ മീനെണ്ണയും മൃഗക്കൊഴുപ്പും ചേര്‍ക്കുന്നുവെന്ന വാര്‍ത്തയാണല്ലോ ഇപ്പോള്‍ ഉലകം ചുറ്റുന്നത്. മൃഗക്കൊഴുപ്പ് ഹിന്ദുവിനു വര്‍ജ്യം എന്ന ബ്രാഹ്മണിക്കല്‍ ആഖ്യാനത്തിന്റെ ഉയര്‍ത്തെഴുന്നേല്പ്. ഇത് കേട്ടപ്പോഴാണ് തലസ്ഥാനത്ത് ജീവിച്ചിരുന്ന രണ്ട് മാധ്യമ പ്രവര്‍ത്തകരെ ഓര്‍ത്തുപോയത്. ‘ദി ഹിന്ദു‘വിന്റെ ലേഖകന്‍ വി കെ കൃഷ്ണമൂര്‍ത്തിയും ‘ഇന്ത്യന്‍ എക്സ്പ്രസ്’ ലേഖകന്‍ കെ മാധവന്‍കുട്ടിയും. ഇരുവരും അവിവാഹിതര്‍. പണിയെല്ലാം കഴിഞ്ഞ് പ്രസ് ക്ലബിലെത്തി ഈരണ്ടെണ്ണം വിടും. ആസാദ് ഹോട്ടലില്‍ നിന്നും പൊറോട്ടയും ബീഫ് ഫ്രൈയും കഴിച്ച് വീടുകളിലേക്ക് വിടും. ഇന്ദ്രന്റെ ഇഷ്ടഭോജ്യമായ ഗോമാംസം താനും കഴിക്കുന്നു. താന്‍ അതുകൊണ്ട് ബ്രാഹ്മണനല്ലാതാകുന്നില്ല എന്നതായിരുന്നു കൃഷ്ണമൂര്‍ത്തിയുടെ നിലപാട്. പിറ്റേന്ന് തെക്കേത്തെരുവിലെ അഗ്രഹാരത്തിലെ പൂജകള്‍ക്കുശേഷം രാവിലെ മുതല്‍ കൃഷ്ണമൂര്‍ത്തി കര്‍മ്മനിരതന്‍. സസ്യാഹാരിയായാലേ ബ്രാഹ്മണനാകൂ എന്ന് ഏതു കിത്താബിലാണ് എഴുതിവച്ചിരിക്കുന്നത്. ശ്രീരാമന്‍ വനവാസകാലത്ത് മാനിറച്ചി അഥവാ പലലം ഉണക്കാനിട്ടിരുന്നതിനു കാക്കയാട്ടിയിരുന്നത് സീതാദേവിയാണെന്നാണല്ലോ പുരാണം. കാഡ്‌ലിവര്‍ ഓയില്‍ എന്ന മീന്‍ ഗുളികകള്‍ കഴിക്കാത്ത ബ്രാഹ്മണനുണ്ടോ. അലോപ്പതി മരുന്നുകളിലും സൗന്ദര്യ വര്‍ധക സാധനങ്ങളിലും ഉപയോഗിക്കുന്നതും മൃഗക്കൊഴുപ്പുകള്‍. എന്തിന് വിലകൂടിയ സൗന്ദര്യസംവര്‍ധകവസ്തുക്കളും വാസനാദ്രവ്യങ്ങളുമുണ്ടാക്കുന്നത് തിമിംഗല ഛര്‍ദിയില്‍ നിന്നല്ലേ! വഴിയരികില്‍ നിന്ന് പച്ചമാംസം ഭക്ഷിക്കുന്ന ചണ്ഡാളനെക്കണ്ട ശങ്കരാചാര്യര്‍ അയാളെ സാഷ്ടാംഗപ്രണാമം ചെയ്തുവെന്നതും ചരിത്രം. മൃഗങ്ങളില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന പാലും തൈരും നെയ്യും മോരുമൊന്നും ബ്രാഹ്മണന് വര്‍ജ്യമല്ല. അപ്പോള്‍പിന്നെ മീനെണ്ണയും മൃഗക്കൊഴുപ്പും ഹിന്ദുവിന് വര്‍ജ്യമാകുന്നതെങ്ങനെ. തേനീച്ചയുടെ വിസര്‍ജ്യമായ തേനും ചേര്‍ത്താണല്ലോ തിരുപ്പതിയിലെ ലഡുവുണ്ടാക്കുന്നത്. ഛര്‍ദിലും വിസര്‍ജ്യവും എങ്ങനെയാണ് സസ്യാഹാരമാകുന്നത്. തിരുപ്പതി ല‍ഡുവില്‍ മാത്രം ഇതെല്ലാം വര്‍ജ്യമെന്ന് പറയുന്ന വരെ മനോചികിത്സാ കേന്ദ്രങ്ങളില്‍ അടയ്ക്കേണ്ടതല്ലേ!

മരണത്തിനിടെ എന്തും വിവാദമാക്കാനുള്ള വിരുത് മലയാളികള്‍ക്കല്ലാതെ മറ്റാര്‍ക്കുമില്ല. സിഐടിയു അഖിലേന്ത്യാ നേതാവും ലോക്‌സഭാംഗവും ഇടതുമുന്നണി കണ്‍വീനറുമായിരുന്ന എം എം ലോറന്‍സ് കഴിഞ്ഞ ദിവസം വിടചൊല്ലി. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളുടെ പഠനത്തിനു വിട്ടുകൊടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം. ഇതിനിടെ ഇതാ അദ്ദേഹത്തിന്റെ മകള്‍ ആശാ ലോറന്‍സ് ചാടിവീഴുന്നു. അദ്ദേഹം ഈശ്വരവിശ്വാസിയായിരുന്നു. പള്ളിയില്‍ വച്ച് നടന്ന തന്റെ വിവാഹച്ചടങ്ങില്‍ അപ്പന്‍ പങ്കെടുത്തിരുന്നു. കൊച്ചുമക്കളുടെ മാമോദീസയ്ക്കും വന്നു. തന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് നല്‍കണമെന്ന കത്തുകൊണ്ടുവാ എന്നിങ്ങനെ വിവിധ കലാപരിപാടികള്‍! മൃതദേഹം പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യുന്നതിനെക്കാള്‍ എത്രയോ ജനോപകാരപ്രദമാണ് വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് അത് നല്‍കുന്നത്. മറ്റൊരു വിവാദം ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ ഒരു കവിതയാണ്. ഇന്ത്യയിലെ തോട്ടിത്തൊഴിലാളികളെ ആദ്യമായി സംഘടിപ്പിച്ചയാള്‍ എന്നമട്ടില്‍ എഴുതിയ ആ കവിത ലോറന്‍സ് സഖാവിനുള്ള ഒരു ആദരാഞ്ജലി കൂടിയായിരുന്നു. കവിത ഇങ്ങനെ ‘കൊച്ചിയില്‍ മലം നിറച്ച പാട്ടയുമായി അയാള്‍ നിന്നു. അയാളോടു കഴിഞ്ഞ നൂറ്റാണ്ടു ചോദിച്ചു, യാര്‍ നീ. നാന്‍ ഇശക്കി മകന്‍ കുപ്പയാണ്ടി. ലോകം വിധിച്ചു നീ തോട്ടി, നീച ജാതി, അസ്പൃഷ്ടന്‍, ദൃഷ്ടിയില്‍പെട്ടാലും ദോഷമുള്ളവന്‍. ശിഷ്യന്‍ വേലായുധന്‍ നാണു ഗുരുസ്വാമിയോട് ചോദിച്ചു, തോട്ടി ബ്രാഹ്മണനാണോ? ഗുരു പറഞ്ഞു തോട്ടിയും ബ്രഹ്മം, മലവും ബ്രഹ്മം.’ കൊച്ചി ബോട്ടുജെട്ടിയില്‍ വച്ച് ഗാന്ധിജി പറഞ്ഞു, തോട്ടിയില്‍ നിന്നു വമിക്കുന്ന ദുര്‍ഗന്ധം അദ്ദേഹത്തിന്റേതല്ല. അത് നമ്മുടേതാണ്. എന്നാല്‍ തോട്ടിത്തൊഴിലാളികളെ ഇന്ത്യയില്‍ ആദ്യമായി സംഘടിപ്പിച്ചത് തലസ്ഥാനത്തെ ജുബാ രാമകൃഷ്ണപിള്ളയായിരുന്നു. ഗാന്ധിജിയുടെ ഉപ്പു സത്യഗ്രഹത്തിലും പങ്കെടുത്ത അദ്ദേഹം തയ്യല്‍ത്തൊഴിലാളിയായി കരുനാഗപ്പള്ളിയില്‍ നിന്ന് തിരുവനന്തപുരത്തെത്തി ചെങ്കല്‍ച്ചൂളയിലെ തോട്ടികളെ സംഘടിപ്പിക്കുകയായിരുന്നു. സിപിഐയുടെയും എഐടിയുസിയുടെയും നേതാവായിരുന്ന ജുബാ രാമകൃഷ്ണപിള്ളയുടെ ദൗത്യത്തെ ഗാന്ധിജി പ്രകീര്‍ത്തിച്ചിട്ടുണ്ട്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അറിവിലേക്കായി ഇത്രയും കുറിച്ചെന്നു മാത്രം. 

ഇന്നലെ മാത്രം കേരളത്തില്‍ എട്ട് വാഹനാപകടങ്ങളിലായി ആറുപേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യയില്‍ ദിനംപ്രതി ആയിരക്കണക്കിന് വാഹനാപകടങ്ങളാണുണ്ടാകുന്നത്. എന്നാല്‍ ഇന്ത്യയിലെ ആദ്യ വാഹനാപകടത്തിലെ മരണം എന്ന ‘രാജകീയ ബഹുമതി’ കേരളത്തിലാണെന്ന് നാമറിയുന്നുണ്ടോ. ഇന്ത്യയിലെ ആദ്യ വാഹനാപകട മരണത്തിന് ഇന്നലെ 110 വയസായി. കേരള കാളിദാസന്‍ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ തന്റെ അനന്തരവന്‍ കേരള പാണിനി എ ആര്‍ രാജരാജവര്‍മ്മയുമൊത്ത് വൈക്കം ക്ഷേത്ര ദര്‍ശനത്തിനുശേഷം മാവേലിക്കര കൊട്ടാരത്തിലേക്ക് മടങ്ങുമ്പോള്‍ കായംകുളം ഒറ്റത്തെരുവില്‍ വച്ചായിരുന്നു അപകടം. കുറുകേ ചാടിയ നായയെ രക്ഷിക്കാനുള്ള ഡ്രൈവറുടെ ശ്രമത്തിനിടെ കാര്‍ ഒരുവശത്തേക്ക് മറിയുകയായിരുന്നു. കേരളവര്‍മ്മ വലിയകോയിത്തമ്പുരാനൊഴികെ മറ്റെല്ലാവരും പരിക്കുകളോടെ രക്ഷപ്പെട്ടു. തമ്പുരാന്‍ അടുത്ത വീട്ടിലെത്തി വെള്ളം വാങ്ങിക്കുടിച്ചശേഷം ബോധമറ്റ് മയങ്ങിവീണ് നാടുനീങ്ങുകയായിരുന്നു. അന്ന് ഇന്ത്യയില്‍ അപൂര്‍വം രാജാക്കന്മാര്‍ക്കും ഉന്നത ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കും മാത്രമേ കാറുകളുണ്ടായിരുന്നുള്ളു. നാട്ടുരാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും ദിവാന്മാരും സഞ്ചരിക്കുന്നത് കാളകളെ പൂട്ടിയ വില്ലുവണ്ടിയില്‍. അങ്ങനെ വാഹനാപകടത്തിന്റെ ആദ്യ രക്തസാക്ഷിയായ വലിയകോയിത്തമ്പുരാന് ആദരാഞ്ജലികള്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.