കേരളം ഞെട്ടലോടെ ശ്രവിച്ച ഒരു നിഷ്ഠൂര കൊലപാതകത്തിൽ ശിക്ഷാവിധി പ്രസ്താവമുണ്ടായിരിക്കുന്നു. ആലുവയിൽ അഞ്ച് വയസുകാരിയെ മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന വിധം ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിക്കുകയും ചെയ്ത ബിഹാർ സ്വദേശി അസ‌്ഫാക് ആലമിനാണ് വിവിധ കുറ്റകൃത്യങ്ങൾക്ക് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരം വധശിക്ഷ ഉൾപ്പെടെ വിധിച്ചിരിക്കുന്നത്. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് വിധി പ്രഖ്യാപിച്ചത്. കുട്ടികൾക്കും 12 വയസിന് താഴെയുള്ള കുട്ടികൾക്കുമെതിരായ ബലാത്സംഗം, ആവർത്തിച്ചുള്ള ബലാത്സംഗം, കൊലപാതകം തുടങ്ങിയവ ചുമത്തിയതിൽ 13 കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. 302 വകുപ്പ് പ്രകാരം കൊലപാതകക്കുറ്റത്തിനാണ് പരമാവധി ശിക്ഷയായ വധശിക്ഷ. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിനും മറ്റ് പോക്സോ വകുപ്പുകൾക്കുമായി ജീവപര്യന്തവുമുണ്ട്. തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷവും ബാലനീതി നിയമത്തിലെ വകുപ്പ് പ്രകാരം ലഹരി നൽകിയതിന് മൂന്ന് വർഷവും തടവിന് ശിക്ഷിച്ചുള്ളതാണ് വിധിപ്രസ്താവം. രാജ്യംകണ്ട കുറ്റകൃത്യങ്ങളിൽ സമാനതകളില്ലാത്ത ഒന്നായിരുന്നു ജൂലൈ 28ന് ആലുവയിൽ നടന്ന കൊടുംക്രൂരത. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരിയെ ജ്യൂസ് വാങ്ങി നൽകി പ്രലോഭിപ്പിച്ച് കൊണ്ടുപോയായിരുന്നു പ്രതി കാമാർത്തി തീർത്തത്.
ആലുവ മാർക്കറ്റിലെ മാലിന്യൂക്കൂമ്പാരത്തിലെത്തിച്ച ശേഷം കുട്ടിക്ക് മദ്യം ചേര്‍ത്ത് ജ്യൂസ‌് നൽകി മയക്കിയായിരുന്നു ബലാത്സംഗം. കുട്ടി ധരിച്ചിരുന്ന വസ്ത്രം അഴിച്ച് കഴുത്തിൽ ചുറ്റി ശ്വാസം മുട്ടിച്ച് കൊന്നു. അതും പോരാഞ്ഞ് മുഖം കല്ലുകൊണ്ടിടിച്ച് വികൃതമാക്കുകയും ചെയ്തു. കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് വളരെ പെട്ടെന്നുതന്നെ പ്രതിയെ പിടികൂടാൻ സാധിച്ചത്. അപൂർവങ്ങളിൽ അപൂർവമെന്ന വിലയിരുത്തലുമായാണ് ജഡ്ജി ഈ ക്രൂരകൃത്യത്തിന് കടുത്ത ശിക്ഷാവിധി പ്രഖ്യാപിച്ചിരിക്കുന്നത്. വധശിക്ഷ പ്രാകൃതമാണെന്ന അഭിപ്രായം പുരോഗമന സമൂഹത്തിൽ ശക്തമാണ്. ലോകത്ത് നൂറോളം രാജ്യങ്ങൾ പ്രസ്തുത ശിക്ഷ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും ആലുവ പീഡനക്കേസിലെ പ്രതിക്ക് ആ ശിക്ഷ തന്നെ നല്‍കിയത്, ജഡ്ജിതന്നെ വ്യക്തമാക്കിയതുപോലെ ഈ കേസ് അപൂർവമാണ് എന്നതുകൊണ്ടുകൂടിയാണ്. കേസിന്റെ മറ്റൊരു പ്രത്യേകത അന്വേഷണഘട്ടത്തിൽ ഉണ്ടായ ജാഗ്രതയും വിചാരണ നടപടികളിലെ അതിവേഗതയുമായിരുന്നു. നമ്മുടെ കുഞ്ഞുങ്ങൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ വിചാരണയ്ക്കായി കാത്തുകിടക്കേണ്ടവരല്ലെന്നും പെട്ടെന്നുതന്നെ ശിക്ഷിക്കപ്പെടേണ്ടവരാണെന്നുമുള്ള ജനലക്ഷങ്ങളുടെ മനോഗതിക്കൊപ്പം അന്വേഷണ സംഘവും നീതിന്യായ വ്യവസ്ഥയും കൂടെനിന്നു എന്നാണ് അത് തെളിയിക്കുന്നത്. പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽതന്നെ പ്രതി അറസ്റ്റിലായി.
അടുത്ത ദിവസം രാവിലെ കുട്ടിയെ കൊന്ന് ഉപേക്ഷിച്ചതായി വ്യക്തമാകുകയും മൃതദേഹം കണ്ടെത്തുകയും ചെയ്തു. 35-ാം ദിവസം കുറ്റപത്രം സമർപ്പിക്കാനും 26 ദിവസത്തിനകം വിചാരണ പൂർത്തിയാക്കാനും അന്വേഷണസംഘത്തിന് സാധിച്ചു. കുറ്റകൃത്യം നടന്ന് നൂറ് ദിവസത്തിനകം തന്നെ പ്രതി കുറ്റക്കാരനെന്ന് വിധിച്ചു. രാജ്യം ശിശുദിനമാഘോഷിക്കുന്ന ഇന്നലെ കാലത്തിന്റെ കാവ്യനീതിപോലെ കാപാലികനായ ഒരു കുറ്റവാളിക്ക് ശിക്ഷാ നിയമത്തിലെ ഏറ്റവും കടുത്ത ശിക്ഷാവിധി പ്രസ്താവവുമുണ്ടായി. ഒരു സമൂഹത്തിന്റെ യഥാർത്ഥ സംസ്കാരം പ്രതിഫലിക്കുന്നത് അത് കുട്ടികളോട് കാട്ടുന്ന പരിഗണനയിലൂടെയാണെന്ന ദക്ഷിണാഫ്രിക്കൻ വിമോചനപ്പോരാളിയും ഭരണാധികാരിയുമായിരുന്ന നെൽസൺ മണ്ടേലയുടെ വാക്കുകൾ ജഡ്ജി സോമൻ തന്റെ വിധിപ്രസ്താവത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. അത്തരമൊരു പ്രമാണം പിന്തുടരുന്നു എന്നതുകൊണ്ട് കുട്ടികളുടെ പരിപാലനത്തിനും സുരക്ഷയ്ക്കും ശക്തമായ നിയമങ്ങള്‍ നിലവിലുള്ള രാജ്യമാണ് നമ്മുടേത്. അതുകൊണ്ടാണ് 2012 മേയ് 21ന് ലൈംഗിക അതിക്രമങ്ങളിൽ നിന്ന് കുട്ടികൾക്ക് സംരക്ഷണം നൽകുന്ന (പോക്സോ) നിയമത്തിനും 2015ൽ ബാലനീതി നിയമത്തിനും രൂപം നല്‍കിയത്. രാജ്യത്ത് ചില ഭാഗങ്ങളിൽ കുട്ടികൾക്കെതിരെ നിഷ്ഠൂരമായ സംഭവങ്ങൾ ഉണ്ടായപ്പോൾ, വധശിക്ഷയ്ക്കെതിരെ ശക്തമായ എതിർപ്പുകൾ നിലവിലുണ്ടെങ്കിലും പോക്സോ നിയമത്തിൽ പ്രസ്തുത ശിക്ഷ ഉൾപ്പെടുത്തുകയും ചെയ്തു. 2019 ഓഗസ്റ്റിലാണ് വധശിക്ഷ ഉൾപ്പെടുത്തിയത്. എങ്കിലും നമ്മുടെ രാജ്യത്ത് കുട്ടികൾക്കെതിരെ ക്രൂരതകൾ ആവർത്തിക്കുന്നുണ്ട്.
ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം കുട്ടികൾക്കെതിരായ വിവിധ കുറ്റകൃത്യങ്ങളിൽ 2020നെ അപേക്ഷിച്ച് 2021ൽ 16.2 ശതമാനത്തിന്റെ വർധനയുണ്ടായി. 2020ൽ 1,28,531 ഉം 21ൽ 1,49,404 ഉം കേസുകളാണുണ്ടായത്. 2021ലെ ആകെ കേസുകളിൽ 53,874 ഉം പോക്സോ വകുപ്പുകൾ പ്രകാരവും. ഈയൊരു പശ്ചാത്തലത്തിലാണ് കുട്ടികളോട് ക്രൂരത കാട്ടുന്ന മുഴുവൻ കുറ്റവാളികളും കടുത്ത ശിക്ഷയ്ക്ക് വിധേയരാകണമെന്ന മനോഭാവം നമുക്കുണ്ടാകുന്നത്. അത് എല്ലാ കുട്ടികളോടുമുള്ള കരുതൽ കൂടിയാണ്. എറണാകുളം പോക്സോ കോടതി വിധിയിലൂടെ അതുതന്നെയാണ് പ്രതിഫലിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.