23 December 2024, Monday
KSFE Galaxy Chits Banner 2

Related news

May 15, 2024
March 8, 2024
February 16, 2024
January 25, 2024
October 21, 2023
October 3, 2023
October 3, 2023
August 12, 2023
June 11, 2023
June 3, 2023

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്റെ അറസ്റ്റ് നിയമലംഘനം

Janayugom Webdesk
June 30, 2022 6:00 am

ടുവിൽ ഡൽഹി പൊലീസ് മാപ്പർഹിക്കാത്ത കുറ്റം ചെയ്തിരിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള തലസ്ഥാന പൊലീസ് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ ബംഗളുരുവിൽ നിന്ന് ഡൽഹിയിലേക്ക് വിളിച്ചുവരുത്തി ജൂൺ 27 ന് കസ്റ്റഡിയിലെടുത്ത തിലൂടെ അതാണ് ചെയ്തിരിക്കുന്നത്. ഉറപ്പാണ്, കേന്ദ്രത്തിൽ ബിജെപി ഇതര സർക്കാരായിരുന്നുവെങ്കിൽ ഡൽഹി പൊലീസ് ഇത്രയും ക്രൂരത കാണിക്കില്ലായിരുന്നു. മോഡി ഭരണത്തിന്റെ എട്ടു വര്‍ഷങ്ങള്‍ ഇന്ത്യയുടെ മതേതരവ്യവസ്ഥതിക്ക് ഇരുണ്ട ദിനങ്ങള്‍ മാത്രമാണ് നല്കിയിട്ടുള്ളത് എന്നതിന്റെ പുതിയ ഉദാഹരണമാണിത്.

മുഹമ്മദ് സുബൈർ, തന്റെ മാധ്യമത്തിലൂടെ വസ്തുതാ പരിശോധനയിൽ അസാധാരണമായ സൂക്ഷ്മത പുലര്‍ത്തുകയും ചുവടുറപ്പിക്കുകയും ആരോപിക്കപ്പെടുന്ന വസ്തുതകളിൽ നിന്ന് കെട്ടുകഥകളെ വേർപെടുത്തി വെളിപ്പെടുത്തുകയും ചെയ്തു. തീവ്ര വലതു സംഘങ്ങളുടെ സിദ്ധാന്തങ്ങളെയും വ്യാജ പ്രചരണങ്ങള്‍, വ്യാജ വാർത്തകൾ, നുണക്കഥകള്‍ എന്നിവയുടെ നെല്ലുംപതിരും വേര്‍തിരിച്ചു. വിവരസാങ്കേതികതയുടെ യുഗത്തിൽ തട്ടിപ്പുകാരെയും നുണപ്രചാരകരെയും സുബൈറിന് ഒരു മൈൽ അകലെ നിന്ന് മണത്തറിയാന്‍ കഴിയുമെന്നത് യാഥാര്‍ത്ഥ്യമായിരുന്നു. അതില്‍ ഭൂരിഭാഗവും തീവ്രവലതുപക്ഷത്തിന്റേതായത് അദ്ദേഹത്തിന്റെ തെറ്റല്ല. അതുകൊണ്ടാണ് ട്വിറ്ററില്‍ ആറുലക്ഷത്തിലധികം അദ്ദേഹത്തെ പിന്തുടരുന്നത്. ഡൽഹി പൊലീസ് മാസങ്ങളായി സുബൈറിന് പിന്നാലെയായിരുന്നു. ഹരിദ്വാറിലെയും റായ്ഗഡിലെയും ‘ധർമ്മ സൻസദുകൾ’ നടത്തിയവരെപ്പോലെ മുസ്‌ലിങ്ങളുടെ വംശഹത്യയ്‌ക്കായി ആഹ്വാനം ചെയ്ത ഹിന്ദുത്വ തീവ്രവാദികളെ അദ്ദേഹം വസ്തുതാ പരിശോധനയിലൂടെ വെളിപ്പെടുത്തിയപ്പോള്‍ തുടങ്ങിയതാണ് പൊലീസിന്റെ പിന്തുടരല്‍.

മുഹമ്മദ് സുബൈറിനെ പലപ്പോഴും മാധ്യമപ്രവർത്തകൻ എന്നാണ് വിശേഷിപ്പിക്കുന്നത്. മാധ്യമപ്രവർത്തകരും വസ്തുതാ പരിശോധകരും യാഥാര്‍ത്ഥ്യം പരിശോധിക്കുന്നതിനാലാകാം ഇത്. സാധാരണക്കാര്‍ പലപ്പോഴും വസ്തുതാ പരിശോധകരെ മാധ്യമപ്രവർത്തകരെന്ന് തെറ്റിദ്ധരിക്കുന്നുമുണ്ട്. എന്നാല്‍ മാധ്യപ്രവർത്തകനെക്കാൾ ഉയര്‍ന്ന ശ്രേണിയിലുള്ളവരാണ് വസ്തുതാ പരിശോധകര്‍.

അമിത് ഷായുടെ പൊലീസിന്റെ നിയമവിരുദ്ധ അറസ്റ്റിനെ തുടര്‍ന്ന് ‘മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ’ പിന്തുണച്ച് നിരവധി മാധ്യമപ്രവർത്തകരും ഉന്നത രാഷ്ട്രീയക്കാരും അണിനിരന്നിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ മാധ്യമപ്രവർത്തകര്‍ക്ക് ഇതൊരു വലിയ അംഗീകാരമാണ്. മതവികാരം വ്രണപ്പെടുത്തിയതിനും സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിനും എഴുത്തുകാരിയും പത്രപ്രവർത്തകയുമായ സബ നഖ്‌വിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

മോഡി ഭരണത്തിനു കീഴിൽ മാധ്യമപ്രവർത്തകരും വസ്തുതാ പരിശോധകരും വംശനാശഭീഷണി നേരിടുകയാണ്. ബിജെപി സര്‍ക്കാരും അതിന്റെ അധികാരികളും ആ പാര്‍ട്ടിയുടെ സഹസംഘടനകളും സുബൈറിനെ കടുത്ത ശത്രുവാണെന്ന് വിലയിരുത്തി. മാസങ്ങളായി മുഹമ്മദ് സുബൈർ സൂക്ഷ്മനിരീക്ഷണത്തിന് വിധേയനായിരുന്നു. ഇന്ത്യയിലെ മുസ്‍ലിങ്ങളുടെ അവസ്ഥ ഉയർത്തിക്കാട്ടുന്ന അദ്ദേഹത്തിന്റെ ചില ട്വീറ്റുകൾ ആഗോളതലത്തിൽ പ്രചാരം നേടുകയും ചെയ്തു. അതോടെ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്ക് കുപ്രസിദ്ധിയുണ്ടാക്കി എന്നത് മുഹമ്മദ് സുബൈറിനെതിരെയുള്ള വടിയായി. ഡൽഹി പൊലീസ് ആ വടി ഉപയോഗിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു. 295 എ, 153 എ എന്നീ വകുപ്പുകൾ പ്രകാരമാണ് സുബൈറിനെതിരെ കേസെടുത്തിരിക്കുന്നത്. ബിജെപി വക്താവ് നൂപുർ ശർമയ്ക്കെതിരെ ചുമത്തപ്പെട്ട അതേ വകുപ്പുകൾ.

നൂപുര്‍ശർമയെ ബലാത്സംഗം ചെയ്ത് ശിരഛേദം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ആളുകൾ രഹസ്യസങ്കേതങ്ങളില്‍ കഴിയുകയാണ്. ഇവരെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ തയാറാകാത്ത പൊലീസാണ് എഫ്‌ഐആർ പോലും രേഖപ്പെടുത്താതെ മുഹമ്മദ് സുബൈറിനെ കസ്റ്റഡിയിലെടുത്തത്. അഥവാ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ പകർപ്പ് സുബെെറിനോ ബന്ധപ്പെട്ടവര്‍ക്കോ നൽകിയിട്ടില്ല. രാത്രി വൈകി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡും ചെയ്തു. ഒരു പ്രത്യേക മതവിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുന്ന ചിത്രവും വാക്കുകളുമാണ് സുബൈർ ട്വീറ്റ് ചെയ്തതെന്ന് പൊലീസ് ആരോപിക്കുന്നു. നൂപുർ ശർമയുടെ വസ്തുതാ പരിശോധനക്ക് വേണ്ടി മുഹമ്മദ് സുബൈർ പണം കെെപ്പറ്റിയിട്ടുണ്ടാകുമെന്നും ബിജെപി നേതാവിനെതിരെ ട്വീറ്റ് ചെയ്ത് ഗള്‍ഫ് നാടുകളില്‍ മോഡി സർക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നുമാണ് ആരോപണം.

യഥാര്‍ത്ഥത്തില്‍ യാദൃച്ഛികമല്ല, മുഹമ്മദ് സുബൈറിന്റെ അറസ്റ്റ്. മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെതൽവാദിന്റെ അറസ്റ്റിന്റെ ചുവടുപിടിച്ചാണ് ഈ നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഗുജറാത്ത് ഹൈക്കോടതി നൽകിയ ‘ക്ലീൻ ചിറ്റ്’ റദ്ദാക്കണമെന്ന സാകിയ ജാഫ്രിയുടെ പരാതി സുപ്രീം കോടതി തള്ളി രണ്ട് ദിവസത്തിന് ശേഷമാണ് ടീസ്ത സെതൽവാദിനെയും മുൻ ഗുജറാത്ത് ഡിജിപി ആർ ബി ശ്രീകുമാറിനെയും ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഭരണകൂടത്തിന്റെ പ്രതികാരം നടപ്പാക്കുന്നതിന് സുപ്രീം കോടതിയുടെ അനുമതിയാണ് ഫലത്തിലുണ്ടായത്. ജസ്റ്റിസുമാർ അവധി ആസ്വദിക്കുമ്പോൾ ജനങ്ങള്‍ ജയിലിലടയ്ക്കപ്പെടുന്നു.

മതവികാരം വ്രണപ്പെടുത്തിയതിന് ജാമ്യമില്ലാ കുറ്റമാണ് മുഹമ്മദ് സുബൈറിനെതിരെ ചുമത്തിയത്. മോഡി സര്‍ക്കാരിന്റെ നിലപാടുകളിലെ വസ്തുതകള്‍ പരിശോധിച്ച് ആ നിലപാടിനെതിരെ ട്വീറ്റു ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ കുറ്റം. ടീസ്ത സെതൽവാദും മുഹമ്മദ് സുബൈറും ചെയ്ത കുറ്റം സ്വന്തംനില സുരക്ഷിതമാക്കാന്‍ ശ്രമിച്ചില്ല എന്നതു മാത്രമാണ്. ‘ഹിന്ദുക്കളെ ലക്ഷ്യമിടുന്നത്’ എന്ന് ആരോപിക്കപ്പെടുന്ന ട്വീറ്റുകളാണ് ഡൽഹി പൊലീസ് സുബെെറിനെതിരെ അണിനിരത്തുന്നത്. നിലവില്‍ രാജ്യത്ത് വസ്തുതാ പരിശോധകർ ജീവിക്കുന്നത് അപകടകരമായ സാഹചര്യത്തിലാണ്.  (കടപ്പാട്: ഇന്ത്യാ പ്രസ് ഏജന്‍സി)

 

Eng­lish Sum­ma­ry: At last the Del­hi Police has gone and done the unpardonable…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.