22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 5, 2024
December 4, 2024
November 22, 2024
November 21, 2024
November 21, 2024
November 19, 2024
November 16, 2024
November 16, 2024
November 11, 2024

അമർ ജവാൻ ജ്യോതി ഇനിയില്ല; ചരിത്രം കെടുത്തി മോഡി സർക്കാര്‍

Janayugom Webdesk
ന്യൂഡൽഹി
January 21, 2022 7:48 pm

ചരിത്രസത്യങ്ങളെ തമസ്കരിക്കുന്ന മോഡി സർക്കാരിന്റെ ക്രൂരതയുടെ പട്ടികയിലേക്ക് ഇന്ത്യാ ഗേറ്റിലെ യുദ്ധസ്മാരകമായ അമർ ജവാൻ ജ്യോതിയും. രാഷ്ട്രത്തിന്റെയും സെെനികരുടെയും ആത്മാഭിമാനത്തിന്റെ പ്രതീകമായ അമർ ജവാൻ ജ്യോതിയുടെ ആചാരപരമായ ജ്വാല ഇന്നലെ അണച്ചു. 2019 ൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത ദേശീയ യുദ്ധസ്മാരകത്തിൽ ജ്വാല ലയിപ്പിക്കുകയായിരുന്നു. ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് മേധാവി എയർ മാർഷൽ ബാലഭദ്ര രാധാകൃഷ്ണ, അമർ ജവാൻ ജ്യോതി ദേശീയ യുദ്ധസ്മാരകത്തിലെ ജ്യോതിയിൽ ലയിപ്പിച്ചു. റിപ്പബ്ലിക്ക് ദിനത്തിനു മുന്നോടിയായാണ് ലയനം.

അരനൂറ്റാണ്ടുകാലമായി രാജ്യസ്നേഹത്തിന്റെ പ്രതിരൂപമായിരുന്ന അമർ ജവാൻ ജ്യോതി ഇല്ലാതാക്കിയ മോഡി സർക്കാരിനെതിരെ മുൻ സെെനികോദ്യോഗസ്ഥരും പ്രതിപക്ഷവും രൂക്ഷവിമർശനം ഉന്നയിച്ചു. സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിച്ചുവെന്നായിരുന്നു പ്രതിപക്ഷ നേതാക്കളുടെ വിമർശനം. 1972 ൽ കത്തിച്ചതിന് ശേഷം ഇന്ത്യാ ഗേറ്റിലെ യുദ്ധസ്മാരകത്തിലെ ജ്വാല വെള്ളിയാഴ്ചയാണ് അണയുന്നത്. അമർ ജവാൻ ജ്യോതിയുടെ അതേദിശയിൽ ഒരു കിലോമീറ്റർ മാറിയണ് ദേശീയ യുദ്ധസ്മാരകം. അവിടെ ജ്വാല തെളിച്ച ശേഷം അമർ ജവാൻ ജ്യോതിയിലെ ജ്വാല അണയ്ക്കുകയായിരുന്നു. 1971ലെ ഇന്ത്യ‑പാക് യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലിയായാണ് അമർ ജവാൻ ജ്യോതി സ്മാരകത്തിലെ ജ്വാല നിലനിന്നത്. 1972ലെ റിപ്പബ്ലിക് ദിനത്തിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്തു. റൈഫിളിനൊപ്പം മാർബിൾ പീഠവും അതിൽ സൈനികരുടെ ഹെൽമറ്റും ഉൾക്കൊള്ളുന്ന സ്മാരകം സൈനിക ഉദ്യോഗസ്ഥർക്കുള്ള ബഹുമാന സൂചകം കൂടിയാണ്.
അമർ ജവാൻ ജ്യോതി ജ്വാല അണച്ചതിനെ പ്രതിപക്ഷനേതാക്കളും മുൻ സുരക്ഷാ സേനാ ഉദ്യോഗസ്ഥരും സോഷ്യൽ മീഡിയയിലൂടെ നിശീതമായി വിമർശിച്ചു. ‘നമ്മുടെ ധീര ജവാൻമാരെ ആദരിക്കുന്നതിനായി കത്തിച്ച ശാശ്വത ജ്വാല അണയുന്നത് അങ്ങേയറ്റം സങ്കടകരമാണ്’ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ‘ചിലര്‍ക്ക് രാജ്യസ്നേഹത്തിന്റെയും ത്യാഗത്തിന്റെയും അർത്ഥം മനസ്സിലാകുന്നില്ല, നമ്മുടെ സൈനികർക്ക് നമ്മൾ വീണ്ടും അമർ ജവാൻ ജ്യോതി പ്രകാശിപ്പിക്കും. ’ രാഹുൽ പറഞ്ഞു. ശശി തരൂർ എംപിയും കേന്ദ്രത്തിന്റെ നീക്കത്തിനെ നിശിതമായി വിമർശിച്ചു. മോദി സർക്കാരിന് ജനാധിപത്യ മൂല്യങ്ങളെയും കീഴ്‍വഴക്കങ്ങളെയും ബഹുമാനിക്കാൻ അറിയില്ലെന്ന് തരൂർ പറഞ്ഞു. ‘മോഡി നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളെ വീണ്ടും അവഹേളിച്ചു‘വെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി പ്രതികരിച്ചു.

എന്നാൽ ചിലരുടെ അതൃപ്തി വിരോധാഭാസമാണെന്ന് കേന്ദ്ര സർക്കാർ വിശേഷിപ്പിച്ചു. 1971ലെ യുദ്ധത്തിലെയും അതിന് മുമ്പും ശേഷവുമുള്ള യുദ്ധങ്ങളിലേതുമുൾപ്പെടെ എല്ലാ ഇന്ത്യൻ രക്തസാക്ഷികളുടെയും പേരുകൾ ദേശീയ യുദ്ധസ്മാരകത്തിൽ സൂക്ഷിച്ചിട്ടുണ്ട്. അതിനാൽ, അവിടെയാണ് ജ്വാല യഥാർത്ഥ ശ്രദ്ധാഞ്ജലിയായി മാറുന്നതെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. രണ്ട് ജ്യോതികളും ഒരേ സമയം പരിപാലിക്കുന്നതിലെ ബുദ്ധിമുട്ട് ഇവ ലയിപ്പിക്കുന്നതിന് കാരണമായെന്നും വിശദീകരിക്കുന്നു.
eng­lish summary;Amar Jawan Jyoti has been added to the list of atroc­i­ties com­mit­ted by the Modi government
You maya also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.