ആലപ്പുഴ: ആലപ്പുഴയിലും സമീപ ജില്ലകളിലും മഴശക്തമായതോടെ ജില്ലയിൽ ദുരന്തനിവാരണ അതോറിറ്റി പ്രഖ്യാപിച്ച റെഡ് അലർട്ട് തുടരുന്നു. കിഴക്കൻ വെള്ളത്തിന്റെ വരവ് ഗണ്യമായി വർധിച്ചതോടെ വീണ്ടുമൊരു പ്രളയമുഖത്താണ് ആലപ്പുഴയും. ജില്ലയിൽ ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ശക്തമായ കാറ്റിലും വെള്ളം കയറിയും വീടുകളും കൃഷിയിടങ്ങളും നശിച്ചു. ഇതുവരെ 10 വീടുകൾ ഭാഗീകമായി നാശം സംഭവിച്ചതായി റവന്യു അധികൃതർ പറഞ്ഞു. കുട്ടനാട്-3, അമ്പലപ്പുഴ‑4, ചേർത്തല‑2, മാവേലിക്കര‑1. വീടുകൾ തകർന്ന വകയിൽ 9.67 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിരിക്കുന്നത്.
അതേസമയം, തോട്ടപ്പള്ളിയിൽ തിരയിൽപ്പെട്ട് പോയ മത്സ്യബന്ധന ബോട്ട് സുരക്ഷിതമായി ഉച്ചയോടെ കരയിലെത്തിച്ചു. അഴിക്കൽ ഹാർബറിലേക്ക് മാറ്റിയ ബോട്ടിൽ 10 മത്സ്യത്തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്. ആലപ്പുഴ, കൊല്ലം, ബംഗാളി സ്വദേശികകൾ സഞ്ചരിച്ച വടക്കേതോപ്പിൽ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിന്റെ പ്രൊപ്പല്ലറിൽ മത്സ്യബന്ധന വല കുരുങ്ങിയതാണ് ഇത് കടലിൽ കുടുങ്ങാൻ കാരണം. തോട്ടപ്പള്ളിയിൽ 9.16 നോട്ടിക്കൽ മൈലിലായിരുന്നു ബോട്ട് കിടന്നത്. കടൽ പ്രക്ഷുബ്ധമായതിനെ തുടർന്ന് ആദ്യദിനം രക്ഷാപ്രവർത്തനം വിജയകരമാക്കാൻ കഴിഞ്ഞില്ല. പിന്നീട് മറൈൻ എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ ഇന്നലെ ഇവരെ സുരക്ഷിതമായി കരയിലെത്തിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെടുന്നത് പതിവായതോടെ ഈ അഞ്ച് വരെ ജില്ലയിലെ തീരദേശത്ത് മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. നീരൊഴുക്ക് സുഗമമാക്കുന്നതിന്റെ ഭാഗമായി തോട്ടപ്പള്ളിയിലെ 30 ഷട്ടറുകൾ തുറന്നിട്ടുണ്ട്. ആവശ്യമെങ്കിൽ കുടുതൽ ഷട്ടറുകൾ തുറക്കാനാണ് തീരുമാനം. സ്പിൽവേയിൽ 40 ഷട്ടറുകളാണ് ഉള്ളത്. ഇവയിൽ ഒരെണ്ണം സാങ്കേതിക പ്രശ്നമുള്ളതിനാൽ ഉയർത്താൻ കഴിയില്ല.
കുട്ടനാട്-അപ്പർ കുട്ടനാട് പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. ജനങ്ങളെ മാറ്റിപാർപ്പിക്കുന്നതിനുള്ള തിരക്കിലാണ് പ്രാദേശിക ഭരണകൂടങ്ങൾ. വള്ളങ്ങളിലും ഡിങ്കികളിലുമാണ് ദുരന്തത്തിൽ ഉൾപ്പെട്ടവരെ മാറ്റുന്നത്. കാലവർഷത്തിനൊപ്പം ചക്രവാത ചുഴിയും രൂപപ്പെട്ടതാണ് ദുരിതം ഇരട്ടിയാക്കിയത്. കുട്ടനാട്ടിലെ തലവടി, മുട്ടാർ, എടത്വ, തകഴി, വെളിയനാട്, പുളിങ്കുന്ന് കാവാലം തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിലാണ്. സർക്കാർ ഓഫീസുകളിലും ആശുപത്രികളിലും വെള്ളം കയറിയിട്ടുണ്ട്. ഇവിടങ്ങളിലെ ചികിത്സക്കും തടസ്സം നേരിട്ടിട്ടുണ്ട്. ഇത് കൂടാതെ പ്രദേശത്തെ 10 ഓളം റേഷൻ കടകളിലും വെള്ളം കയറി. പത്തനംതിട്ട ജില്ലയിൽ മലയോര ഗ്രാമത്തിലെ തീവ്രമഴയും എരുമേലിയിലെ ഉരുൾ പൊട്ടലിന്റേയും പശ്ചാത്തലത്തിൽ കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തിപ്രാപിച്ചതോടാണ് പമ്പയിലും മണിമലയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്.
നദികളിലും കൈവഴികളായ തോടുകളിലും ചെമ്മൺ കലർന്ന വെള്ളമാണ് ശക്തമായി ഒഴുകി എത്തുന്നത്. താഴ്ന്ന പ്രദേശത്തെ ഒട്ടുമിക്ക ഗ്രാമീണ റോഡുകളും വീടുകളുടെ പരിസരങ്ങളും വെള്ളത്തിൽ മുങ്ങി. നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ വാഹനങ്ങളും വീട്ടുപകരണങ്ങളും സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് താമസക്കാർ. തലവടി കുന്നുമ്മാടി കുതിരച്ചാൽ കോളനി പൂർണ്ണമായും വെള്ളത്തിൽ മുങ്ങി. കോളനിയിലെ താമസക്കാർ വൃദ്ധരേയും രോഗികളേയും കുട്ടികളേയും ഉയർന്ന സ്ഥലങ്ങളിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്. നീരേറ്റുപുറം ‑മുട്ടാർ ‑കിടങ്ങറ റോഡ് വെള്ളത്തിൽ മുങ്ങിയാൽ മുട്ടാർ ഗ്രാമം ഒറ്റപ്പെടുന്ന സ്ഥിതിയിലുമെത്തിയിട്ടുണ്ട്. ദുരിത ബാധിതർക്കൊപ്പം വളർത്ത് മൃഗങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റികൊണ്ടിരിക്കുന്നു. സഹായത്തിനായി നാട്ടുകാർക്കൊപ്പം ഫയർഫോഴ്സും ദുരന്തനിവാരണ സേനയും ഉണ്ട്. തലവടിയിൽ ഏഴ് കുടുംബത്തെ ചക്കുളത്ത് കാവ് ക്ഷേത്ര ഓഡിറ്റോറിയത്തിലേക്ക് മാറ്റിയിട്ടുണ്ട്.
ചെങ്ങന്നൂരിലെ തിരുവൻവണ്ടുർ, മന്നാർ ചെങ്ങിലാത്ത്, മുളക്കുഴയിലെ പെരളശ്ശേരി, ചെങ്ങന്നുർ എക്സൈസ് കടവ്, മംഗലം എന്നിവിടങ്ങളിലാണ് വെള്ളം കയറിയിരിക്കുന്നത്. ഇതുവരെ താലുക്കിൽ ആറ് ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. 172 കുടുംബങ്ങളെയാണ് മാറ്റിപാർപ്പിച്ചിരിക്കുന്നത്. ഇന്നലെ മഴ കനത്തില്ലെങ്കിലും കാറ്റ് വീശിയടിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് വെള്ളിയാഴ്ച വരെ മഴ മുന്നറിയിപ്പ് പ്രഖ്യപിച്ചതോടെ ജനങ്ങൾ ജാഗ്രതയിലാണ്. പമ്പയാറ്റിലെ ജലനിരപ്പ് കുറഞ്ഞത് കാരണം നിലവിലെ സ്ഥിതി ആശങ്കജനകമല്ലെന്നാണ് അധികൃതർ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.