28 December 2024, Saturday
KSFE Galaxy Chits Banner 2

അക്ഷരപരീക്ഷണവുമായി ആൽഫബെറ്റിക്ക് ആഫ്രിക്ക

പി സുനിൽകുമാർ
വിചിത്രം വിസ്മയം
May 28, 2023 3:21 am

ത്തരാധുനികതയും, പരീക്ഷണ താൽപര്യവും, ചരിത്രവും, മുന്നിൽ നിൽക്കുന്ന ഹാസ്യവും ചേർന്ന ഒരു നോവൽ രൂപമാണ് വാൾട്ടർ അബീഷ് 1974 ൽ പ്രസിദ്ധീകരിച്ച അൽഫബെറ്റിക് ആഫ്രിക്ക. ഹരോൾഡ് ബ്ലൂമിന്റെ നിരീക്ഷണത്തിൽ ഇരുപതാം നൂറ്റാണ്ടിൽ എഴുതപ്പെട്ട കൃതികളിൽ നിലനിൽക്കാൻ സാധ്യതയുള്ള കൃതികളുടെ കൂട്ടത്തിൽ ഒന്നാണ് അൽഫബെറ്റിക് ആഫ്രിക്ക. ലോകത്തെ സാഹസികരായ വായനക്കാർ പലരും ഈ പുസ്തകത്തിന്റെ സൃഷ്ടിയും ആകർഷകമായ ഘടനയും നൽകുന്ന വൈചിത്ര്യം കാരണമാണ് അതിനെ തേടി എത്തുന്നത്. “വൈശിഷ്ട്യമുള്ള എഴുത്ത്, ശ്വാസം ഉള്ളിലേക്കെടുക്കുകയും അത് ക്രമമായും ആശ്വാസത്തോടെയും പുറത്തേക്ക് വിടുകയും ചെയ്യുന്ന അനുഭൂതിയാണ് ഈ പുസ്തകം നൽകുന്നത്” ലോറൻസ് അലോവയുടെ വാക്കുകളാണ്. വാൾട്ടർ അബീഷ് എന്ന അമേരിക്കൻ എഴുത്തുകാരന്റെ ആദ്യ നോവലാണിത്. നോവലിസ്റ്റിന്റെ ഭാവനാസൃഷ്ടിയിൽ വിരിഞ്ഞ കല്പിത ഭൂമിയിലാണ് കഥ നടക്കുന്നത്. ഹാസ്യത്തിന്റെ ഉയർന്ന തലമാണ് കഥ പറയുന്നതിനുള്ള ഏകകമായി എഴുത്തുകാരൻ ഉപയോഗിച്ചിട്ടുള്ളത്. മുൻകൂട്ടി പ്രവചിക്കാനാവാത്ത ഒരു യാത്രയാണ് യഥാർത്ഥമല്ലാത്ത നാടുകളിലെ മനുഷ്യരുടെ കഥകളിലൂടെ അബീഷ് പറഞ്ഞു വെക്കുന്നത്. അതിന് സ്വീകരിച്ച ഘടനാ നവീനത്വം ഏറെ വ്യത്യസ്തമാണുതാനും. താളുകൾ മറിക്കുമ്പോൾ അമ്പത്തിരണ്ട് അധ്യായങ്ങളിലായി കഥ പറഞ്ഞു വരുന്നത് നാം കാണുന്നു.
ആദ്യ അധ്യായത്തിലാകട്ടെ എല്ലാ വാക്കുകളും തുടങ്ങുന്നത് ഇംഗ്ളീഷ് ഭാഷയിലെ ആദ്യാക്ഷരമായ A യിൽ ആണ്. രണ്ടാമത്തെ അദ്ധ്യായത്തിൽ B യിലും A യിലും തുടങ്ങുന്ന വാക്കുകൾ മാത്രം എഴുതിയിരിക്കുകയാണ്. മൂന്നാം അധ്യായം A, B, C എന്നീ മൂന്ന് അക്ഷരങ്ങളിൽ തുടങ്ങുന്ന വാക്കുകൾ കൊണ്ട് മാത്രം എഴുതപ്പെട്ടവയും. അങ്ങനെയങ്ങനെ ഇരുപത്തിയാറാം അധ്യായത്തിൽ A മുതൽ Z വരെയുള്ള അക്ഷരങ്ങളാൽ ഓരോ വാക്കുകളും തുടങ്ങുന്ന രചനാനവീനത്വം അബീഷ് ലോകത്തിന് മുന്നിൽ അവതരിപ്പിച്ചതാണ് പുസ്തകത്തെ ശ്രദ്ധേയമാക്കിയത്. ഇരുപത്തിയെട്ടാം അദ്ധ്യായം അവരോഹണ രൂപത്തിലേക്ക് മാറുകയാണ്. അതിൽ എല്ലാ അക്ഷരങ്ങളും വാക്കുകളുടെ ആദ്യാക്ഷരമായി ഉപയോഗിച്ചിട്ടുണ്ട്. ഇരുപത്തിയൊമ്പതിൽ z ആദ്യാക്ഷരമായി ഉപയോഗിക്കുന്നില്ല. മുപ്പതാം അധ്യായത്തിൽ z, y എന്നിവയ്ക്ക് ആദ്യാക്ഷരസ്ഥാനം ഇല്ല. ഇങ്ങനെ പോകുന്നു. അധ്യായം അമ്പത്തിരണ്ട് ആകുമ്പോഴേക്കും A യിൽ മാത്രം എല്ലാ വാക്കുകളും ആരംഭിക്കുന്നു. അക്ഷരങ്ങളുടെ ആരോഹണവും അവരോഹണവും സംഗീതത്തിൽ സ്വരങ്ങളെ ക്രമീകരിക്കുമ്പോലെ നോവലിൽ വിന്യസിക്കുകയാണ് അബീഷ് ചെയ്തിരിക്കുന്നത്.
നോവൽ രചനയിൽ നവപരീക്ഷണം നടത്തി സാഹിത്യലോകത്ത് ശ്രദ്ധേയനാകുക എന്ന ശ്രമകരമായ തന്ത്രമാണ് എഴുത്തുകാരൻ സ്വീകരിച്ചത്. ആ പരീക്ഷണം ഇംഗ്ളീഷ് ഭാഷയിൽ മുൻപ് റയ്മണ്ട് റസലിനെപ്പോലെ ചില കവികൾ തങ്ങളുടെ കവിതകളിൽ ഉപയോഗിച്ച് വിജയിച്ചിട്ടുള്ളതാണ്. വ്യത്യസ്തതകൾ തേടുന്ന വായനക്കാർ എന്നും ഇത്തരത്തിലുള്ള പരീക്ഷണങ്ങളെ അവയുടെ ആത്യന്തിക ഫലം എന്തെന്നറിയും മുൻപേ തന്നെ സ്വാഗതം ചെയ്യാറുമുണ്ട്. അൽഫബെറ്റിക് ആഫ്രിക്കയും ചിലയിടങ്ങളിൽ ഘടനയിൽ കാട്ടാനുദ്ദേശിച്ച നവീനത്വത്തിന് ഭംഗം വരുത്തിയിട്ടുണ്ട് എന്ന വിമർശനമുണ്ട്. എങ്കിലും ഇങ്ങനെയൊരു നോവൽ ചെയ്യാനെടുത്ത തീരുമാനം വളരെ വലുതാണ്. ചെയ്ത ജോലിയോ ശ്രമകരം. രചയിതാവിന്റെ വാക്കുകളിൽ നോവലിന്റെ ഹാസ്യരസം നിലനിർത്താൻ വലിയ ക്ലേശങ്ങൾ രചനയുടെ പല ഘട്ടങ്ങളിലും ആവശ്യമായി വന്നുവത്രെ.
വാൾട്ടർ അബീഷ് നിരവധി ചെറുകഥകൾ എഴുതിയിട്ടുണ്ട്. ജനനം യുഎസിൽ ആണ്. നാസികളെ പേടിച്ച് പലായനം ചെയ്ത അരക്ഷിത ബാല്യം പകർന്ന അനുഭവങ്ങൾ ആ കഥകളിൽ കടന്നു വന്നിട്ടുണ്ട്. ഇറ്റലി, ഷാങ്ഹായ്, ഇസ്റയേൽ എന്നിവിടങ്ങളിൽ പിന്നെ താമസിച്ചു. യൗവനത്തിൽ സൈന്യത്തിൽ പണിയെടുത്ത അബീഷ് ഒഴിവ് സമയം വായനയിലേക്ക് തിരിച്ചു വിട്ടത് ബോധപൂർവമായിരുന്നു. എഴുത്തുകാരനാകുക എന്ന താല്പര്യം ഉള്ളിൽ ചുരമാന്തുന്നുണ്ടായിരുന്നു ചെറുപ്പം മുതൽക്കെ. 1957 ൽ തിരികെ യുഎസിലേക്ക്. യൂണിവേഴ്സിറ്റികളിൽ അധ്യാപകനായി. 1974 ൽ ആദ്യ നോവൽ അൽഫബെറ്റിക് ആഫ്രിക്ക പുറത്തു വന്നു. ഒരു അപ്രതീക്ഷിത വിജയമായി നോവൽ. തികച്ചും ആശ്ചര്യകരമായ വായനയ്ക്ക്
ഈ നോവൽ മെല്ലെ പരുവപ്പെടുകയും ചെയ്തു. 1981ൽ തന്റെ രണ്ടാമത്തെ രചനയായ ഹൗ ജർമൻ ഈസ് ഇറ്റ്? എന്ന നോവലിന് അബീഷിന് ഫോക്നർ അവാർഡ് ലഭിച്ചു. ഇപ്പോഴും അൽഫബെറ്റിക് ആഫ്രിക്കയ്ക്ക് സമാന്തരമായ ഒരു കൃതി ഇംഗ്ളീഷ് ഭാഷയിൽ രചിക്കപ്പെട്ടതായി അറിയാൻ കഴിയുന്നില്ല. അതിനാൽ ആ നവീനത്വം അങ്ങനെതന്നെ നിലനിൽക്കുന്നു.

TOP NEWS

December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.