23 December 2024, Monday
KSFE Galaxy Chits Banner 2

‘അക്ഷരമേ, നിന്നെയെനിക്കി‘ക്ഷ’ പിടിച്ചു’

പി എ വാസുദേവൻ
November 27, 2021 7:00 am

‘ഇന്നു ഭാഷയിതപൂര്‍ണ്ണിമിങ്ങഹോ വന്നു പോം പിഴയുമര്‍ത്ഥശങ്കയാല്‍’ എന്നു കവിയെഴുതിയത് അര്‍ത്ഥത്തിന്റെ അനന്തസാധ്യതയിലും ഭാഷയില്‍ അര്‍ത്ഥം ഉല്പതിക്കുന്നതിന്റെ സാങ്കേതിക ജ്ഞാനക്കുറവിലും പകച്ചായിരിക്കും. മാത്രമല്ല, ഭാഷ ജനിക്കുന്നത് അക്ഷരവും വാക്കും വാക്യവും ചേര്‍ന്നാണ്. അര്‍ത്ഥം പലപ്പോഴും സാന്ദര്‍ഭികമാണുതാനും. കവി അതൊക്കെയും അപ്പുറത്തും ഗ്രഹിച്ചാണെഴുതിയത്. നാമിന്ന് ചര്‍ച്ച ചെയ്യുന്നത് മറ്റൊരുതരത്തിലാണ്. അല്പം മാറ്റിപ്പറഞ്ഞാല്‍ ‘വന്നു പോം പിഴയും അക്ഷരശങ്കയാല്‍’ എന്നാക്കാം. അക്ഷരശങ്ക ഭാഷയെ വികലമാക്കും. അക്ഷരം തെറ്റായി ചേര്‍ന്നാല്‍ വാക്കും മാറും, അര്‍ത്ഥവും മാറും. മലയാളത്തിലെന്നല്ല, ഏതുഭാഷയിലും. എന്റെ അനുഭവത്തില്‍, മാതൃഭാഷയില്‍ നമ്മളോളം കുറ്റകരമായ അനാസ്ഥ പുലര്‍ത്തുന്ന മറ്റൊരു കൂട്ടരില്ല. മലയാളത്തിനു നാമേല്പിക്കുന്ന അപഖ്യാതി ചില്ലറയല്ല. പുതിയ സാങ്കേതിക കാര്യങ്ങള്‍ പറയാന്‍ മലയാളം പോര എന്നൊരു കൂട്ടര്‍. പദാവലികള്‍ ഇല്ല എന്ന് മറ്റൊരു കൂട്ടര്‍. ‘ഒറിജിനല്‍’ ‘വര്‍ക്ക്’ ഇല്ലാത്തതുകൊണ്ട്, ‘ഫ്ലുവന്റാ‘യി ‘എക്സ്പ്രസ്’ ചെയ്യാനാകുന്നില്ലെന്ന് മറ്റൊരു കൂട്ടം ‘ശുംഭ’ന്മാര്‍ (ശുംഭന്‍ എന്ന വാക്കിന് പ്രകാശം, പണ്ഡിതന്‍ എന്നൊക്കെയും അര്‍ത്ഥമുണ്ടത്രെ) ഏല്പിക്കാവുന്ന പരിക്കൊക്കെ നാം ‘അമ്മ ഭാഷ’യെ ഏല്പിക്കുന്നു. ഒരു ഇംഗ്ലീഷ് വാക്കിന് തക്ക മലയാളമറിയാതെ തപ്പിത്തടയുന്നത് ഗമ. മലയാളത്തിന് തക്ക ഇംഗ്ലീഷ് പദമറിയില്ലെങ്കില്‍ മോശത്തരം, നാണക്കേട്. ഇംഗ്ലീഷ് സംസാരിക്കുമ്പോള്‍, ഒരു ഉപസര്‍ഗം തെറ്റിയാല്‍ മോശം. മലയാളമാവുമ്പോള്‍ എന്തും എങ്ങനെയും വിളക്കിച്ചേര്‍ക്കാം, എഴുതാം, ഉച്ചരിക്കാം. നാമെങ്ങനെ ഇത്ര തരംതാഴുന്നു. ആരെയും കുറ്റം പറയാനല്ല. എന്നാലും അസഹ്യതകൊണ്ട് പറയുകയാണ്. മലയാളവും ഇംഗ്ലീഷും കഷ്ടപ്പെട്ട് പഠിച്ച ഒരു എളിയ ഭാഷാസ്നേഹിയായതുകൊണ്ട് പറയുകയാണ്. കുട്ടികളുടെ സംഗീതമത്സരം ടിവിയില്‍ പലപ്പോഴും കാണാറുണ്ട്. അതിനിടയില്‍ നമ്മുടെ സംഗീതവിദഗ്ധന്‍ (അവര്‍ ഖ്യാതിയുള്ളവര്‍ തന്നെ) പറയുന്ന ആംഗല കമന്റുകള്‍ സഹിച്ചുകൂട. ഒന്നാമതായി അക്കാര്യം അതിലും ഹൃദ്യമായി പറയാനുള്ള കോപ്പ് മലയാളത്തിനുണ്ട്. രണ്ടാമതായി മേനിയില്‍ പറയുന്ന ആംഗല വാചകങ്ങള്‍ മിക്കപ്പോഴും അവര്‍ക്കും നമുക്കും അപമാനം. എന്തിനാണിത്. പിന്നെ അവതാരകന്മാരുടെയും അവതാരകമാരുടെയും കഥ, മലയാളവും ആംഗലവും ചവച്ചുതുപ്പുകയാണ്. ‘പോനാല്‍ പോകട്ടും പോടാ’ എന്ന മട്ടില്‍. നന്നായിരിക്കുന്നു, ഗംഭീരം തുടങ്ങി അഭിനന്ദന പദങ്ങളും വാചകങ്ങളും ദാരുണമായ ആംഗലത്തില്‍ പറയുന്നതു കേള്‍ക്കാന്‍ വയ്യ. ചില അവതരണക്കാര്‍ നിര്‍ത്താതെ പറയുന്നതുകൊണ്ട് തെറ്റുകള്‍ ഒലിച്ചുപോവും. മലയാളം വ്യവഹാരഭാഷയാവണം, ബോധന മാധ്യമാവണം, ഔദ്യോഗിക ഭാഷയാവണം എന്നൊക്കെ നിയമമുണ്ടാക്കിയതിനു ശേഷമാണ് ഈ ഭാഷാഹത്യ. ജ്ഞാനപീഠം പുരസ്കാരത്തിനുവരെ അര്‍ഹമായ കൃതികള്‍ പിറന്ന ഭാഷയ്ക്ക് ഇത്തരം നിസാര സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാവുന്ന പദാവലികളില്ലേ. ഇക്കൂട്ടര്‍ അപമാനിക്കുന്നത് മലയാളത്തെയൊ, ഇംഗ്ലീഷിനെയൊ എന്നറിയില്ല. പണ്ട് ആരോ ഒരു തമാശ പറഞ്ഞിരുന്നു ഇംഗ്ലീഷുകാര്‍ ഇന്ത്യ വിട്ടുപോയത് ഗാന്ധിജിയുടെ സമരത്തെ ഭയന്നല്ല, ഇന്ത്യക്കാരുടെ ഇംഗ്ലീഷ് സഹിക്കാനാവാതെയാണ്’ എന്ന്. ആംഗലത്തില്‍ നല്ല പാണ്ഡിത്യം നേടിയ പലരും അവരുടെ മാതൃഭാഷയില്‍ എഴുതിയിട്ടാണ് സാഹിത്യത്തില്‍ ലബ്ധപ്രതിഷ്ഠ നേടിയത്. ഡോ. അയ്യപ്പപണിക്കര്‍, ജി കുമാരപിള്ള, വിഷ്ണുനാരായണന്‍ തുടങ്ങി പ്രശസ്ത മലയാള കവികള്‍, ഇംഗ്ലീഷ് അധ്യാപകരും പണ്ഡിതരുമായിരുന്നു. കന്നഡയില്‍, ഡോ. യു ആര്‍ അനന്തമൂര്‍ത്തി ഭാസുരങ്ങളായ കൃതികള്‍ മാതൃഭാഷയിലാണെഴുതിയത്. അദ്ദേഹം ഇംഗ്ലീഷ് പ്രൊഫസറായിരുന്നു. ആംഗലത്തില്‍ അസാധ്യ ഭാഷാവഴക്കമുണ്ടായിരുന്ന ഒ വി വിജയന്‍ എഴുതിയത് മാതൃഭാഷയില്‍ ഇംഗ്ലീഷിന്റെ ‘ഉളുക്ക്’ ഒഴിവാക്കാനായിരുന്നു എന്ന ദ്ദേഹം പറഞ്ഞു. ‌ഇത് പൊതുവായി നാം കാണുന്ന ഭാഷാഹത്യ, ഇപ്പോള്‍ അതിലും കടുത്ത ഒരപരാധം ഭാഷയോട് ചെയ്യുന്നത് സജീവചര്‍ച്ചയില്‍ വരുന്നു.


ഇതുകൂടി വായിക്കാം; അക്ഷരമാലയും ഭാഷാപഠനവും


ഇവിടത്തെ തലതിരിഞ്ഞ ഭാഷാപഠന പരിഷ്കരണത്തിന്റെ അനന്തരഫലമാണത്. അക്ഷരം, വാക്ക്, വാക്യം, ആശയം എന്നതായിരുന്നു പണ്ടുമുതലേ ശീലം. വാക്കില്‍ അര്‍ത്ഥം ചേക്കേറുന്നത് അക്ഷരങ്ങള്‍ ചേര്‍ക്കുമ്പോഴാണ്. രണ്ടക്ഷരം മുറപ്രകാരം ചേര്‍ന്നാല്‍ അതൊരു വാക്ക്. ഇതൊഴിവാക്കി നടന്ന പരിഷ്കാരത്തിന്റെ ദുരന്തം, പത്താം ക്ലാസ് പാസായിട്ടും തെറ്റില്ലാതെ വാക്കും വാക്യവും എഴുതാനാവുന്നില്ലെന്നതാണ്. ആശയം, വാക്യം, വാക്ക്, അക്ഷരം എന്നായാല്‍ അക്ഷരം പിഴയ്ക്കും, വാക്കും വാക്യവും പിഴയ്ക്കും. ഇത്രയുമായാല്‍ ആശയം പുറത്താവും. ആശയം ഭാഷയ്ക്കകത്താണെന്നോര്‍ക്കണം. നമുക്ക് ചിലത് പറയാനുണ്ട്. അത് പറയാന്‍ ഭാഷ വേണം. അക്ഷരവും വാക്കും വാക്യവും തെറ്റാതെ ചേരുന്നതാണ് നല്ല ഭാഷ. ആശയ വാഹക ശേഷി ആ ഭാഷയ്ക്കേ ഉണ്ടാവൂ. ഇത്രയുമറിയാതെ കുട്ടി അക്ഷരം പ്രയോഗിച്ചു പഠിച്ചോളും എന്ന് ആഹ്ലാദപൂര്‍വം അധ്യാപകര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. തലതിരിഞ്ഞ പരീക്ഷണത്തിന്റെ ഇരകള്‍ കുട്ടികളും. നിലത്തെഴുത്താശാന്മാര്‍, അക്ഷരം ഉറപ്പിക്കുന്നത് പണ്ട് ഔപചാരിക വിദ്യാഭ്യാസം തുടങ്ങുന്നതിന് മുമ്പായിരുന്നു. മണലിലും ഓലയിലും എഴുതിപ്പഠിച്ചത്, ജീവിതാന്ത്യം വരെ നക്ഷത്രങ്ങളെപോലെ തിളങ്ങുന്നതായി ചെറുകാട് പറഞ്ഞിട്ടുണ്ട്. നിലത്തെഴുത്തുപള്ളിയിലെ ചൂണ്ടുവിരല്‍കൊണ്ട് മണലിലെഴുതിയത് മറക്കണമെങ്കില്‍ തല വെട്ടണമെന്നാണ് വിജയന്റെ ‘ഖസാക്കില്‍’ എഴുതിയത്. അക്ഷരവും ഉച്ചാരണവും ഉറയ്ക്കണം. അതാണ് ഭാഷയുടെ അടിത്തറ ശുദ്ധി. അതിനാണ് പണ്ടുമുതല്‍ ഒന്നാം ക്ലാസില്‍ നിന്നുതന്നെ അക്ഷരമാല ഹൃദിസ്ഥമാക്കുന്നത്. പാഠപുസ്തകങ്ങളുടെ ആദ്യ പേജില്‍ത്തന്നെ അക്ഷരമാലയുണ്ടാവും. അത് മേല്‍ ക്ലാസുകളിലും തുടര്‍ന്നുകൊണ്ടിരിക്കും. ഗുണകോഷ്ഠത്തിന്റെ മുന്‍ പേജിലും അക്ഷരമാല ഉണ്ടാവും. കേട്ടെഴുതിയും മായ്ച്ചെഴുതിയും ഉറപ്പിക്കും. അതുതന്നെയാണ് ഭാഷ പഠിക്കാനുള്ള ആദ്യ വഴി. അക്ഷരമില്ലാതെ എന്ത് വാക്ക്. ഇതൊന്നും കേട്ടു പഠിച്ചും പിന്നീട് തെറ്റ് തിരുത്തിയും പഠിക്കാമെന്നു പറയുന്നത് അബദ്ധമാണ്. വലിയൊരു വിഭാഗം കുട്ടികളെ നാം വഴിതെറ്റിച്ചു. അതിന്റെ ഫലം ഇന്നറിയാനുണ്ട്. ബിരുദാനന്തര ഭാഷാ ബിരുദധാരികള്‍ പോലും തെറ്റിപ്പറയുന്നതും തെറ്റി എഴുതുന്നതും നാം കാണുന്നുണ്ട്. ഭാഷാശുദ്ധിയുടെ എഴുത്തച്ഛനായിരുന്ന പന്മന രാമചന്ദ്രന്‍ നായര്‍ സാറുമായി ഞാന്‍ ദീര്‍ഘകാലം ബന്ധപ്പെടാറുണ്ടായിരുന്നു. സാധാരണ എന്നു തോന്നാവുന്ന ഒരുപാട് വാക്കുകളിലുള്ള സംശയങ്ങള്‍ ആ ഭാഷാ പണ്ഡിതന്‍ ക്ഷമാപൂര്‍വം തിരുത്തിതന്നത് നന്ദിപൂര്‍വം ഓര്‍ക്കുന്നു. വാക്കും വാക്യങ്ങളും അക്ഷരം തന്നെയും ശരിക്ക് ഉറപ്പിക്കാത്തതിന്റെ തകരാറ്, പത്രം തുറന്നാല്‍ നിറയെ കാണാം. തെറ്റുകളൊക്കെ കാലക്രമത്തില്‍ ശരിയാവുമെന്നു പറഞ്ഞതിന്റെ പാളിച്ചയറിയാന്‍ ഇതുമതി. ഉച്ചാരണവും മിക്കവരുടെതും തെറ്റാണ്. അക്ഷരവും വാക്കും ശ്രദ്ധിച്ച് പഠിക്കാത്തതിന്റെ തകരാറാണിത്. മലയാളം ബിരുദാനന്തര ബിരുദക്കാരുടെ കഥയാണിത്. ഇവര്‍ പഠിപ്പിക്കുന്നത് എന്തായിരിക്കും. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം യൂണിവേഴ്സിറ്റിയില്‍ നിന്നുവന്ന ഒരു സംഘം കുട്ടികളുമായി സംസാരിക്കാനിടയായപ്പോള്‍, എന്നെ അലോസരപ്പെടുത്തിയത് അവരുടെ പദശുദ്ധിക്കുറവും ഭാഷയിലെ പ്രയോഗ വെെകല്യവുമായിരുന്നു. അതിന്റെ തലപ്പത്തുള്ള വെെസ് ചാന്‍സലറോട് ഒരപേക്ഷയുണ്ട്. ‘നല്ല മലയാളം’, ‘തെറ്റില്ലാത്ത മലയാളം’ തുടങ്ങിയ ചില അടിസ്ഥാന പുസ്തകങ്ങളുണ്ട്. അവ വായിക്കണം. ‘വെെവ വോസെ’ പരീക്ഷയില്‍ അക്ഷരമാല കേട്ടെഴുത്തുകൊടുക്കാം. ചില പദങ്ങളുടെ ഉച്ചാരണ പരീക്ഷയുമാവാം. ഇതൊന്നും ആരെയും താഴ്ത്തി കാണിക്കാനല്ല. മേലാല്‍ തെറ്റില്ലാതെ പറയാനും എഴുതാനും വേണ്ടിയാണ്. ഇത് ദുരഭിമാനത്തിന്റെ പ്രശ്നമല്ല. എന്നിട്ടും വരുന്ന തെറ്റുകള്‍ നമുക്ക് പരിശ്രമിച്ച് തിരുത്താം. അക്ഷരം കൃത്യമാവണം. വാക്കിനു ശുദ്ധിവേണം. ഓര്‍ക്കുക വാക്കിന് സ്ഫോടകാത്മകമായ അര്‍ത്ഥമുണ്ട്. കുഞ്ഞുണ്ണിമാഷെ ഓര്‍ക്കുക- ‘വാക്കോളം തൂക്കമില്ലീ യൂക്കന്‍ ഭൂമിക്കു പോലുമേ’ അക്ഷരത്തിനര്‍ത്ഥം നശിക്കാത്തത് (ക്ഷരമില്ലാത്തത്) എന്നാണ്. അതു നശിക്കില്ല. * തല വാചകവും കവി കുഞ്ഞുണ്ണിയുടേതുതന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.