ഇക്ഷിതിയിലേറ്റം വിലയെഴുന്ന
അക്ഷയഖനിയാണക്ഷരം
ഇഷ്ടമായീടുകിലങ്ങെങ്കിലോ
തൽക്ഷണം നമ്മെയനുഗമിക്കും
എത്ര വിശിഷ്ടമീ യക്ഷരപ്പൂവുകൾ
അത്രയങ്ങേകും വസന്തവുമേ
നഷ്ടമാക്കീടരുതേയിവ നിങ്ങൾക്കു
പുഷ്ടി വരുത്തിടും ജീവിതത്തിൽ
എത്ര ലോകങ്ങളോ തീർത്തു നല്കും
പുത്തനറിവു പകർന്നു നല്കും
നശ്വരമായവയെന്നുമെന്നും
അക്ഷരമാണെന്നറിയുക നീ
പൊന്നിൻ വെളിച്ചം പകർന്നങ്ങനെ
മണ്ണിലെഴുന്ന സൗഭാഗ്യമല്ലേ
വിജ്ഞാനച്ചെപ്പു നിറയ്ക്കുന്നതാം
വിശ്വത്തിൻ മാണിക്യച്ചിപ്പിയല്ലേ
വിദ്യ തൻ ദീപം തെളിച്ചിടും നീ
വിശ്വത്തിനാനന്ദമേകിടുന്നു
വിജയിയായ്ത്തീർക്കുമീ മാനവരെ
ക്ഷരമില്ലാത്തതായി നീയൊന്നു മാത്രം
ക്ഷണികമീ ജീവിത യാത്രയിതിൽ
അന്ധകാരത്തിലേക്കാഴ്ന്നിറങ്ങി
ചിന്തകൾ മെല്ലെയുണർത്തിടുന്നു
മായാതെ നില്ക്കുകയെന്നുമെന്നും
മാനവർ തന്നുടെയുള്ളിലായി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.